Friday, May 31, 2013

സാമ്പത്തിക വളര്‍ച്ച പത്തുവര്‍ഷത്തെ താഴ്ന്ന നിലയില്‍

2012-13 ലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന അവലോകന പാദത്തിലെ കണക്ക് പുറത്തുവന്നതോടെയാണ് ആകെ നിരക്ക് അഞ്ച് ശതമാനമായത്. ഈ പാദത്തില്‍ 4.8 ശതമാനമായാണ് വളര്‍ച്ചാനിരക്ക് കുറഞ്ഞത്. പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കാര്‍ഷിക മേഖലയില്‍ 1.4ഉം നിര്‍മ്മാണ മേഖല 2.6 ഉം ശതമാനം വളര്‍ച്ചാ നിരക്ക് നേടി. കുറഞ്ഞ വളര്‍ച്ചാനിരക്കിന്റെ കണക്ക് വന്നതോടെ ഓഹരി വിപണിയും ഇടിഞ്ഞു. സെന്‍സെക്സില്‍ 230 പോയിന്റും നിഫ്റ്റി 75 പോയിന്റും ഇടിഞ്ഞു. രൂപയും കനത്ത തകര്‍ച്ചയിലാണ്. ഡോളറുമായുള്ള രൂപയുടെ വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക് 56.58 രൂപയായി. 20 പൈസയുടെ കുറവാണിത്

deshabhimani

സ്ത്രൈണതയെ ആഘോഷിച്ച ചലച്ചിത്രകാരന്‍

ഋതുപര്‍ണ ഘോഷിന്റെ തികച്ചും അപ്രതീക്ഷിതമായ വേര്‍പാട് ഉച്ചശ്രുതിയില്‍ നില്‍ക്കുന്ന രാഗാലാപനം പെട്ടെന്നു നിലച്ചുപോയ അനുഭവമാണ് അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലുണ്ടാക്കിയിരിക്കുക. 1994 മുതല്‍ 2012 വരെ മാത്രം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സിനിമാസപര്യ സമൃദ്ധമായിരുന്നു. സ്ത്രൈണതയുടെ വിവിധ മാനങ്ങളില്‍നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ അന്വേഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. സ്വന്തം ലിംഗമാറ്റത്തെ തന്നെ അതിന്റെ എല്ലാവിധ ഹര്‍ഷസംഘര്‍ഷങ്ങളോടെയും സിനിമയുടെ വിഷയമാക്കാനുള്ള ആര്‍ജവം കാണിച്ച അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാളായിരുന്നു ഘോഷ്.

ബംഗാളി സിനിമ ഒരര്‍ഥത്തില്‍ ഒരു വഴിത്തിരിവിലോ ദശാസന്ധിയിലോ എത്തിപ്പെട്ടിരുന്ന 1990കളുടെ അവസാനത്തിലാണ് ഘോഷ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. സത്യജിത് റായ്, ഋത്വിക്ക് ഘട്ടക്, മൃണാള്‍സെന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കുശേഷം വന്ന ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് തുടങ്ങിയവരുടെ തലമുറയുടെ കാലം അപ്പോഴേക്കും കഴിഞ്ഞുതുടങ്ങിയിരുന്നു. നവതരംഗത്തിന്റെതായ ഉണര്‍വുകളുടെ കാലഘട്ടം കഴിയുകയും ടെലിവിഷന്‍ ദൃശ്യമാധ്യമരംഗത്തെയാകെ കൈയടക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. അതുവരെയുണ്ടായിരുന്നതും വിലമതിക്കപ്പെട്ടിരുന്നതും ഉപരിവര്‍ഗത്തിന്റെയും ഇടത്തരക്കാരുടെയും അംഗീകാരം നേടിയിരുന്നതുമായ പ്രമേയഭൂമികകളും പരിചരണരീതികളും അപ്രസക്തമാകുകയും പൊതുവെ വ്യത്യസ്തവും കലാപരവും ആയ സിനിമകള്‍ക്ക് പ്രചാരവും പരിഗണനയും കുറഞ്ഞുതുടങ്ങിയതുമായ കാലമായിരുന്നു അത്. ഘോഷ് തനിക്കുമുമ്പേ നിലനിന്ന രണ്ടു ധാരകളെയും ഒരുരീതിയില്‍ സമന്വയിപ്പിക്കയാണ് ചെയ്തത്. ഒരു വശത്ത് തന്റെ ക്ലാസിക് പാരമ്പര്യത്തിന്റെ സ്വാധീനങ്ങളും താല്‍പ്പര്യങ്ങളും ടാഗോര്‍, സത്യജിത് റായ് തുടങ്ങിയവരുടെ തുടര്‍ച്ച എന്ന നിലയില്‍ തന്റെ സിനിമകളില്‍ അദ്ദേഹം നിലനിര്‍ത്തി. എന്നാല്‍, അതിനോടൊപ്പം വ്യക്തിസവിശേഷവും എന്നാല്‍, രൂപപരവും ലാവണ്യപരവുമായ തലങ്ങളില്‍ ആഗോളീയമായി സമകാലികവും ആയ ഒരു ശൈലിയും അദ്ദേഹം വികസിപ്പിച്ചെടുത്തു. റായിയെ പോലെ പരസ്യലോകത്തുനിന്ന് സിനിമയിലേക്കു വന്ന ഒരാളാണ് ഘോഷും. അതുകൊണ്ടുതന്നെ ഓരോ ദൃശ്യത്തിന്റെയും ദീപസംവിധാനത്തിലും സ്ഥലവിന്യാസത്തിലും ഒപ്പം ആഖ്യാനത്തിലുള്ള ഹ്രസ്വതയിലും അദ്ദേഹത്തിന് പ്രത്യേക കൈയടക്കം തുടക്കം മുതല്‍ തന്നെ കാണാം.

ഉനിഷേ ഏപ്രില്‍ (1994) തൊട്ട് ചിത്രാംഗദ (2012) വരെയുള്ള ചിത്രങ്ങളിലെല്ലാംതന്നെ സ്ത്രീരൂപങ്ങളാണ് ആഖ്യാനകേന്ദ്രത്തിലുള്ളത്. വിഭജിക്കപ്പെട്ട ഒരു കുടുംബത്തിലോ അതില്‍നിന്ന് പലകാരണങ്ങള്‍കൊണ്ടും പുറത്തായവരോ പുറത്തുവന്നവരോ ആയിരിക്കും ഘോഷിന്റെ നായികമാര്‍. അവര്‍ ജീവിതത്തെ അതിന്റെ എല്ലാവിധ ഏറ്റിറക്കങ്ങളോടെയും സുഖദുഃഖങ്ങളോടെയും സ്വീകരിക്കുന്നു. പലപ്പോഴും അവര്‍ ജീവിതത്തില്‍ ഒരു വലിയ ദുരന്തത്തിലൂടെയെങ്കിലും കടന്നുപോയിട്ടുമുണ്ടാകും. സ്ത്രീകളുടെ ലോകത്തിന്റെ ആവിഷ്കര്‍ത്താവായതിനാല്‍ത്തന്നെ വീടകങ്ങളുടെ ചിത്രീകരണത്തില്‍ സവിശേഷമായ മികവ് ഘോഷ് പുലര്‍ത്തുന്നതുകാണാം. കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകള്‍ക്കനുസരിച്ച് വീടകങ്ങളുടെ (പ്രത്യേകിച്ചും ഒന്നിലധികം നിലകളും നീണ്ട ബാല്‍ക്കണിയും ഇടനാഴികളും ഉള്ള ബംഗാളിഗൃഹങ്ങള്‍) വിവിധ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും ഉള്ള പ്രകാശവ്യതിയാനങ്ങളും പ്രതലഭേദങ്ങളും ജനലുകളും കോണിപ്പടികളും വാതിലുകളും അലങ്കാരകട്ടിലുകളും മറ്റു സാധനസാമഗ്രികളും എല്ലാം ഉപയോഗിക്കാനുള്ള പ്രാഗല്‍ഭ്യം സത്യജിത് റായ്ക്കു ശേഷം ആരും പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീപുരുഷബന്ധങ്ങളില്‍ അന്തര്‍ഹിതമായിരിക്കുന്ന അധികാരപ്രയോഗങ്ങളുടെ സൂക്ഷ്മതലങ്ങളെ ഘോഷ് ചിത്രങ്ങള്‍ നിരന്തരം ഇഴപിരിച്ചു പരിശോധിച്ചുകൊണ്ടിരുന്നു, വ്യക്തമായും എക്കാലത്തും അദ്ദേഹത്തിന്റെ ചായ്വ് സ്ത്രീപക്ഷത്തോടുതന്നെയായിരുന്നു. ഇത്ര ഗാഢവും വൈകാരികവുമായ രീതിയില്‍ സ്ത്രീപുരുഷാവസ്ഥകളെ അനുഭവിച്ചറിഞ്ഞ മറ്റൊരു ചലച്ചിത്രകാരനുണ്ടാകാനിടയില്ല. ഒരുപക്ഷേ വ്യക്തിപരമായ തലത്തിലും കലാകാരന്‍ എന്ന നിലയിലും അദ്ദേഹത്തെ അനന്യനാക്കുന്നത് തന്റെ ചലച്ചിത്രസപര്യയിലൂടെ ക്രമേണ സ്ത്രൈണതയിലേക്ക് സഞ്ചരിച്ച ഒരാള്‍ എന്നതായിരിക്കും.
(സി എസ് വെങ്കിടേശ്വരന്‍)

deshabhimani

മാവോയിസ്റ്റ് പ്രശ്നത്തെ രാഷ്ട്രീയമായും ആശയപരമായും നേരിടണം: സിപിഐ എം

മാവോയിസ്റ്റ് പ്രശ്നം ക്രമസമാധാനവിഷയമായി മാത്രം കണ്ട് പരിഹരിക്കാനാകില്ലെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. ജനാധിപത്യശക്തികള്‍ ഒന്നിച്ചുനിന്ന് രാഷ്ട്രീയമായും ആശയപരമായും പ്രശ്നത്തെ നേരിടണമെന്ന് സിപിഐ എം ആഹ്വാനം ചെയ്തു. പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗമാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. തോക്കിലും ആക്രമണത്തിലും ഊന്നുന്ന മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ ഭരണനടപടി വേണം. എന്നാല്‍, അതിന്റെപേരില്‍ സാധാരണ ജനങ്ങളെ ഇരകളാക്കരുത്. സുരക്ഷാസേനയും മാവോയിസ്റ്റുകളും നടത്തുന്ന ആക്രമണത്തിന് നിരന്തരം ഇരകളാകുന്നവരാണ് സാധാരണ ജനങ്ങള്‍. മാവോയിസ്റ്റുകള്‍ ഇടതുപക്ഷസാഹസികതയിലേക്ക് കൂപ്പുകുത്തിയത് ജനാധിപത്യപ്രസ്ഥാനങ്ങളെ തകര്‍ത്തെന്ന് മാത്രമല്ല വലതുപക്ഷശക്തികളെ സഹായിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ മാത്രം 210 സിപിഐ എം പ്രവര്‍ത്തകരെ വധിച്ച മാവോയിസ്റ്റുകള്‍ തൃണമൂല്‍കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു- സിപിഐ എം പറഞ്ഞു.

deshabhimani

സ്കൂള്‍ ഉച്ചഭക്ഷണവും മുടങ്ങും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞവര്‍ഷം വികലമാക്കിയ പദ്ധതിയുടെ അപാകത പരിഹരിക്കാനോ കൂടുതല്‍ ഫണ്ട് അനുവദിക്കാനോ പുതിയ വിദ്യാലയവര്‍ഷം തുടങ്ങുമ്പോഴും നടപടിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് രണ്ടുമാസം മുമ്പ് ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചെങ്കിലും തുടര്‍നടപടികളില്ല. ഇതോടെ സ്കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ലഭിക്കില്ലെന്ന് ഉറപ്പായി.

പദ്ധതി നിര്‍വഹണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം അനുവദിക്കുന്ന അരി വിതരണംചെയ്യുന്ന ഏജന്‍സി മാത്രമായി മാറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പോഷകാഹാര പദ്ധതിയുടെ ഭാഗമായി നല്‍കിയ പാല്‍, മുട്ട, പഴം എന്നിവയുടെ വിതരണവും യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഫണ്ട് നിരവധി വിദ്യാലയങ്ങള്‍ക്ക് ഇനിയും കിട്ടിയിട്ടില്ല. സമയത്തിന് ഫണ്ട് കിട്ടാത്തതിനാല്‍ സാധനവിലയും പാചകക്കൂലിയും കടം വാങ്ങിയാണ് അധ്യാപകര്‍ നല്‍കിയത്. എറണാകുളം ജില്ലയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണംനല്‍കിയ വകയില്‍ നവംബര്‍ മുതല്‍ കിട്ടാനുള്ളത് 1.62 ലക്ഷം രൂപ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന്റെ നാട്ടിലെ 31 സ്കൂളുകള്‍ക്ക് 15 ലക്ഷംരൂപ കിട്ടാനുണ്ട്.

1987ല്‍ നായനാര്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുകയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പോഷകാഹാരപദ്ധതിയായി വിപുലപ്പെടുത്തുകയും ചെയ്ത ഉച്ചഭക്ഷണ പദ്ധതി 20 ലക്ഷത്തോളം കുട്ടികള്‍ക്ക് ആശ്വാസമായതാണ്. പ്രഭാതഭക്ഷണം തുടങ്ങി പാലും മുട്ടയും നേന്ത്രപ്പഴവുമെല്ലാമായി വികസിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ പദ്ധതിയായി ഇത് മാറിയിരുന്നു. എന്നാല്‍ യുഡിഎഫ് പദ്ധതി പരിമിതപ്പെടുത്തിയതോടെ ഇതിന്റെ ഗുണഭോക്താക്കള്‍ രണ്ടുലക്ഷമായി കുറഞ്ഞു. മാവേലി സ്റ്റോറില്‍നിന്ന് സുഗമമായികിട്ടിയ പയറും പലവ്യഞ്ജനവും മില്‍മയില്‍നിന്ന് സര്‍ക്കാര്‍ നിരക്കില്‍ കിട്ടിയ പാലും നിര്‍ത്തി. പകരം അരി മാത്രം കിട്ടി. പച്ചക്കറിയും പലവ്യഞ്ജനവുമെല്ലാം പുറമെനിന്നു വാങ്ങേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണംകൊണ്ടാണ് ചോറും ഒരു കറിയെങ്കിലുമായി പദ്ധതി ഒരു വിധം മുന്നോട്ടു നീങ്ങിയത്. 100 കുട്ടികള്‍വരെയുള്ള സ്കൂളില്‍ ആറ് രൂപവീതവും അതിനു മുകളിലുള്ളവര്‍ക്ക് 5 രൂപ വീതവും നല്‍കേണ്ട തുകയും സമയത്തിനു നല്‍കിയില്ല. കറിവയ്ക്കാനുള്ള സാധനങ്ങളും പാചകക്കൂലിയുമടക്കം ഈ സംഖ്യയില്‍നിന്നാണ് നല്‍കേണ്ടത്. പദ്ധതിക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഇല്ലാതാക്കി. ഈ അവസ്ഥയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. എല്‍ഡിഎഫ് ഭരണകാലത്തുണ്ടായിരുന്നതുപോലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉത്തരവാദിത്തം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani

എ കെ ജി സെന്ററിനുമുന്നില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം

നിയമവിരുദ്ധനടപടികള്‍ തടയല്‍ നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയുടെ മറവില്‍ തലസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടുകാരുടെ അഴിഞ്ഞാട്ടം. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുമുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗതാഗതനിയന്ത്രണം പൂര്‍ണമായും പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വിട്ടുകൊടുത്ത് പൊലീസ് കൈകെട്ടിനിന്നു. ഓഫീസുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുറത്തിറങ്ങിയ ആയിരങ്ങള്‍ വാഹനംകിട്ടാതെ വലഞ്ഞു.

വ്യാഴാഴ്ച പകല്‍ രണ്ടോടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ എ കെ ജി സെന്ററിനുമുന്നില്‍ സംഘടിച്ചത്. സിപിഐ എമ്മിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെടാതെ മാറിനിന്നു. വൈകാതെ എ കെ ജി സെന്റര്‍ ഉപരോധിച്ച നിലയിലായി. ഓഫീസില്‍നിന്ന് ആളുകള്‍ക്കോ വാഹനങ്ങള്‍ക്കോ പുറത്തേയ്ക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ചരിത്രത്തില്‍ ആദ്യമായാണ് എ കെ ജി സെന്ററിനുമുന്നില്‍ ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒത്തുചേരാന്‍ പൊലീസ് അവസരമൊരുക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ഈ പ്രദേശമാകെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൈയടക്കി. ആദ്യമെത്തിയ സംഘം പ്രകടനം തീരാറായിട്ടും എ കെ ജി സെന്ററിനുമുന്നില്‍നിന്ന് പോകാന്‍ തയ്യാറായില്ലെന്നതുതന്നെ സംഘര്‍ഷശ്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നു. സംഘര്‍ഷാവസ്ഥ ഉന്നത ഭരണാധികാരികളെവരെ അറിയിച്ചിട്ടും എതാനും പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്.

