Monday, September 10, 2012

സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് സര്‍ക്കാര്‍ "സംഭാവന" പിരിക്കുന്നു


കല്‍പ്പറ്റ: വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കുന്നത് വിദ്യാഭ്യാസാവകാശ നിയമം വിലക്കുമ്പോഴും അതിനു വിരുദ്ധമായി സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സെപ്തംബര്‍ 30നകം സംഭാവനയായി ശേഖരിക്കുന്ന തുക പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കാനാണ് ഉത്തരവ്. സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പിന് അഞ്ചുമുതല്‍ പത്താം ക്ലാസ്വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് അഞ്ചുരൂപ വീതം സംഭാവന പിരിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് ആഗസ്ത് മൂന്നിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സര്‍ക്കാരിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് എബ്രഹാം പുറത്തിറക്കിയ ഉത്തരവിലുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് സ്പെഷല്‍ ഫീസുകള്‍ പിരിക്കുന്നത് സംസ്ഥാനത്തും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ 26നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും പിരിവ് കഴിഞ്ഞിരുന്നതിനാല്‍ ഉത്തരവ് പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ആഗസ്ത് 24ന് ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ശേഖരിച്ച തുക വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഡിഡിയെടുക്കാനും എട്ടാം ക്ലാസ്വരെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് വിദ്യാഭ്യാസാവകാശ നിയമമനുസരിച്ച് ഇനി സ്പെഷ്യല്‍ ഫീസ് ഈടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഈ സര്‍ക്കുലറിനും സര്‍ക്കാര്‍ ഉത്തരവിനും വിരുദ്ധമായാണ് സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പിന് അഞ്ചുരൂപ വീതം പിരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയ ഉത്തരവ്. ആഗസ്ത് മൂന്നിന്റെ ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, എഇഒ എന്നിവര്‍ക്ക് ലഭിച്ചുവെങ്കിലും സ്കൂളില്‍ പലയിടത്തും പിരിവ് തുടങ്ങിയിട്ടില്ല.

deshabhimani 100912

1 comment:

  1. വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കുന്നത് വിദ്യാഭ്യാസാവകാശ നിയമം വിലക്കുമ്പോഴും അതിനു വിരുദ്ധമായി സ്കൂള്‍ കലോത്സവങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

    ReplyDelete