Monday, September 10, 2012

ഐഎസ്ആര്‍ഒയുടെ നൂറാംദൗത്യം; പിഎസ്എല്‍വി സി-21 വിജയം


ശ്രീഹരിക്കോട്ട: രണ്ട് വിദേശ ഉപഗ്രഹങ്ങളെ കൃത്യതയോടെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ നൂറാമത് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ 9.53നാണ് പിഎസ്എല്‍വി സി-21 കുതിച്ചത്. വിക്ഷേപണത്തിന്റെ ഇരുപതാം മിനിറ്റില്‍ വിക്ഷേപണ വാഹനത്തില്‍നിന്നു വേര്‍പെട്ട് ഇരു ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തിലെത്തി. ഫ്രാന്‍സിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ സ്പോട്ട്-6, ജാപ്പനീസ് ഉപഗ്രഹമായ പ്രോയിട്ടേഴ്സ് എന്നിവയെയാണ് 659.6 കിലോമീറ്ററിന് മുകളിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ഉടന്‍തന്നെ ഉപഗ്രഹങ്ങളില്‍നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയില്‍ എത്തുകയും ചെയ്തു.

ഇതിനിടെ, വിക്ഷേപണ പാതയിലെ ബഹിരാകാശ മാലിന്യം ആശങ്ക സൃഷ്ടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗവും മാഡ്രിഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണ ഉപഗ്രഹവുമാണ് ആശങ്കയുണ്ടാക്കിയത്. പിഎസ്എല്‍വിയുടെ വിക്ഷേപണ പാതയുടെ അവസാന ഘട്ടത്തില്‍ ഇവ രണ്ടുമെത്തുമെന്നും അത് അപകടകരമാകുമെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ സ്പെയ്സ് ഡെബ്രീസ് പഠന വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം വിക്ഷേപണം രണ്ടു മിനിറ്റ് വൈകി 9.53ലേക്ക് മാറ്റി. ഇതോടെയാണ് ശ്രീഹരിക്കോട്ടയിലെ പിരിമുറുക്കത്തിന് പരിഹാരമായത്.

712 കിലോഗ്രാം വരുന്ന ഫ്രഞ്ച് ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വിദേശപേടകമാണ്. പ്രോയിട്ടേഴ്സിന് 15 കിലോഗ്രാമാണ് ഭാരം. പിഎസ്എല്‍വി വിക്ഷേപിക്കുന്ന ഇരുപത്തെട്ടാമത് വിദേശ ഉപഗ്രഹമാണ് സ്പോട്ട്-6. വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ രൂപകല്‍പ്പന തിരുവനന്തപുരം വിഎസ്എസ്സിയും എല്‍പിഎസ്്സിയുമാണ് നിര്‍വഹിച്ചത്. ആദ്യ ദൗത്യത്തിന്റെ 37-ാം വര്‍ഷത്തില്‍ നൂറാം ദൗത്യ വിജയത്തിലൂടെ സുവര്‍ണനേട്ടം കൈവരിച്ചിരിക്കയാണ് ഐഎസ്ആര്‍ഒ. സ്വയം വികസിപ്പിച്ച 38 വിക്ഷേപണ വാഹനങ്ങളും അറുപത്തിരണ്ട് ഉപഗ്രഹങ്ങളും ഇതുവരെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു.

1975 ഏപ്രില്‍ 19ന് ആദ്യ ദൗത്യമായ ആര്യഭട്ടയുടേതടക്കം പിന്നീടുള്ള വിക്ഷേപണങ്ങളില്‍ ഏറിയ പങ്കും വിജയകരമായിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം ആദ്യമായി കണ്ടെത്തിയ ചാന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണ വിജയവും ഇതില്‍പ്പെടും. ഐഎസ്ആര്‍ഒയുടെ ചിരിത്രത്തിലെ നാഴികക്കല്ലാണ് പിഎസ്എല്‍വി സി-21ന്റെ വിക്ഷേപണ വിജയമെന്ന് നൂറാമത് ദൗത്യത്തിന് സാക്ഷിയാകാന്‍ ശ്രീഹരിക്കോട്ടയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഐഎസ്ആഒയിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിദൗത്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി നാരായണമൂര്‍ത്തി, സതീഷ്ധവാന്‍ സ്പെയ്സ് സെന്റര്‍ ഡയറക്ടര്‍ എം സി ദത്തന്‍, വി എസ്എസ്സി ഡയറക്ടര്‍ പി എസ് വീരരാഘവന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, ഐസാക് ഡയറക്ടര്‍ എസ് കെ ശിവകുമാര്‍, മിഷന്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പിഎസ്എല്‍വി സി-21 വിക്ഷേപണം വൈകി; ആശങ്ക സൃഷ്ടിച്ചത് ബഹിരാകാശ മാലിന്യം

ഐസ്ആര്‍ഒയുടെ നൂറാമത് ദൗത്യത്തിന് "വഴിമുടക്കി"യായി ബഹിരാകാശ മാലിന്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗവും മാഡ്രിഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണ ഉപഗ്രഹവുമാണ് ആശങ്ക സൃഷ്ടിച്ചത്. പിഎസ്എല്‍വിയുടെ വിക്ഷേപണപാതയുടെ അവസാനഘട്ടത്തില്‍ ഇവ രണ്ടുമെത്തുമെന്നും അത് അപകടകരമാകുമെന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍, ശാസ്ത്രജ്ഞരുടെ മുന്‍കരുതല്‍ പിഎസ്എല്‍വി സി-21ന്റെ വിക്ഷേപണവിജയം ഉറപ്പാക്കി. ശ്രീഹരിക്കോട്ടയില്‍നിന്ന് രണ്ട് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ വിക്ഷേപണം ഞായറാഴ്ച രാവിലെ 9.51 നാണ് നിശ്ചയിച്ചിരുന്നത്. ഐഎസ്ആര്‍ഒയുടെ സ്പെയ്സ് ഡെബ്രീസ് പഠനവിഭാഗത്തിന്റെ നിര്‍ദേശപ്രകാരം വിക്ഷേപണം രണ്ടു മിനിറ്റ് വൈകി 9.53ലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ശ്രീഹരിക്കോട്ടയില്‍ പിരിമുറുക്കം സൃഷ്ടിച്ച പ്രശ്നത്തിന് പരിഹാരമായത്.

