Saturday, September 1, 2012

നരോദപാട്ടിയ: മോഡിയുടെ മോഹങ്ങള്‍ പൊലിയുന്നു


ഗുജറാത്ത് വംശഹത്യ കേസുകളില്‍ അനുയായികള്‍ ഒന്നൊന്നായി തടവറയിലേക്ക് നീങ്ങുന്നത് നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി പദവി മോഹത്തിന് തിരിച്ചടിയാകുന്നു. ദേശീയ രാഷ്ട്രീയം കലുഷിതമായതിനാല്‍ പൊതുതെരഞ്ഞെടുപ്പ് ഏതുസമയവും നടക്കുമെന്ന ഘട്ടത്തില്‍ വംശഹത്യകേസുകള്‍ ഒന്നൊന്നായി ഉയര്‍ന്നുവരുന്നത് ബിജെപിക്കും പ്രത്യേകിച്ച് മോഡിക്കും വരുത്തുന്ന ക്ഷീണം ചില്ലറയല്ല. തെരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷത്തിന് അടുത്തെത്താന്‍പോലും കഴിയില്ല. എന്‍ഡിഎ എന്ന സംവിധാനം പരീക്ഷിച്ചാല്‍ത്തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സാധ്യത അകലെയാണ്. ബിജെപി നേതൃത്വത്തിന് ഇത് ഏറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ മോഡിയെപ്പോലെ വംശീയഹത്യയുടെ രക്തക്കറ പുരണ്ട ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ആത്മഹത്യാപരമാണെന്ന് ബിജെപിക്കുള്ളിലെ മോഡി വിരുദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ എന്‍ഡിഎ സംവിധാനത്തിന് ഒപ്പം നില്‍ക്കുന്ന നിതീഷ് കുമാറിനെപോലുള്ള നേതാക്കള്‍ ഒരിക്കലും മോഡിയെ അനുകൂലിക്കുകയുമില്ല.

അതേസമയം 2002ല്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരെ, പ്രധാനമന്ത്രിപദ മോഹമുണ്ടായതോടെ മോഡി തള്ളിപ്പറഞ്ഞു തുടങ്ങിയെന്ന് സംഘപരിവാറിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. കൊദ്നാനിയും ബാബു ബജ്രംഗിയും മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമൊക്കെ മോഡിയുടെ നേരിട്ടുള്ള ആഹ്വാനപ്രകാരമായിരുന്നു ന്യൂനപക്ഷ ഹത്യയ്ക്ക് മുന്നിട്ടിറങ്ങിയത്. ഇവരെല്ലാം കേസുകളില്‍ കുടുങ്ങുകയും ജയിലുകളിലേക്ക് പോകുകയും ചെയ്യുമ്പോള്‍ സഹതപിക്കാന്‍പോലും മോഡിയില്ലെന്ന ആക്ഷേപമാണിവര്‍ക്ക്. തനിക്ക് ഏറെ പ്രിയപ്പെട്ട, മായബെന്‍ കൊദ്നാനിയും ബാബു ബജ്രംഗിയും നരോദപാട്ടിയ കൂട്ടക്കൊലകേസില്‍ ശിക്ഷിക്കപ്പെട്ട വേളയില്‍ ഇന്റര്‍നെറ്റില്‍ ആശയവിനിമയത്തിലായിരുന്നു മോഡി. ആരാധകരിലൊരാള്‍ "താങ്കള്‍ പ്രധാനമന്ത്രിയാകുമോ" എന്ന ചോദിച്ചപ്പോള്‍ "അതിപ്പോള്‍ പറയാനാകില്ലെന്നായിരുന്നു" മോഡിയുടെ മറുപടി. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ് തത്സമയം സംപ്രേഷണം ചെയ്ത ഈ അഭിമുഖത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും സംഘപരിവാറും മോഡിയുടെ ആരാധകരും വലിയ പ്രചാരണം നടത്തിയിരുന്നെങ്കിലും ഇതേ ദിവസം തന്നെ നരോദപാട്ടിയ വിധി വന്നത് സംഘാടകര്‍ക്ക് വലിയ ക്ഷീണമായി. എന്നാല്‍, വിധിയെക്കുറിച്ച് ചോദ്യങ്ങളൊന്നും ഉയരാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു. കൊദ്നാനിയടക്കം ഏറെ വേണ്ടപ്പെട്ടവരെ ആജീവനാന്തം ജയിലിലയച്ചുള്ള വിധിയായിട്ടും ഇതേക്കുറിച്ച് ഒരഭിപ്രായവും മോഡി പറഞ്ഞിട്ടില്ല.

അതിനിടെ മോഡിയെ നിശിതമായി വിമര്‍ശിച്ച് സസ്പെന്‍ഷനില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് തുറന്ന കത്തെഴുതി. നരോദപാട്ടിയ കേസ് വിധിയോട് പ്രതികരിക്കാന്‍ മോഡി തയ്യാറാകാതിരുന്നതിനെയാണ് ഭട്ട് കുറ്റപ്പെടുത്തുന്നത്. വേണ്ടപ്പെട്ടവര്‍ കുടുങ്ങിയപ്പോള്‍ മൗനം പാലിക്കുന്നത് തന്ത്രപരമായ സമീപനമല്ലേയെന്ന് ഭട്ട് ചോദിക്കുന്നു.
(എം പ്രശാന്ത്)

deshabhimani 020912

1 comment:

  1. ഗുജറാത്ത് വംശഹത്യ കേസുകളില്‍ അനുയായികള്‍ ഒന്നൊന്നായി തടവറയിലേക്ക് നീങ്ങുന്നത് നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി പദവി മോഹത്തിന് തിരിച്ചടിയാകുന്നു. ദേശീയ രാഷ്ട്രീയം കലുഷിതമായതിനാല്‍ പൊതുതെരഞ്ഞെടുപ്പ് ഏതുസമയവും നടക്കുമെന്ന ഘട്ടത്തില്‍ വംശഹത്യകേസുകള്‍ ഒന്നൊന്നായി ഉയര്‍ന്നുവരുന്നത് ബിജെപിക്കും പ്രത്യേകിച്ച് മോഡിക്കും വരുത്തുന്ന ക്ഷീണം ചില്ലറയല്ല.

    ReplyDelete