കിഴക്കന്‍ മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും റിസോര്‍ട്ട് മാഫിയകളുടെ കുടിയേറ്റം വ്യാപകം. അതേസമയം തോട്ടങ്ങളുടെ മുറിച്ചുവില്‍പനയും മരംമുറിയും സാര്‍വത്രികമായി. ഇതിനുസമാന്തരമായി ഭൂരഹിതരുടെ പട്ടികയിലേയ്ക്ക് ചേരാന്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ കാടിറങ്ങുന്നു.
ഈ കയ്യേറ്റങ്ങളുടേയും കുടിയിറക്കങ്ങളുടെയും കഥപറയുന്നത് രഹസ്യാന്വേഷണ വിഭാഗം എ ഡി ജി പി ടി പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനയച്ച രഹസ്യ റിപ്പോര്‍ട്ടില്‍. സെന്‍കുമാറിന്റെ ഓഗസ്റ്റ് രണ്ടിനു തയ്യാറാക്കിയ റിപ്പോര്‍ട്ട് (നമ്പര്‍ ജി/10/48138/2012/എസ് ബി) ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈയടുത്ത ദിവസം റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബി വത്സലകുമാരിക്കു കൈമാറി. ഇതേത്തുടര്‍ന്ന് കയ്യേറ്റങ്ങളേയും റിസോര്‍ട്ട് മാഫിയാകുടിയേറ്റങ്ങളേയും കര്‍ഷക കുടിയിറക്കങ്ങളേയും തോട്ടങ്ങളുടെ മുറിച്ചു വില്‍പനയേയും കുറിച്ച് അന്വേഷിക്കാനും നിയമവിരുദ്ധ കയ്യേറ്റ ഭൂമികള്‍ പിടിച്ചെടുക്കാനും ഒരു പ്രത്യേക ദൗത്യസംഘം രൂപീകരിക്കാന്‍ റവന്യൂ വകുപ്പ് തിടുക്കത്തില്‍ നടപടികള്‍ ആരംഭിച്ചു.
എമര്‍ജിംഗ് കേരള എന്ന സര്‍ക്കാര്‍ ഭൂമികച്ചവട പരിപാടിക്കു കൊടി ഉയരുന്നതിനു തൊട്ടുമുമ്പു നടന്നു വരുന്ന റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയകളുടെ കുടിയേറ്റവും 1977 നു മുമ്പുള്ള മലയോര കര്‍ഷകരെ ഭൂരഹിതരാക്കിക്കൊണ്ടുള്ള കുടിയിറക്കവും യാദൃശ്ചികമായി കാണാനാവില്ലെന്ന് റവന്യൂ വകുപ്പിലെ ഉന്നത കേന്ദ്രങ്ങള്‍ 'ജനയുഗ'ത്തോടു പറഞ്ഞു.
തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി റിസോര്‍ട്ടു നിര്‍മാണമടക്കമുള്ള മറ്റാവശ്യങ്ങള്‍ക്കു നല്‍കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനവും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബിനോയ്‌വിശ്വം വനം മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന വനേതര മേഖലകളിലെ വനവല്‍ക്കരണ പ്രോത്സാഹന (ഭേദഗതി) നിയമം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റദ്ദാക്കിയതുമാണ് റിസോര്‍ട്ട് മാഫിയകളുടെ കയ്യേറ്റങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തോട്ടങ്ങളുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങള്‍ക്കു നല്‍കാമെന്ന വിജ്ഞാപനം വഴി 91000 ഏക്കറില്‍ പരം ഭൂമിയാണ് റിസോര്‍ട്ട് - റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലെത്തുക. മുന്‍ യു ഡി എഫ് സര്‍ക്കാര്‍ ഈ നിയമഭേദഗതി നിയമം 1963 ലെ ഭൂപരിഷ്‌ക്കരണ നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുവകവയ്ക്കാതെ പാസ്സാക്കിയെടുത്തത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭേദഗതിനിയമം അംഗീകരിക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും ഈ നിയമഭേദഗതി പൊടിതട്ടിയെടുത്ത് രാഷ്ട്രപതിയില്‍ നിന്ന് അംഗീകാരം നേടിയത് ഭൂമാഫിയകളെ സഹായിക്കാനായിരുന്നു. മൂലനിയമത്തില്‍ ഒരാള്‍ കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായിരുന്നു. എന്നാല്‍ തോട്ടഭൂമി പരിധിയില്ലാതെ കൈവശം വയ്ക്കാമെന്ന ഭേദഗതി നിയമം മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കു നിയമ സാധുത നല്‍കാനും കഴിഞ്ഞ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയും പഴയ കയ്യേറ്റക്കാര്‍ക്കു തിരിച്ചുനല്‍കാനും സഹായകമാവുമെന്നാണ് നിയമവിദഗ്ധരുടെ ആശങ്ക. എമര്‍ജിംഗ് കേരള കൂടി മുന്നില്‍ കണ്ടാണ് രാഷ്ട്രപതിയുടെ അനുമതി നേടിയയുടന്‍ ഭേദഗതി നിയമം തിരക്കിട്ടു വിജ്ഞാപനം നടത്തിയതെന്നും സൂചനയുണ്ട്.
