Saturday, September 8, 2012

എമര്‍ജിങ് കേരള: നടക്കാവിലും ഭൂമി വില്‍പ്പനയ്ക്ക്


കോഴിക്കോട്: ഏരിയ വികസനത്തിന്റെ പേരില്‍ എമര്‍ജിങ് കേരള വഴി നടക്കാവില്‍ 1.7 ഏക്കര്‍ ഭൂമി വന്‍കിട കമ്പനികള്‍ക്ക് പതിച്ചുനല്‍കാന്‍ നീക്കം. നടക്കാവ് ജങ്ഷനില്‍ വാണിജ്യ സമുച്ചയം, പാര്‍ക്കിങ് പ്ലാസ, ഹോട്ടല്‍ കോംപ്ലക്സ്, ചേരി പുനരധിവാസം എന്നിവ നടപ്പാക്കുന്നതിന് സ്വകാര്യ നിക്ഷേപകര്‍ക്ക് ഭൂമി പതിച്ചുനല്‍കാനാണ് നീക്കം. രണ്ട് മാസത്തിനകം പദ്ധതിക്കായി കോര്‍പറേഷന്‍ ലേല നടപടികള്‍ ആരംഭിക്കുമെന്നാണ് വെബ്സൈറ്റിലുള്ളത്. 40 ചേരിനിവാസികള്‍ പാര്‍ക്കുന്ന നടക്കാവില്‍ അടിസ്ഥാന സൗകര്യത്തിന്റെയും പാര്‍ക്കിങ് സൗകര്യത്തിന്റെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുത്തകക്കമ്പനികള്‍ക്ക് നിക്ഷേപത്തിന് അവസരമൊരുക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ ചേരി നിവാസികളുടെ പുനരധിവാസത്തോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വാദം. 32 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനി പദ്ധതിക്കായി പ്രത്യേകം കമ്പനി രൂപീകരിക്കണം. പദ്ധതിയുടെ 51 ശതമാനം ഓഹരിയും കമ്പനിക്കായിരിക്കും. ബിഒടി വ്യവസ്ഥയിലാണ് ഭൂമി കൈമാറുക. എന്നാല്‍, എത്ര കാലത്തേക്കാണ് ഭൂമി കൈമാറുകയെന്ന് സൈറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

മോണോറെയില്‍, സരോവരം ബയോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക്, ഞെളിയന്‍ പറമ്പില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയ്ക്ക് എമര്‍ജിങ് കേരളയിലൂടെ ഭൂമി കൊള്ളക്ക് അവസരമൊരുക്കിയത് വിവാദമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലയില്‍നിന്ന് കൂടുതല്‍ പദ്ധതികള്‍ നിക്ഷേപ സംഗമത്തില്‍ ഉള്‍പ്പെട്ടത് പുറത്തുവരുന്നത്. കൗണ്‍സില്‍ അറിയാതെയാണ് കോര്‍പറേഷന്‍ പരിധിയിലെ പ്രധാന പദ്ധതികള്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയതെന്ന ആക്ഷേപം നേരത്തേയുണ്ട്. നടക്കാവിലെ പദ്ധതിയും കൗണ്‍സില്‍ അറിഞ്ഞിട്ടില്ല.

എരുമപ്പെട്ടിയിലെ ചെറുചക്കിച്ചോലയും വില്‍പ്പനയ്ക്ക്

എരുമപ്പെട്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എമര്‍ജിങ് കേരളയില്‍ എരുമപ്പെട്ടി പഞ്ചായത്തിലെ ചെറുചക്കിച്ചോലയും വില്‍പ്പനയ്ക്ക്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പദ്ധതിയിലാണ് "ചെറുച്ചക്കിച്ചോല"ഉള്‍പ്പെടുത്തിയത്. മങ്ങാട്-ചിറ്റണ്ട വനമേഖലയിലെ ചെറുചക്കിച്ചോല 12 മാസവും ജലസമൃദ്ധമാണ്. ചെറുചക്കിച്ചോലയെ ചെറുകിട ജലവൈദ്യുത പദ്ധതികളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി 91 മീറ്റര്‍ നീളവും 18 മീറ്റര്‍ ഉയരവുമുള്ള മിനി ഡാം നിര്‍മിക്കും. പ്രതിദിനം 700 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് പദ്ധതി നിര്‍ദേശം. രണ്ടു കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ചോലയിലെത്താന്‍. നിത്യേന നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നത്. പദ്ധതി മറവില്‍ സമീപത്തെ പാടശേഖരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കൈയടക്കുമെന്ന ആശങ്കയോടൊപ്പം ചെറുചക്കിച്ചോലതന്നെ ഇല്ലാതാകുമോ എന്ന ഭീതിയുമുണ്ട് നാട്ടുകാര്‍ക്ക്.