നാലര കഴിഞ്ഞിട്ടും എ കെ ജി സെന്ററിലേക്ക് പ്രവേശനകവാടത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാന്‍ പ്രകടനക്കാര്‍ സമ്മതിച്ചില്ല. നഗരത്തിലെ ഏറ്റവും സുപ്രധാനമായ എം ജി റോഡിലേക്കുള്ള എല്ലാ വഴികളും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അടച്ചു. ഓഫീസ് സമയം കഴിഞ്ഞതോടെ ആയിരങ്ങള്‍ വലഞ്ഞു. പ്രകടനം മുറിച്ചുകടക്കാന്‍ സമ്മതിച്ചില്ല. ഇവരെ സഹായിക്കാന്‍ പൊലീസും തയ്യാറായില്ല. ആശാന്‍ സ്ക്വയറില്‍നിന്ന് റാലി ആരംഭിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

സിപിഐ എമ്മിനെ വിരട്ടാന്‍ എസ്ഡിപിഐ നോക്കേണ്ട: പിണറായി

പാലക്കാട്: കൈയിലെ പണത്തിന്റേയും ആയുധത്തിന്റേയും ബലത്തില്‍ സിപിഐ എമ്മിനെ വിരട്ടാന്‍ എസ്ഡിപിഐ നോക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിനെ വെല്ലുവിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിനുമുന്നില്‍ പ്രകടനം നടത്തിയത് പ്രതിഷേധാര്‍ഹമാണ്. സിപിഐ എം കരിമ്പുഴ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന എസ്ഡിപിഐക്ക് നാടിന്റേയോ സ്വന്തം സമുദായത്തിന്റേയോ പിന്തുണയില്ല. സമുദായത്തെ ഒറ്റപ്പെടുത്താനേ ഇവരുടെ പ്രവര്‍ത്തനം സഹായിക്കൂ. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇവര്‍ക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 310513

ഗതികെട്ട് ചെന്നിത്തല

ഉപമുഖ്യമന്ത്രിപദമില്ല

ഉപമുഖ്യമന്ത്രിപദവും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും യുഡിഎഫ് അജന്‍ഡയിലില്ലെന്ന് മുസ്ലിംലീഗ്. രണ്ടു കാര്യങ്ങളും ചര്‍ച്ചാവിഷയമേയല്ലെന്നും ഇല്ലാത്ത കാര്യം ഉണ്ടെന്നു പറഞ്ഞ് സാങ്കല്‍പ്പികചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സെക്രട്ടറിയറ്റ് യോഗത്തിനുശേഷം നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം ഇപ്പോള്‍ പരിഗണനയിലില്ലെങ്കിലും ചര്‍ച്ചയ്ക്കുവന്നാല്‍ ലീഗ് അവകാശവാദം ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

അതേസമയം, പുതിയ മന്ത്രിസ്ഥാനത്തേക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ ബി ഗണേശ്കുമാര്‍ എന്നിവരില്‍ ഒരാളെമാത്രമേ പരിഗണിക്കാനാകൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പറഞ്ഞു. മറ്റാരെങ്കിലും ഒഴിഞ്ഞാല്‍മാത്രമേ രണ്ടുപേരെയും മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയൂവെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ചചെയ്തില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. ഇതുവരെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതേക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല.

ഭരണഘടനപ്രകാരം ഉപമുഖ്യമന്ത്രിപദം നിലവിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിലാണ് വിവാദമുണ്ടായതെന്നാണ് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. ഉപമുഖ്യമന്ത്രിപദമുണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഉപമുഖ്യമന്ത്രിസ്ഥാനം വേണമോ വേണ്ടയോ എന്നകാര്യം യുഡിഎഫില്‍ ചര്‍ച്ചയ്ക്കുവന്നില്ല. കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമോ ചര്‍ച്ചയോ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുവന്നാല്‍ അത് ആര്‍ക്കു നല്‍കണമെന്ന കാര്യവും ചര്‍ച്ചചെയ്യണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് തടയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിനെ രംഗത്തിറക്കിയിരിക്കുകയാണെന്ന ആരോപണം ശരിയല്ല. ആര് പ്രേരിപ്പിച്ചാലും വഴങ്ങുന്നവരല്ല ഞങ്ങള്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും അകന്നുനില്‍ക്കാന്‍ ലീഗിന് ആഗ്രഹമില്ലെന്നും ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും പറഞ്ഞു.

ഗതികെട്ട് ചെന്നിത്തല

മുസ്ലിംലീഗിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദവിയും ത്രിശങ്കുവിലായി. ഉപമുഖ്യമന്ത്രിപദത്തെ ചൊല്ലി യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കവും നടന്നു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ വാദം കുഞ്ഞാലിക്കുട്ടി തള്ളി. ഉഭയകക്ഷിചര്‍ച്ച നടത്തിയശേഷം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെമാത്രമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെതുടര്‍ന്നാണ് രംഗം ശാന്തമായത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കും. ഘടകകക്ഷികളുമായി ധാരണയുണ്ടാക്കിയതിനുശേഷം ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങും. മന്ത്രിസഭാ പുനഃസംഘടന അതുവരെ അനിശ്ചിതത്വത്തില്‍ തുടരുമെന്ന് ഉറപ്പായി.

ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ ലീഗ് ഒഴികെയുള്ള കക്ഷികള്‍ എതിര്‍ത്തില്ല. കൂടുതല്‍ ഗൗരവമായ ചര്‍ച്ച വേണമെന്ന് എം പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല യോഗത്തില്‍ സന്നിഹിതനായിരുന്നെങ്കിലും അഭിപ്രായം പറഞ്ഞില്ല. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ കഴിഞ്ഞ ദിവസം അനുകൂലിച്ച കെ എം മാണിയും മിണ്ടിയില്ല. 1982ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവുക്കാദര്‍കുട്ടി നഹ ഉപമുഖ്യമന്ത്രിയായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗ് ഇടപെട്ടത്. എന്നാല്‍, മുസ്ലിംലീഗിന്റേത് മൂന്നാം ലോക്സഭാ സീറ്റിനുവേണ്ടിയുള്ള സമ്മര്‍ദതന്ത്രമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാസര്‍കോട് ലോക്സഭാ സീറ്റിലാണ് ലീഗിന്റെ കണ്ണ്. അഞ്ചാംമന്ത്രിപദത്തെ ചൊല്ലി തങ്ങളെ കൊത്തിവലിച്ചതിന് പകരംവീട്ടുകയെന്നതും ലീഗിന്റെ മനസ്സിലുണ്ട്. ഹൈക്കമാന്‍ഡ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് പച്ചക്കൊടി കാണിച്ചാല്‍ ലീഗ് പിന്‍വാങ്ങും. പകരമായി കാസര്‍കോട് ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പുവാങ്ങുകയും ചെയ്യാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

മുസ്ലിംലീഗിനെ ഇളക്കിവിട്ട് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നിഷേധിക്കുകയെന്ന മുഖ്യമന്ത്രിയുടെ ഗൂഢനീക്കവും ഐ ഗ്രൂപ്പ് മനസ്സിലാക്കിയിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്മേലുള്ള അവകാശവാദത്തില്‍നിന്ന് ഐ ഗ്രൂപ്പ് ഏറെക്കുറെ പിന്‍വാങ്ങി. ഉപമുഖ്യമന്ത്രിസ്ഥാനമെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് അവരുടെ ഇപ്പോഴത്തെ മനസ്സിലിരിപ്പ്. അതേസമയം, ചെന്നിത്തലയ്ക്ക് മറ്റേതെങ്കിലും വകുപ്പ് നല്‍കി ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡില്‍ ഇടപെട്ട് ധാരണയാക്കിയെന്നാണ് വിവരം. ആരോഗ്യം, ടൂറിസം വകുപ്പുകള്‍ ചെന്നിത്തലയ്ക്ക് നല്‍കും. വി എസ് ശിവകുമാറിന് ഗതാഗതവകുപ്പ് നല്‍കും. എ പി അനില്‍കുമാറിന് ടൂറിസത്തിനുപകരമായി ചലച്ചിത്രവികസനവും സ്പോര്‍ട്സും നല്‍കിയേക്കും. ജൂണ്‍ പത്തിനുമുമ്പ് പുതിയ മന്ത്രി സത്യപ്രതിജ്ഞചെയ്യുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെന്നിത്തല ഒഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റുപദവിയെ ചൊല്ലിയും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. ഗണേശിനെ വീണ്ടും മന്ത്രിയാക്കണമെന്ന പിള്ളയുടെ കത്തുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും, മന്ത്രിയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നാണ് വിലയിരുത്തല്‍.

deshabhimani 31

പൊലീസ് അടിമത്തത്തിന്റെ അറപ്പുളവാക്കുന്ന മുഖം

യുവജന- വിദ്യാര്‍ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി നാടുകടത്താനുള്ള യുഡിഎഫ്- പൊലീസ് നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും കണ്ണൂര്‍ മേഖലാ ഐജി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം ആരംഭിക്കുകയാണ്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷ്, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും പിജി വിദ്യാര്‍ഥിയുമായ എം ഷാജര്‍, മേലൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സി മനീഷ് എന്നിവര്‍ക്കാണ് നാടുകടത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മേഖലാ ഐജി നോട്ടീസ് നല്‍കിയത്. കോഴിക്കോട് ജില്ലയിലും സമാനമായ അവസ്ഥ നിലനില്‍ക്കുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുന്നതിനുള്ള റിപ്പോര്‍ട്ട് ഐജി ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും വാര്‍ത്ത വന്നിട്ടുണ്ട്.

മാഫിയ- ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് കൊണ്ടുവന്നതാണ് "ഗുണ്ടാനിയമം" എന്ന് വിളിക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം. അതിനെ രാഷ്ട്രീയപ്രതിയോഗികളെ കടന്നാക്രമിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ദുരുപയോഗംചെയ്യുകയാണ്. രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പും മുന്‍കരുതലും ഈ നിയമത്തിന്റെ നിര്‍മാണവേളയില്‍ ഉണ്ടായതും ഇന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അതിനോട് യോജിപ്പ് പ്രകടിപ്പിച്ചതുമാണ്. അതെല്ലാം മറന്ന്, നഗ്നമായി അധികാരം ദുര്‍വിനിയോഗിച്ച് ഗുണ്ടാനിയമമെടുത്ത് പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുനേരെ ചുഴറ്റാന്‍ പൊലീസിനെ കയറൂരിവിട്ടിരിക്കയാണിപ്പോള്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഷാജറിനെ കേസുകളില്‍ കുടുക്കിയത്. വരാനിരിക്കുന്ന ദേശീയ ഗെയിംസില്‍ അഴിമതി നടത്താനായി ഭരണപക്ഷത്തെ ഒരു ജനപ്രതിനിധിയുടെ താല്‍പ്പര്യപ്രകാരം ഒ കെ വിനീഷിനെ, കണ്ണൂരില്‍നിന്ന് മാറ്റിനിര്‍ത്താനാണ് പൊലീസ് വഴിവിട്ട നീക്കങ്ങളില്‍ ഏര്‍പ്പെടുന്നത്.

മറുഭാഗത്ത് യൂത്ത് ലീഗിന്റെയും ഭരണകക്ഷി അനുഭാവമുള്ള ഇതര സംഘടനകളുടെയും പ്രവര്‍ത്തകരെ കേസുകളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കം തകൃതിയായി നടക്കുന്നു. അവര്‍ക്ക് ഗുണ്ടാലിസ്റ്റുമില്ല; കേസുമില്ല; നാടുകടത്തലുമില്ല. ഉള്ള കേസുകള്‍ പിന്‍വലിക്കുകയുമാണ്. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരോട് ഭീകരവാദികളോടും തീവ്രവാദികളോടുമെന്നപോലെ പൊലീസ് പെരുമാറുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്താണ് നാടുകടത്തല്‍ ഉണ്ടായിരുന്നത്. അന്ന് ഔപചാരികമായി കേസും വിചാരണയും വിധിപ്രസ്താവവുമൊക്കെ പൂര്‍ത്തിയാക്കിയാണ് ഈ ശിക്ഷ നടപ്പാക്കിയതെങ്കില്‍, ഇന്ന് അത്തരത്തിലൊന്നും ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത്. നാട്ടില്‍ വേണ്ടെന്ന് തങ്ങള്‍ക്ക് തോന്നുന്ന ആരെയും കള്ളക്കേസില്‍പ്പെടുത്തി നാടുകടത്താമെന്നായിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മണല്‍മാഫിയയെയും ഗുണ്ടാമാഫിയയെയും നിയന്ത്രിക്കുന്നത് ഭരണകക്ഷിയിലെ ഉന്നതരാണ്. മണല്‍മാഫിയക്കുവേണ്ടി പൊലീസ്സ്റ്റേഷന്‍ കൈയേറിയ മാന്യനാണ് ജില്ലയിലെ ഏറ്റവും പ്രബലനായ കോണ്‍ഗ്രസ് നേതാവ്. അത്തരക്കാര്‍ക്കുമുന്നില്‍ നട്ടെല്ലുവളച്ച് നിത്യവും ഓച്ഛാനിക്കുന്ന കാക്കിവേഷക്കാരാണ്, നിയമത്തെയും ജനാധിപത്യത്തെയും കാറ്റില്‍പ്പറത്തി ഈ തെറ്റായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ക്രിമിനല്‍സ്വഭാവം സ്ഥിരമായി കാണിക്കുന്നവരെ വിചാരണയൊന്നും കൂടാതെ കരുതല്‍തടങ്കലില്‍ വയ്ക്കുന്നതിനും അതത് ജില്ലയില്‍നിന്ന് നാടുകടത്തുന്നതിനും നിയമത്തില്‍ പൊലീസിന് അധികാരം നല്‍കുന്നുണ്ട്. അത് പക്ഷഭേദമില്ലാതെ പ്രയോഗിക്കപ്പെട്ടാല്‍, കണ്ണൂര്‍ ജില്ലയില്‍നിന്ന് ആദ്യം പുറത്തുപോകേണ്ടിവരിക, കോണ്‍ഗ്രസിന്റെ അവിടത്തെ പരമോന്നത നേതാവായ "ജനപ്രതിനിധി" ആയിരിക്കുമെന്ന് മനസ്സിലാക്കാന്‍ ദിവ്യത്വമൊന്നും വേണ്ടാ. ആ നേതാവിന്റെ ക്രിമിനല്‍പ്രവൃത്തികളുടെ സമാഹാരംതന്നെ പഴയ അനുയായി പുറത്തുവിട്ടിട്ടും, ഒരു രാഷ്ട്രീയപ്രതിയോഗിയെ വധിക്കാന്‍ ആയുധവും പണവും നല്‍കി ആളെ വിട്ട മഹാനാണ് അതെന്ന് സംശയരഹിതമായി തിരിച്ചറിയപ്പെട്ടിട്ടും നേരെ ചൊവ്വേ അന്വേഷണം നടത്താനുള്ള ചങ്കൂറ്റം പൊലീസിനില്ല. ക്രിമിനല്‍ നേതാവിന് രക്ഷാവലയം തീര്‍ക്കുന്ന വിശ്വസ്ത വളര്‍ത്തുമൃഗങ്ങളുടെ വേഷത്തിലാണിന്നവര്‍. ഭരണകക്ഷി നേതൃത്വത്തിന്റെ അടുക്കളപ്പുറത്ത് നട്ടെല്ല് കാണിക്കവച്ച കാക്കിയിട്ട അടിമകളുടെ കോപ്രായമാണ് ഗുണ്ടാനിയമത്തിന്റെ പേരില്‍ അരങ്ങേറുന്നത്.

വിലക്കയറ്റത്തിനും ഫീസ് വര്‍ധനയ്ക്കും ജനാധിപത്യധ്വംസനങ്ങള്‍ക്കും എതിരായി ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുന്നവരെ വിചാരണയും വിധിയുമില്ലാതെ ഗുണ്ടാനിയമം അനുസരിച്ച് ശിക്ഷിക്കാനാണ് ഭാവമെങ്കില്‍, അതിന് തയ്യാറാകുന്ന പൊലീസ് മേധാവികള്‍ക്ക് വിവരവും വിവേകവുമില്ല എന്നുതന്നെ പറയേണ്ടിവരും. ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ അമിതാധികാര- സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങള്‍ ലജ്ജാശൂന്യമായി ഏറ്റെടുക്കുന്നവര്‍ പൊലീസിന്റെ മുഖം അറപ്പുളവാക്കുംവിധം വികൃതമാക്കുകയാണ്. ഭീകരതയുടെ മുദ്രചാര്‍ത്തി പാവപ്പെട്ട ന്യൂനപക്ഷ യുവാക്കളെ വിവിധ ജയിലുകളില്‍ തടവില്‍വയ്ക്കുന്ന ഫാസിസ്റ്റ് രീതിയുടെ മറ്റൊരു മുഖമാണിത്. ജനങ്ങളുടെ മൗലികാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഹനിക്കുന്ന ഈ പ്രവണത തടയപ്പെട്ടേ തീരൂ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഈ നിയമവിരുദ്ധപ്രയോഗമെങ്കില്‍, നാളെ സംസ്ഥാനത്താകെ അത് നടപ്പാക്കാന്‍ മടിക്കുന്നവരല്ല യുഡിഎഫ്. അതുകൊണ്ടുതന്നെ, കണ്ണൂരില്‍ ആരംഭിക്കുന്ന പ്രക്ഷോഭം കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു

deshabhimani editorial 310513

Thursday, May 30, 2013

ഉപമുഖ്യമന്ത്രിസ്ഥാനം; തീരുമാനമായില്ല

ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയുമായി ധാരണയിലെത്തിയിട്ടില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച നടന്ന യുഡിഎഫ് നേതൃയോഗം കാര്യമായ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപമുഖ്യമന്ത്രി പദവി ഉണ്ടെങ്കില്‍ അത് ലീഗിനുതന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ യുഡിഎഫ് യോഗത്തിനുശേഷം ചേര്‍ന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യവിവാദം വേണ്ടെന്നും തീരുമാനിച്ചു. ഉപമുഖ്യമന്ത്രി പദവി എന്നൊരു പ്രശ്നം ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതേപ്പറ്റി ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗത്തിനുശേഷം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവാദങ്ങള്‍ക്ക് വിടപറയാന്‍ സമയമായെന്നാണ് ലീഗിന്റെ അഭിപ്രായം. വിവാദങ്ങള്‍ മൂലം സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.

യുഡിഎഫ് പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ ശക്തമായി പ്രതികരിച്ചെന്നാണ് വിവരം. ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും എല്ലാ ഘടകകക്ഷികള്‍ക്കും വ്യക്തിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഗണേശ് കുമാറിന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെച്ചുമതലപ്പെടുത്തി. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. ഗണേശിനെ മന്ത്രിയാക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഷിബു ബേബിജോണ്‍, കെ എം മാണി തുടങ്ങിയവര്‍ ഗണേശനെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്. ഇതോടെ ഉപമുഖ്യമന്ത്രി പദമടക്കമുള്ള പ്രശ്നങ്ങളില്‍ അന്തിമ തീരുമാനം നീളും. മുസ്ലിംലീഗിന്റെ എതിര്‍പ്പും ഹൈക്കമാന്‍ഡിന്റെ തണുപ്പന്‍ നിലപാടുംമൂലം ചെന്നിത്തല ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ലീഗ് നേതാക്കള്‍ ബുധനാഴ്ച പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി മലക്കംമറിഞ്ഞു.

ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ത്തന്നെ പരിഹരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റുസ്ഥാനം എത്രയുംവേഗം ഒഴിയണമെന്ന് ചെന്നിത്തലയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്. വേണമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം. എന്നാല്‍, ഏതു വകുപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനത്തിന് ചെന്നിത്തല അവകാശവാദം ഉന്നയിച്ചത്. അത് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും എ ഗ്രൂപ്പും വ്യക്തമാക്കി. ഒത്തുതീര്‍പ്പു നിര്‍ദേശമെന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂവും മറ്റൊരു വകുപ്പുമെന്ന നിര്‍ദേശം ചൊവ്വാഴ്ച രാത്രി ചെന്നിത്തല അംഗീകരിച്ചതാണ്.

