ജിനീഷിന് കണ്ണീര്‍പ്രണാമം
പാലാ: ദരിദ്ര സാഹചര്യങ്ങളോട് പോരാടി പഠനത്തിലും വിദ്യാര്‍ഥി രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച യുവനേതാവിന്റെ ചേതനയറ്റ ശരീരംകണ്ട് ജന്മനാട് തേങ്ങി. തമിഴ്നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ മരിച്ച എസ്എഫ്ഐ ജില്ലാ നേതാവും എംജി യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ജിനീഷ് ജോര്‍ജിന്റെ മൃതദേഹം വിലാപയാത്രയായി ഞായറാഴ്ച രാത്രി ഏറെ വൈകി പാലാ പരമലക്കുന്ന് മറ്റത്തില്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ നാടാകെ വിതുമ്പലടക്കി കാത്തുനില്‍ക്കുകയായിരുന്നു. പൊതുദര്‍ശനത്തിനുശേഷം വീട്ടില്‍നിന്ന് വിലാപയാത്രയായി എത്തിച്ച് തിങ്കളാഴ്ച പകല്‍ രണ്ടിന് ളാലം പുത്തന്‍പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.
പഠനത്തില്‍ മുന്നേറിയതിനൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തിലും അംഗീകാരങ്ങള്‍ നേടിയ ജിനീഷ് ,സിപിഐ എം പ്രവര്‍ത്തകന്‍, ഡിവൈഎഫ്ഐ നേതാവ് എന്നീ നിലകളില്‍ നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ പൊതുപ്രശ്നങ്ങളില്‍ ജനതാല്‍പ്പര്യങ്ങള്‍ക്കായി മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ഇളംതലമുറക്കാരന്റെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സംഭവം അറിഞ്ഞയുടന്‍ തമിഴ്നാട്ടിലേക്ക് തിരിച്ച സിപിഐ എം പാലാ ഏരിയാ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ്, സിഐടിയു ഏരിയാ സെക്രട്ടറി ഷാര്‍ളിമാത്യു, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ അജി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി ടി എസ് ശരത്ത്, നാട്ടിലെ സുഹൃത്തുക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലാപയാത്രയായാണ് രാത്രി പന്ത്രണ്ടോടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്കും പാലാ ഏരിയാ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജും പാലാ ലോക്കല്‍ സെക്രട്ടറി എം എസ് ശശിധരനും ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ടി പതാക പുതപ്പിച്ചു. പി കെ ബിജു എംപി, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഋതബ്രത ബാനര്‍ജി, സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, സെക്രട്ടറി ടി പി ബിനീഷ്, മുന്‍ സംസ്ഥാന സെക്രട്ടറി പി ബിജു, പാലാ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യേപചാരം അര്‍പ്പിച്ചു.
പാലായിലെ ചുമട്ടുതൊഴിലാളിയായിരുന്ന പരമലക്കുന്ന് മറ്റത്തില്‍ ജോര്‍ജിന്റെയും ബേക്കറി തൊഴിലാളിയായ എത്സിയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് ജിനീഷ്. അസ്ഥിരോഗം മൂലം അമ്മ എത്സിക്ക് സ്ഥിരമായി ജോലിക്കു പോകാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെയും ഉന്നത പഠനത്തിന്റെയും തിരക്കുകള്‍ക്ക് ഇടയില്‍ ലഭിക്കുന്ന സമയങ്ങളില്‍ ജിനീഷ് മറ്റ് ജോലികള്‍ ചെയ്ത് കുടുംബത്തെ സഹായിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഈ യുവാവ് കാണിച്ച മിടുക്ക് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും പ്രത്യേക സ്നേഹാദരവും മുതിര്‍ന്ന ആളുകളുടെ വാത്സല്യങ്ങളും നേടാന്‍ ഇടയാക്കി.
വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ജിനീഷ് പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രി പഠനകാലത്താണ് സംഘടനയുടെ ഏരിയാ സെക്രട്ടറിയായത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍ എത്തി. ഉപരിപഠനത്തിന് എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഎക്ക് ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. എംജി കാമ്പസില്‍ വിദ്യാര്‍ഥിയായിരിക്കെ മികച്ച സംഘാടകനുള്ള സംഘടനയുടെയും കലാലയ യൂണിയനുകളുടെയും അംഗീകാരമായാണ് എംജി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പദവി തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയില്‍ നടത്തിയ എംജി യൂണിവേഴ്സിറ്റി കലോത്സവം ജിനീഷിന്റെ സംഘാടന മികവിന് ഉദാഹരണമാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ജിനീഷ് ഇതേ വിഷയത്തില്‍ എംഫിലിന് ചേരാന്‍ അപേക്ഷിച്ചിരുന്നു. ഇതിന്റെ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി അറിയിപ്പ് വീട്ടില്‍ കഴിഞ്ഞ ദിവസം എത്തുമ്പോള്‍ ഈ പോരാളി സഹപ്രവര്‍ത്തകര്‍ക്കൊപ്പം തമിഴ്നാട്ടില്‍ എസ്എഫ്ഐ സമ്മേളനസ്ഥലത്തായിരുന്നു. തന്റെ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള അവസരം തേടിയെത്തിയത് അറിയുംമുമ്പേയാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ ജിനീഷിനെ മരണം തട്ടിയെടുത്തിയത്.
പോരാട്ടവഴികളിലെ നിറസാന്നിധ്യമായി ഓര്‍മയിലെന്നും സതീഷ് പോള്‍
കോട്ടയം: വൈദികനാകാനായിരുന്നു ആദ്യതീരുമാനം. പക്ഷെ, പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായ സതീഷ് പോളെന്ന വിപ്ലവകാരി തന്റെ നിയോഗമെന്തെന്ന് തിരിച്ചറിഞ്ഞു. വൈദികവേഷമില്ലെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചന പേരാട്ടങ്ങളില്‍ പങ്കാളിയാകാമെന്ന് അറിഞ്ഞു. പിന്നെ തിരിഞ്ഞ് നോക്കിയില്ല, ജനന്മയ്ക്കായി ഇടതുപക്ഷ ആശയങ്ങളോടൊപ്പം സതീഷ് പോളും നടന്നു...പോരാട്ടവഴികളില്‍ നിറസാന്നിധ്യമായി..വിദ്യാര്‍ഥി പ്രസ്ഥാനത്തോട് തോളുരുമ്മി. ഈ വിയോഗം ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. ജില്ലയിലെ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം സഞ്ചരിച്ച് സംഘടനാ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ക്കാകെ സതീഷ് മാതൃകയായി.
വള്ളിക്കാട് ദയറായില്‍ താമസിച്ച് വൈദീക പഠനം നടത്തവേയാണ് സതീഷ് എസ്എഫ്ഐയില്‍ ആകൃഷ്ടനായത്. കോട്ടയം ബസേലിയസ് കോളേജില്‍ പഠിക്കുകയായിരുന്നു അപ്പോള്‍. വിദ്യാഭ്യാസ മേഖലയിലെ കൊടിയ ചൂഷണത്തിനും കച്ചവടത്തിനുമെതിരായ എസ്എഫ്ഐയുടെ പോരാട്ടത്തില്‍ സതീഷും അണിചേര്‍ന്നു. ഇവിടെ ഒരു നേതൃപാടവത്തിന്റെ ഉദയമായിരുന്നു. കോളേജില്‍ യൂണിറ്റ് സെക്രട്ടറിയായി. പരന്ന വായനയും ഉയര്‍ന്ന രാഷ്ട്രീയ ചിന്തയുമുള്ള സതീഷ് ബസേലിയസിലെ വിദ്യാര്‍ഥികളുടെ പ്രിയനേതാവാക്കി. അതോടൊപ്പം മാനേജ്മെന്റിന്റെ അപ്രീതിക്കും ഇരയായി. കോളേജില്‍നിന്ന് പുറത്താക്കിയാണ് അധികാരികളുടെ പ്രതികാരം. പിന്നെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ താമസിച്ച് തുടര്‍പഠനം. പ്രക്ഷോഭ കലുഷിതമായ കാലത്ത് ജില്ലയിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ധീരനേതൃത്വമായി മാറുകയായിരുന്നു സതീഷ്പോള്‍.