എമര്‍ജിങ് കേരള: കടലും തുറമുഖങ്ങളും വില്‍പ്പനയ്ക്ക്

എമര്‍ജിങ് കേരള സംഗമത്തില്‍ കേരളത്തിന്റെ കടല്‍ത്തീരവും തുറമുഖങ്ങളും തുറമുഖവകുപ്പ് വില്‍പ്പനയ്ക്ക് വച്ചു. തീരദേശ ഷിപ്പിങ്, വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ്ടെര്‍മിനല്‍, അഴീക്കോട് തുറമുഖവികസനം, ബേപ്പൂര്‍ തുറമുഖവികസനവും നടത്തിപ്പും, ആലപ്പുഴ മറീന, പാസഞ്ചര്‍ ടെര്‍മിനല്‍ തുടങ്ങി നിരവധി പദ്ധതികളാണ് എമര്‍ജിങ് കേരള സംഗമത്തില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിയത്. കൊല്ലം തുറമുഖനടത്തിപ്പും വികസനവും കൊടുങ്ങല്ലൂരില്‍ സ്ലിപ്വേ, ബോട്ട് അറ്റകുറ്റപ്പണികേന്ദ്രം, തീരദേശയാന ജെട്ടി, ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ക്കായി ഡ്രൈ-ഡോക്കിങ് യാര്‍ഡ്, രണ്ടു പാക്കേജുകളിലായി ജലകായികവിനോദ സൗകര്യങ്ങള്‍ ഒരുക്കുന്ന അഞ്ച് കേന്ദ്രങ്ങള്‍, കടലില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ, കാറ്റ്, വേലിയേറ്റ- വേലിയിറക്ക സംവിധാനങ്ങളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനം, ഹൈഡ്രോഫോയില്‍ യാനങ്ങളുടെ യാത്രാസര്‍വീസ്, തുറമുഖങ്ങളിലേക്കുള്ള ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍, ഉള്‍ക്കടലില്‍ വാണിജ്യകപ്പലുകള്‍ക്ക് കുടിവെള്ളം, ഇന്ധനം എന്നിവ എത്തിച്ചുനല്‍കല്‍. മീന്‍പിടിത്ത വലകള്‍, കണ്ടെയ്നറുകള്‍, നാവിക ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍, തലശേരി മറീന, ഓഷ്യനോറിയം എന്നിവയാണ് മറ്റു പ്രധാന പദ്ധതികളായി തുറമുഖവകുപ്പ് എമര്‍ജിങ് കേരളയിലേക്ക് കൊടുത്തിരിക്കുന്നത്.

എമര്‍ജിങ് കേരള ജനപക്ഷവികസനം നിരാകരിക്കുന്നു: തോമസ് ഐസക്

തൃശൂര്‍: ജനപക്ഷവികസന സങ്കല്‍പ്പത്തെ നിരാകരിക്കുന്നതാണ് "എമര്‍ജിങ് കേരള"യെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. കേരളം ലോകനിലവാരത്തിലായത് ജനപക്ഷ വികസനത്താലാണ്. വികസനത്തിന്റെയോ നിക്ഷേപത്തിന്റെയോ പേരില്‍ കേരളത്തിലെ നീതിയുടെ പൈതൃകം വിട്ടുകൊടുക്കാനാകില്ലെന്നും ഐസക് പറഞ്ഞു. ഗവ. ലോ കോളേജ് യൂണിയന്റെ ക്യാമ്പസ് ശാസ്ത്രസമിതി സംഘടിപ്പിച്ച "എമര്‍ജിങ് കേരള സത്യവും മിഥ്യയും" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനം എന്നത് മൂന്നു വിഷയങ്ങളുടെ സമ്മേളനമാണ്. സമ്പത്തിന്റെ സ്ഥായി വളര്‍ച്ച, നീതിപൂര്‍വക വിതരണം, പ്രകൃതി സംതുലിതാവസ്ഥ എന്നിവ ചേരുമ്പോഴാണ് ജനപക്ഷ വികസനം. ജനങ്ങളുടെ ജീവിതനിലവാരം ഉയരുക എന്നതാണ് പരമപ്രധാനം. അതിവേഗ റെയില്‍പോലുള്ളവയ്ക്കും ആവശ്യക്കാരുണ്ടാകാം. ടൈറ്റാനിയം മെറ്റല്‍ നിര്‍മാണം നടക്കണം. ടൂറിസം, ഐടി പദ്ധതികള്‍ വരികയും തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും വേണം. പക്ഷേ ഇതൊക്കെ നടപ്പാക്കുന്നത് എങ്ങനെ എന്നതാണ് പ്രശ്നം. ഇപ്പോഴുള്ള റെയില്‍ ലൈനിനടുത്തോ മുകളിലോ അതിവേഗ റെയില്‍ സ്ഥാപിച്ചാല്‍ കുടിയൊഴിപ്പിക്കുന്ന നടപടി ഒഴിവാക്കാം. കെഎസ്ആര്‍ടിസി കോംപ്ലക്സുകള്‍ക്ക് സ്വകാര്യ പങ്കാളിത്തം ആവശ്യമില്ല. ഇതിന് അങ്കമാലി മാതൃക സ്വീകരിക്കാം. ടൂറിസം പദ്ധതികള്‍ പ്രകൃതിയെ നശിപ്പിച്ചല്ല വേണ്ടത്. സ്വകാര്യ സംരംഭകര്‍ക്ക് അതിലാഭത്തിനുള്ള പദ്ധതികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ മാറ്റംവരണം. മാലിന്യസംസ്കരണത്തിന് ആശ്രയിക്കുന്നതും സ്വകാര്യ നിക്ഷേപകരെയാണ്. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സംസ്കരണം എന്ന സാമാന്യതത്വം നിരാകരിക്കപ്പെടുന്നു. യൂണിയന്‍ പ്രസിഡന്റ് ബിപിന്‍ വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മേഴ്സി തെക്കേക്കാരന്‍ സംസാരിച്ചു. ജോസ് ജോസഫ് സ്വാഗതവും സുഹൃത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 080912

1 comment:

  1. വികസനം എന്നത് മൂന്നു വിഷയങ്ങളുടെ സമ്മേളനമാണ്. സമ്പത്തിന്റെ സ്ഥായി വളര്‍ച്ച, നീതിപൂര്‍വക വിതരണം, പ്രകൃതി സംതുലിതാവസ്ഥ എന്നിവ ചേരുമ്പോഴാണ് ജനപക്ഷ വികസനം. ജനങ്ങളുടെ ജീവിതനിലവാരം ഉയരുക എന്നതാണ് പരമപ്രധാനം.

    ReplyDelete