"എമര്‍ജിങ് കേരള" എന്ന പേരില്‍ നിക്ഷേപകരെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിക്കുന്നത് മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട വിവിധ വ്യവസായിക യൂണിറ്റുകള്‍ അടച്ചുപൂട്ടിക്കൊണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികളും സര്‍ക്കാരിന് നേടാനാകാത്തപ്പോഴാണ് എമര്‍ജിങ് കേരളയ്ക്കായി കോടികള്‍ പാഴാക്കുന്നത്.
മധ്യകേരളത്തിന് ഏറെ മുതല്‍ക്കൂട്ടാകുമായിരുന്ന ചേര്‍ത്തല റെയില്‍വേ കമ്പോണന്റ് ഫാക്ടറി നേടിയെടുക്കാനാകാത്തതാണ് ഇതില്‍ പ്രധാനം. ഓട്ടോകാസ്റ്റ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് (സില്‍ക്ക്), റെയില്‍വേ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായി കരാറും ഓഹരി പങ്കാളിത്ത കരാറും ഒപ്പിട്ടിരുന്നു. ഈ സംരംഭം ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ റൈറ്റ് എന്ന റെയില്‍വേയുടെ പഠന ഏജന്‍സിയെക്കൊണ്ടുതന്നെ വിരുദ്ധ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിച്ചാണ് അന്ന് കേന്ദ്ര റെയില്‍മന്ത്രിയായിരുന്ന മമതാ ബാനര്‍ജി ഫാക്ടറി അട്ടിമറിച്ചത്. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലും യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല.
കഞ്ചിക്കോട് പൊതുമേഖലയില്‍ സ്ഥാപിക്കാനിരുന്ന വാഗണ്‍ ഫാക്ടറി ഒടുവില്‍ സ്വകാര്യമേഖലയിലാണ് ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അതും എല്‍ഡിഎഫ് കാലത്ത് ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ചിലൊന്ന് സ്ഥാപിത ശേഷിയോടെയും. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ കാര്യത്തിലും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. 2010 ഡിസംബറില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട കണ്ണൂര്‍ വിമാനത്താവള പദ്ധതിയും ഇപ്പോള്‍ അവതാളത്തിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയും അനിശ്ചിതത്വത്തിലാണ്. "കെല്‍" കമ്പനിയില്‍നിന്ന് റെയില്‍വേയ്ക്കുള്ള സാമഗ്രികള്‍ വിതരണംചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെങ്കിലും ഈ സര്‍ക്കാരില്‍നിന്ന് തുടര്‍ച്ചയുണ്ടായില്ല. ഫാക്ടിനായി കണ്‍വന്‍ഷന്‍ സെന്റര്‍, യൂറിയ പ്ലാന്റ് എന്നിവയ്ക്കായുള്ള നിര്‍ദേശവും സമര്‍പ്പിച്ചു. ഇതൊന്നും തുടര്‍ന്ന് ഉന്നയിക്കാന്‍പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്വകാര്യമേഖലയിലെ മികച്ച കമ്പനിയായ "ഇന്‍ഡാല്‍കോ"യെക്കൊണ്ട് 200 കോടി രൂപയുടെ വികസനപദ്ധതി പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കരാറും ഒപ്പിട്ടു. എന്നാല്‍ കരാര്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ടിസിസി വികസിപ്പിക്കാനുള്ള പ്രാഥമിക കരാറും ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതും മറന്നമട്ടാണ്.
ഫലത്തില്‍ പൊതു-സ്വകാര്യ മേഖലയിലെ വ്യവസായങ്ങളെ അവഗണിക്കുന്ന സര്‍ക്കാരും വകുപ്പുമന്ത്രിയും റിയല്‍ എസ്റ്റേറ്റ് ലോബികളെ സഹായിക്കുന്ന നടപടി മാത്രമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. സംസ്ഥാനത്തെ വ്യവസായങ്ങള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നത് അവഗണിച്ചും നിശ്ചലമായ സ്ഥാപനങ്ങള്‍ തുറക്കാതെയും കൊട്ടിഘോഷിച്ച് നടത്തുന്ന എമര്‍ജിങ് കേരള യുഡിഎഫ് സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ് മാത്രമാണെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.
