Tuesday, September 11, 2012

ഇന്ന് ചക്രസ്തംഭനം; നാളെ ഹര്‍ത്താല്‍


ആറന്മുള വിമാനത്താവളവും ശബരിമല മാസ്റ്റര്‍പ്ലാനും എമര്‍ജിങ് കേരളയില്‍നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ചക്രസ്തംഭനവും ബുധനാഴ്ച ഹര്‍ത്താലും നടത്തും. നിലവില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. അരമണിക്കൂര്‍ ചക്രസ്തംഭനം എല്‍ഡിഎഫിന്റെ നേതൃത്വത്തിലാണ്. ഹര്‍ത്താല്‍ തിരുവാറന്മുള പൈതൃക ഗ്രാമകര്‍മസമിതിയുടെയും പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ്.

വരുന്നത് ഗുരുതരമായ പാരിസ്ഥിതികാഘാതം

പത്തനംതിട്ട: വിമാനത്താവളം വന്നാലുണ്ടാകുന്നത് സാംസ്കാരികതയുടെ തകര്‍ക്കല്‍ മാത്രമല്ല, ഗുരുതരമായ പാരിസ്ഥിതിക ആഘാതവും കൂടിയാണ് ഉണ്ടാകുക. നിയമസഭ പരിസ്ഥിതി കമ്മിറ്റി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍ സലീം അലി ഫൗണ്ടേഷനുവേണ്ടി ഡോ. വി എസ് വിജയന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഗൗരവ പൂര്‍ണമായ പഠനം നടത്തിയിട്ടുണ്ട്. മഴക്കാലത്ത് പമ്പയില്‍ വെള്ളം നിറയുന്നതോടെ വലിയ തോതിലാണ് മത്സ്യങ്ങള്‍ എത്തുന്നത്. ഇവ വലിയ തോട്ടിലൂടെ തണ്ണീര്‍തടങ്ങളിലേക്ക് എത്തുന്നു. അവിടെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. പമ്പയില്‍ ജലനിരപ്പ് താഴുന്നതോടെ നദിയിലേക്ക് തിരികെ പോകും. ഇപ്പോള്‍ നികത്തുന്ന പാടങ്ങള്‍ ഇതിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അറുപതോളം ഇനം മത്സ്യങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 25 ഇനങ്ങള്‍ പശ്ചിമഘട്ടത്തിന്റെ തനത് മത്സ്യങ്ങളും നാലിനം ഐയുസിഎന്‍ (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) മാത്രം കാണുന്നവയുടെ പട്ടികയിലുംപെടും. ഇതിന്റെ നാശം നിസാരമായി കാണാനാകില്ല. 400 ഏക്കറോളം നെല്‍വയല്‍ നികത്തുമ്പോള്‍ അത് നെല്‍കൃഷിയെ മാത്രമല്ല വിശാലമായ ആറന്മുള പുഞ്ചയെയും ബാധിക്കും. 1417 ഹെക്ടറാണ് ആറന്മുള പുഞ്ചയുടെ വിസ്തീര്‍ണം. നീരൊഴുക്ക് തടസ്സപ്പെടുകയും പുഞ്ച ഗുണനിലവാരം ഇല്ലാത്തതാകുകയും ചെയ്യുന്നതോടെ ബാക്കി നെല്‍വയലും നികത്താനിടയാകും. പ്രതിവര്‍ഷം 7085 ടണ്‍ നെല്ല് ആറന്മുള പുഞ്ചയില്‍ നിന്നുല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് പാടെ നിലയ്ക്കുന്നതിനാണ് ഇടയാക്കുന്നത്. (കടപ്പാട്: ശാസ്ത്ര സാഹിത്യ പരിഷത്ത്)

