തമിഴ്നാട് സന്ദര്‍ശിക്കുന്ന ശ്രീലങ്കക്കാരോട് വിരോധം കാണിക്കുന്നതില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ രണ്ട് ലങ്കന്‍ സ്കൂള്‍ ടീമുകളെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് തിരിച്ചയച്ച നടപടി ദൗര്‍ഭാഗ്യകരമാണ്. തിരുവാരൂരിലെ ആരാധനാലയം സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത് അപലപനീയമാണെന്നും പി ബി പ്രസ്താവിച്ചു.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് വേണ്ടത്. തമിഴ്വംശജരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തോട് അഭിപ്രായവ്യത്യാസവും പ്രതിഷേധവും ഉണ്ടാകുമെങ്കിലും അതൊന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അലോസരപ്പെടുത്തരുത്. ശ്രീലങ്കന്‍ ജനതയുമായുള്ള സൗഹാര്‍ദപരമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ തമിഴ്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയ പാര്‍ടികളോടും സിപിഐ എം അഭ്യര്‍ഥിച്ചു.
ശ്രീലങ്കക്കാര്‍ക്കെതിരെ തമിഴ്നാട്ടില്‍ അക്രമം
ചെന്നൈ: ശ്രീലങ്കക്കാര്‍ക്ക് രാജ്യത്ത് സുരക്ഷയൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ തമിഴ്നാട്ടില്‍ ലങ്കന്‍ തീര്‍ഥാടകര്‍ക്കെതിരെ അക്രമം. വേളാങ്കണ്ണി തീര്‍ഥാടനത്തിനെത്തിയ 178 ശ്രീലങ്കക്കാര്‍ക്കെതിരെ രണ്ടാംദിവസവും പ്രതിഷേധം അരങ്ങേറി. വേളാങ്കണ്ണിയില്‍നിന്ന് മടങ്ങിയ ഇവരുടെ വാഹനം തിരുച്ചിറപ്പള്ളിയിലെ കാട്ടൂരില്‍ ആക്രമിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘത്തെ ശ്രീലങ്ക പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചു. തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന് ശ്രീലങ്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എഴുപത്തഞ്ച് സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെട്ട സംഘത്തിനെതിരെ തിങ്കളാഴ്ച പ്രതിഷേധമുയര്‍ന്നിരുന്നു. തീര്‍ഥാടകസംഘത്തിന്റെ അഭ്യര്‍ഥനപ്രകാരമാണ് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പ്രത്യേക യാത്രാവിമാനം ഏര്‍പ്പെടുത്തിയതെന്ന് ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ആര്‍ കെ എം എ രാജകരുണ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീര്‍ഥാടകരെ ചിലര്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും വാഹനങ്ങളില്‍ കല്ലെറിയുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
വേളാങ്കണ്ണി സന്ദര്‍ശനത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഏഴു ബസിലായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് നീങ്ങിയ സംഘത്തെ പിന്തുടര്‍ന്നെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. ടയര്‍ പഞ്ചറായതിനെതുടര്‍ന്ന് നിര്‍ത്തിയിട്ട ബസും പിന്നാലെ വന്ന രണ്ടു ബസുമാണ് മുപ്പതോളംപേരുടെ അക്രമത്തിനിരയായത്. ഇരുചക്രവാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ സംഘം മുദ്രാവാക്യം മുഴക്കി ബസുകള്‍ ഉപരോധിച്ചു. ബസിലേക്ക് കല്ലേറും കുറുവടിപ്രയോഗവും ഉണ്ടായി. ചില്ലുകള്‍ തകര്‍ത്തു. പരിക്കേറ്റ യാത്രക്കാര്‍ ബസില്‍നിന്ന് ഇറങ്ങിയോടി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കനത്തസുരക്ഷ ഒരുക്കിയാണ് ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചത്. എല്‍ടിടിഇയോട് അനുഭാവം പുലര്‍ത്തുന്ന "നം തമിഴര്‍ ഇയക്കം" എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഒമ്പതുപേരെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച ലങ്കന്‍സംഘം തഞ്ചാവൂരിലെ പോണ്ടി മാതാ ബസലിക്ക സന്ദര്‍ശിച്ചപ്പോഴും തമിഴ് സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ചെന്നൈയില്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എട്ട് ലങ്കന്‍ വിദ്യാര്‍ഥികളെയും കോച്ചിനെയും ഉടന്‍ തിരിച്ചയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കോയമ്പത്തൂരില്‍ വിടുതലൈ ചിരുത്തൈ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെയും ബിജെപി നേതാവ് സുഷമ സ്വരാജിന്റെയും ചിത്രം കത്തിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ രജപക്സെ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സുഷമയുടെ ചിത്രം കത്തിച്ചത്.
deshabhimani 050912
No comments:
Post a Comment