ഗുജറാത്തിലെ നരോദപാട്ടിയയില്‍ 20 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം നൂറോളം പേരെ അരുംകൊല ചെയ്തവര്‍ ഒടുവില്‍ നിയമത്തിന് മുന്നിലെത്തിയിരിക്കുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും സംഘപരിവാറിനും ഏറെ പ്രിയപ്പെട്ട വനിതാനേതാവ് മായാബെന്‍ കൊദ്നാനിയും ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയും ഉള്‍പ്പെടെ 32 പ്രതികള്‍ക്കും ജീവപര്യന്തമാണ് ശിക്ഷ. തങ്ങള്‍ക്ക് ഏറെ വേണ്ടപ്പെട്ടവര്‍ തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ട ആശ്വാസം ആര്‍എസ്എസ് നേതൃത്വത്തിനുണ്ടെങ്കിലും കേസ് ഇനിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ എത്തുമെന്നതിനാല്‍ അവരുടെ ആശങ്ക അവസാനിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും പ്രധാന കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം ശിക്ഷിക്കപ്പെട്ടത് മുഖ്യമന്ത്രി മോഡിക്ക് കനത്തക്ഷീണമായി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള മോഡിയുടെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
അമ്പത്തൊമ്പതുകാരിയായ കൊദ്നാനി നരോദയില്‍ സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോക്ടറാണ്. വിഭജനകാലത്ത് പാകിസ്ഥാനില്‍നിന്ന് വന്ന സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകള്‍ ചെറുപ്പംമുതല്‍ സംഘപരിവാറുമായി ബന്ധപ്പെട്ടു. രാഷ്ട്രീയ സേവികാ സമിതിയംഗമായിരുന്ന കൊദ്നാനി 1995ല്‍ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സജീവമായി. 1998ല്‍ നരോദ എംഎല്‍എ തീപ്പൊരി പ്രസംഗക കൊദ്നാനി വളരെ പെട്ടെന്ന് മോഡിയുടെയും അദ്വാനിയുടെയുമൊക്കെ അരുമയായി. 2002ലെ ഗുജറാത്ത് വംശഹത്യയിലൂടെ കൊദ്നാനി സംഘപരിവാറിന്റെ വീരവനിതയായി. 2002 ഫെബ്രുവരി 28നാണ് കൊദ്നാനിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സായുധരായ അക്രമികള്‍ നരോദയില്‍ ന്യൂനപക്ഷങ്ങളെ അരുംകൊല ചെയ്തത്. ഒരു കൈയില്‍ തോക്കുമേന്തി അക്രമികള്‍ക്ക് ആയുധങ്ങള്‍ വിതരണംചെയ്ത് കൊദ്നാനി തന്നെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കി. 20 ദിവസം മാത്രം പ്രായമുള്ള ശിശുവിനെയടക്കം കൊന്നുതള്ളുകയായിരുന്നു. സ്ത്രീകളും വൃദ്ധജനങ്ങളുമെല്ലാം നിര്‍ദയം വധിക്കപ്പെട്ടു. കൂട്ടക്കൊലയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ സ്വന്തം കാറിലാണ് കൊദ്നാനി കൊണ്ടുവന്നതെന്ന് ദൃക്സാക്ഷി മൊഴി നല്‍കി.
കൊദ്നാനിയ്ക്കൊപ്പംനിന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബജ്രംഗ്ദളിന്റെ യുവനേതാവായി അറിയപ്പെട്ടിരുന്ന ബാബു ബജ്രംഗിയാണ്. വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയപ്പോള്‍ സ്വയം "റാണാപ്രതാപി"നെപ്പോലെ തോന്നിയെന്നാണ് ബജ്രംഗി 2007ല്‍ തെഹല്‍ക്കയോട് പറഞ്ഞത്. കൂട്ടക്കൊലയ്ക്ക് താന്‍ മുന്നില്‍നിന്ന് നേതൃത്വം നല്‍കി. വീട്ടിലെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ച് എല്ലാം വിശദീകരിച്ചു. പിന്നീട് സമാധാനത്തോടെ ഉറങ്ങി- ഇതാണ് ബജ്രംഗി തെഹല്‍ക്കയോട് പറഞ്ഞ വാക്കുകള്‍.
മറ്റ് കേസുകള്‍ പോലെ തന്നെ നരോദപാട്യ കേസും തേച്ചുമായ്ച്ചു കളയാനായിരുന്നു മോഡി സര്‍ക്കാരിന്റെ ശ്രമം. നേതാക്കളൊന്നും പ്രതിപട്ടികയില്‍ വന്നില്ല. സുപ്രീംകോടതി ഇടപെടലാണ് കേസിന് വഴിത്തിരിവായത്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒമ്പത് വംശഹത്യാക്കേസുകള്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) വിട്ടു.
(എം പ്രശാന്ത്)
deshabhimani 010912
No comments:
Post a Comment