പഴയ റോക്കറ്റിന്റെ ഭാഗവും പിഎസ്എല്‍വി വിക്ഷേപിക്കുന്ന ഇരു ഉപഗ്രഹവും ഒരേ ഭ്രമണപഥത്തില്‍ ഒരേ സമയത്തെത്തുന്നത് വന്‍ കൂട്ടിയിടിക്ക് വഴിവയ്ക്കുമായിരുന്നു. ഇത് ഒഴിവാക്കാന്‍ വിക്ഷേപണസമയം നീട്ടുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. അതിനെത്തുടര്‍ന്നാണ് അടിയന്തര ഉന്നതതലയോഗം ചേര്‍ന്ന് വിക്ഷേപണസമയം രണ്ട് മിനിറ്റ് നീട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ നൂറിലേറെ ഭാഗങ്ങള്‍ ബഹിരാകാശ മാലിന്യമായി ഭ്രമണംചെയ്യുന്നുണ്ട്. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങള്‍, തകര്‍ന്ന വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഭാഗങ്ങള്‍ തുടങ്ങിയവയടക്കം ചെറുതും വലുതുമായ അഞ്ചു ലക്ഷത്തിലേറെ ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയെ വലംവയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും മണിക്കൂറില്‍ 17,500 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം.
(ദിലീപ് മലയാലപ്പുഴ)

100-ാം ദൗത്യത്തിലും കരുത്ത് തെളിയിച്ചു

ഫ്രാന്‍സിന്റെയും ജപ്പാന്റെയും ഉപഗ്രഹങ്ങള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് പിഎസ്എല്‍വി വീണ്ടും കരുത്ത് തെളിയിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാമത് ദൗത്യം ഭാവിദൗത്യങ്ങള്‍ക്കും കരുത്തായി. ഏറ്റവും വിശ്വസനീയമെന്ന് അംഗീകരിക്കപ്പെട്ട പിഎസ്എല്‍വിയുടെ ഇരുപതാമത് ദൗത്യമാണ് ശനിയാഴ്ച ശ്രീഹരിക്കോട്ടയില്‍ വിജയം കണ്ടത്. രണ്ട് ജിഎസ്എല്‍വി പരാജയങ്ങള്‍ക്കു ശേഷം സ്വന്തം വിക്ഷേപണവാഹനത്തില്‍ ജിസാറ്റ്-12 ഉപഗ്രഹത്തെ സമീപകാലത്ത് പിഎസ്എല്‍വി ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചിരുന്നു. അതിനുപിന്നാലെ പിഎസ്എല്‍വി സി 18, 19 എന്നിവയുടെ വിജയത്തിനുശേഷം ഇപ്പോഴത്തെ വിക്ഷേപണം ലക്ഷ്യംകണ്ടത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നേരത്തെ നടക്കേണ്ടിയിരുന്ന പിഎസ്എല്‍വി സി-20 യുടെ വിക്ഷേപണം ഡിസംബറില്‍ നടക്കും.

ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച പിഎസ്എല്‍വി 1993 സെപ്തംബര്‍ മുതലാണ് വിക്ഷേപണവാഹനമായി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായ വിജയക്കുതിപ്പും. നാല്‍പ്പതിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. 29 വിദേശ ഉപഗ്രഹങ്ങളും ഇതില്‍പ്പെടും. ചാന്ദ്രമണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ചാന്ദ്രയാന്‍ ഒന്നിന്റെ വിജയവും പിഎസ്എല്‍വിയുടേതായിരുന്നു. ഒന്നിനുപിറകെ ഒന്നെന്ന രീതിയില്‍ തുടര്‍ച്ചയായി പത്തോളം ഉപഗ്രഹങ്ങളെ വിക്ഷേപിച്ചും പിഎസ്എല്‍വി ശേഷി തെളിയിച്ചു. ആയിരം കിലോഗ്രാമിനു മുകളില്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശേഷിയും ഐഎസ്ആര്‍ഒ നേടി. പിഎസ്എല്‍വി സി-21ന്റെ വിജയത്തോടെ വിക്ഷേപണരംഗത്ത് ഐഎസ്ആര്‍ഒയുടെ വാണിജ്യസാധ്യത വിപുലമാകുകയാണ്. ഞായറാഴ്ച വിക്ഷേപിച്ച പിഎസ്എല്‍വി സി-21ന്റെ ചെലവ് 75 കോടിയാണ്. പിഎസ്എല്‍വി വികസിപ്പിച്ചതും രൂപകല്‍പ്പന ചെയ്തതും തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററാണ.് എല്‍പിഎസ്സിയും ഐഐഎസ്യുവും യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തിന് പ്രമുഖ പങ്ക് വഹിച്ചു. വിക്ഷേപണവാഹനത്തിലെ രണ്ടും മൂന്നും ഭാഗങ്ങളിലുള്ള ദ്രവ എന്‍ജിനുകള്‍ എല്‍പിഎസ്സിയാണ് വികസിപ്പിച്ചത്.

deshabhimani 100912

No comments:

Post a Comment