തോട്ടഭൂമികള്‍ മാഫിയകള്‍ വാങ്ങിക്കൂട്ടുന്നതിന് ഇതോടെ ആക്കം കൂടി. കുടിയേറ്റ കര്‍ഷകരുടെ പേരിലുള്ള ഭൂമി വന്‍തോതില്‍ തട്ടിയെടുക്കുന്നതും ധൃതഗതിയില്‍ നടന്നുവരുന്നു. എമര്‍ജിംഗ് കേരളയ്ക്ക് എത്തുന്ന മാഫിയകള്‍ ഇന്‍കെല്‍ എന്ന സൂപ്പര്‍ ഭൂ മാഫിയ വഴി ടൂറിസത്തിന്റെ മറവില്‍ ഈ കയ്യേറ്റ ഭൂമികളും തോട്ടഭൂമികളും കയ്യടക്കാനുള്ള പദ്ധതിയും അണിയറയില്‍ തയ്യാറായിക്കഴിഞ്ഞുവെന്നറിയുന്നു.
കുടിയേറ്റ കര്‍ഷകരുടെ ഭൂമി മോഹവിലയ്ക്കു തട്ടിയെടുത്ത മാഫിയകള്‍ കുടിയേറ്റ കര്‍ഷകരെ കുടിയിറക്കി ഭൂരഹിതരുടെ പാളയത്തിലേയ്ക്കു പറഞ്ഞയക്കുന്ന പ്രവണതയ്ക്കും ആക്കം കൂടിയിട്ടുണ്ടെന്ന് കിഴക്കന്‍ മലയോരങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റ കര്‍ഷകരില്‍ നിന്നു തട്ടിയെടുത്ത കൃഷിയിടങ്ങളിലും തോട്ടഭൂമികളിലും വമ്പന്‍ റിസോര്‍ട്ടുകളും ആധുനിക ഫഌറ്റുകളും ആഡംബര മന്ദിരങ്ങളും ഉയരുന്നതോടെ കാടിന്റെ ചരമഗീതമാണു മുഴങ്ങാന്‍ പോകുന്നതെന്ന ആശങ്കയും കനക്കുന്നു.
(കെ രംഗനാഥ്)
janayugom 050912
കിഴക്കന്‍ മലയോരങ്ങളിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും റിസോര്‍ട്ട് മാഫിയകളുടെ കുടിയേറ്റം വ്യാപകം. അതേസമയം തോട്ടങ്ങളുടെ മുറിച്ചുവില്‍പനയും മരംമുറിയും സാര്‍വത്രികമായി. ഇതിനുസമാന്തരമായി ഭൂരഹിതരുടെ പട്ടികയിലേയ്ക്ക് ചേരാന്‍ ആയിരക്കണക്കിനു കുടുംബങ്ങള്‍ കാടിറങ്ങുന്നു.
ReplyDelete