എന്നാല്‍, മുസ്ലിംലീഗ് എതിര്‍പ്പുമായി രംഗത്തുവന്നതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരം വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് വീണ്ടും പിടിമുറുക്കിയതായാണ് വിവരം. ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഈ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് വിവരം. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ സി ജോസഫിനു നല്‍കും. കെ സി ജോസഫ് ബുധനാഴ്ച രാവിലെ രമേശ് ചെന്നിത്തലയെ കണ്ടു. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാട് ചെന്നിത്തല ജോസഫിനോട് ആവര്‍ത്തിച്ചതായാണ് സൂചന.

deshabhimani

ഋതുപര്‍ണ്ണ ഘോഷ് അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49)അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.

1994ല്‍ ഇറങ്ങിയ ഹിരേര്‍ ആംഗ്തിയാണ് ആദ്യ ചിത്രം. ടാഗോറിന്റെ ചിത്രാംഗദയെ ആധാരമാക്കി അതേ പേരില്‍ 2012ല്‍ ചെയ്തതാണ് അവസാന ചിത്രം.മൂന്നാം ലിംഗ ജീവിതത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച ഈ ചിത്രം കഴിഞ്ഞ ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ നേടി. ടി വി ഷോകളിലും സജീവമായിരുന്നു. സ്വന്തം മൂന്നാം ലിംഗ പദവി തുറന്നുപറഞ്ഞിരുന്ന ഘോഷ് ഈ വിഭാഗത്തിൽ പെട്ടവരുടെഅവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. എട്ടുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കഴിവുറ്റ നടനുമായിരുന്നു ഘോഷ്. പുതിയ ചിത്രമായ സത്യാന്വേഷി
യുടെ അവസാനവട്ട ഒരുക്കങ്ങൾക്കിടെയായിരുന്നു അന്ത്യം.

ആകെ 19 ചിത്രങ്ങൾ സവിധാനം ചെയ്ത ഘോഷിന്റെ ദഹാൻ, ഉത്സാബ്, ചോഖേർ ബാലി, റെയിൻ കോട്ട്, ദോസർ, ഡി ലാസ്റ്റ് ലിയർ, ഷോബ് ചരിത്രോ കാല്പനിൿ, അബോഹോമാൻ എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി.

deshabhimani

കുര്യന് അനുകൂലമായി ധര്‍മരാജന്റെ മലക്കം മറിച്ചില്‍

സൂര്യനെല്ലി കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ധര്‍മരാജന്‍ പി ജെ കുര്യന് അനുകൂലമായി മലക്കം മറിഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തില്‍ കുര്യനെതിരായ പരാമര്‍ശങ്ങള്‍ മദ്യലഹരിയില്‍ നടത്തിയതായിരുന്നുവെന്നും ദേശീയനേതാവായ കുര്യനെ ഉള്‍പ്പെടുത്തുന്നത് കേസില്‍ തനിക്ക് പ്രയോജനകരമാവുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം സ്വീകരിച്ചുള്ളതായിരുന്നെന്നും ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. കുര്യനെയും കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ നായര്‍, ജമാല്‍ എന്നിവരെയും താനാണ് സ്വന്തം കാറില്‍ കുമളി റസ്റ്റ് ഹൗസില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിച്ചതെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. നിര്‍ണായകമായ ഇതിന്റെ അടിസ്ഥാനത്തില്‍ കുര്യനടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി ആദ്യം പീരുമേട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി ഈ ആവശ്യം നിരാകരിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച തൊടുപുഴ സെഷന്‍സ് കോടതി കുര്യനടക്കമുള്ളവര്‍ക്ക് നേരിട്ട് ഹാജരായോ അഭിഭാഷകര്‍ മുഖേനയോ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുര്യനൊഴികെയുള്ളവര്‍ കോടതിമുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. കുര്യനുവേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി സത്യവാങ്മൂലം പിന്നീട് ഹാജരാക്കാമെന്നറിയിച്ചു. കുര്യന്‍ ഒഴികെയുള്ളവരുടെ സത്യവാങ്മൂലങ്ങള്‍ ഫയലില്‍ സ്വീകരിച്ച സെഷന്‍സ് കോടതി ജഡ്ജി എബ്രഹാം മാത്യു കേസ് ജൂണ്‍ 22ലേക്ക് മാറ്റി.

ആവശ്യത്തിന് വരുമാനമില്ലാത്തതിനാല്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ കഴിയാതിരുന്ന സന്ദര്‍ഭത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നതെന്നും താന്‍ അപ്പോള്‍ മദ്യലഹരിയിലായിരുന്നെന്നും സത്യവാങ്മൂലത്തില്‍ ധര്‍മരാജന്‍ പറഞ്ഞു. സംഭവസമയത്ത് സ്വന്തമായി കാറില്ലായിരുന്നു-ധര്‍മരാജന്‍ വ്യക്തമാക്കി. വാദിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഭദ്രകുമാരി, അഡ്വ. എ ജെ വിത്സണ്‍ എന്നിവര്‍ വിശദമായ സത്യവാങ്മൂലം കോടതി മുമ്പാകെ പിന്നീട് ഹാജരാക്കാമെന്നറിയിച്ചു. അതേസമയം കേസില്‍ കക്ഷി ചേരാന്‍ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയോട് വാദിഭാഗം കടുത്ത വിയോജിപ്പറിയിച്ചു. ഇത് കേസ് വഴിതെറ്റിക്കാനുദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കി. വിയോജിപ്പ് ഫയല്‍ ചെയ്യാന്‍ സമയം വേണമെന്നുമുള്ള പെണ്‍കുട്ടിയുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് കെ ടി തോമസ്, ജസ്റ്റിസ് സിറിയക് ജോസഫ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, കടാശ്വാസകമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ആര്‍ ഉദയഭാനു, കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍, റിട്ട. ഡിജിപി വി ആര്‍ രാജീവന്‍ എന്നിവര്‍ക്ക് കേസില്‍ വിവിധരൂപത്തില്‍ പങ്കെുണ്ടെന്ന ആരോപണമാണ് ഹര്‍ജിയില്‍ നന്ദകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയിലും ജൂണ്‍ 22ന് കോടതി വാദം കേള്‍ക്കും.

deshabhimani

തലസ്ഥാനത്ത് മോണോ റെയിലിനും ഇടപ്പള്ളിയില്‍ മേല്‍പ്പാലത്തിനും ഭരണാനുമതി

തിരുവനന്തപുരത്തെ മോണോ റെയില്‍ പദ്ധതിക്കും ഇടപ്പള്ളി മേല്‍പ്പാലത്തിനും ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടെക്നോസിറ്റി മുതല്‍ കരമന വരെ 22.20 കിലോമീറ്ററിലാണ് മോണോ റെയില്‍ നടപ്പാക്കുന്നത്. മൊത്തം 3590 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപ്പള്ളി മേല്‍പ്പാലത്തിന് 135 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 95 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായിരിക്കും. ബാക്കി തുക മെട്രോ റെയില്‍ വഹിക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് നിര്‍മാണ ചുമതല നല്‍കാനും തീരുമാനിച്ചു.

അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി അഗളി, കോട്ടാത്തറ ആശുപത്രികളില്‍ 75 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം ഇരുപതിനായിരം രൂപ അധികം നല്‍കും. മറ്റു ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം വര്‍ധന അനുവദിച്ചു. ആശ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കും. ആശുപത്രികളിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് 25 ലക്ഷം രൂപ വീതം നല്‍കും കോട്ടാത്തറ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്ത ബാങ്ക്, ഡി-അഡിക്ഷന്‍ സെന്റര്‍, ന്യൂട്രിഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ആരംഭിക്കും. അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ അത്യാഹിതവിഭാഗം, വിഷംതീണ്ടല്‍ വിരുദ്ധ ചികിത്സാവിഭാഗം തീവ്രപരിചരണവിഭാഗം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം എന്നിവ തുടങ്ങും.

deshabhimani

മാതൃഭൂമി പരമ്പരക്കെതിരെ അധ്യാപകര്‍ ഒപ്പ് ശേഖരിച്ചു പൊതു വിദ്യാലയങ്ങളെ അപഹസിക്കുന്നതിനെതിരെ പ്രതിഷേധം

പൊതു വിദ്യാലയങ്ങളെയും അധ്യാപകരെയും അപഹസിച്ച് മാതൃഭൂമി ആരംഭിച്ച "പൊതു വിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക്" എന്ന ലേഖന പരമ്പരക്കെതിരെ പ്രതിഷേധം വ്യാപകം.

അണ്‍ എയ്ഡഡ് സ്കൂളുകളുടെ വക്കാലത്തുമായി പൊതു വിദ്യാലയങ്ങളെക്കുറിച്ചും അധ്യാപക സമൂഹത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ലേഖന പരമ്പര ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഉന്നത ബിരുദധാരികളായ അധ്യാപകര്‍ക്ക് നാമമാത്ര വേതനം നല്‍കി അണ്‍എയ്ഡഡ് സ്കൂളുകള്‍ നടത്തുന്ന ചൂഷണത്തിനെതിരെ കേരളത്തിലുടനീളം പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് അണ്‍എയ്ഡഡ് സ്കൂളുകളെ വെള്ളപൂശാന്‍ മാതൃഭൂമി ലേഖന പരമ്പര. സംസ്ഥാനത്ത് രണ്ടോ മൂന്നോ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം എഴുതി കേരളത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളുടെയും അവസ്ഥ ഇതാണെന്ന് ചിത്രീകരിക്കുകയാണ് ലേഖന പരമ്പരയില്‍.

എസ്എസ്എല്‍സി മൂല്യ നിര്‍ണയത്തിന് പോയ ഇംഗ്ലീഷ് അധ്യാപകരില്‍ ഇംഗ്ലീഷ് എന്ന വാക്ക് എഴുതാന്‍ അറിയാത്തവരുണ്ടെന്നും അമ്പത് ശതമാനം അധ്യാപകര്‍ക്കും ഇംഗ്ലീഷ് തെറ്റ് കൂടാതെ എഴുതാന്‍ അറിയില്ലെന്നുമാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ തകര്‍ത്ത് അണ്‍എയ്ഡഡ് മേഖലയെ സംരക്ഷിക്കാനുള്ള മാതൃഭൂമിയുടെ ശ്രമം പൊതുവിദ്യാഭ്യാസം കേരളത്തിന് നല്‍കിയ മേന്മകളെ പാടെ വിസ്മരിക്കുന്നതാണെന്ന് വടകരയില്‍ ചേര്‍ന്ന അധ്യാപക കൂട്ടായ്മ അഭിപ്രായപ്പെട്ടു. ലേഖന പരമ്പരക്കെതിരെ ഇരുനൂറോളം അധ്യപകര്‍ ഒപ്പിട്ട പരാതി മാതൃഭൂമി ഓഫീസില്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. അധ്യാപക കൂട്ടായ്മയില്‍ ഒ കെ മോഹനന്‍ അധ്യക്ഷനായി. എം കെ പ്രേമചന്ദ്രന്‍, എം വിജയന്‍, അസീസ്, സുധീഷ് വള്ളില്‍, ഒ കെ വാസു, സുജിത് എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ സ്വാഗതം പറഞ്ഞു.

deshabhimani

അട്ടപ്പാടി: പോഷകവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കണം

അട്ടപ്പാടിയില്‍ പോഷകവൈകല്ല്യമുള്ളവരെ പുനരധിവസിപ്പിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. കൂടുതല്‍ ശിശുക്കള്‍ മരിക്കുന്ന സാഹചര്യത്തില്‍ പോഷകവൈകല്യവും വിളര്‍ച്ചയുമുള്ളവരെ പോഷണപുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാത്ത സാഹചര്യത്തിലാണ് സിപിഐ എമ്മിന്റെ ആവശ്യപ്രകാരം ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി സന്ദര്‍ശിച്ച് പഠനം നടത്തിയത്. പഠനത്തില്‍ കണ്ടെത്തിയ കാരണങ്ങള്‍ അടിവരയിടുന്നതാണ് തുടര്‍ച്ചയായ മരണങ്ങള്‍.

അട്ടപ്പാടിയില്‍ ആയിരക്കണക്കിന് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ആറായിരത്തോളം കുഞ്ഞുങ്ങളുണ്ട്. ഇവരില്‍ പോഷകക്കുറവുള്ളവരെ പ്രത്യേക പരിചരണ കേന്ദ്രത്തില്‍ എത്തിക്കണം. കേന്ദ്രങ്ങളില്‍ താമസിക്കാന്‍ തയ്യാറാവാത്തവരുടെ വീടുകളില്‍ പോഷകാഹാരം എത്തിക്കാനും നിരീക്ഷിക്കാനും "ആശ"വര്‍ക്കര്‍മാരെയും ട്രൈബല്‍ പ്രൊമോട്ടര്‍മാരെ ചുമതലപ്പെടുത്തണം. വിളര്‍ച്ചയുള്ളവര്‍ക്ക് മുടങ്ങാതെ അയേണ്‍ ഫോളിക്ക് ആസിഡ് വിതരണം ചെയ്യണം. ഇംഫറോണ്‍ ഇന്‍ജക്ഷന് പകരം അയണ്‍ സുക്രോസ് നല്‍കണം. റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ റാഗി, ചാമ, ചോളം, വെരക്, തുവര, തിന, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. ദേശീയതൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കണം. ജോലി ചെയ്ത കാലയളവില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 25 ലക്ഷം രൂപയും തൊഴില്‍ നല്‍കാതിരുന്ന കാലയളവ് കണക്കിലെടുത്ത് ഉചിതമായ നഷ്ടപരിഹാരത്തുകയും നല്‍കണം.

ആശപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സബ്സെന്ററിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പുനഃപരിശീലനം നല്‍കുക, ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, അങ്കണവാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് കൂടുതല്‍ വാഹനം നല്‍കുക, 20 ഊരുകളില്‍ അങ്കണവാടികള്‍ തുടങ്ങുക, പോഷകാഹാരത്തിന് ഒരുകുട്ടിക്ക് നല്‍കുന്ന ആറ്രൂപ എന്നത് 12 രൂപയായി ഉയര്‍ത്തുക, അതിനാവശ്യമായ തുക പഞ്ചായത്തുകള്‍ക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങളും അടിയന്തരമായി ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കള്ളവാറ്റും കഞ്ചാവ് കൃഷിയും അനധികൃത മദ്യവില്‍പ്പനയും തടയാന്‍ എക്സൈസ്പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ലഹരിമുക്തി കേന്ദ്രം സ്ഥാപിച്ച് ആശാവര്‍ക്കര്‍മാര്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും ഡി അഡിഷക്ഷന്‍ കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കണം. അഹാഡ്സിന്റെ ഭാവി പ്രവര്‍ത്തനം നിശ്ചയിക്കുന്നതിന് വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യസംഘടനാപ്രവര്‍ത്തകരുടെയും യോഗം വിളിക്കണം. കൃഷിവകുപ്പും അഹാഡ്സും സഹകരിച്ച് ആദിവാസികളെ കൃഷിക്കാരാക്കി മാറ്റാന്‍ നീര്‍ത്തടവികസനം പോലുള്ള പദ്ധതികള്‍ നടപ്പാക്കണം. പരമ്പരാഗതവും ആധുനികവുമായ കാര്‍ഷികവിളകളും കൃഷിരീതിയും സമന്വയിപ്പിച്ച് കാര്‍ഷികവികസനപദ്ധതി ആസൂത്രണം ചെയ്യണമെന്നും സിപിഐ എമ്മിനും മന്ത്രിമാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

deshabhimani

ഉന്നതതല യോഗത്തില്‍ സ്വകാര്യ കമ്പനി എംഡിയും

സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇ-ഫയലിങ് സമ്പ്രദായം നടപ്പാക്കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്‍ഐസിയെ തീരുമാനിച്ച ഉന്നതതല യോഗത്തില്‍ ടെക്നോപാര്‍ക്കിലെ സ്വകാര്യകമ്പനി എം ഡി പങ്കെടുത്തില്‍ ദുരൂഹത. ടെക്നോപര്‍ക്കിലെ ഓസ്പെയന്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ എംഡി പങ്കെടുത്ത ഈ യോഗത്തിലാണ് ഓസ്പെയന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ ഫ്ളോ സിസ്റ്റത്തിന് (ഡിഡിഎഫ്എസ്) പകരം എന്‍ഐസിയുടെ ഇ-ഓഫീസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനയായെങ്കിലും ഐടി വകുപ്പ് ഫയല്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

ചീഫ് സെക്രട്ടറി ജോസ് സിറിയക് വിരമിച്ചശേഷം വീണ്ടും സ്വകാര്യകമ്പനിയായ ഓസ്പെയന്‍ രംഗത്തെത്തുകയായിരുന്നു. അവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് മുന്നോട്ടുവച്ച ഫയലിന് പിന്നീട് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. ജനുവരി 25നാണ് ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. ഇ-ഓഫീസ്, ഡിഡിഎഫ്എസ് സോഫ്റ്റ്വെയര്‍ സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ മാത്രമായിരുന്നു യോഗം. സര്‍ക്കാരിനുവേണ്ടി പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണിന്റെ എംഡിയും പങ്കെടുത്ത യോഗത്തിലെ ഓസ്പെയന്‍ ടെക്നോളജീസിന്റെ എംഡി പ്രസാദ് വര്‍ഗീസിന്റെ സാന്നിധ്യമാണ് ദുരൂഹത ഉയര്‍ത്തുന്നത്. പങ്കെടുത്ത പതിനൊന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ രണ്ടുപേര്‍ മാത്രമാണ് ഡിഡിഎഫ്എസിനായി വാദിച്ചത്. ചീഫ് സെക്രട്ടറി ജോസ് സിറിയക് ഇ-ഓഫീസില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയെന്ന് യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.

സെക്രട്ടറിയറ്റ് ഓഫീസ് മാന്വവലിന് വിധേയമായി നിലവിലുള്ള ഇ-ഫയലിങ് സംവിധാനത്തിനുപകരം ഇ-ഓഫീസ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഏറ്റവും ചെലവ് കുറഞ്ഞതും നടപ്പാക്കാന്‍ എളുപ്പമുള്ളതുമാണ് ഇ-ഓഫീസ് എന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. നിലവിലുള്ള ഫയല്‍ ട്രാക്കിങ് സംവിധാനമായ "ഐഡിയാ"സും ജീവനക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന "സ്പാര്‍ക്കും" എന്‍ഐസിയുടെ തന്നെ ഉല്‍പ്പന്നമായതിനാല്‍, ഇ-ഓഫീസുമായി സംയോജിപ്പിക്കുന്നതിന് അനായാസം കഴിയുമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി അഭിപ്രായപ്പെട്ടത്. വിവര സാങ്കേതിക സെക്രട്ടറി പി എച്ച് കുര്യനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ എം എബ്രഹാമുമാണ് ഡിഡിഎഫ്എസിനുവേണ്ടി വാദിച്ചത്. ഇ-ഓഫീസ് നടപ്പാക്കുന്നതിന് കാലതാമസമെടുക്കുമെന്നായിരുന്നു എബ്രഹാമിന്റെ വാദം. മുന്ന് വകുപ്പുകളില്‍ ഡിഡിഎഫ്എസ് നടപ്പാക്കിയത് ചുണ്ടിക്കാട്ടിയാണ് കുര്യന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇവ അംഗീകരിക്കാതെയാണ് ഇ-ഓഫീസ് നടപ്പാക്കാന്‍ യോഗം തീരുമാനിച്ചത്.

