Wednesday, September 12, 2012
കൂടംകുളം ശാന്തം
ആണവനിലയത്തിനെതിരായ പ്രക്ഷോഭം സംഘര്‍ഷഭരിതമായതോടെ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട കൂടംകുളത്ത് ചൊവ്വാഴ്ച അനിഷ്ടസംഭവം ഒന്നുമുണ്ടായില്ല. കനത്ത പൊലീസ് ബന്ദവസ്സില്‍ സ്ഥിതിഗതികള്‍ ശാന്തമാണെങ്കിലും സമരം സംഘര്‍ഷത്തിന് വഴിമാറിയതോടെ കടലോരഗ്രാമങ്ങളില്‍ അസ്വസ്ഥത പുകയുന്നു. പൊലീസ് നടപടിക്കെതിരായ പ്രതിഷേധം തമിഴ്നാട്ടിലെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിച്ചു. സമരത്തിന്റെ പ്രഭവകേന്ദ്രമായ ഇടിന്തക്കരൈയിലെ സമരവേദിയില്‍ "പീപ്പിള്‍സ് മൂവ്മെന്റ് എഗയ്നിസ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി" ആഹ്വാനംചെയ്ത നിരാഹാരസമരം തുടരുന്നു. അതേസമയം, ചൊവ്വാഴ്ച രാത്രി പൊലീസിനു കീഴടങ്ങുമെന്ന് സംഘടനാ നേതാവ് എസ് പി ഉദയകുമാര്‍ നാടകീയമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു. കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് സമരം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും ആണവനിലയത്തിനെതിരായ സമരം തുടരുമെന്നും ഉദയകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച പൊലീസ് വെടിവയ്പുണ്ടായപ്പോള്‍ ബോട്ടില്‍ കയറി കടലിലേക്ക് പോയ ഉദയകുമാറും മറ്റു നേതാക്കളും സമരപ്പന്തലില്‍ ആയിരങ്ങളെ അഭിസംബോധനചെയ്തു.
ദ്രുതകര്‍മസേനയടക്കം നാലായിരത്തോളം സുരക്ഷാസൈനികര്‍ മേഖലയില്‍ തമ്പടിക്കുന്നു. കൂടംകുളംമേഖല ശാന്തമാണെന്നും നിതാന്ത ജാഗ്രത പുലര്‍ത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. കൂടംകുളംമുതല്‍ എടിന്തക്കരൈവരെയുള്ള ഭാഗത്ത് പൊലീസിനെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രക്ഷോഭകര്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്നാടിന്റെ മറ്റു ഭാഗത്തേക്കും പ്രതിഷേധം പടരുന്നു. ചെന്നൈ, കോയമ്പത്തൂര്‍, ഈറോഡ് തുടങ്ങിയ കേന്ദ്രങ്ങളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈ നഗരത്തില്‍ ബസിനെതിരെ കല്ലേറുണ്ടായി. കോയമ്പത്തൂരില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ച സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് തൂത്തുക്കുടിയിലെ തീരദേശഗ്രാമമായ മണപ്പാട് നാല്‍പ്പത്തിനാലുകാരനായ മത്സ്യത്തൊഴിലാളിയാണ് വെടിയേറ്റ് മരിച്ചത്. പൊലീസ് നടപടിക്കിടെ ദേശീയചാനലിന്റെ ക്യാമറാമാന് നെറ്റിയില്‍ പരിക്കേറ്റു. ഇന്ത്യ-റഷ്യ സംരംഭമായ കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്ക്കാനുള്ള നീക്കം ചെറുക്കാനാണ് സ്ത്രീകളും കുട്ടികളുമടക്കം തെരുവിലിറങ്ങിയത്. കൂടംകുളം നിവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്തതാണ് പ്രശ്നങ്ങളുടെ കാതല്‍.
പിന്നില്‍ വിദേശ എന്‍ജിഒകള്‍: ഷിന്‍ഡെ
ന്യൂഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് വിദേശ എന്‍ജിഒകള്‍ സഹായം നല്‍കുന്നതായി ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. രാജ്യത്തിന്റെ അഭിമാന പദ്ധതിക്കെതിരായ പ്രക്ഷോഭത്തിനു പിന്നിലുള്ള വിദേശ ശക്തികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും ഷിന്‍ഡെ പറഞ്ഞു. അമേരിക്ക കേന്ദ്രമായ ചില എന്‍ജിഒകള്‍ കൂടംകുളം പ്രക്ഷോഭത്തിന് പിന്നിലുള്ളതായി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭം നടത്തുന്ന ഇന്ത്യന്‍ സംഘടനകളുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയും ചെയ്തു. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഷിന്‍ഡെ ശരിവച്ചു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
deshabhimani 120912
Labels:
കൂടങ്കുളം
Subscribe to:
Post Comments (Atom)
No comments:
Post a Comment