Monday, September 10, 2012

ഇരട്ടക്കൊലപാതകം; പി കെ ബഷീറിനെ ഒഴിവാക്കി കുറ്റപത്രം


കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ആറാം പ്രതിയായിരുന്ന പി കെ ബഷീര്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചാം പ്രതിയായ മുസ്ലീം ലീഗ് കൊടിയത്തൂര്‍ മണ്ഡലം സെക്രട്ടറി എം കെ അഷറഫിനെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പി കെ ബഷീറിന്റെയും എം കെ അഷ്റഫിന്റെയും പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഡിവൈഎസ്പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 800 പേജുള്ള കുറ്റപത്രത്തില്‍ 346 സാക്ഷികളെ വിസ്തരിച്ചതിന്റെ വിവരമുണ്ട്.

എഫ്ഐആര്‍ പ്രകാരം പ്രതികളായ ബഷീര്‍ എംഎല്‍എയെയും ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി എം കെ അഷ്റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ പങ്ക് തെളിയാന്‍ കൂടുതല്‍ അന്വേഷണവും ചോദ്യംചെയ്യലും ആവശ്യമാണെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പറയാന്‍ പൊലീസ് തയ്യാറല്ല. ബഷീറിനെ ഒരിക്കല്‍ ചോദ്യം ചെയ്തിരുന്നു. കൊലയ്ക്കുമുമ്പും ശേഷവും അറസ്റ്റിലായ പ്രതികളുമായി ബഷീര്‍ നടത്തിയ ഫോണ്‍ സംഭാഷണം പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി അറസ്റ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

മുസ്ലിംലീഗ് പ്രവര്‍ത്തകനായ അത്തീഖ് റഹ്മാന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഇരട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രം പറയുന്നു. ജൂണ്‍ പത്തിന് രാത്രി കുനിയില്‍ അങ്ങാടിയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് കൊളക്കാടന്‍ സഹോദരന്മാരായ ആസാദിനും അബൂബക്കറിനും വെട്ടേറ്റത്. ഇരുവരും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. കൊലപാതകത്തിന് വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് കുറ്റപത്രം വിശദീകരിക്കുന്നു. അറസ്റ്റിലായ മമ്പാട് വയലിലകത്ത് ഫിറോസ്ഖാന്‍ മാപ്പുസാക്ഷിയാകും. പ്രതികള്‍ക്ക് അഭയം നല്‍കിയ യാസിര്‍ ഒഴികെയുള്ളവരെല്ലാം കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കാളികളാണെന്ന് കുറ്റപത്രത്തിലുണ്ട്.

deshabhimani news

1 comment:

  1. കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ആറാം പ്രതിയായിരുന്ന പി കെ ബഷീര്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ചാം പ്രതിയായ മുസ്ലീം ലീഗ് കൊടിയത്തൂര്‍ മണ്ഡലം സെക്രട്ടറി എം കെ അഷറഫിനെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പി കെ ബഷീറിന്റെയും എം കെ അഷ്റഫിന്റെയും പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഡിവൈഎസ്പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 800 പേജുള്ള കുറ്റപത്രത്തില്‍ 346 സാക്ഷികളെ വിസ്തരിച്ചതിന്റെ വിവരമുണ്ട്.

    ReplyDelete