ജി രാജേഷ്കുമാര്‍ deshabhimani

കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നതോടെ സിപിഐ എമ്മിനെതിരായ വാദം പൊളിഞ്ഞു

ലുലു മാളിന്റെ ഭൂമി കൈയേറ്റത്തിനെതിരായ കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നതോടെ എം എ യൂസഫലിയെ ഓടിക്കാന്‍ സിപിഐ എം തന്ത്രം മെനയുന്നു എന്ന വാദം പൊളിയുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി ഇതുസംബന്ധിച്ച പരാതി ഉന്നയിക്കുന്നതിന് ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ സംവിധാനമായ കെഎംആര്‍എല്‍ പരാതി നല്‍കിയത്. എന്നാല്‍, കോര്‍പറേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ ഇത് പൂഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഇതുസംബന്ധിച്ച ആക്ഷേപം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രംഗത്തുവന്നപ്പോള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് കള്ളക്കഥ പ്രചരിപ്പിക്കുന്നതായും യൂസഫലിയെ ഓടിക്കാനാണ് ശ്രമമെന്നുമായിരുന്നു ഭരണനേതൃത്വമുള്‍പ്പെടെ എതിര്‍ഭാഗത്തിന്റെ പ്രധാന ആക്ഷേപം. ഇതാണ് കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നതോടെ പൊളിഞ്ഞത്. കൈയേറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുക, ഇടപ്പള്ളിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയത് ലുലു മാളിന്റെ വരവോടെയായതിനാല്‍ ഇവരില്‍നിന്നുള്‍പ്പെടെ തുക ഈടാക്കി ഇടപ്പള്ളി മേല്‍പ്പാലം പണിയുക എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് സിപിഐ എം ഉന്നയിച്ചത്. ഇത് കൈയേറ്റത്തിനു പകരമായി മേല്‍പ്പാലത്തിന് പണം ഈടാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടതായി തെറ്റിദ്ധരിപ്പിക്കാനും ചില കേന്ദ്രങ്ങളില്‍നിന്നും ശ്രമവും നടന്നു.

ലുലു മാളിനോടു ചേര്‍ന്ന മെട്രോ പ്രദേശത്ത് വീണ്ടും സര്‍വേ

കൊച്ചി: ലുലു മാളിനായി ഇടപ്പള്ളിത്തോടിന്റെ പുറമ്പോക്ക് അടക്കമുള്ള ഭൂമി കൈയേറിയതായി ആക്ഷേപം രൂക്ഷമായിരിക്കെ, ലുലു ഭൂമിയുമായി ചേര്‍ന്നുള്ള മെട്രോ റെയില്‍ പദ്ധതി പ്രദേശത്ത് റീസര്‍വേ നടത്താന്‍ തീരുമാനം. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മോഹന്‍ദാസ് പിള്ളയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. അതിനിടെ, ലുലുമാള്‍ പുറമ്പോക്ക് കൈയേറിയെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി മെട്രോ റെയില്‍ കമ്പനി (കെഎംആര്‍എല്‍) നേരത്തെ കളമശ്ശേരി, കൊച്ചി നഗരസഭകള്‍ക്കു പരാതി നല്‍കിയിരുന്നുവെന്ന വിവരം പുറത്തായി. പരാതിയില്‍ കളമശേരി മുനിസിപ്പാലിറ്റി മറുപടി നല്‍കിയെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും മറുപടി നല്‍കാന്‍പോലും കൊച്ചി കോര്‍പറേഷന്‍ തയ്യാറായില്ല. കൈയേറ്റവിവാദം ചൂടുപിടിച്ച സാഹചര്യത്തിലാണ് റീസര്‍വേക്ക് ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടത്. താലൂക്ക് സര്‍വേയര്‍ക്കും ഡെപ്യൂട്ടി സര്‍വേയര്‍ക്കുമാണ് ഇതുസംബന്ധിച്ച ചുമതല. സര്‍വേയര്‍മാരുടെ സമയലഭ്യതയ്ക്കനുസരിച്ചാകും തീയതി നിശ്ചയിക്കുക.

മുനിസിപ്പല്‍ പ്രദേശത്ത് തോടരികില്‍നിന്ന് മൂന്നു മീറ്ററും കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ എട്ടു മീറ്ററും വിട്ടേ നിര്‍മാണം പാടുള്ളുവെന്നാണ് ചട്ടമെങ്കിലും ലുലു മാള്‍ ഇതു ലംഘിച്ചുവെന്നാണ് പ്രധാന ആക്ഷേപം. സിപിഐ എമ്മാണ് പരാതി പരസ്യമായി ആദ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് കെഎംആര്‍എല്‍ നേരത്തെ നല്‍കിയ പരാതി പുറത്തുവന്നത്. കൊച്ചി മെട്രോ പദ്ധതിയുടെ സ്ഥലംകൂടി ഉള്‍പ്പെടുന്നിടത്തെ ലുലു മാളിന്റെ കൈയേറ്റം തടയണമെന്നും ഇടപ്പള്ളി കനാലിന്റെ ഇരുവശത്തെയും പുറമ്പോക്കിലെ അനധികൃതനിര്‍മാണം അടിയന്തരമായി നിര്‍ത്താന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് 2012 മെയ് 19നാണ് കെഎംആര്‍എല്‍ കൊച്ചി കോര്‍പറേഷന്റെയും കളമശേരി മുനിസിപ്പാലിറ്റിയുടെയും സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കിയത്. മെയ് 11നു ചേര്‍ന്ന കെഎംആര്‍എല്‍ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു പരാതി. കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് മെയ് 29ന് കളമശേരി മുനിസിപ്പാലിറ്റി മറുപടി നല്‍കി. കോര്‍പറേഷനാകട്ടെ ഇക്കാര്യം പരിശോധിക്കാനോ മറുപടി നല്‍കാനോ ഇതുവരെ തയ്യാറായതുമില്ല. നിലവില്‍ ലുലു മാളിന്റെ കൈയേറ്റം ഇവിടെ മെട്രോ പദ്ധതിയെപ്പോലും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇവിടുത്തെ മെട്രോ സ്റ്റേഷനായി ആദ്യം കണ്ടെത്തിയ സ്ഥലവും ഇവര്‍ കൈയേറിയതായി ആക്ഷേപമുണ്ട്. ഇടപ്പള്ളിത്തോടിന് അടിസ്ഥാനരേഖയില്‍ ഉള്ളതിന്റെ പകുതിയില്‍താഴെ വീതി മാത്രമാണ് ഇപ്പോഴുള്ളതെന്നും ആക്ഷേപം നിലനില്‍ക്കുന്നു.

deshabhimani

ഉപമുഖ്യമന്ത്രിപദത്തിന് വടംവലി

രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയുള്ള യുഡിഎഫിലെ പ്രതിസന്ധി കൂടുതല്‍ വഷളായി. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മുസ്ലിംലീഗ് നേതൃത്വം ഒന്നടങ്കം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്താനാണ് ലീഗ് തീരുമാനം. യുഡിഎഫ് യോഗത്തിനു മുമ്പ് ലീഗിന്റെ സെക്രട്ടറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരും.

മുസ്ലിംലീഗിന്റെ എതിര്‍പ്പും ഹൈക്കമാന്‍ഡിന്റെ തണുപ്പന്‍ നിലപാടുംമൂലം ചെന്നിത്തല ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ലീഗ് നേതാക്കള്‍ ബുധനാഴ്ച പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി മലക്കംമറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, ഹൈക്കമാന്‍ഡ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റുസ്ഥാനം എത്രയുംവേഗം ഒഴിയണമെന്നാണ് ചെന്നിത്തലയ്ക്ക് കിട്ടിയ നിര്‍ദേശം. വേണമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം. എന്നാല്‍, ഏതു വകുപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനത്തിന് ചെന്നിത്തല അവകാശവാദം ഉന്നയിച്ചത്. അത് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും എ ഗ്രൂപ്പും വ്യക്തമാക്കി.

ഒത്തുതീര്‍പ്പു നിര്‍ദേശമെന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂവും മറ്റൊരു വകുപ്പുമെന്ന നിര്‍ദേശം ചൊവ്വാഴ്ച രാത്രി ചെന്നിത്തല അംഗീകരിച്ചതാണ്. എന്നാല്‍, മുസ്ലിംലീഗ് എതിര്‍പ്പുമായി രംഗത്തുവന്നതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരം വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് വീണ്ടും പിടിമുറുക്കിയതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇരു ഗ്രുപ്പുകളും. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വ്യാഴാഴ്ച ഏതാണ്ട് തിരശ്ശീല വീഴും. ഇതോടെ മന്ത്രിസഭാ പുനഃസംഘടന വീണ്ടും കീറാമുട്ടിയാകുമെന്ന് തീര്‍ച്ച. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ മുസ്ലിംലീഗ് നേരിട്ട് യുഡിഎഫ് യോഗത്തില്‍ എതിര്‍ക്കും.

ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള നല്‍കിയ കത്തും യുഡിഎഫിന് മറ്റൊരു കുരിശാകും. ഗണേശിനെ മന്ത്രിയാക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിഷേധ സൂചകമായി ഏറിയാല്‍ പിള്ള യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഷിബു ബേബിജോണ്‍, കെ എം മാണി തുടങ്ങിയവര്‍ ഗണേശനെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുമെങ്കിലും കടുത്ത നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയില്ല. ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഈ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് വിവരം. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ സി ജോസഫിനു നല്‍കും. കെ സി ജോസഫ് ബുധനാഴ്ച രാവിലെ രമേശ് ചെന്നിത്തലയെ കണ്ടു. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാട് ചെന്നിത്തല ജോസഫിനോട് ആവര്‍ത്തിച്ചതായാണ് സൂചന.

കെ ശ്രീകണ്ഠന്‍

deshabhimani

ആഗോള വനിതാ സമ്മേളനത്തില്‍ പി ജെ കുര്യനും!

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഇന്ത്യയുടെ പ്രതിനിധിയായി മലേഷ്യയിലെ ആഗോള വനിതാസമ്മേളനത്തില്‍. വനിതാക്ഷേമത്തിനും സ്ത്രീകളുടെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള വനിതാ കൂട്ടായ്മയായ ഗ്ലോബല്‍ വിമന്‍ ഡെലിവറിന്റെ സമ്മേളനത്തിലേക്കാണ് യുപിഎ സര്‍ക്കാര്‍ കുര്യനെ അയച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി സെരി നജീബ് റസാക്കിനൊപ്പം പി ജെ കുര്യന്‍ വേദി പങ്കിട്ടു. വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാണസമിതികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് പാര്‍ലമെന്റേറിയന്‍സ് ഫോറവും സംഘടിപ്പിച്ചു.

ജനസംഖ്യ, വികസനം എന്നിവയ്ക്കായുള്ള യൂറോപ്യന്‍ പാര്‍ലമെന്ററി ഫോറം ആയിരുന്നു സംഘാടകര്‍. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം വ്യാഴാഴ്ച സമാപിക്കും. കുര്യനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ വന്‍പ്രതിഷേധം ഉയര്‍ന്നു. കുര്യനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇതേതുടര്‍ന്ന്, സമ്മേളനസംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani

Wednesday, May 29, 2013

പ്രതികള്‍ വള്ളിക്കാട്ട് ഭാഗത്ത് ഫോണ്‍ ഉപയോഗിച്ചില്ലെന്ന് സാക്ഷി

ചന്ദ്രശേഖരന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ 2012 മെയ് നാലിന് ഓര്‍ക്കാട്ടേരി, വള്ളിക്കാട് പ്രദേശങ്ങളില്‍നിന്ന് ഫോണ്‍ ഉപയോഗിച്ചില്ലെന്ന് സാക്ഷിമൊഴി. സാക്ഷി വിസ്താരം നടക്കുന്ന പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എയര്‍ടെല്‍ നോഡല്‍ ഓഫീസര്‍ കെ വാസുദേവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം നല്‍കിയ കോള്‍ഡാറ്റ റെക്കോര്‍ഡില്‍ (സിഡിആര്‍), പ്രതിചേര്‍ക്കപ്പെട്ട രണ്ട് പേരുടെ മൊബൈല്‍ നമ്പറുകള്‍ കൊലപാതക ദിവസം ഓര്‍ക്കാട്ടേരി, വള്ളിക്കാട് പ്രദേശങ്ങളിലെ ടവറില്‍നിന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം ഇതോടെ പൊളിഞ്ഞു. എം സി അനൂപിന്റെയും സി രജിത്തിന്റെയും പേരിലുള്ള നമ്പറുകളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംഭവ ദിവസം ഈ ഭാഗങ്ങളില്‍ ഇല്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സാക്ഷി മൊഴി നല്‍കി. കേസിലുള്‍പ്പെട്ട പ്രദീപന്റെ ഫോണ്‍ സംഭവദിവസം ഈ ഭാഗങ്ങളിലെ ടവര്‍ പരിധിയില്‍ ഉപയോഗിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച സിഡിആര്‍ പ്രകാരം പറയാനാവില്ല. പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണ് 150-ാം സാക്ഷിയായി വിസ്തരിച്ച ഓഫീസര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് തെളിയിക്കാനാണ് എയര്‍ടെല്‍ ഓഫീസറെ വിസ്തരിച്ചത്.

ആറ് നമ്പറുകളുടെ സിഡിആര്‍ ആണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. വാദത്തിന് എതിരാകുമെന്ന് ഭയന്ന് നാല് നമ്പറുകള്‍ രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടില്ല. പ്രതിഭാഗം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ നമ്പറുകള്‍ കോടതി രേഖയായി സ്വീകരിച്ചു. പ്രതികള്‍ ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച മറ്റ് നാല് നമ്പറും 2012 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 30 വരെ ഓര്‍ക്കാട്ടേരി, വള്ളിക്കാട്, പാറാല്‍, ചൊക്ലി പ്രദേശങ്ങളിലെ ടവറുകള്‍ക്ക് കീഴില്‍ ഉപയോഗിച്ചതായി രേഖയിലില്ലെന്ന് സാക്ഷി പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി കെ വിശ്വന്‍, വിനോദ് ചമ്പോളന്‍, പി വി ഹരി, കെ എം രാംദാസ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു.

deshabhimani

ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം:രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണ പരാജയമെന്ന് കെപിസിസി പ്രിസിഡന്റ് രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയില്‍ മതസൗഹാര്‍ദത്തിന് പോറലേറ്റത് നാടിന്റെ സാംസ്കാരികത്തനിമ തകര്‍ത്തു. ഇത് പരിഹരിക്കാന്‍ നടപടി വേണം. സംസ്ഥാനത്തെ നികുതിചോര്‍ച്ച തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരള യാത്രയ്ക്കുശേഷം തയ്യാറാക്കിയ നയരേഖയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചെന്നിത്തലയുടെ നിരീക്ഷണങ്ങള്‍. കെപിസിസി ഓഫീസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നയരേഖയുടെ പകര്‍പ്പ് ചെന്നിത്തല കൈമാറി.

ആദിവാസി ജനജീവിതത്തിലെ ദുരിതങ്ങള്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണെന്ന് നയരേഖയില്‍ ചെന്നിത്തല പറഞ്ഞു. മേഖലയിലെ ഇടപെടലുകള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നെന്ന് പഠിക്കണം. ഇവര്‍ക്ക് നീക്കിവയ്ക്കുന്ന തുകയില്‍ ഒരു പൈസപോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ട്. വിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ചുമതലപ്പെടുത്തണം. ആഗസ്ത് മുതല്‍ മെയ്വരെയുള്ള കാലങ്ങളിലേക്ക് വിദ്യാഭ്യാസ കലണ്ടര്‍ പുനഃക്രമീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതവും മതസൗഹാര്‍ദത്തിനേറ്റ പോറലും കാസര്‍കോടിന്റെ സാംസ്കാരികത്തനിമ കുറച്ചതായും കുറ്റപ്പെടുത്തി. ഇത് വീണ്ടെടുക്കാന്‍ അടിയന്തര നടപടി വേണം. നികുതിചോര്‍ച്ച തടയാന്‍ നടപടി വേണം. വിലക്കയറ്റം മൂലമുള്ള ജനജീവിതദുരിതം ഒഴിവാക്കാന്‍ കുടുംബ ബജറ്റ് നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. വിലനിര്‍ണയ നിയന്ത്രണാധികാര സമിതി രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

deshabhimani

കോടികളുടെ കോഴയ്ക്ക് വഴിയൊരുങ്ങി

ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ 150 സ്കൂളുകളും 500 ബാച്ചുകളും അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം കോടികളുടെ കോഴയ്ക്ക് വഴിയൊരുക്കുന്നു. കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ലീഗ് ഓരോ ജില്ലയിലും നേരിട്ടാണ് കച്ചവടം നടത്തുന്നത്. മാനേജ്മെന്റുകളെ സമീപിച്ച് പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കും കച്ചവടം ഉറപ്പിക്കുന്ന തിരക്കിലാണ് ഓരോ ജില്ലയിലെയും ലീഗ് നേതാക്കള്‍. പുതിയ സ്കൂള്‍ അനുവദിക്കാന്‍ ഒരു കോടിയും പുതിയ ബാച്ചിന് 25 ലക്ഷം രൂപയുമാണ് ആവശ്യപ്പെടുന്നത്. പുതിയൊരു ബാച്ച് അനുവദിക്കുമ്പോള്‍ രണ്ടാം വര്‍ഷം ആകുമ്പോഴേക്കും ഏഴു മുതല്‍ പത്തു വരെ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതിലൂടെ കോടികള്‍ കൊയ്യാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 15,000-ല്‍ അധികം സീറ്റുകളില്‍ കുട്ടികളുണ്ടായിരുന്നില്ല. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ പാസായവര്‍ 4,51,139 പേരാണെന്നിരിക്കെ പുതിയ സ്കൂളും ബാച്ചുകളും അനുവദിക്കുന്നത് കച്ചവടത്തിനാണെന്നത് വ്യക്തം. അധികമായുണ്ടാകാമെന്ന് പ്രചരിപ്പിക്കുന്ന തുച്ഛമായ സീറ്റുകള്‍ക്കുവേണ്ടി 500 ബാച്ചുകളിലായി ഏതാണ്ട് 25000-ല്‍ അധികം സീറ്റുകളാണ് സൃഷ്ടിക്കുന്നത്. പുതിയ സ്കൂളും ബാച്ചു അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, ഡിഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉപസമിതി 30ന് മുമ്പ് രൂപീകരിക്കുമെന്ന അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഉപസമിതികള്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ ലീഗ് നേതാക്കള്‍ പുതിയ സ്കൂളും ബാച്ചുകളും ആവശ്യമുള്ളവരുമായി കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ അനുവദിച്ച സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നിരിക്കെയാണ് പുതിയ നിയമനത്തിന് തിരക്കുകൂട്ടുന്നത്. അധ്യാപക നിയമനത്തിനായി ഇപ്പോള്‍ പരസ്യ ലേലം വിളിയാണ് നടക്കുന്നത്. കോട്ടയം ജില്ലയില്‍ അടുത്തിടെ അധ്യാപക തസ്തികയിലേക്ക് ഒരു ഉദ്യോഗാര്‍ഥി 26 ലക്ഷം രൂപയാണ് മാനേജ്മെന്റിന് നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് 30 ലക്ഷം രൂപ നല്‍കിയാണ് ഒരാള്‍ ജോലിയില്‍ പ്രവേശിച്ചത്.