(ഷഫീഖ് അമരാവതി)
കമീഷന്‍ ഒഴുകിയെത്തി; വ്യവസായങ്ങള്‍ കൂപ്പുകുത്തി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ മുടക്കി ആരംഭിച്ചതും നവീകരിച്ചതുമായ നിരവധി സ്ഥാപനങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍വാശിയും പിടിപ്പുകേടുംമൂലം നിശ്ചലമായത്. പിണറായി ട്രാക്കോ കേബിള്‍, ഉദുമ ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, പിണറായി ടെക്സ്റ്റയില്‍ കോര്‍പറേഷന്‍, കോഴിക്കോട് സിഡ്കോ ടൂള്‍ കം ട്രെയ്നിങ് സെന്റര്‍, കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയ്നിങ് സെന്റര്‍, 32 കോടി രൂപ മുടക്കി നവീകരിച്ച കോമളപുരം സ്പിന്നിങ് മില്‍, 42 കോടി രൂപ മുടക്കി സ്ഥാപിച്ച ആലപ്പുഴ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ ബീറ്റാ ലാക്ടം ഫാക്ടറി, 13 കോടി രൂപ മുടക്കി സഹകരണമേഖലയില്‍ തുടക്കംകുറിച്ച ആലപ്പുഴയിലെ ഹോംകോ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം അടച്ചുപൂട്ടിയത്. തറക്കല്ലിടീല്‍ നടന്ന തൃശൂര്‍ സീതാറാം ടെക്സ്റ്റയില്‍സ് നവീകരണവും ഉപേക്ഷിച്ചു.
ഉല്‍പ്പാദനം ആരംഭിക്കാത്തതുമൂലം പല സ്ഥാപനങ്ങളും ഭീമമായ കടബാധ്യതയിലേക്കാണ് നീങ്ങുന്നത്. ഇതിനുപുറമെ യന്ത്രങ്ങള്‍ തുരുമ്പെടുത്തും നശിക്കുന്നു. ചില സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമന നടപടികള്‍വരെ പൂര്‍ത്തിയാക്കിയത് റദ്ദാക്കുകയായിരുന്നു. ഒന്നര വര്‍ഷം പിന്നിട്ടിട്ടും പുതിയ നിയമനത്തിനും തയ്യാറായില്ല. സര്‍ക്കാരിന്റെ തന്നെ വിവിധ വകുപ്പുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ചതോടെ നിലവിലുള്ള പല പൊതുമേഖലാസ്ഥാപനങ്ങളും അന്ത്യശ്വാസംവലിക്കുന്ന നിലയിലായി. കൊല്ലം മീറ്റര്‍ ഫാക്ടറിയുമായി വൈദ്യുതി ബോര്‍ഡിനുണ്ടായിരുന്ന കരാര്‍ റദ്ദാക്കിയതോടെ ഫാക്ടറി അടച്ചുപൂട്ടലിന്റെ വക്കിലാണ്. കെല്ലിന്റെ ട്രാന്‍സ്ഫോര്‍മറും ട്രാക്കോ കേബിളിന്റെ കേബിളും വാങ്ങുന്ന പതിവും വൈദ്യുതിബോര്‍ഡ് നിര്‍ത്തലാക്കി. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍നിന്നുള്ള മരുന്നുവാങ്ങല്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ത്തിയതോടെ ഈ സ്ഥാപനത്തിന്റെയും രണ്ടാംഘട്ട വികസനം ഇല്ലാതായി. കോടികള്‍ മുടക്കിയുള്ള ബീറ്റാ ലാക്ടം പ്ലാന്റും നിശ്ചലമായി. പൊതുമേഖലയെ തകര്‍ത്തുള്ള ഇത്തരം നടപടികളിലൂടെ കോടികളുടെ കമീഷനാണ് ചിലരുടെ കൈകളിലേക്ക് ഒഴുകിയെത്തിയത്.
