Wednesday, September 12, 2012

ബുദ്ധദേബിനെ കൈയേറ്റം ചെയ്യാന്‍ തൃണമൂല്‍ ശ്രമം


ഹൂഗ്ലി ജില്ലയിലെ അരംബാഗില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ യോഗം അലങ്കോലപ്പെടുത്താനും അദ്ദേഹത്തെ തടയാനും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. അരംബാഗ് രബീന്ദ്ര ഭവനില്‍ സിപിഐ എം യോഗത്തില്‍ പങ്കെടുക്കാന്‍ ബുദ്ധദേബ് എത്തിയപ്പോഴായിരുന്നു അതിക്രമം. ബുദ്ധദേവിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് തൃണമൂലുകാര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും പോലീസ് ഇടപെടുകയും ചെയ്തതിനാല്‍ അനിഷ്ട സംഭവം ഒന്നും ഉണ്ടായില്ല.

ബുദ്ധദേബ് അരംബാഗിലെത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പറഞ്ഞ് ജില്ലാ അധികൃതര്‍ ആദ്യം യോഗത്തിന് അനുമതി നിഷേധിച്ചു. വന്‍ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് അനുമതി നല്‍കി. തുടര്‍ന്ന് യോഗം പൊളിക്കാനും ആളുകള്‍ പങ്കെടുക്കുന്നത് തടയാനും തൃണമൂലുകാര്‍ ശ്രമിച്ചു. യോഗത്തില്‍ പങ്കെടുത്താല്‍ കുടുംബസഹിതം പ്രദേശം വിട്ടുപോകേണ്ടി വരുമെന്ന് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയും നേതാക്കളെ ഉപദ്രവിക്കുകയുംചെയ്തു. എന്നാല്‍, നൂറുകണക്കിന് ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഭരണകക്ഷിയുടെ നേതൃത്വത്തില്‍ നടമാടുന്ന അക്രമവും നിയമരഹിതമായ സ്ഥിതിവിശേഷവും അവസാനിപ്പിക്കാന്‍ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് ബുദ്ധദേബ് യോഗത്തില്‍ പറഞ്ഞു. 34 വര്‍ഷമായി ഇടതുമുന്നണി നടപ്പാക്കിയ ജനോപകാരപ്രദ നടപടികള്‍ ഒന്നൊന്നായി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമാണ് തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്നത്. കൊലയും കൊള്ളയും പിടിച്ചുപറിയും സ്ര്തീപീഡനവും നിത്യസംഭവമാണ്. ജനങ്ങള്‍ ഇപ്പോള്‍ അങ്ങേയറ്റം ദുഃഖിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്നും അധികകാലം അതിന് നിലനില്‍പ്പില്ലെന്നും ഭട്ടാചാര്യ പറഞ്ഞു. സിപിഐ എം ഹൂഗ്ലി ജില്ലാ സെക്രട്ടറി സുദര്‍ശന്‍ റായ് ചൗധരി അധ്യക്ഷനായി.
(ഗോപി)

deshabhimani 120912

1 comment:

  1. ഹൂഗ്ലി ജില്ലയിലെ അരംബാഗില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ യോഗം അലങ്കോലപ്പെടുത്താനും അദ്ദേഹത്തെ തടയാനും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. അരംബാഗ് രബീന്ദ്ര ഭവനില്‍ സിപിഐ എം യോഗത്തില്‍ പങ്കെടുക്കാന്‍ ബുദ്ധദേബ് എത്തിയപ്പോഴായിരുന്നു അതിക്രമം. ബുദ്ധദേവിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് തൃണമൂലുകാര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും പോലീസ് ഇടപെടുകയും ചെയ്തതിനാല്‍ അനിഷ്ട സംഭവം ഒന്നും ഉണ്ടായില്ല.

    ReplyDelete