ഏബ്രഹാം തടിയൂര്‍ deshabhimani

ലുലു ഗ്രൂപ്പ് ഇളവുതേടിയത് തങ്ങള്‍ അറിയാതെയെന്ന് തുറമുഖ ട്രസ്റ്റ്

ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റ് നികത്തുഭൂമി പാട്ടത്തിനെടുത്ത എംകെ ഗ്രൂപ്പ് (ലുലു ഗ്രൂപ്പ്) ഇവിടെ അപ്പാര്‍ട്ട്മെന്റ് പണിയാന്‍ തീരദേശ സംരക്ഷണ നിയമത്തില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത് പാട്ട ഉടമയായ തുറമുഖ ട്രസ്റ്റ് അറിയാതെ. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് രേഖാമൂലം അനുമതി തേടിയിട്ടില്ലെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, കരാറിലെ ഹോട്ടല്‍ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയുന്നതില്‍ തടസ്സമില്ല. ഇതിനു പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ അനുമതി നേടിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വ്യവസ്ഥയും പാലിച്ചാണ് ഭൂമി പാട്ടത്തിനു നല്‍കിയതെന്നു പറഞ്ഞ ചെയര്‍മാന്‍ പല ചോദ്യങ്ങളോടും ക്ഷോഭത്തോടെയും അക്ഷമയോടെയുമാണ് പ്രതികരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്റെ അനുമതിയോടെ സെക്രട്ടറി സിറിള്‍ സി ജോര്‍ജാണ് മറുപടി നല്‍കിയത്. ഒടുവില്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി.

ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, തുറമുഖ ട്രസ്റ്റ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പരസ്യം നല്‍കിയാണ് 2010 ജൂണ്‍ 26ന് പാട്ടത്തിന് ടെന്‍ഡര്‍ നല്‍കിയത്. 90 നിക്ഷേപകരെ തപാലിലും വിവരം അറിയിച്ചു. ലുലു ഗ്രൂപ്പ് മാത്രമാണ് പാട്ടത്തിനെടുക്കാന്‍ വന്നത്. തുറമുഖ ട്രസ്റ്റ് ലക്ഷ്യമിട്ടതിനേക്കാള്‍ 23 ശതമാനം കൂടുതല്‍ തുകയ്ക്കാണ് ഇവര്‍ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഹെക്ടറിന് 5.48 കോടിയാണ് പാട്ടത്തുക പ്രതീക്ഷിച്ചതെങ്കിലും ലുലു വാഗ്ദാനം ചെയ്തത് 6.74 കോടിയാണ്. ഇതുപ്രകാരമാണ് 71 കോടി രൂപയ്ക്ക് 10 ഹെക്ടര്‍ ഭൂമി നല്‍കിയത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ട്സ്(ടാംപ്) കരാറിന് അനുമതി നല്‍കി. ഹൈക്കോടതിയുടെ അനുകൂലവിധിയും ഉണ്ട്. തുറമുഖ ട്രസ്റ്റ് ആക്ട്പ്രകാരം തുറമുഖവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ നിര്‍മാണം അനുവദിക്കാം. എന്നാല്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പണിയാനാവില്ല. ഇക്കാര്യം ടെന്‍ഡര്‍ നല്‍കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ എംകെ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് വ്യക്തമാക്കിയിട്ടുണ്ട്. പാട്ടക്കരാറിലും ഇത് പറയുന്നു. എന്നാല്‍, ആധുനിക ഹോട്ടലുകളുടെ അനുബന്ധമായി സേവന അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടാകാറുണ്ട് എന്നതിനാല്‍ കരാറിലെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയാന്‍ തടസ്സമില്ല. ഇതിന് പക്ഷേ, അനുമതി തേടണം.

സേവന അപ്പാര്‍ട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കാനാവില്ലെന്ന് ആദ്യം വാദിച്ച ചെയര്‍മാന്‍, മാധ്യമപ്രവര്‍ത്തകര്‍ കരാര്‍വ്യവസ്ഥകള്‍ ഉദ്ധരിച്ചപ്പോള്‍ മുന്‍കൂര്‍ അനുമതി തേടി പാട്ടഭൂമി ഉപപാട്ടത്തിന് നല്‍കാന്‍ തടസ്സമില്ലെന്ന് സമ്മതിച്ചു. പാട്ടക്കരാര്‍ പണയപ്പെടുത്തി വായ്പയെടുക്കാനുമാകുമെന്നും സമ്മതിച്ചു. അതേസമയം, 2005-ല്‍ നികത്തിയ ഭൂമി 2009-ല്‍ അന്നത്തെ ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ തുറമുഖ അനുബന്ധ ആവശ്യങ്ങള്‍ക്ക് പറ്റില്ലെന്ന് വിലയിരുത്തിയിരുന്നു. ഇത് ഇപ്പോഴെങ്ങിനെ തുറമുഖ ആവശ്യത്തിന് യോജിച്ചതായി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം അക്ഷമനായി വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ച്ചയായി പലചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ "ഇതെന്താ കോടതിയാണോ" എന്ന് ക്ഷോഭത്തോടെ മറുചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്.

deshabhimani

മന്ത്രിസഭയ്ക്ക് മരണവീട്ടിലെ മൂകത: വി എസ്

മരണവീട്ടിലെ ശ്മശാന മൂകതയാണ് യുഡിഎഫ് ഭരണത്തിനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സമുദായ നേതാക്കള്‍ സര്‍ക്കാരിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടും മറുപടി പറയാനാകാതെ ഭയന്നു വിറയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍."സമകാലിക രാഷ്ട്രീയവും കേരള വികസനവും" എന്ന വിഷയത്തില്‍ തിരുവനന്തപരും പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

സമദൂര സിദ്ധാന്തം ഉപേക്ഷിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായി ശരിദൂരനയം സ്വീകരിച്ചത്. ഇപ്പോള്‍ സുകുമാരന്‍നായരുടെ മകള്‍ അടക്കമുള്ളവര്‍ ലഭിച്ച പദവികളെല്ലാം രാജിവച്ചിരിക്കുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി കാബിനറ്റ് പദവിയോടെ പിള്ളയെ വാഴിക്കുന്നു. മകന്‍ പിള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കാനും ശ്രമം നടക്കുന്നു. കാസര്‍കോട്ടുനിന്ന് ജാഥ ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡണ്ടിനെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു. കെട്ടിപ്പിടിച്ച കൈ ജാഥ തിരുവന്തപുരത്ത് എത്തിയപ്പോള്‍ കണ്ടില്ല. കര്‍ഷക ആത്മഹത്യയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍. പോഷകാഹാരവും ആഹാരവും ഇല്ലാതെ ആദിവാസി മേഖലയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നു. നാല്‍പ്പത്തഞ്ചോളം കുട്ടികള്‍ മരിച്ചിട്ടും മുഖ്യമന്ത്രി തരിഞ്ഞുനോക്കിയിട്ടില്ല. വിഴിഞ്ഞം പദ്ധതി, കോച്ച് ഫാക്ടറി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിലച്ചു. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററിന്റെയും ലുലുമാളിന്റെയും കാര്യത്തില്‍ ചട്ടങ്ങള്‍ക്ക് വിധേയമായേ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു. ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്താണ്. ചട്ടപ്രകാരം ടെന്‍ഡറില്‍ പങ്കെടുത്താണ് യൂസഫലിക്ക് പദ്ധതി ലഭിച്ചതെന്നാണ് മനസ്സിലാകുന്നത്. നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍, കാര്യമായ തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം- വി എസ് പറഞ്ഞു

deshabhimani 280513

ചെന്നിത്തലയ്ക്ക് ആഭ്യന്തരമില്ല

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാക്കി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍മാത്രം ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യുവകുപ്പും നല്‍കാമെന്ന നിലപാട് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച രാത്രി ഒമ്പതിന് കെപിസിസി ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയെ അറിയിച്ചു.

മുഖ്യമന്ത്രിയും ചെന്നിത്തലയുമായി ചൊവ്വാഴ്ച രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പുനഃസംഘടന സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനാണ് സാധ്യത. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റേതെങ്കിലും വകുപ്പ് നല്‍കാനാണ് സാധ്യത. തിരുവഞ്ചൂര്‍ മറ്റുവകുപ്പുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നുമാറ്റി ആ പദവി തിരുവഞ്ചൂരിന് നല്‍കും.

കെപിസിസി സ്ഥാനമൊഴിഞ്ഞ് മന്ത്രിസഭയില്‍ ചേരണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍നിന്ന് ചെന്നിത്തലയ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരത്തോടൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഗ്രൂപ്പു തര്‍ക്കങ്ങളും സാമുദായിക സംഘടനകളുടെ സമ്മര്‍ദവും കൂടുതല്‍ മൂര്‍ച്ഛിപ്പിക്കാന്‍ ഇടയാക്കുന്ന ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വീണ്ടും മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.

ഗണേശ്കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തിലും തീരുമാനമായില്ല. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളും വിജയിച്ചില്ല. ഇതിനിടെ ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ കൂട്ടായി ആവശ്യമുയര്‍ത്താന്‍ നാല് ഘടകകക്ഷികള്‍ രഹസ്യധാരണയിലെത്തി. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പുറമെ മന്ത്രിമാരായ കെ എം മാണി, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെടുക. കോണ്‍ഗ്രസ് ആവശ്യം നിരാകരിച്ചാല്‍ യുഡിഎഫ് യോഗത്തില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. പിന്നെയുള്ളത് മുസ്ലിംലീഗ് ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗ് മൗനം അവലംബിക്കാനാണ് സാധ്യത.

ഗണേശ് വിഷയത്തില്‍ നാല് ഘടക കക്ഷികളുടെ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന് അപ്രതീക്ഷിത ആഘാതമായിരിക്കുകയാണ്. രാവിലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞയുടനെ കെ മുരളീധരന്‍ ചെന്നിത്തലയെ കണ്ട് പിന്തുണ അറിയിച്ചു. മുരളി ഐ ഗ്രൂപ്പിലേക്ക് തിരിച്ചെത്തിയെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുരളിയും ചെന്നിത്തലയെ ഉപദേശിച്ചു. രാവിലത്തെ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് രാത്രി ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തിയത്.

ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് ആക്കി തിരുവഞ്ചൂരിനെ സ്പീക്കറാക്കുകയെന്ന ഫോര്‍മുല ഉരുത്തിരിഞ്ഞിട്ടുണ്ടെങ്കിലും എ കെ ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും വിധേയത്വം പുലര്‍ത്തുന്ന കാര്‍ത്തികേയനെ അംഗീകരിക്കരുതെന്ന് കെ സി വേണുഗോപാലും കെ സുധാകരനും ഐ വിഭാഗം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെ വനംമന്ത്രിയാക്കണമെന്നും റവന്യു വകുപ്പ് നഷ്ടപ്പെടുന്ന അടൂര്‍ പ്രകാശിന് ആരോഗ്യവകുപ്പ് നല്‍കണമെന്നുമുള്ള നിര്‍ദേശവും നിലവിലുണ്ട്.

കെ ശ്രീകണ്ഠന്‍ deshabhimani 280513

Tuesday, May 28, 2013

കോണ്‍ഗ്രസിനെ നെടുകെപ്പിളര്‍ത്തി ഒരു കേരളയാത്ര

ഒരു മെയ്യാണെങ്കിലും ഒറ്റക്കരളാണേയെന്ന നാട്യത്തില്‍ ബോബനും മോളിയുംപോലെ ""ഐക്യ""ത്തിന്റെ പുതിയ മാതൃകയായെന്ന് സ്വയം മേനി നടിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള യാത്രയുടെ അറുതിയായപ്പോള്‍ കൂടുതല്‍ തുറന്നു കാട്ടപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളുടെ നിറഞ്ഞ പിന്തുണയോടെ കേരള യാത്ര നടത്തി ആധിപത്യമുറപ്പിക്കാനുള്ള ചെന്നിത്തലയുടെ മോഹങ്ങള്‍ക്ക് കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ അതിബുദ്ധിക്കുമുന്നില്‍ തലകുനിക്കേണ്ടി വന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പദവി കേരള പിഎസിസിയുടെ അധ്യക്ഷപദവിയാണെന്ന് മേനിനടിച്ച് നടക്കുകയായിരുന്നു ചെന്നിത്തല.

സമുദായ സമവാക്യങ്ങള്‍ ഒപ്പിക്കാന്‍ ചെന്നിത്തലകൂടി മന്ത്രിസഭയിലെത്തണമെന്ന് എന്‍എസ്എസ് കല്‍പിച്ചിട്ടുപാലും മന്ത്രിപദവിയുടെ നിസ്സാരതയെപ്പറ്റിയാണ് ചെന്നിത്തല ഉപന്യസിച്ചിരുന്നത്. അവസാനം ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അതുമാകാമെന്ന് സമ്മതം മൂളിയപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വരൂപം ചെന്നിത്തല കണ്ടത്. വനംവകുപ്പോ, ട്രാന്‍സ്പോര്‍ട്ടോ കിട്ടിയാലായി; അതുതന്നെ വളരെ കഷ്ടപ്പെട്ടാണ് എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി സംഘം പ്രതികരിച്ചത്. അവസാനം കേരളയാത്രയുടെ സമാപനയോഗം നടക്കുന്ന ദിവസം ഐ ഗ്രൂപ്പിന്റെ നേതൃയോഗം കെപിസിസി അദ്ധ്യക്ഷന്‍തന്നെ വിളിച്ചുകൂട്ടുന്നതിലേക്കെത്തി കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം. നീറിപ്പുകയുന്ന അഗ്നിപര്‍വ്വതംപോലെ, വികാര വിക്ഷോഭങ്ങള്‍ പുറത്തേക്ക് വമിക്കാന്‍ തുടങ്ങിയ സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി മറയില്ലാത്ത ഗ്രൂപ്പു പോരാട്ടത്തിന്റെ നാളുകള്‍ വീണ്ടും സജീവമായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പുത്തരിയല്ലെന്നും അത് നാട്ടുനടപ്പാണെന്നും മാധ്യമങ്ങള്‍ ആശ്വസിക്കാറുണ്ട്. ജനം മടുക്കുന്ന ചക്കളത്തിപ്പോരാട്ടം അരങ്ങുതകര്‍ക്കുമ്പോള്‍ അതിന് മറയിടാനുള്ള സൂത്രവിദ്യയാണ് ഈ സാമാന്യവല്‍ക്കരണം. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, എ വിഭാഗമെന്നപേരില്‍ ആന്റണിയെ മുന്‍നിര്‍ത്തി ഗ്രൂപ്പുകളിച്ചത് എങ്ങനെയൊക്കെയെന്ന് ഇപ്പോള്‍ നാടാകെ പാട്ടാണ്. ചാരക്കേസ് അതിന്റെ സന്തതിയായിരുന്നു. കരുണാകരനെ വെട്ടി മുഖ്യമന്ത്രിക്കസേരയിലെത്തിയ എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിയടക്കമുള്ള തന്റെ ഗ്രൂപ്പുകാരുടെ അധികാരമോഹം പിന്നീട് ശരിക്ക് കാണേണ്ടിവന്നു. ഗതികെട്ട് രാജിവച്ച് കേരളം വിട്ട ആന്റണിയും തന്റെ ഗ്രൂപ്പ് ഉപേക്ഷിച്ചെങ്കിലും, ആന്റണിയില്ലാത്ത എ ഗ്രൂപ്പിന്റെ തലവനായി, ഉമ്മന്‍ചാണ്ടി പിന്നീട് അതില്‍ കിരീടംവയ്ക്കാത്ത രാജാവായി. കരുണാകരനേയും മകനേയും ഒരു വഴിക്കാക്കിയതോടെ എല്ലാ ഭീഷണിയും അകന്നുവെന്നു കരുതിയ കാലഘട്ടത്തിലാണ് എ ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ ഒറ്റക്കെട്ടായി, വിശാല ഐ ഗ്രൂപ്പ് പുനര്‍ജനിച്ചത്. കരുണാകരനെ വെട്ടാന്‍ അഞ്ചാംപത്തിയായി മാറിയ മൂവര്‍സംഘത്തിലെ ചെന്നിത്തല വിശാല ഐയുടെ തലവനും, പിന്നീട് കെപിസിസിയുടെ അധ്യക്ഷനുമായി. ഇതിനിടയില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അധികാരത്തര്‍ക്കമാണ് ചെന്നിത്തലകൂടി മത്സരരംഗത്തിറങ്ങുന്നതിലേക്കെത്തിച്ചത്. അധികാരമേറ്റ കാലത്തുതന്നെ തര്‍ക്കം ആഭ്യന്തര വകുപ്പിലായിരുന്നു. എ വിഭാഗം അത് വിട്ടുകൊടുക്കില്ല. അഞ്ചാം മന്ത്രി തര്‍ക്കത്തിന്റെ പാരമ്യത്തില്‍ ആഭ്യന്തരമന്ത്രിപദത്തോടെ മന്ത്രിസഭയില്‍ കടന്നുകൂടാമെന്ന രമേശിന്റെ മോഹങ്ങള്‍ക്ക്, തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കി ഉമ്മന്‍ചാണ്ടി തടയിട്ടു. അന്ന് പിണങ്ങിയ എന്‍എസ്എസ് പിന്നീട് തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇടതുഭരണത്തെ അട്ടിമറിക്കാന്‍, ജാതി-മത-രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് എത്രത്തോളം വഴങ്ങിയെന്നതിന്റെ തെളിവായി. യുഡിഎഫിലെ ഘടകകക്ഷികളുടെ ജാതി-മത അടിസ്ഥാനം, രാഷ്ട്രീയ കേരളത്തിന്റെ അടിത്തറ മാന്തുന്നതാണ്. അതിനും പുറമെയാണ് കോണ്‍ഗ്രസ് ഈ ജാതി-വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് കീഴ്പെട്ട് കിടക്കുന്നത്. കെപിസിസി അധ്യക്ഷന്‍ ഒരു മൃതശരീരമാണെന്നും, മുഖ്യമന്ത്രി തരികിട രാഷ്ട്രീയം കളിക്കുകയാണെന്നും എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും തലവന്‍മാര്‍ അനുഭവസാക്ഷ്യം പറയുമ്പോള്‍ അതങ്ങനെയല്ലയെന്ന് പറയാന്‍പോലും നാവുയര്‍ത്താന്‍ മൂത്ത കോണ്‍ഗ്രസ് പോയിട്ട് ഒരു യൂത്തു കോണ്‍ഗ്രസുകാരന്‍പോലുമില്ലെന്നായിരിക്കുന്നു.

