Saturday, September 8, 2012

ചന്ദ്രശേഖരന്‍ വധം: അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ്


ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തങ്ങള്‍ക്കു ലഭിച്ച വാര്‍ത്തകള്‍ ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണം ചെയ്തതെന്ന് ഏഷ്യാനെറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ സിപിഐ എം ആണെന്ന് വാര്‍ത്ത നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെയും വാര്‍ത്താ സ്രോതസ്സുകളെയും ബന്ധപ്പെട്ടാണ് വാര്‍ത്തയുടെ ആധികാരികത ഉറപ്പുവരുത്തിയത്. കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ ഗോപകുമാറിന്റെ വിശദീകരണ സത്യവാങ്മൂലം. ഇന്ത്യാവിഷന്‍ നേരത്തെ കേസില്‍ വിശദീകരണം നല്‍കിയിരുന്നു.

വിശദീകരണം നല്‍കാന്‍ മറ്റു മാധ്യമങ്ങള്‍ സാവകാശം തേടിയതിന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷെഫീക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമേ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാറുള്ളൂവെന്ന് ഏഷ്യാനെറ്റ് പറഞ്ഞു. എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും അടങ്ങുന്ന സംഘമാണ് ആധികാരികത ഉറപ്പുവരുത്തുന്നത്. ഇതിന് വാര്‍ത്താസ്രോതസ്സുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടും. ചന്ദ്രശേഖരന്‍ വധക്കേസിലെ വാര്‍ത്തകള്‍ കോടതി നടപടികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളുടെയും അടിസ്ഥാനത്തിലാണ്. വാര്‍ത്തകള്‍ വളച്ചൊടിച്ചിട്ടില്ല. വാര്‍ത്തകള്‍ നല്‍കുന്നത് വിവിധ സ്രോതസ്സുകളില്‍നിന്നു ലഭിക്കുന്ന ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സ്രോതസ്സ് വെളിപ്പെടുത്താന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും ഏഷ്യാനെറ്റ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസന്വേഷണം പൂര്‍ത്തിയാക്കി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളും പൊലീസും വെളിപ്പെടുത്തരുതെന്ന് സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ ലംഘനമാണ് മാധ്യമങ്ങളുടെ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഐ എം കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ടി പി രാമകൃഷ്ണനുവേണ്ടി അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ ഹാജരായി.

deshabhimani 080912

No comments:

Post a Comment