സമരരംഗത്ത് അസാമാന്യമായ ധീരതയും നേതൃശേഷിയും പ്രകടിപ്പിച്ച സതീഷിനെതിരെ കള്ളക്കേസുകളും പൊലീസിന്റെ ക്രൂരമുഖവും ഉയര്‍ന്നുവന്നു. അടിപതറാതെ അതിനെ നേരിട്ട് പുതിയസമരമുഖം വീണ്ടും തുറന്നു. കല്‍ത്തുറുങ്കുകള്‍ നല്‍കിയ സമരവീര്യം ഊര്‍ജമായി ഉദിച്ചുയര്‍ന്നു. അരാഷ്ട്രീയവാദികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും ജില്ലയിലെ ക്യാമ്പസുകളെ വിട്ടുകൊടുകാതെ അചഞ്ചലമായ പ്രതിരോധമാണ് സതീഷും സഖാക്കളും തീര്‍ത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കച്ചവട വിദ്യാഭ്യാസ നയത്തിനെതിരായ പ്രക്ഷോഭ പരമ്പരകളുടെ മുന്നണിയില്‍ സതീഷുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ പിച്ചീചീന്തിയതിനെതിരെ സിഎംഎസ് കോളേജിലടക്കം ഉയര്‍ന്ന പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ നിന്ന് മികച്ച പ്രവര്‍ത്തനമാണ് സതീഷ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി, എസ്എഫ്ഐ കോട്ടയം ഏരിയ പ്രസിഡന്റ്, സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സതീഷ് ഡിവൈഎഫ്ഐ പുത്തനങ്ങാടി മേഖലാ പ്രസിഡന്റായിരുന്നു. പിന്നീട് എംജി യൂണിവേഴ്്സിറ്റി ഗാന്ധിയന്‍ തോട്ടില്‍ പിജിക്ക് ചേര്‍ന്നു. അതുകഴിഞ്ഞ് എല്‍എല്‍ബിക്കും. ്
സാന്ത്വനമേകാന്‍ തമിഴ്നാട്ടിലെ സിപിഐ എം-എസ്എഫ്ഐ നേതാക്കള്‍
കോട്ടയം: രാമനാഥപുരത്ത് അപകടം അറിഞ്ഞതു മുതല്‍ തമിഴ്നാട്ടിലെ സിപിഐ എം, എസ്എഫ്ഐ നേതാക്കള്‍ രക്ഷാപ്രവര്‍ത്തകരായി. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗവും പെരിയകുളം എംഎല്‍എയുമായ എ ലാസര്‍, മധുര എംഎല്‍എ അണ്ണാദുരൈ, സിപിഐ എം മധുര ജില്ലാസെക്രട്ടറി വിക്രമന്‍, രാമനാഥപുരം ജില്ലാസെക്രട്ടറി ഗോവിന്ദസ്വാമി, എസ്എഫ്ഐ തമിഴ്നാട് സംസ്ഥാനപ്രസിഡന്റ് കനകരാജ്, സെക്രട്ടറി രാജ്മോഹന്‍, പാര്‍ടി ജില്ലാകമ്മിറ്റിയംഗം കണ്ണകി, ഡിവെഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം സ്റ്റാലിന്‍, കെഎസ്ഇബി എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി ജോണ്‍ സൗന്ദര്‍രാജ് എന്നിവരാണ് അപകടസ്ഥലത്തും ആശുപത്രിയിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുമായി മധുരയിലെയും രാമനാഥപുരത്തെയും ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട നേതാക്കള്‍ ഉടന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. മൃതദേഹം താമസമില്ലാതെ വിട്ടുകിട്ടുന്നതിനും സംവിധാനമൊരുക്കി. സതീഷ് പോളിന്റെ മൃതദേഹം തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ കുമളി വരെ സൗജന്യമായി എത്തിച്ചതും മറ്റ് ചികിത്സാ ചെലവുകള്‍ വഹിച്ചതും പാര്‍ടി ഇടപെട്ടായിരുന്നു. പിന്നീട് കട്ടപ്പനയില്‍നിന്ന് വരുത്തിയ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചത്. ജിനീഷിന്റെ മൃതദേഹം കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സ് എത്തിച്ചാണ് കൊണ്ടുവന്നത്. സിപിഐ എം പാലാ ഏരിയസെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ്, എസ്എഫ്ഐ കോട്ടയം ജില്ലാപ്രസിഡന്റ് ബി മഹേഷ്ചന്ദ്രന്‍, സെക്രട്ടറി എം എ റിബിന്‍ഷ, ഡിവൈഎഫ്ഐ ജില്ലാവൈസ് പ്രസിഡന്റ് കെ എസ് ഗിരീഷ്, എസ്എഫ്ഐ മുന്‍ ജില്ലാസെക്രട്ടറി ടി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
പുരോഗമന പ്രസ്ഥാനത്തിന് തീരാനഷ്ടം: സിപിഐ എം
കോട്ടയം: എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പോളിന്റെയും ജില്ലാ കമ്മിറ്റിയംഗം ജിനീഷ് ജോര്‍ജിന്റെയും ആകസ്മിക നിര്യാണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അനുശോചിച്ചു. ഇരുവരുടെയും വേര്‍പാട് പുരോഗമന പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് അനുശോചനക്കുറിപ്പില്‍ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ അവകാശ പോരാട്ടങ്ങളില്‍ നിറഞ്ഞുനിന്ന സതീഷ് പോള്‍ ദീര്‍ഘകാലം ജില്ലയില്‍ എസ്എഫ്ഐയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനയാണ് നല്‍കിയത്. വിദ്യാഭ്യാസ കച്ചവടത്തിന് എതിരായ പോരാട്ടങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. എതിരാളികള്‍ കള്ളക്കേസുകളില്‍പ്പെടുത്തിയിട്ടും ദൃഢനിശ്ചയത്തോടെ സംഘടനയെ മുന്നോട്ടു നയിച്ചു. വലതുപക്ഷ രാഷ്ട്രീയം കൊടികുത്തിവാണ കലാലയങ്ങളില്‍ ശുഭ്രപതാകയുമായി കടന്നുകയറി വിദ്യാര്‍ഥി സമൂഹത്തെ നേരിന്റെ വഴിയിലേക്ക് കൈപിടിച്ചു നടത്താന്‍ സതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ എസ്എഫ്ഐയ്ക്ക് സഹായകമായി.