യൂത്തുകോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും ഐഎന്‍ടിയുസിയുടെയും തെരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കേരളമാകെ ഏറ്റുമുട്ടിയതാണ്. നിരവധി തെരഞ്ഞെടുപ്പ് വേദികള്‍ ചോരക്കളമായെങ്കിലും ആഭ്യന്തരമന്ത്രിയുടെ ""ന്യായസ്ഥത""കൊണ്ട് ആര്‍ക്കും ജയിലില്‍ പോകേണ്ടിവന്നില്ല. അണികള്‍ തമ്മില്‍ ഇങ്ങനെ പെരുത്ത അടിനടത്താന്‍ നേതാക്കള്‍ ചരടുവലിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് കൈവശം വയ്ക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതുമില്ല. അതിന്റെ മേലാണ് ഇപ്പോള്‍ തര്‍ക്കം. മന്ത്രിപദവിയെന്നതിനേക്കാള്‍, ആഭ്യന്തരവകുപ്പിെന്‍റ സംഹാര സാധ്യതകളാണ് ഇരു ഗ്രൂപ്പുകളേയും ആകര്‍ഷിക്കുകയോ അലട്ടുകയോ ചെയ്യുന്നത്. ഗണേശ്കുമാര്‍ രാജിവച്ച ഒഴിവില്‍ മന്ത്രിക്കസേരയിലേറാന്‍ ചെന്നിത്തലയെ ""ചൂണ്ടയിട്ട്"" കെണിയിലാക്കി, ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ""അരസമ്മത""മുണ്ടെന്ന് പ്രസ്താവനയിറക്കിച്ച എ ഗ്രൂപ്പുകാര്‍, കളി കാര്യമായപ്പോള്‍ ആഭ്യന്തരം വിട്ടുതരില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതാണ് ചെന്നിത്തലയെ ഇളിഭ്യനാക്കിയത്. കേരളത്തെ ഇളക്കിമറിക്കുമെന്നും രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നും വീമ്പിളക്കിയ ഒരു കേരളയാത്രയുടെ നായകനാണ് ചുരികയൊടിഞ്ഞ്, കാലുളുക്കി, കളിക്കളത്തിലിരിക്കുന്ന അങ്കച്ചേകവന്റെ മട്ടില്‍ തളര്‍ന്നിരിക്കുന്നത്. ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തരുതേയെന്ന് ആര്‍ക്കും തോന്നുന്ന ഗതികേടില്‍പെട്ട് ഉഴലുന്ന ചെന്നിത്തലയെ മാത്രമല്ല, ഐ ഗ്രൂപ്പിനെയാകെ തന്ത്രവൈദഗ്ധ്യത്താല്‍ മലര്‍ത്തിയടിച്ചതിന്റെ ആഹ്ലാദം ഉമ്മന്‍ചാണ്ടി ഗ്രൂപ്പില്‍ പ്രകടവുമാണ്. അതിനിടയിലും ഒരു ചോദ്യം ഉയരുന്നു. എന്തിനായിരുന്നു ചെന്നിത്തലയുടെ കേരളയാത്ര.

ഒരു മാസത്തോളം, കേരളത്തിലെ വിവിധ ജില്ലകളില്‍ സഞ്ചരിച്ച കേരളയാത്രയ്ക്ക് മുഖപേജില്‍തന്നെ വര്‍ണചിത്രങ്ങള്‍ നല്‍കി. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ പക്ഷപാതിത്വം വ്യക്തമാക്കുകയുണ്ടായി. ചെന്നിത്തലയുടെ ജാഥയിലെ ശുഷ്കമായ ജനക്കൂട്ടമല്ല, നേതാക്കളുടെ സമ്പന്ന സാന്നിദ്ധ്യമാണ് മാധ്യമങ്ങള്‍ക്ക് ഹരം. കേരളം നേരിടുന്ന ഏതെങ്കിലും പ്രശ്നം ഈ ജാഥ ചര്‍ച്ചചെയ്തോ? കേരളയാത്ര രാഷ്ട്രീയരംഗത്തിന് നല്‍കിയ സംഭാവന എന്താണ്? കേരള ഭരണത്തെ അത് ശക്തിപ്പെടുത്തിയില്ല. ഘടകകക്ഷികളുടെ അപ്രമാദിത്തത്തെ ചോദ്യംചെയ്തില്ല. ജാതി-മത രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെ നിരാകരിച്ചില്ല. എന്‍ഡിഎഫ് ഭീകരവാദികള്‍ മനുഷ്യരൂപം ഉണ്ടാക്കി അതില്‍ വെട്ടിപ്പഠിക്കുന്ന ക്യാമ്പുകളുടെ വിവരം പുറത്തുവന്നിട്ടും അതിനെതിരെ ശബ്ദിക്കുന്ന ഒന്നായി കേരളയാത്ര മാറിയില്ല. ഇതിനിടയില്‍ കേരളത്തില്‍ വന്നുപോയ നരേന്ദ്രമോഡിയെ തുറന്നുകാട്ടാനും ചെന്നിത്തലയ്ക്കായില്ല.

ചങ്ങനാശ്ശേരിയില്‍നിന്നും കണിച്ചുകുളങ്ങരയില്‍നിന്നും ഗര്‍ജ്ജനങ്ങളുണ്ടായപ്പോള്‍ ഇടിവെട്ടുമ്പോള്‍ മാളത്തിലൊളിക്കുന്ന ഇഴജന്തുക്കളെപ്പോലെ ചെന്നിത്തല, വിളറി വെളുക്കുന്നത് കേരളം കണ്ടു. അത്തരമൊരാള്‍ ""മൃതശരീരം"" കണക്കെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് നൂറുശതമാനം സത്യം. ഗതികിട്ടാ പ്രേതംകണക്കെ, കേരളമാകെ അലഞ്ഞ ചെന്നിത്തലയ്ക്ക് മന്ത്രിമന്ദിരത്തില്‍ ഒരു കൂടൊരുങ്ങുമെന്നും, എട്ടുകൊല്ലക്കാലം ഉമ്മന്‍ചാണ്ടിയോട് ""സഹകരിച്ചതിനും"" പ്രതിഫലം കിട്ടുമെന്നും ധരിച്ചുപോയ ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ ""ശരിക്കും അറിയാത്ത പൊട്ടനായി""പ്പോയല്ലോയെന്ന് ഉമ്മന്‍ചാണ്ടിയെ അടുത്തറിയുന്നവര്‍ ഊറിച്ചിരിക്കുന്ന പതനത്തിലേക്കാണ് കേരളയാത്ര ചെന്നുവീണത്. അവസാനം രാഹുല്‍ഗാന്ധിയെ കൊണ്ടുവന്ന്, സമാപനം നടത്തിയപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിലെ ഐക്യം കണ്ടത്. രാഹുല്‍ഗാന്ധിയുടെ കാലുമാത്രമല്ല, ദേഹമാകെ നക്കി തുടയ്ക്കുന്നതില്‍ കോണ്‍ഗ്രസിലെ ഐക്യം പ്രകടമായി. രാഹുല്‍ഗാന്ധിയാകട്ടെ, കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അതില്‍നിന്നും കേരളത്തെ രക്ഷപ്പെടുത്തണമെന്നും ആഹ്വാനംചെയ്തപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കുശാലായി. കോണ്‍ഗ്രസ് എല്ലാക്കാലത്തും ഗ്രൂപ്പ് പോരാട്ടങ്ങളുടെ വേദിയാണ്. അധികാരവും സമ്പത്തുംകൊണ്ട് നെഹ്റുകുടുംബം മേധാവിത്വം ഉറപ്പിച്ചതിനാല്‍ അതിനുകീഴെനിന്ന് കളിക്കാനുള്ള ത്രാണിയേ ബാക്കി നേതാക്കള്‍ക്കുള്ളു.

നെഹ്റുകുടുംബത്തിന് ഭീഷണിയാകുന്ന ഒരു നേതാവും കോണ്‍ഗ്രസില്‍ വളരില്ല. നെഹ്റു കുടുംബത്തെ വാഴ്ത്തി അവര്‍ക്ക് കീഴ്പെട്ട് നില്‍ക്കുന്നവര്‍, ഓരോ സ്ഥലത്തും പരസ്പരം ഗ്രൂപ്പുകളായി പടവെട്ടുന്നു. കേരളത്തിലും അതിന്റെ ഭാഗമായി നാലോ അഞ്ചോ ഗ്രൂപ്പുകളുണ്ട്. അവര്‍ തമ്മില്‍ അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടമാണ് വ്യാപകമായി നടക്കുന്നത്. അത് മറച്ചുവയ്ക്കുകയെന്നതാണ് മാധ്യമങ്ങള്‍ ചെയ്തുവന്നിരുന്നത്. അവര്‍ക്കുപോലും അന്ന് അസാദ്ധ്യമായവിധം ഗ്രൂപ്പുപോര് മൂത്ത് ചോരയും ചലവും പൊട്ടിയൊലിക്കുന്ന നിലയാണിന്ന്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടായിരുന്ന ധാരണ തൊലിപ്പുറമെയുള്ളതു മാത്രമായിരുന്നുവെന്ന് ഇതോടെ തെളിയുന്നു. കമ്യൂണിസ്റ്റ് ഭരണത്തെ കേരളത്തില്‍ ഒഴിവാക്കിയെടുക്കാന്‍ വലതുപക്ഷ ശക്തികള്‍ ഉണ്ടാക്കുന്ന ഐക്യവും മുന്നണിയും അതി ദുര്‍ബലവും, താല്‍ക്കാലികവും, കൃത്രിമവുമാണ്. വൈരുദ്ധ്യങ്ങളുടെ കൂടാരമാണത്. കോണ്‍ഗ്രസ് പാര്‍ടിതന്നെ പല കഷണങ്ങളാണെന്ന് തുറന്നുകാട്ടുന്നതിലേക്ക് എത്തിച്ചുവെന്നതാണ് കേരള യാത്രകൊണ്ട് കേരളത്തിനു ലഭിച്ച മഹാഭാഗ്യം.

അഡ്വ. കെ അനില്‍കുമാര്‍ chintha weekly

ആന്റണിയുടെ ദിവാസ്വപ്നം

എ കെ ആന്റണിയുടെ "മഹത്തായ" പാര്‍ടിക്ക് തീപിടിച്ചെന്നും എരിയുന്ന തീയില്‍ എണ്ണയൊഴിക്കരുതെന്നും അദ്ദേഹം സ്വന്തം അനുയായികളോടും സഹപ്രവര്‍ത്തകരോടും താണുകേണപേക്ഷിച്ചതു കണ്ടപ്പോള്‍ സഹതപിക്കാതിരിക്കാന്‍ വയ്യ. സ്വന്തം പാര്‍ടി തീപിടിച്ച് കത്തിയമരുന്നതില്‍ ആശങ്കാകുലനായ ആന്റണി സിപിഐ എം തകരുകയാണെന്ന് ദിവാസ്വപ്നം കാണുന്നതില്‍ ആക്ഷേപിക്കേണ്ടതില്ലെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, ആന്റണി പഴയ ആന്റണിയല്ല, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാണ്. ആന്റണി പണ്ടുപറഞ്ഞ "വിലപ്പെട്ട" അഭിപ്രായം അത്രപെട്ടെന്ന് മറക്കാനും വയ്യ. സിപിഐ എം നൂറുവര്‍ഷത്തേക്ക് അധികാരത്തില്‍ തിരിച്ചുവരില്ലെന്നാണ് അദ്ദേഹം പറഞ്ഞുകളഞ്ഞത്. അന്നത്തെ ശാപവചനത്തിന് എന്തു സംഭവിച്ചു എന്ന് ആന്റണിയെ ഓര്‍മിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല. ആ ശാപവചനത്തില്‍ മാത്രമായി അദ്ദേഹം ഒതുങ്ങിനിന്നില്ല. കമ്യൂണിസം കാലഘട്ടവുമായി പൊരുത്തപ്പെടുന്നതല്ലെന്നും സിപിഐ എമ്മിന്റെ ബഹുജന പിന്തുണ കുറഞ്ഞുവരികയാണെന്നും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയമായ കാരണമോ വിശദീകരണമോ നല്‍കാതെയാണ് ഇത്രയും കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ആന്റണിയുടെ പുതിയ വെളിപാടും ദിവാസ്വപ്നം മാത്രമാണെന്നു പറയാന്‍ കാരണം.

ഏതു കാലഘട്ടത്തെപ്പറ്റിയാണ് ആന്റണി പറയുന്നത്. 1991ല്‍ സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടി ഉണ്ടായി എന്നത് നേരാണ്. അത് മാര്‍ക്സിസം ലെനിനിസത്തിന്റെ പരാജയമല്ല. മാര്‍ക്സിസത്തില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണ് തിരിച്ചടിക്കും താല്‍ക്കാലികമായ തകര്‍ച്ചയ്ക്കും കാരണമെന്ന് സിപിഐ എമ്മിന്റെ 14-ാം കോണ്‍ഗ്രസ് വ്യക്തമായി വിലയിരുത്തി. സോവിയറ്റ് യൂണിയനു പുറകെ ചൈനയും തകരാന്‍ പോവുകയാണെന്ന് സോഷ്യലിസ്റ്റ് വിരോധികള്‍ പ്രചരിപ്പിച്ചു. ടിയാനെന്‍മെന്‍ ചത്വരത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അത്. എന്നാല്‍, ചൈന തകര്‍ന്നില്ല. ലോകത്തിലെ രണ്ടാമത്തെ സമ്പന്നരാഷ്ട്രത്തിന്റെ പദവിയിലേക്കുയര്‍ന്നു. വിയറ്റ്നാം, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ചുനിന്ന് മുന്നേറുകയാണ്. ആഗോളവല്‍ക്കരണനയത്തിന് ബദലുണ്ടെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തെളിയിക്കുന്നു.

കാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത മുതലാളിത്ത പാതയുടെ പാപ്പരത്തമാണ്. 2008ല്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള അമേരിക്ക സാമ്പത്തിക പ്രതിസന്ധിയുടെ അഗാധമായ ചുഴിയില്‍ അകപ്പെട്ടു. നാലുവര്‍ഷം കഴിഞ്ഞിട്ടും കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. സാമ്പത്തിക കുഴപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ രൂക്ഷഭാവത്തോടെ വ്യാപിക്കുകയാണുണ്ടായത്. യൂറോപ്യന്‍രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ചെലവുചുരുക്കല്‍ നടപ്പാക്കി. അതിനെതിരെ തൊഴിലാളിവര്‍ഗം തെരുവിലിറങ്ങി. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ആരംഭിച്ചു. നിങ്ങള്‍ ഒരു ശതമാനം ഞങ്ങള്‍ 99 ശതമാനം എന്ന മുദ്രാവാക്യം തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു. കുഴപ്പം അതേ തോതിലല്ലെങ്കിലും ഇന്ത്യയെയും ബാധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനമായി കുറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് കൂടി. കയറ്റുമതി ഗണ്യമായി കുറഞ്ഞു. വിദേശ മൂലധന നിക്ഷേപം പ്രതീക്ഷിച്ചപോലെ വന്നില്ല. കാര്‍ഷികമേഖലയും തകര്‍ന്നു. ദിവസം ശരാശരി 47 കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിവിശേഷം സംജാതമായി.

ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി അഴിമതി എല്ലാ മേഖലയിലും വ്യാപിച്ചു. 2ജി സ്പെക്ട്രത്തിലൂടെയുണ്ടായ നഷ്ടം 1,76,000 കോടി രൂപയെങ്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതിലൂടെയുള്ള നഷ്ടം 1,86,000 കോടിരൂപയായി. ഇതാണോ ആന്റണി പറയുന്ന പുതിയ കാലഘട്ടം. റെയില്‍വേ ബോര്‍ഡില്‍ അംഗമാകാന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്‍ ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങി. സിബിഐ ഉന്നതന്‍ ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പിടികൂടി. ഇതൊക്കെ ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാതിരുന്നാല്‍ രക്ഷപ്പെടാം. അതുകൊണ്ട് വിവാദം കമ്യൂണിസത്തെപ്പറ്റിയാകട്ടെ. മാധ്യമങ്ങള്‍ നന്നായി തുണച്ചാല്‍ വിവാദം കമ്യൂണിസത്തെ കേന്ദ്രീകരിച്ചായിരിക്കും. അതായിരുന്നു ആന്റണിയുടെ കണക്കുകൂട്ടല്‍. ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതായി കാണുന്നില്ല. വീണ്ടും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവും ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പും ഒക്കെയായി വിവാദം കൊഴുക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നായര്‍ രമേശ് ചെന്നിത്തലനായരുടെ ദേഹരക്ഷയ്ക്കായി അഞ്ചു പൊലീസുകാരെ അയച്ചുകൊടുത്തു. രാധാകൃഷ്ണന്‍നായരുടെ പൊലീസിന്റെ അംഗരക്ഷ തനിക്കുവേണ്ടെന്നും ഉടന്‍തന്നെ പൊലീസുകാരെ തിരിച്ചെടുക്കണമെന്നും രമേശന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും പുതിയ അങ്കത്തിനു തയ്യാറെടുക്കുന്നതായി വാര്‍ത്ത കാണുന്നു. ഈ സാഹചര്യത്തില്‍ ആന്റണിയുടെ കാലഹരണസിദ്ധാന്തം പച്ചപിടിക്കുന്ന മട്ടൊന്നും കാണുന്നില്ല. എന്നിരുന്നാലും പറഞ്ഞത് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായതുകൊണ്ട് ചിലത് ചൂണ്ടിക്കാണിക്കണമെന്നുണ്ട്.

