Sunday, September 2, 2012

കാലിത്തീറ്റ വില കുത്തനെ കൂട്ടി; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍


കാലിത്തീറ്റ വിലവര്‍ധനയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലിത്തീറ്റ ഉല്‍പ്പാദകരായ സ്വകാര്യ കമ്പനികള്‍ മാനദണ്ഡമില്ലാതെ വില ഉയര്‍ത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഒരുമാസത്തിനിടെ 150 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. അമ്പതു കിലോക്ക് ജൂലൈയില്‍ 650 രൂപയായിരുന്നു. ഇപ്പോള്‍ 800 രൂപയായി. സ്വകാര്യ കമ്പനികളായ ഗോദ്റെജ്, കെഎസ്, ഒകെ, എസ്കെഎം എന്നിവയാണ് കാലിത്തീറ്റ ഉല്‍പ്പാദനമേഖലയിലെ വില നിയന്ത്രിക്കുന്നത്. ഗോദ്റെജ് മാത്രം പ്രതിമാസം 120 ടണ്‍ കാലിത്തീറ്റ പാലക്കാട് ജില്ലയില്‍ വില്‍പ്പന നടത്തുന്നുണ്ട്. അസംസ്കൃതസാധനങ്ങളുടെ വിലവര്‍ധിച്ചതാണ് കാലിത്തീറ്റയ്ക്ക് വിലകൂട്ടാന്‍ കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതോടെ കുറഞ്ഞ അളവില്‍ കാലിത്തീറ്റ വാങ്ങുന്ന ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് താങ്ങായിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള കാലിത്തീറ്റ ലഭ്യതയും കുറഞ്ഞു. മുമ്പ് ബാങ്കില്‍ പണമടച്ചാല്‍ തൊട്ടടുത്ത ദിവസം കാലിത്തീറ്റ ലഭിച്ചിരുന്നു. ഇപ്പോഴത് 20 ദിവസമായി.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മയില്‍ നിന്നും കേരള ഫീഡ്സില്‍നിന്നുമാണ് കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡിയുള്ളത്. ബിഐഎസ് അംഗീകാരമുള്ള ചുരുക്കം ചില കമ്പനികളും സബ്സിഡി നല്‍കുന്നുണ്ട്. സൊസൈറ്റി, പ്രൈവറ്റ് ഡീലര്‍മാരും സര്‍ക്കാര്‍ വിപണനകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. വന്‍തോതില്‍ കാലിത്തീറ്റ വാങ്ങി സൂക്ഷിക്കുന്നതിനാല്‍ ഇവരെ വിലവര്‍ധന ബാധിച്ചുതുടങ്ങിയിട്ടില്ല. പാലിന് ഏപ്രിലിലെയും മെയിലെയും ജൂണിലെയും സബ്സിഡിയായി ലിറ്ററിന് 80 പൈസ വീതം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാലിത്തീറ്റയ്ക്ക് വിലവര്‍ധിച്ചതോടെ ഇതും പ്രയോജനരഹിതമായി. ഒരു ചാക്കിന് 85 രൂപപ്രകാരം മലബാര്‍ മേഖലാ യൂണിയന്‍ മില്‍മ കാലിത്തീറ്റയ്ക്ക് അനുവദിച്ച സബ്സിഡിയും ആഗസ്ത്മുതല്‍ നിര്‍ത്തി. ഇതിനു പുറമേയാണ് വിലക്കയറ്റം. കാലികള്‍ക്ക് തീറ്റ മാറി നല്‍കിയാല്‍ പാല്‍ കുറയുമെന്നതിനാല്‍ എന്ത് വില കൊടുത്തും കാലിത്തീറ്റ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍.

deshabhimani 020912

1 comment:

  1. കാലിത്തീറ്റ വിലവര്‍ധനയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലിത്തീറ്റ ഉല്‍പ്പാദകരായ സ്വകാര്യ കമ്പനികള്‍ മാനദണ്ഡമില്ലാതെ വില ഉയര്‍ത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഒരുമാസത്തിനിടെ 150 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. അമ്പതു കിലോക്ക് ജൂലൈയില്‍ 650 രൂപയായിരുന്നു. ഇപ്പോള്‍ 800 രൂപയായി. സ്വകാര്യ കമ്പനികളായ ഗോദ്റെജ്, കെഎസ്, ഒകെ, എസ്കെഎം എന്നിവയാണ് കാലിത്തീറ്റ ഉല്‍പ്പാദനമേഖലയിലെ വില നിയന്ത്രിക്കുന്നത്. ഗോദ്റെജ് മാത്രം പ്രതിമാസം 120 ടണ്‍ കാലിത്തീറ്റ പാലക്കാട് ജില്ലയില്‍ വില്‍പ്പന നടത്തുന്നുണ്ട്. അസംസ്കൃതസാധനങ്ങളുടെ വിലവര്‍ധിച്ചതാണ് കാലിത്തീറ്റയ്ക്ക് വിലകൂട്ടാന്‍ കാരണമെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതോടെ കുറഞ്ഞ അളവില്‍ കാലിത്തീറ്റ വാങ്ങുന്ന ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്ക് താങ്ങായിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള കാലിത്തീറ്റ ലഭ്യതയും കുറഞ്ഞു. മുമ്പ് ബാങ്കില്‍ പണമടച്ചാല്‍ തൊട്ടടുത്ത ദിവസം കാലിത്തീറ്റ ലഭിച്ചിരുന്നു. ഇപ്പോഴത് 20 ദിവസമായി.

    ReplyDelete