Wednesday, September 5, 2012

സ്‌പെയിനില്‍ ജനങ്ങള്‍ പണം പിന്‍വലിച്ചു പലായനം ചെയ്യുന്നു


ഗ്രീസിനു പിന്നാലെ സാമ്പത്തികസ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സ്‌പെയിനില്‍ ജനങ്ങള്‍ ബാങ്കിലെ പണം പിന്‍വലിച്ചുകൊണ്ട് വിദേശങ്ങളിലേക്ക് പലായനം ചെയ്യുന്നു. ജനങ്ങളുടെയും പണത്തിന്റെയും കൂട്ടപലായനം യൂറോ മേഖലയുടെ ഭരണകര്‍ത്താക്കള്‍ക്ക് വന്‍തലവേദനയായിമാറിയിരിക്കുകയാണ്.

ജൂലൈ മാസത്തില്‍ മാത്രം 7500 കോടി യൂറോ (9400 കോടി ഡോളര്‍) ആണ് സ്‌പെയിന്‍കാര്‍ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത്. ഓഗസ്റ്റ് മാസത്തിലെ കണക്ക് ലഭ്യമായിട്ടില്ല. രാജ്യത്തിന്റെ മൊത്തം സാമ്പത്തികോല്‍പ്പന്നത്തിന്റെ ഏഴ് ശതമാനം വരുമിത്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഭാവിയിലുള്ള ആശങ്കതന്നെയാണ് പണം പിന്‍വലിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് പണം പിന്‍വലിക്കുന്ന പ്രവണത ശക്തിപ്പെട്ടത്. സ്‌പെയിനിലെ ബാങ്കിംഗ് സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിന് യൂറോപ്യന്‍ യൂണിയന്‍ 10,000 കോടി യൂറോ നല്‍കിയിട്ടും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ഇപ്പോഴും സഹായധനത്തിനായി ബാങ്കുകളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ആവശ്യമുയരുകയാണ്.
രാജ്യത്തെ തൊഴിലില്ലായ്മയാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണം. ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞവര്‍ഷം 30,000 സ്‌പെയിന്‍കാര്‍ ബ്രിട്ടനില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണിത്.

തൊഴില്‍രഹിതര്‍ മാത്രമല്ല, സാമാന്യം ഭേദപ്പെട്ട തൊഴിലുള്ളവര്‍പോലും അതുപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. ഇലിയൊ വില്‍ഡൊസൊള എന്ന സ്‌പെയിന്‍കാരന്‍ ഇതിനൊരുദാഹരണം മാത്രം. ബാഴ്‌സലോണയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യാന്തര കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായിരുന്നു അയാള്‍. ഭേദപ്പെട്ട ഒരു തുക ശമ്പളമായി ലഭിക്കുകയും ചെയ്തിരുന്നു. അതുപേക്ഷിച്ച് കുടുംബസമേതം ബ്രിട്ടനിലേക്ക് പോകുകയാണ് അയാള്‍ ചെയ്തത്. അലിടെ കേംബ്രിഡ്ജില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ചെറിയൊരു ഉദ്യോഗവും ലഭിച്ചു. സ്‌പെയിനില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന തോന്നലാണ് വില്‍ഡൊസൊള ബ്രിട്ടനിലേക്ക് പോകാന്‍ കാരണം. ബ്രിട്ടനിലേക്ക് കുടിയേറിയതിനൊപ്പം സ്പാനിഷ് ബാങ്കുകളിലുണ്ടായിരുന്ന സമ്പാദ്യവും ബ്രിട്ടനിലെ ബാങ്കുകളിലേക്കയാള്‍ മാറ്റി.

janayugom 050912

No comments:

Post a Comment