Monday, September 10, 2012

കണ്ണൂര്‍ വിമാനത്താവള പദ്ധതി: എംഡിയെ പുകച്ചുചാടിച്ചതിനുപിന്നില്‍ മുഖ്യമന്ത്രിയും മന്ത്രിയും


കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍)എംഡി വി തുളസീദാസിനെ പുകച്ച് പുറത്താക്കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വകുപ്പുമന്ത്രി കെ ബാബുവും. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നിഗൂഢമായ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് എംഡി വഴങ്ങാത്തതിനെത്തുടര്‍ന്ന് "മലയാള മനോരമ"യെക്കൊണ്ട് എംഡിക്കെതിരെ വാര്‍ത്തകള്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് പ്രിയങ്കരനും മറ്റൊരു വിമാനത്താവളത്തിന്റെ എംഡിയുമായിരുന്നയാളെ കിയാല്‍ എംഡിയാക്കാന്‍ ഈ സര്‍ക്കാര്‍ വന്ന ഉടന്‍ ചരടുവലി നടത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയും നിര്‍ദേശിച്ച വളഞ്ഞ വഴിക്ക് എംഡി വഴങ്ങാതായപ്പോള്‍ ഈ നീക്കത്തിന് ആക്കം കൂട്ടി. പുകച്ചുചാടിക്കാനായി മനോരമയില്‍ നിരന്തരം വാര്‍ത്തകള്‍ കൊടുപ്പിക്കുകയായിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും താല്‍പ്പര്യപ്പെട്ടവര്‍ക്ക് കിട്ടാതായതോടെയാണ് ചരടുവലിക്ക് ശക്തികൂട്ടിയത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ്പ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാര്‍ ലഭിച്ചത്. 1,400 കോടി രൂപയാണ് വിമാനത്താവള നിര്‍മാണത്തിന്റെ മതിപ്പുചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 14 കോടി കണ്‍സള്‍ട്ടന്‍സി കരാറിനാണ്. സാങ്കേതിക വൈദഗ്ധ്യത്തിന് 80 ശതമാനവും സാമ്പത്തികഭദ്രതയ്ക്ക് 20 ശതമാനവുമായിരുന്നു വെയ്റ്റേജ് മാര്‍ക്ക്. ഇതിനുപുറമെ രാജ്യാന്തരതലത്തില്‍ 1,500 കോടിയുടെയും ആഭ്യന്തരമായി 500 കോടിയുടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചപ്പോഴാണ് സ്റ്റൂപ്പിന് കരാര്‍ ലഭിച്ചതെന്ന് വിമാനത്താവള കമ്പനിയുമായി ബന്ധപ്പെട്ട പ്രമുഖ ഉദ്യോഗസ്ഥന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

ഈ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ കിട്ടിയതുമുതല്‍ ഉന്നതര്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് കമ്പനികള്‍ക്കു വേണ്ടി നിരന്തരം വാര്‍ത്തകള്‍ ചമയ്ക്കുകയായിരുന്നു. തുളസീദാസിനെ വ്യക്തിപരമായി സ്വഭാവഹത്യ നടത്തുന്ന തരത്തില്‍വരെ വാര്‍ത്ത നല്‍കിക്കൊണ്ടിരുന്നു. സ്റ്റൂപ്പ് കമ്പനിയെ പഞ്ചാബ് ഇന്‍ഫാസ്ട്രക്ചറല്‍ ഡെവലപ്മെന്റ് ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയതാണെന്ന് പറഞ്ഞാണ് ആക്ഷേപം ഉന്നയിച്ചുകൊണ്ടിരുന്നത്. അവര്‍ ഏല്‍പ്പിച്ച ഒരു പദ്ധതിനടത്തിപ്പിന് കാലതാമസമുണ്ടായിയെന്ന് പറഞ്ഞാണത്രെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. അതേസമയം, ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളൊന്നും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സ്റ്റൂപ്പിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. പിന്നീടാണ് കരിമ്പട്ടികയില്‍പ്പെട്ടിരുന്ന കാര്യം അറിഞ്ഞത്. ഇതറിഞ്ഞതോടെ എംഡി വിശദീകരണം ആവശ്യപ്പെട്ടു. പഞ്ചാബ് ബോര്‍ഡുമായുള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും കരിമ്പട്ടികയില്‍നിന്ന് നീക്കുമെന്നുമായിരുന്നു അവരുടെ വിശദീകരണം. എങ്കിലും വിവാദങ്ങളുടെ പേരില്‍ കരാര്‍ റദ്ദാക്കി. എന്നാല്‍, തുടര്‍ന്നും എംഡിക്കെതിരെയുള്ള ഒളിയുദ്ധം തുടരുകയായിരുന്നു.

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന എയര്‍ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച അനുഭവസമ്പത്ത് മുതലാക്കുന്നതിനായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് തുളസീദാസിനെ എംഡിയാക്കിയത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞു. കമ്പനിയുടെ ഓഹരി വിതരണത്തിലും വന്‍മുന്നേറ്റം സൃഷ്ടിച്ചു. സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ മുന്നോട്ട് പോയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ സ്ഥലമെടുപ്പും നിലച്ചിരുന്നു. എംഡി രാജിവച്ചതോടെ വിമാനത്താവള പദ്ധതി പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. 2014ല്‍ വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ സാഹചര്യത്തില്‍ സ്ഥിതി കുഴഞ്ഞുമറിയുകയുമാണ്. എംഡി നല്‍കിയ രാജിക്കത്ത് മന്ത്രി വാങ്ങിവച്ചുവെങ്കിലും സ്വീകരിച്ചതായോ തള്ളിയതായോ പറയുന്നുമില്ല.
(പി വി മനോജ്കുമാര്‍)

deshabhimani 100912

1 comment:

  1. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍)എംഡി വി തുളസീദാസിനെ പുകച്ച് പുറത്താക്കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വകുപ്പുമന്ത്രി കെ ബാബുവും. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നിഗൂഢമായ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് എംഡി വഴങ്ങാത്തതിനെത്തുടര്‍ന്ന് "മലയാള മനോരമ"യെക്കൊണ്ട് എംഡിക്കെതിരെ വാര്‍ത്തകള്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു

    ReplyDelete