ശ്രീമാന്‍ ആന്റണി പൂവിട്ട് പൂജിക്കുന്ന മുതലാളിത്തപാതയെ ബാധിച്ച കടുത്ത പ്രതിസന്ധി മൂടിവയ്ക്കാന്‍ കഴിയില്ല. മാനവരാശിയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശേഷി മുതലാളിത്ത വ്യവസ്ഥയ്ക്കില്ല. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പകരം സോഷ്യലിസമാണ് എന്ന ചിന്ത കൂടുതല്‍ കൂടുതല്‍ ജനവിഭാഗത്തിനിടയില്‍ വ്യാപിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒന്നരനൂറ്റാണ്ടുമുമ്പ് പ്രസിദ്ധീകരിച്ച കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ കോപ്പി അന്വേഷിച്ച് ഗ്രന്ഥാലയങ്ങള്‍ തേടിപ്പോകാന്‍ ബുദ്ധിജീവികള്‍ തയ്യാറായത്. വത്തിക്കാന്‍ സിറ്റിയില്‍ നിന്നുപോലും മൂലധനം എന്ന ഗ്രന്ഥത്തിനായുള്ള അന്വേഷണം വന്നു. കമ്യൂണിസം കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമാകുന്ന ലക്ഷണമാണത്. കമ്യൂണിസവും കാലഘട്ടവും തമ്മിലുള്ള ബന്ധം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. 1848ല്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ് കമ്യൂണിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്ന്. മാനിഫെസ്റ്റോയ്ക്ക് 1872ല്‍ എഴുതിയ മുഖവുരയില്‍ മാര്‍ക്സും എംഗല്‍സും പറയുന്നു: ""കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ സ്ഥിതിഗതികള്‍ക്കെത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോ ഉള്‍ക്കൊള്ളുന്ന പൊതുതത്വങ്ങള്‍ മൊത്തത്തില്‍ അന്നത്തെപ്പോലെതന്നെ ഇന്നും ശരിയാണ്. വിശദാംശങ്ങളില്‍ അങ്ങും ഇങ്ങും ചില ഭേദഗതികള്‍ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടെ എപ്പോഴായാലും ശരി, ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണ് രണ്ടാംഭാഗത്തിന്റെ അവസാനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍കൊടുക്കാതിരുന്നത്. ഇന്നായിരുന്നുവെങ്കില്‍ ആ ഭാഗം പലപ്രകാരത്തിലും വ്യത്യസ്ത രീതിയിലാവും എഴുതുക.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ആധുനിക വ്യവസായത്തിലുണ്ടായ വമ്പിച്ച പുരോഗതി, അതിനെത്തുടര്‍ന്ന് തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി സംഘടനയ്ക്ക് കൈവന്നിട്ടുള്ള അഭിവൃദ്ധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തില്‍നിന്നും പിന്നീട് അതിലുപരിയായി തൊഴിലാളിവര്‍ഗത്തിന് ചരിത്രത്തിലാദ്യമായി രണ്ടുമാസം തികച്ചും രാഷ്ട്രീയാധികാരം കൈവശം വയ്ക്കാനിടയാക്കിയ പാരീസ് കമ്യൂണില്‍നിന്നും ലഭിച്ച പ്രായോഗിക അനുഭവങ്ങള്‍- ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ഈ പരിപാടി ചില വിശദാംശങ്ങളില്‍ പഴഞ്ചനായി തീര്‍ന്നിട്ടുണ്ട്"". കാല്‍ നൂറ്റാണ്ടിനിടയില്‍ത്തന്നെ ചില ഭാഗങ്ങള്‍ പഴഞ്ചനായിട്ടുണ്ടെന്ന് മാര്‍ക്സും എംഗല്‍സും തുറന്ന് സമ്മതിച്ചകാര്യമാണ്. അതേരീതിയില്‍ ഒന്നരനൂറ്റാണ്ട് കഴിയുമ്പോള്‍ ചില ഭാഗങ്ങള്‍ പഴഞ്ചനാവുക സ്വാഭാവികമാണ്.

മാര്‍ക്സിസം വരട്ട് തത്വവാദമല്ല. വള്ളിപുള്ളി വ്യത്യാസം വരുത്താന്‍ പാടില്ലാത്ത വേദപുസ്തകവുമല്ല. അത് എല്ലാ അര്‍ഥത്തിലും ശാസ്ത്രമാണ്. ശാസ്ത്രം സത്യമാണ്. അതോടൊപ്പം ശാസ്ത്രം വളരുന്നതാണ്. നവഗ്രഹങ്ങള്‍ എന്നതിന് മാറ്റം വന്നില്ലേ? പുതിയ ഗ്രഹങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രം പറഞ്ഞില്ലേ? ചന്ദ്രനിലേക്ക് യാത്ര നടത്തിയില്ലേ? ദൈവകണം എന്ന് ചിലര്‍ പറയുന്ന നവകണങ്ങള്‍ കണ്ടെത്തി. അതേപോലെ ഒരു ശാസ്ത്രമായ മാര്‍ക്സിസം മാറ്റത്തിന് വിധേയമാണ്. എല്ലാം മാറ്റത്തിന് വിധേയമാണ്. മാറ്റം എന്ന പ്രതിഭാസമാണ് ശാശ്വതമായത്. മാര്‍ക്സിസം ഓരോ രാജ്യത്തുമുള്ള മൂര്‍ത്ത സാഹചര്യം ശരിയായി വിശകലനംചെയ്ത് പഠിച്ചാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കാലഹരണം എന്ന ദൂഷ്യം മാര്‍ക്സിസത്തിനില്ലെന്ന് ആന്റണി മനസ്സിലാക്കിയാല്‍ കൊള്ളാം.ആന്റണിയുടെ വിലയിരുത്തല്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യം വിലയിരുത്തിക്കൊണ്ടുള്ളതല്ല. വ്യാമോഹം മാത്രമാണ്. ആന്റണിയുടെകൂടി നേതാവായി ഉയര്‍ന്നുവന്ന രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ക്കൊരുപദേശം തന്നു. അത് തനിവിവരദോഷത്തിന്റെ പ്രതിഫലനമായിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ എഴുതിയ വിശ്വചരിത്രാവലോകനം എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി ഒരു തവണ വായിക്കാന്‍ രാഹുലെന്ന ചെറുപ്പക്കാരനോടുപദേശിക്കുകയാണ്. ഇന്ദിര ജനിച്ച വര്‍ഷം 1917 ആണെന്ന് നെഹ്റു ഓര്‍മിപ്പിക്കുന്നു. അതിന്റെ മാഹാത്മ്യം വരച്ചുകാണിക്കുന്നു.

സോവിയറ്റ് യൂണിയനില്‍ സന്ദര്‍ശനം നടത്തിയതിനെ നെഹ്റു ഓര്‍മിപ്പിക്കുന്നു. 1932-33 കാലഘട്ടത്തില്‍ ജയിലില്‍നിന്നാണ് തന്റെ മകള്‍ ഇന്ദിരയ്ക്ക് നെഹ്റു കത്തെഴുതിയത്. അതില്‍ മാര്‍ക്സിസം പഠിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും മാര്‍ക്സിസ്റ്റ് പഠനം പ്രയോജനപ്പെടുമെന്നും നെഹ്റു ഇന്ദിരയെ ഉപദേശിക്കുന്നു. മാര്‍ക്സിസം എന്ന വിപ്ലവശാസ്ത്രം പ്രയോഗത്തില്‍ വരുത്തിയ സോവിയറ്റു യൂണിയന്റെ അത്ഭുതകരമായ വളര്‍ച്ചയിലും പുരോഗതിയിലും വികസനത്തിലും നെഹ്റു മതിപ്പ് പ്രകടിപ്പിച്ചു. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതിയെയും പുകഴ്ത്തി. പഞ്ചവത്സരപദ്ധതി മുതലാളിത്തവ്യവസ്ഥയില്‍ നടപ്പാക്കാനുള്ളതല്ലെങ്കിലും നെഹ്റു അത് ഇന്ത്യയില്‍ നടപ്പാക്കി. 12-ാം പഞ്ചവത്സരപദ്ധതിയുടെ ഒന്നാംവര്‍ഷത്തിലാണ് നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

1929ല്‍ നെഹ്റുവിന്റെ വന്ദ്യപിതാവ് മോത്തിലാല്‍ നെഹ്റു അന്നത്തെ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നടത്തിയ പ്രസംഗവും രാഹുല്‍ വായിച്ചാല്‍ നന്ന്. ബ്രിട്ടീഷ് ഭരണാധികാരികളുടെ മുഖത്ത് നോക്കി മോത്തിലാല്‍ പറഞ്ഞു: ""ആശയം ഇന്ത്യയില്‍ പ്രവേശിക്കുന്നത് മുള്ളുവേലി കെട്ടി തടയാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതില്ല. എനിക്ക് പരിചയമുള്ള കമ്യൂണിസ്റ്റുകാര്‍ ത്യാഗികളാണ്. ആത്മാര്‍ഥതയുള്ളവരാണ്. സത്യസന്ധതയുള്ളവരാണ്. ധീരന്മാരാണ്"". മീറത്ത് ഗൂഢാലോചനക്കേസ് വിചാരണ ചെയ്യുന്ന കാലഘട്ടത്തിലാണ് മോത്തിലാല്‍ പ്രസംഗിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസമാണ് ഭാവിയുടെ പ്രതീക്ഷ. മുതലാളിത്തവ്യവസ്ഥയുടെ നാശം അനിവാര്യമാണ്. സോഷ്യലിസത്തിന്റെ അന്തിമവിജയവും അനിവാര്യമാണ്. രാഹുലിന്റെ ഉപദേശവും അതിന്റെ ചുവടുപിടിച്ചുള്ള ആന്റണിയുടെ ജല്‍പ്പനങ്ങളും ജനങ്ങള്‍ തള്ളുമെന്ന് ഇരുവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

വി വി ദക്ഷിണാമൂര്‍ത്തി deshabhimani

സ്വാഗതാര്‍ഹമായ കരാര്‍

ചൈനയുടെ പുതിയ പ്രധാനമന്ത്രി ലീ കെചിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യവും തമ്മിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാണെന്നു കാണുന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കാനുതകുന്ന എട്ട് കരാറില്‍ ഇരു രാജ്യവും ഒപ്പുവച്ചത് സ്വാഗതാര്‍ഹമായ കാല്‍വയ്പാണ്. ലഡാക്കില്‍ ഈയിടെയുണ്ടായ അസാധാരണ സംഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ തീരുമാനിച്ചത് നയതന്ത്രബന്ധത്തിന്റെ വിജയമാണ്.

ഇന്ത്യയും ചൈനയും അയല്‍ രാജ്യങ്ങളാണ്. രണ്ടു രാജ്യവും ഒന്നിച്ചുചേര്‍ന്നാല്‍ ലോകത്തിലെ വന്‍ശക്തിയായി മാറും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന ബ്രിക്സ് സഖ്യം ഈയിടെ യോഗം ചേര്‍ന്ന് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിരുന്നു. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ സഖ്യം വമ്പിച്ച പ്രാധാന്യം കൈവരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബല രാഷ്ട്രങ്ങളെ സൈനികശക്തി ഉപയോഗിച്ചുള്ള ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുകയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ എന്നീ രാജ്യങ്ങളെ ആക്രമിച്ചു. സ്വതന്ത്ര രാഷ്ട്രങ്ങളുടെ ഭരണാധികാരികളെയാണ് ആക്രമിച്ചു കീഴ്പ്പെടുത്തിയത്. സദ്ദാംഹുസൈനെ നിഷ്ഠുരമായി കൊലപ്പെടുത്തി. ലിബിയയുടെ ഭരണാധികാരിയായിരുന്ന കേണല്‍ ഗദ്ദാഫിയെയും കൊന്നു. ഇവിടെയൊന്നും സമാധാനവും സൈ്വരജീവിതവും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. രക്തച്ചൊരിച്ചില്‍ തുടരുകയാണ്.

ഇറാഖില്‍ ദിവസവും കൂട്ടമരണം സംഭവിക്കുന്നു. ഇത്തരമൊരു സാഹചര്യം ഏഷ്യയിലും സൃഷ്ടിക്കാന്‍ ക്ഷുദ്രശക്തികള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ചൈന ഇന്ത്യയുടെ അതിര്‍ത്തിക്കകത്തേക്ക് കടന്നുവന്ന് ടെന്റ് കെട്ടിയെന്ന പേരില്‍ ഇരു രാഷ്ട്രത്തെയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിക്കാന്‍ ചില പിന്തിരിപ്പന്‍ മാധ്യമങ്ങളും ശ്രമം നടത്തുകയുണ്ടായി. ചില രാഷ്ട്രീയനേതാക്കളും തെറ്റായ വഴിക്കാണ് സഞ്ചരിച്ചത്. അത്തരക്കാര്‍ക്ക് ഈ കരാര്‍ നിരാശയ്ക്ക് കാരണമായേക്കാം. എന്നാല്‍, ഇരു രാഷ്ട്രത്തിന്റെയും ഭാവിക്ക് സഹായകമാണ് ഈ കരാര്‍ എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്. ഫാഹിയാന്‍, ഹു യാന്‍സാങ്, ഇറ്റ്സിങ് എന്നീ മഹാന്മാരുടെ ഇന്ത്യാ സന്ദര്‍ശനം ഓര്‍മയില്‍ വരുന്നതാണ്. നളന്ദയും തക്ഷശിലയുമൊക്കെ ആകര്‍ഷണകേന്ദ്രമായിരുന്നു.

1947ല്‍ ഇന്ത്യ സാമ്രാജ്യത്വ നുകത്തില്‍നിന്ന് മോചനം നേടി. ചൈന 1949ലാണ് മോചനം നേടിയത്. മഹാനായ മാവോയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ ജനാധിപത്യവിപ്ലവം വിജയംവരിച്ചു. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രണ്ടാമത്തെ സ്ഥാനം ഇന്ത്യക്കാണ്. തൊള്ളായിരത്തി അമ്പതുകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവച്ചു. വ്യത്യസ്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം എന്നതായിരുന്നു പഞ്ചശീലതത്വങ്ങളുടെ അടിസ്ഥാനപരമായ സമീപനം. പരസ്പര സഹായം, പരസ്പര വിശ്വാസം, പരസ്പര സഹകരണം തുടങ്ങിയ തത്വങ്ങള്‍ ഇരു രാഷ്ട്രത്തിനും സ്വീകാര്യമായി കണ്ടു. 1962ല്‍ അപ്രതീക്ഷിതമായുണ്ടായ അതിര്‍ത്തിത്തര്‍ക്കം മഹത്തായ രണ്ട് അയല്‍രാജ്യങ്ങളുമായുണ്ടായ പരസ്പര ബന്ധത്തില്‍ പോറലേല്‍പ്പിച്ചു. ഇതോടെ ചൈനാവിരുദ്ധ ജ്വരം വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. അതീവ സങ്കുചിതമായ ചൈനാവിരുദ്ധ വികാരത്തോടൊപ്പം പുരോഗമനചിന്തകരെന്ന് അഭിമാനിക്കുന്ന ചിലര്‍പോലും ഒഴുകിപ്പോയി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും രണ്ടഭിപ്രായമുണ്ടായി. പിന്നീട് സിപിഐ എം ഉറച്ച നിലപാടെടുത്തു. ഇന്ത്യ-ചൈനാ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായ കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കണമെന്നും യുദ്ധം പാടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു മാക്മോഹന്‍ രേഖയായിരുന്നു. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ പേരിലുള്ള തര്‍ക്കം യുദ്ധത്തിലൂടെയല്ല സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത് എന്നായിരുന്നു ഇ എം എസ് ആസേതുഹിമാചലം സഞ്ചരിച്ച് സംസാരിച്ചത്. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചു. ചൈന കൈവശംവച്ച 12,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തുറന്ന യുദ്ധത്തിലൂടെ തിരിച്ചുപിടിക്കണമെന്ന് ജനസംഘം ഉള്‍പ്പെടെ വാദിച്ചു. ആ പാര്‍ടിയുടെ നേതാവ് അദ്വാനി വിദേശകാര്യമന്ത്രിയായിട്ടും വാജ്പേയി പ്രധാനമന്ത്രിയായിട്ടും തിരിച്ചുപിടിക്കല്‍ നടന്നില്ല. കൂടിയാലോചനയാണ് തുടര്‍ന്നത്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും സിപിഐ എം അന്ന് പറഞ്ഞതായിരുന്നു ശരിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. കൂടിയാലോചനയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ലെന്ന് എല്ലാവര്‍ക്കും വ്യക്തമായി.

ഇതിനിടയ്ക്ക് പലപ്പോഴും ഇന്ത്യക്കകത്തെ അമേരിക്കന്‍ ലോബിയും അവരോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ ശ്രമം നടത്തി. അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ഞങ്ങള്‍ ആരുടെയും ചാരന്മാരല്ല, ഇന്ത്യന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പൗരന്മാരാണെന്നും ഇന്ത്യയെ ആത്മാര്‍ഥതയോടെ സ്നേഹിക്കുന്ന യഥാര്‍ഥ ദേശാഭിമാനികളാണെന്നും തെളിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിലും ഇന്ത്യ- ചൈനാ ബന്ധം ശക്തിപ്പെട്ടുവരുന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതിയായ സന്തോഷവുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൗഹൃദബന്ധം അരക്കിട്ടുറപ്പിക്കലാണ് രാജ്യസ്നേഹപരമായ നിലപാടെന്ന് വീണ്ടും പറയുന്നു. ഈ വഴിക്കുള്ള എല്ലാ നീക്കത്തിനും വിജയം ആശംസിക്കുന്നു. പാകിസ്ഥാനുമായും എല്ലാ അയല്‍രാജ്യങ്ങളുമായും ഇതേ സൗഹൃദബന്ധം വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി എന്ന മുദ്രാവാക്യവും ഞങ്ങള്‍ അപ്പുറത്തുള്ളവരെ ഓര്‍മിപ്പിക്കാനാഗ്രഹിക്കുന്നു.

deshabhimani editorial 210513

പൊലീസിന് മാനദണ്ഡം ജാതിയും രാഷ്ട്രീയവും

കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.

"വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് ഐപിഎസ് റാങ്ക് നിഷേധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞതാകട്ടെ, കോണ്‍ഗ്രസ് നേതാവുകൂടിയായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ്. രണ്ട് പ്രസ്താവങ്ങളും കേരളത്തിലെ പൊലീസ് ഭരണത്തിന്റെ നിറുകയിലാണ് ചെന്നുകൊള്ളുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് ഇതുപറയുന്നത് എന്നതുകൊണ്ട് ഈ അവസ്ഥ എങ്ങനെയുണ്ടായി എന്ന് വീശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബാധ്യസ്ഥരാവുന്നുണ്ട്. ജാതി മാത്രമല്ല, മറ്റൊന്നുകൂടി പൊലീസിന്റെ നീതിനടത്തിപ്പില്‍ മാനദണ്ഡമാവുന്നുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യമില്ല. അത് രാഷ്ട്രീയമാണ്.

