Wednesday, September 5, 2012

മുഖ്യമന്ത്രിയുടെ വീടിനു സമീപം സമരം ചെയ്തവര്‍ക്കെതിരെ കേസ്


പുതുപ്പള്ളി: റോഡും വെളിച്ചവും കുടിവെള്ളവും ആവശ്യപ്പെട്ട് സമരം നടത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സിപിഐ എം നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനു സമീപം മൂന്നു മാസം മുമ്പ് ധര്‍ണ നടത്തിയ പയ്യപ്പാടി പുതുവയല്‍ നിവാസികള്‍ക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. അനധികൃത സംഘം ചേരല്‍ എന്ന പേരിലാണ് കേസ്. സമരം ഉദ്ഘാടനം ചെയ്ത സിപിഐ എം പുതുപ്പള്ളി ഏരിയസെക്രട്ടറി കെ എം രാധാകൃഷ്ണന്‍, പ്രാസംഗികരായ ജില്ലാപഞ്ചായത്തംഗം ബിജു തോമസ്, പാര്‍ടി ഏരിയകമ്മിറ്റിയംഗം സുഭാഷ് പി വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി സി പാവനന്‍, സമരസമിതി കണ്‍വീനര്‍ മോളി, ജോയിന്റ് കണ്‍വീനര്‍ അമ്മിണി എന്നിവര്‍ ഉള്‍പ്പെടെ 50 പേരെയും പ്രതിചേര്‍ത്തു. ഇവരില്‍ കുട്ടികളും ഉണ്ട്.

അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമിതി സമരം തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രി സമരസമിതി പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എംപി ഫണ്ടില്‍നിന്ന് റോഡ് കോണ്‍ക്രീറ്റിന് പണം അനുവദിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതിയുടെ നിര്‍മാണവും നടക്കുന്നുണ്ട്. നേരത്തെ പൈപ്പ് കണക്ഷന്‍ നല്‍കാനെന്ന പേരില്‍ 60 വീട്ടുകാരില്‍നിന്ന് 2500 രൂപ വീതം ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലീസോ വിജിലന്‍സോ നടപടി സ്വീകരിച്ചില്ല. ചര്‍ച്ച ചെയ്ത് വിഷയം പരിഹരിച്ചശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തങ്ങളുടെ പേരില്‍ കേസ് എടുത്തതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

deshabhimani 050912

1 comment:

  1. റോഡും വെളിച്ചവും കുടിവെള്ളവും ആവശ്യപ്പെട്ട് സമരം നടത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സിപിഐ എം നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനു സമീപം മൂന്നു മാസം മുമ്പ് ധര്‍ണ നടത്തിയ പയ്യപ്പാടി പുതുവയല്‍ നിവാസികള്‍ക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.

    ReplyDelete