Wednesday, September 5, 2012

മിന്നാമ്പാറ കേസിലും ഹൈക്കോടതി ഉത്തരവിന് സ്റ്റേ


ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റ് വിട്ടുകൊടുക്കാന്‍ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സ്ഥലം വനഭൂമിയാണെങ്കില്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന പരാമര്‍ശവും സുപ്രീംകോടതി നടത്തി. നേരത്തെ നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്ന നിരീക്ഷണം നടത്തിയതിന് പിന്നാലെയാണ് മിന്നാമ്പാറ എസ്റ്റേറ്റിന്റെ കാര്യത്തിലും സുപ്രീംകോടതി സമാന പരാമര്‍ശം നടത്തിയത്.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മിന്നാമ്പാറയിലെ 200 ഏക്കര്‍ ഭൂമി വിതരണംചെയ്യാന്‍ മാര്‍ച്ച് 16 നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് സര്‍ക്കാര്‍ തുടക്കത്തില്‍ താല്‍പ്പര്യം കാട്ടിയില്ല. സാധാരണഗതിയില്‍ വിധി വന്ന് മൂന്നുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കേണ്ടതാണെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. നെല്ലിയാമ്പതിവിഷയം വിവാദമായതിനെത്തുടര്‍ന്ന്, വൈകിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആഗസ്ത് ആറിന് കേസ് ആദ്യമായി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴും സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനമായിരുന്നു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് കാട്ടി കേസ് മൂന്നാഴ്ചത്തേക്ക് നീട്ടി. ഹര്‍ജി സ്വീകരിക്കണോ വേണ്ടയോ എന്ന് പരിഗണിക്കുന്ന ഘട്ടത്തില്‍ തികച്ചും അനാവശ്യമായി സര്‍ക്കാര്‍ സമയം നീട്ടുകയായിരുന്നു.

ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. തങ്ങള്‍ ഒരു രേഖകൂടി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി അറിയിച്ചു. കേസില്‍ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും രേഖകള്‍ കോടതി വിശദമായി പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് ഭഭൂമി വനഭൂമിതന്നെയാണ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കപ്പെടേണ്ടതാണെന്നും വി ഗിരി പറഞ്ഞു. സര്‍ക്കാര്‍വാദങ്ങള്‍ പരിഗണിച്ച കോടതി ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവദിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. കാരപ്പാറക്കേസില്‍, കര്‍ഷകരെന്ന പേരില്‍ ഭൂമിയില്‍ അവകാശമുന്നയിക്കുന്നവര്‍ക്ക് കൈവശാവകാശ രേഖ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഭൂമിയില്‍ അവകാശമുന്നയിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടെടുത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെയും ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ കേസിലാണ് എസ്റ്റേറ്റ് ഭൂമി വനഭൂമിയാണെന്ന ശ്രദ്ധേയ പരാമര്‍ശം സുപ്രീംകോടതി നടത്തിയത്.
(എം പ്രശാന്ത്)

deshabhimani 040912

No comments:

Post a Comment