Monday, September 10, 2012

യുഎസ് യുദ്ധവിമാന വിന്യാസത്തിനെതിരെ ജപ്പാനില്‍ വന്‍ പ്രതിഷേധം


ഒക്കിനാവ ദ്വീപില്‍ അമേരിക്ക "കുഴപ്പക്കാരായ" ഓസ്പ്രേ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതിനെതിരെ ജപ്പാനില്‍ അതിശക്തമായ പ്രതിഷേധം. ഒക്കിനാവയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ടോക്യോയില്‍ ആയിരങ്ങള്‍ പാര്‍ലമെന്റ് വളഞ്ഞു. മറ്റു ചില നഗരങ്ങളിലും പ്രതിഷേധ റാലി നടന്നു. ഓസ്പ്രേ യുദ്ധവിമാനങ്ങള്‍ വിവിധ രാജ്യങ്ങളിലായി നിരവധിതവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഒക്കിനാവയിലെ തങ്ങളുടെ കൈവശമുള്ള ഫുട്ടേന്‍മ സൈനികത്താവളത്തില്‍ 12 ഓസ്പ്രേ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി. ചൈനയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതില്‍നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഹെലികോപ്റ്ററിനു സമാനമായ രീതിയില്‍ പറന്നുയരാന്‍ കഴിവുള്ളവയാണ് ഓസ്പ്രേ. ആകാശത്തുവച്ചുതന്നെ ഇതില്‍ ഇന്ധനം നിറയ്ക്കാമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, ഇവ നിരന്തരം അപകടത്തില്‍പ്പെടുന്നുണ്ട്. ഏപ്രിലില്‍ മൊറോക്കോയില്‍ ഓസ്പ്രേ തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചിരുന്നു. ജൂണില്‍ അമേരിക്കയിലെ ഫ്ളോറിഡയിലും കഴിഞ്ഞ വ്യാഴാഴ്ച ഉത്തര കരോലിനയിലും ഓസ്പ്രേ അപകടത്തില്‍പ്പെട്ടു. റഷ്യയില്‍ നടന്ന അപെക് ഉച്ചകോടിക്കിടെ അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റണെ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹികോ നോഡ ആശങ്ക അറിയിച്ചതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

deshabhimani 100912

No comments:

Post a Comment