സര്‍ക്കാര്‍ വിമുഖം; പൈപ്പ്ഗ്യാസ് പദ്ധതി കടലാസില്‍ത്തന്നെ
എല്‍പിജി ടാങ്കര്‍, സിലിന്‍ഡര്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകടഭീഷണി തീരെയില്ലാതെ വീടുകളില്‍ പ്രകൃതി വാതകം (എല്‍എന്‍ജി) എത്തിക്കുന്ന പൈപ്പ്ഡ് ഗ്യാസ് പദ്ധതി ഇപ്പോഴും കടലാസില്‍. എമര്‍ജിങ് കേരള പോലുള്ള മാമാങ്കത്തിന് ഒരുങ്ങുമ്പോഴും എല്‍പിജിയുടെ പകുതിവിലയ്ക്ക് സുരക്ഷിതമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. വാതകദുരന്തങ്ങള്‍ക്ക് അറുതിവരുത്താന്‍ പൈപ്പ്ഡ് ഗ്യാസ് പദ്ധതിക്ക് കഴിയുമെന്നതാണ് പ്രധാന സവിശേഷത. കുറഞ്ഞ മര്‍ദത്തില്‍ പൈപ്പുകളിലൂടെ വീടുകളിലെത്തിക്കുന്ന എല്‍എന്‍ജി, എല്‍പിജി പോലെ അന്തരീക്ഷത്തില്‍ പടര്‍ന്ന് തീപ്പിടിത്തമുണ്ടാക്കില്ല. വായുവിനെക്കാള്‍ സാന്ദ്രതകുറഞ്ഞ എല്‍എന്‍ജി ചോര്‍ന്നാല്‍ പെട്ടെന്ന് ബാഷ്പീകരിച്ചുപോകുന്നതാണ് കാരണം. സിലിന്‍ഡര്‍പോലുള്ളവയില്‍ ശേഖരിക്കാത്തതും അപകടസാധ്യത കുറയ്ക്കുന്നു. എല്‍പിജി സിലിന്‍ഡറുകള്‍ക്കു നല്‍കുന്നതിന്റെ പകുതി വില നല്‍കിയാല്‍മതി. സിലിന്‍ഡറിനുവേണ്ടിയുള്ള കാത്തിരിപ്പും ആവശ്യമില്ല. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി വയനാട് ഒഴികെ വടക്കന്‍ ജില്ലകളിലും തിരുവനന്തപുരം വരെ തെക്കന്‍ ജില്ലകളിലും വേഗത്തില്‍ വ്യാപിപ്പിക്കാനാകും. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കമീഷനിങ്ങിനൊരുങ്ങുന്ന ഘട്ടത്തിലും പൈപ്പ് ഗ്യാസ് പദ്ധതിയില്‍ പുരോഗതിയൊന്നുമില്ല.
വ്യവസായശാലകള്‍ക്ക് എല്‍എന്‍ജി എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട പൈപ്പ് ലൈന്‍ സ്ഥാപിച്ചു. പുതുവൈപ്പില്‍നിന്ന് ഫാക്ട് ഉദ്യോഗമണ്ഡലിലേക്കുപോകുന്ന 16 കിലോമീറ്ററുള്ള 30 ഇഞ്ച് പൈപ്പ്ലൈനിലെ പരിശോധന പൂര്‍ത്തിയാക്കി എല്‍എന്‍ജിയുടെ അഭാവത്തില്‍ നൈട്രജന്‍ നിറച്ചിരിക്കയാണ്. ഉദ്യോഗമണ്ഡലില്‍നിന്ന് അമ്പലമുകള്‍ വ്യവസായമേഖലയിലേക്കുപോകുന്ന 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 18 ഇഞ്ച് പൈപ്പ്ലൈനില്‍ അടുത്തയാഴ്ചയോടെ നൈട്രജന്‍ നിറയ്ക്കും. ഈ വര്‍ഷം കമീഷനിങ് നടന്നാല്‍ ജില്ലയിലെ ഏഴ് വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ പൈപ്പുകളിലൂടെ എല്‍എന്‍ജി എത്തിക്കാനാകും. ഇതേ പൈപ്പ്ലൈനുകളില്‍നിന്ന് ജില്ലയിലെ മുഴുവന്‍ വീടുകള്‍ക്കും പാചകവാതകം എത്തിക്കാനുള്ള പദ്ധതിയും ഗെയില്‍ തയ്യാറാക്കിയിരുന്നു. വാഹനങ്ങളില്‍ നിറയ്ക്കാനുള്ള കംപ്രസ്ഡ് ഗ്യാസ് (സിഎന്‍ജി) പദ്ധതിയും ഇതോടൊപ്പം നടപ്പാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ട് പദ്ധതികളിലൂടെയുള്ള ഗ്യാസ് വിതരണത്തിന് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ (പിഎന്‍ജിആര്‍ബി) അനുമതി നേടിയെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
(എം എസ് അശോകന്‍)
deshabhimani 010912
"എമര്‍ജിങ് കേരള" എന്ന പേരില്‍ നിക്ഷേപകരെ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിക്കുന്നത് മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട വിവിധ വ്യവസായിക യൂണിറ്റുകള്‍ അടച്ചുപൂട്ടിക്കൊണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികളും സര്‍ക്കാരിന് നേടാനാകാത്തപ്പോഴാണ് എമര്‍ജിങ് കേരളയ്ക്കായി കോടികള്‍ പാഴാക്കുന്നത്.
ReplyDelete