സംഘടനാ പ്രവര്‍ത്തനത്തിനിടയിലും വിദ്യാര്‍ഥികള്‍ക്ക് മാതൃകയായി അക്കാദമികരംഗത്തും പ്രാഗല്‍ഭ്യം തെളിയിച്ച യുവാവാണ് ജിനീഷ് ജോര്‍ജ്. സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനെന്ന നിലയില്‍ ജീനീഷിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിദ്യാര്‍ഥികളെ അണിനിരത്തുന്നതിനും അവരുടെ അവകാശസംരക്ഷണത്തിനും മുന്‍പന്തിയില്‍ നിന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മാനേജുമെന്റിനെതിരെ നടന്ന മാസങ്ങള്‍ നീണ്ട സമരത്തിന് നേതൃത്വം നല്‍കിയത് അക്കാലത്ത് പാലാ ഏരിയാ സെക്രട്ടറിയായിരുന്ന ജിനീഷാണ്. റിലേ നിരാഹാര സമരമടക്കമുള്ള പോരാട്ടത്തിനിടെ ജയില്‍വാസവും അനുഭവിച്ചു. പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്കും അടിപതറാത്ത ചുവടുകള്‍ സമ്മാനിച്ച നേതാക്കളുടെ വേര്‍പാട് തീരാദുഃഖമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പറഞ്ഞു.
കനത്തനഷ്ടം: എസ്എഫ്ഐ
കോട്ടയം: എസ്എഫ്ഐ മുന്‍ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് പോളിന്റെയും ജില്ലാകമ്മിറ്റിയംഗം ജിനീഷ് ജോര്‍ജിന്റെയും ആകസ്മിക നിര്യാണത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി അനുശോചിച്ചു. ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇരുവരുടെയും വേര്‍പാട്. സമര പോരാട്ടങ്ങളിലെ മുന്‍നിര നേതാക്കളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സിഎംഎസ് കോളേജ് സമരവും സ്വാശ്രയ സമരവുമടക്കം നിരവധി സമരമുഖങ്ങളില്‍ നേതൃത്വമായ സതീഷും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് സമരത്തിന് നേതൃത്വം നല്‍കുകയും ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍വകലകശാലാ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കുകയും ചെയ്ത ജിനീഷിന്റെ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായിരുന്നു. വിദ്യാര്‍ഥി സമരപോരാട്ടങ്ങളിലെ ഉജ്വല സാന്നിധ്യമായ ഇവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ്ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പ്രസ്താവനയില്‍ അറിയിച്ചു.
deshabhimani 110912

എസ്എഫ്ഐ മുന്‍ സംസ്ഥാനകമ്മിറ്റിയംഗം സതീഷ് പോളിന്റെയും ജില്ലാകമ്മിറ്റിയംഗം ജിനീഷ് ജോര്‍ജിന്റെയും ആകസ്മിക നിര്യാണത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി അനുശോചിച്ചു. ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇരുവരുടെയും വേര്‍പാട്. സമര പോരാട്ടങ്ങളിലെ മുന്‍നിര നേതാക്കളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സിഎംഎസ് കോളേജ് സമരവും സ്വാശ്രയ സമരവുമടക്കം നിരവധി സമരമുഖങ്ങളില്‍ നേതൃത്വമായ സതീഷും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് സമരത്തിന് നേതൃത്വം നല്‍കുകയും ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍വകലകശാലാ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി സംഘടിപ്പിക്കുകയും ചെയ്ത ജിനീഷിന്റെ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായിരുന്നു.
ReplyDelete