ഇതുവരെ നടന്നത് ഭൂമികച്ചവടം

പത്തനംതിട്ട: വിമാനത്താവളത്തിന്റെ ഇതുവരെയുള്ള ചരിത്രം ഭൂമി കച്ചവടത്തിന്റേതാണ്. പ്രവാസി മലയാളിയായ ഏബ്രഹാം കലമണ്ണിലാണ് വിമാനത്താവളം എന്ന ആശയവുമായി മുന്നോട്ടുവന്നത്. ഇദ്ദേഹം ചെയര്‍മാനായ മൗണ്ട് സിയോണ്‍ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പേരിലായിരുന്നു ഇത്. എന്‍ജിനീയറിങ് കോളേജും എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് കോഴ്സുമായിരുന്നു പ്രഖ്യാപിച്ച പദ്ധതി. അതിനുവേണ്ടി വസ്തു വാങ്ങിക്കൂട്ടി. വിദ്യാഭ്യാസസംരംഭം എന്ന നിലയില്‍ കാര്യമായ വിലപേശലില്ലാതെ ഭൂമി ലഭിച്ചു. വളരെ ചെറിയ വിലയിലാണ് ഭൂമി ലഭിച്ചത്. 350 ഏക്കര്‍ ഇങ്ങനെ വാങ്ങി. ട്രസ്റ്റ് ഇവിടെ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനവും നടത്തിയില്ല. ഒടുവില്‍ ഭൂമി മൊത്തമായി വിമാനത്താവളകമ്പനിയായ കെജിഎസ് ഗ്രൂപ്പിന് കൈമാറുകയായിരുന്നു. ഈ ഇടപാടിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ കോടതികളില്‍ മൂന്നോളം കേസുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തിയതിന് 19ലക്ഷം നഷ്ടപരിഹാരം നല്‍കേണ്ട മറ്റൊരു കേസുമുണ്ട്. ഭൂമി സംബന്ധിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അതിന് പിന്നിലെ അഴിമതി സംബന്ധിച്ചും വിജിലന്‍സ് അന്വേഷണത്തിന് ലാന്‍ഡ് റവന്യു കമീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന് പിന്നാലെ മാണിഗ്രൂപ്പും

പത്തനംതിട്ട: ആറന്മുള വിമാനത്താവളം മധ്യതിരുവിതാംകൂറിന്റെ വികസനത്തില്‍ അത്യന്താപേക്ഷിതമാണെന്നും പദ്ധതിക്ക് കേരള കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുന്നതായും ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി കെ ജേക്കബ്, ജോര്‍ജ് മാത്യു എന്നിവര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന അനാവശ്യ സമരങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ടികള്‍ പിന്മാറണം. മധ്യതിരുവിതാംകുറില്‍നിന്നും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് വലിയ സൗകര്യമാണ് വിമാനത്താവളം. ശബരിമല തീര്‍ഥാടകര്‍ക്കും ആറന്മുള വള്ളംകളി, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ എല്ലാ മത വിഭാഗക്കാര്‍ക്കും സൗര്യാര്‍ഥം പങ്കെടുക്കുന്നതിന് വിമാനത്താവളം സഹായകരമാണ്. ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ വരുംതലമുറയോടുള്ള വെല്ലുവിളിയായിരിക്കുമെന്നും സമരം ചെയ്യുന്നവരെ വികസന വിരുദ്ധരായി ജനം പുറം തള്ളുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് പിന്നാലെ പ്രത്യക്ഷമായി പിന്തുണച്ച ഏക പാര്‍ടിയാണ് കേരള കോണ്‍ഗ്രസ് എം.

deshabhimani 110912

1 comment:

  1. ആറന്മുള വിമാനത്താവളവും ശബരിമല മാസ്റ്റര്‍പ്ലാനും എമര്‍ജിങ് കേരളയില്‍നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ചക്രസ്തംഭനവും ബുധനാഴ്ച ഹര്‍ത്താലും നടത്തും. നിലവില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. അരമണിക്കൂര്‍ ചക്രസ്തംഭനം എല്‍ഡിഎഫിന്റെ നേതൃത്വത്തിലാണ്. ഹര്‍ത്താല്‍ തിരുവാറന്മുള പൈതൃക ഗ്രാമകര്‍മസമിതിയുടെയും പള്ളിയോട പള്ളിവിളക്ക് സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ്.

    ReplyDelete