ഭരണ രാഷ്ട്രീയക്കാരനാണെങ്കില്‍ ഒരു നീതി. പ്രതിപക്ഷത്താണെങ്കില്‍, പ്രത്യേകിച്ച് സിപിഐ എം കൂടിയാണെങ്കില്‍ മറ്റൊരു നീതി. ഇത് സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്തകൂടി മന്ത്രി, എഡിജിപി എന്നിവരുടെ പ്രസ്താവങ്ങള്‍ വന്ന അതേദിവസത്തെ പത്രത്തില്‍ കണ്ടു. അത് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നുവെന്നതാണ്. ഐപിസിയിലെ 134, 147, 283, 149, 294 ബി എന്നിവയും കേരള പൊലീസ് നിയമത്തിലെ 117ഇയും അനുസരിച്ചാണ് കേസ്. കണ്ണില്‍കണ്ട വകുപ്പുകളൊക്കെയനുസരിച്ച് കേസെടുക്കാന്‍മാത്രം പി ജയരാജന്‍ എന്താണ് കുറ്റം ചെയ്തത്? അദ്ദേഹം പ്രസംഗത്തിനിടെ ഒരു പൊലീസ് ഓഫീസറെ ഒന്ന് വിമര്‍ശിച്ചുപോയി. പഴയ ഈ കോണ്‍ഗ്രസുകാരന്‍ ഇപ്പോഴും കോണ്‍ഗ്രസിനുവേണ്ടി പൊലീസിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞുവത്രെ. താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടയിലാണ് പി ജയരാജന്‍ പൊലീസിനെ വിമര്‍ശിച്ചത്. വിമര്‍ശിച്ചാലുടന്‍ കേസ്! വൈരനിര്യാതനത്തിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വേണോ? പൊലീസ് ഓഫീസര്‍ക്ക് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാനുള്ളതാണോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകള്‍?

ഇത് സ്വതന്ത്ര ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനാപരമായിത്തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് ഐജി തിരുവായ്ക്കെതിര്‍വായ മിണ്ടാനനുവദിക്കാത്ത പണ്ടത്തെ രാജാവ് ചമയാനാണ് ഭാവമെങ്കില്‍ ആ ശ്രമത്തില്‍ അയാളൊരു കോമാളിയാവുകയേയുള്ളൂവെന്നും ഈ ഐജിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇത്തരം ഐജിമാരെ കയറൂരി വിടുന്നതല്ല പൊലീസ് ഭരണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരെങ്കിലും പറഞ്ഞുകൊടുക്കണം. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടെയും നേതാക്കളെ നാടുകടത്തുക, സിപിഐ എം നേതാക്കളുടെ ഭാര്യയെയും മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇതിനെ പൊതുവേദിയില്‍ വിമര്‍ശിച്ചാലുടന്‍ കേസെടുക്കുക. ഇതിനൊക്കെ ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു? പൊലീസ് വകുപ്പിനെ ഭരിക്കാന്‍ കെല്‍പ്പുള്ളയാളാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ഇത്തരം വേഷങ്ങള്‍ ഇളകിയാട്ടത്തിന് പുറപ്പെടില്ല എന്നുമാത്രം ഈ ഘട്ടത്തില്‍ പറയട്ടെ. ഇവിടെ പ്രശ്നം അതല്ല. ജാതിയും രാഷ്ട്രീയവുമാവുന്നു പൊലീസ് ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്നതാണ്. നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് ഇതു കാണിക്കുന്നത്. ഭരണഘടനാസ്വാതന്ത്ര്യങ്ങള്‍ ധ്വംസിക്കാനുള്ള ജനാധിപത്യവിരുദ്ധമായ അമിതാധികാര ത്വരയെയാണിത് കാണിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമാവും നാളെ അപകടത്തിലാവുക. അതൊക്കെ പന്തുതട്ടിക്കളിക്കാനുള്ള അധികാരമല്ല പൊലീസ് ഓഫീസറുടെ യൂണിഫോമിലെ ചിഹ്നം.

ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പരസ്യമായി പറഞ്ഞിട്ടും കെ സുധാകരനെതിരെ കേസില്ല. നാല്‍പ്പാടി വാസുവിനെ വധിച്ചതില്‍ കെ സുധാകരനുള്ള പങ്ക് അന്നത്തെ കൂട്ടാളിതന്നെ പരസ്യപ്പെടുത്തിയിട്ടും സുധാകരനെതിരെ കേസില്ല. കൊലപാതകത്തിന് പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനംചെയ്താലും പി കെ ബഷീറിനെതിരെ കേസില്ല. കാരണം; ഇവരൊക്കെ ഭരണകക്ഷിക്കാര്‍. അതേസമയം പൊതുപ്രസംഗത്തില്‍ പൊലീസിനെ വിമര്‍ശിച്ചാല്‍ എളമരം കരീം മുതല്‍ പി ജയരാജന്‍വരെയുള്ളവര്‍ക്കെതിരെ ഉടനടി കേസ്. കാരണം ഇവരൊക്കെ സിപിഐ എംകാര്‍. ഈ ഇരട്ടത്താപ്പാണ് പൊലീസ് നടപടികളില്‍ തുടരെ തെളിയുന്നത്. ഇതിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് എഡിജിപിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഒരു അഡീഷണല്‍ ഡിജിപിതന്നെ ഉയര്‍ത്തിയിട്ടുള്ള ചോദ്യം അനാഥമായിക്കൂടാ. കേരളത്തിന്റെ മനഃസാക്ഷിയില്‍ മുഴങ്ങേണ്ട ചോദ്യമാണിത്.

കേരളത്തിലെ പൊലീസ് ഭരണത്തിന്റെ വികലമായ മനോഭാവത്തിലേക്കാണത് വെളിച്ചംവീശുന്നത്. പൊലീസ് വകുപ്പിലെതന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുകയും അവരോട് വിവേചനം കാട്ടുകയും ചെയ്യുന്നതിന് തെളിവുണ്ട് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. പരിശോധിക്കപ്പെടേണ്ട കാര്യമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുംതന്നെ വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമബാഹ്യമായ ഘടകങ്ങളാണ് മാനദണ്ഡങ്ങളാവുന്നത് എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിത്യേനയെന്നോണം ജനങ്ങള്‍ക്ക് നിയമനടത്തിപ്പിലെ വിവേചനം നിരവധിയായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസിന്റെയും പൊലീസ് ഭരണത്തിന്റെയും വിശ്വാസ്യത ചോര്‍ന്നുപോവുകയാണ്. പൊലീസിന്റെ വിശ്വാസ്യത സര്‍ക്കാര്‍തന്നെ വിവേചന നടപടികളിലൂടെ ചോര്‍ത്തിയാല്‍ സമൂഹത്തില്‍ അരാജകാവസ്ഥയുണ്ടാവാന്‍ വേറൊന്നും വേണ്ട. കേരളത്തെ അത്തരം ആപത്തുകളിലേക്ക് നയിക്കുകയാണ് യുഡിഎഫ് ഭരണം. ആശങ്കാജനകമായ സ്ഥിതിവിശേഷമാണിത്.

deshabhimani editorial

ലാഭം കൊയ്യുന്ന ഐടി കമ്പനി മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേത്

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടെക്നോപര്‍ക്കിലെ സ്വകാര്യ ഐടി കമ്പനി മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേത്. ഐഎഎസ് ലോബിയുടെയും ഐടി വകുപ്പിന്റെയും സമ്മര്‍ദം മൂലമാണ് സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ഫയലുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കി കൊടുത്തതെന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള കേന്ദ്ര മന്ത്രാലയങ്ങള്‍ നടപ്പാക്കിയ ഇ-ഫയലിങ് സോഫ്റ്റ്വെയറിനെ തള്ളിയാണ് സര്‍ക്കാര്‍ ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിക്ക് നിലകൊണ്ടത്. കേന്ദ്രം വിജയകരമായി നടപ്പാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ഐസി) സോഫ്റ്റ്വെയര്‍ ഇ-ഫയലിങ്ങിന് ഉപയോഗിക്കാനാണ് ആദ്യം മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. പിന്നീട് ഈ തീരുമാനം മാറ്റി ടെക്നോപാര്‍ക്കിലെ കമ്പനി കൊണ്ടുവന്ന സോഫ്റ്റ്വെയര്‍ നടപ്പാക്കി. കലക്ടറേറ്റുകളില്‍ വിജയകരമായി നടപ്പാക്കിയ ഡിസ്ട്രിക്ട് കലക്ടറേറ്റ് സ്യൂട്ട് (ഡിസി സ്യൂട്ട്), മെസേജ്, ഇ-ഓഫീസ് എന്നീ മൂന്ന് സോഫ്റ്റ്വെയറാണ് ഇ-ഫയലിങ്ങിനായി എന്‍ഐസി വികസിപ്പിച്ചത്. പ്രധാനമന്ത്രി കാര്യാലയത്തിലും ഇതര മന്ത്രാലയങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇ-മെസേജ് വിജയകരമായി നടപ്പാക്കി. നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനിന്റെ ഭാഗമായ ദൗത്യമാതൃകയായി ഇ-ഓഫീസ് നിശ്ചയിച്ചു. ഇതു നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഈ സമയത്താണ് സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഡിജിറ്റല്‍ ഡോക്കുമെന്റ് ഫയല്‍ ഫ്ളോ സിസ്റ്റം (ഡിഡിഎഫ്എസ്) നടപ്പാക്കാനായി ടെക്നോപാര്‍ക്ക് കമ്പനി സമീപിക്കുന്നത്. എന്നാല്‍, വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ഇത് നിരസിച്ചു. ഇദ്ദേഹം ഡല്‍ഹിയില്‍ സര്‍വീസിലുള്ളപ്പോഴാണ് വിവിധ മന്ത്രാലയങ്ങളില്‍ ഇ-ഓഫീസ് നടപ്പാക്കിയത്. ആസൂത്രണ ബോര്‍ഡിലും ഇ-ഓഫീസ് നടപ്പാക്കാനായിരുന്നു വൈസ് ചെയര്‍മാന്റെ തീരുമാനം. ചീഫ് സെക്രട്ടറിയായിരിക്കെ ജോസ് സിറിയക്കും ഡിഡിഎഫ്എസ് ഒഴിവാക്കാനും ഇ-ഓഫീസ് നടപ്പാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയും ഇത് അംഗീകരിച്ചു. എന്നാല്‍, ജോസ് സിറിയക് സ്ഥാനത്ത് തുടരുന്നതുവരെ ഐടി വകുപ്പ് ഫയല്‍ പിടിച്ചുവച്ചു.

ജോസ് സിറിയക് സ്ഥാനമൊഴിഞ്ഞ ഉടന്‍ ടെക്നോപാര്‍ക്ക് കമ്പനി അപേക്ഷയുമായി വീണ്ടും സര്‍ക്കാരിനെ സമീപ്പിച്ചു. ഈ അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തു. ഐടി വകുപ്പു മന്ത്രിയും സെക്രട്ടറിയും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ഇതിനായുള്ള സമ്മര്‍ദത്തില്‍ പങ്കാളികളായി. സോണിയാഗാന്ധിയുമായി അടുപ്പമുള്ള ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ ബന്ധുവിന്റേതാണ് ടെക്നോപാര്‍ക്ക് കമ്പനി. അതിനാല്‍ ഐഎഎസ് ലോബിയും ഇതിന് കൂട്ടുനിന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയ എന്‍ഐസിയുടെ പദ്ധതിയില്‍ കേരളത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ അധ്വാനവും ഖജനാവിലെ 1.30 കോടിയും ചെലവിട്ട് സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ പൊലീസില്‍ നടപ്പാക്കിയതിന് പ്രതിഫലമായി 40 ലക്ഷം രൂപ നല്‍കി. ഇതുപോലെ ഓരോ സ്ഥാപനത്തിലും വകുപ്പിലും ഇ-ഫയലിങ് നടപ്പാക്കുമ്പോള്‍ കോടിക്കണക്കിനു രൂപ കമ്പനിക്ക് നല്‍കണം. എന്‍ഐസി സോഫ്്റ്റ്വെയര്‍ വകുപ്പുകള്‍ തമ്മിലും കേന്ദ്രമന്ത്രാലയങ്ങളുമായുള്ള ഫയല്‍ കൈമാറ്റവും സുഗമമാക്കുമായിരുന്നു. ഫയലുകളുടെ രഹസ്യസ്വഭാവും ഉറപ്പായാനേ.

deshabhimani

കോണ്‍ഗ്രസ് വളര്‍ത്തിയ ഭീകരത

ഛത്തീസ്ഗഢിലെ ബസ്തറില്‍ ശനിയാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണം ഞെട്ടലുളവാക്കുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി "പരിവര്‍ത്തന്‍യാത്ര"യ്ക്ക് തുടക്കമിട്ട് ജഗദല്‍പൂരിലേക്ക് പോകുകയായിരുന്ന കോണ്‍ഗ്രസ് വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ മഹേന്ദ്രകര്‍മ, പിസിസി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, അദ്ദേഹത്തിന്റെ മകന്‍ ഗണേശ്, മുന്‍ എംഎല്‍എ എ ഉദയമുതലിയാര്‍ തുടങ്ങി 27 പേര്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വിദ്യചരണ്‍ ശുക്ല ഗുരുതരാവസ്ഥയില്‍ ഗുഡ്ഗാവിലെ ആശുപത്രിയിലാണ്.

മാവോയിസ്റ്റുകള്‍ നടത്തുന്ന ആദ്യ ആക്രമണമല്ല ഇത്. 1969ല്‍ രൂപംകൊണ്ടതു മുതല്‍ ഉന്മൂലന രാഷ്ട്രീയമാണ് അവരുടെ നയം. ചാരുമജുംദാറിന് അനുകൂലവും പ്രതികൂലവുമായി സിപിഐ എംഎല്‍ പലതായി പിളര്‍ന്നെങ്കിലും കൊലപാതകരാഷ്ട്രീയം അവരുടെ പ്രത്യേകതയായി തുടര്‍ന്നു. 2004 സെപ്തംബര്‍ 21നു പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും യോജിച്ച് സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടതു മുതല്‍ "തലകൊയ്യല്‍" രാഷ്ട്രീയത്തിന് ആക്കംകൂടി. ഇതിന്റെ അവസാന ഉദാഹരണമാണ് ബസ്തറിലേത്. രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തുന്ന ആദ്യ ആക്രമണവുമല്ലിത്. 2003ല്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെയും 2008ല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യയെയും മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിച്ചു.

രണ്ടു സംസ്ഥാനത്തും മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നീക്കം തുടങ്ങിയത് ഈ വധശ്രമങ്ങള്‍ക്കു ശേഷമാണ്. രക്തസാക്ഷി പരിവേഷം എടുത്തണിഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രമം. പ്രധാനമന്ത്രി മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ളവരുടെ പ്രസ്താവനകളില്‍ ഇത് വ്യക്തം. മാവോയിസ്റ്റുകളെ സൈനികമായി നേരിടാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയ ശ്രമത്തിന്റെ ഫലംകൂടിയാണ് ബസ്തര്‍ ആക്രമണം. സാമൂഹ്യ-സാമ്പത്തിക പ്രശ്നമായി കണ്ട് പരിഹാരം കാണുന്നതിനു പകരം സൈനികമായി പ്രശ്നം പരിഹരിക്കുന്നതിന് ഛത്തീസ്ഗഢിലെ രമണ്‍സിങ് സര്‍ക്കാരാണ് "സല്‍വജുദും" എന്ന പൊലീസിതര സേനയ്ക്ക് രൂപംനല്‍കിയത്. സംസ്ഥാന ബിജെപി സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കേന്ദ്രവും പിന്തുണച്ചു. സല്‍വജുദൂമിന് നേതൃത്വം നല്‍കിയതാകട്ടെ, സിപിഐയില്‍ നിന്ന് മാധവറാവു സിന്ധ്യയുടെ മധ്യപ്രദേശ് വികാസ് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസിലെത്തിയ മഹേന്ദ്രകര്‍മയും. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ നിന്നു ഗ്രാമീണരെ രക്ഷിക്കാനെന്ന പേരില്‍ രൂപംകൊണ്ട ഈ സേന ലക്ഷക്കണക്കിന് ഗ്രാമീണരെ അഭയാര്‍ഥികളാക്കിയെന്ന് മാത്രമല്ല, അവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്തു. നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് വിധേയരാക്കി. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി "സല്‍വജുദും" ഭരണഘടനാവിരുദ്ധമാണെന്നും അതിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടത്. തീവ്രവാദ പ്രശ്നം സൈനികമായി മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നുകൂടി ഈ സംഭവം വ്യക്തമാക്കുന്നു. ബിജെപി കോണ്‍ഗ്രസ് സഹകരണത്തിനപ്പുറമുള്ള വിശാലമായ കൂട്ടായ്മയിലൂടെയും ആശയസമരത്തിലൂടെയും മാത്രമേ മാവോയിസ്റ്റുകളെ പരാജയപ്പെടുത്താനാകൂ എന്ന യാഥാര്‍ഥ്യം ഭരണാധികാരികള്‍ കണക്കിലെടുക്കാത്തതും നരഹത്യകള്‍ തുടരാന്‍ കാരണമാകുന്നു.

മാവോയിസ്റ്റുകളെ സൈനികമായി നേരിടാന്‍ ശ്രമിക്കുമ്പോള്‍തന്നെ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുന്ന ഒരു സമീപനവും കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. മാവോയിസ്റ്റ് ശക്തികേന്ദ്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബസ്തര്‍ സംഭവം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി രമണ്‍സിങ് നയിക്കുന്ന വികാസ് യാത്രയ്ക്ക് ആവശ്യത്തിന് സംരക്ഷണം നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍യാത്രയ്ക്ക് സംരക്ഷണം നല്‍കിയില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ളതും അവരുടെ പരിശീലന ക്യാമ്പുകള്‍ പോലുമുള്ള ദര്‍ഹ കുന്നുകളിലൂടെയുള്ള വഴി മഹേന്ദ്രകര്‍മയും മറ്റും ജഗദല്‍പൂരിലേക്ക് പോകാന്‍ എന്തിന് തെരഞ്ഞെടുത്തെന്ന സംശയം ബാക്കിനില്‍ക്കുന്നു. രാഷ്ട്രീയലാഭത്തിന് തീവ്രവാദവുമായി സന്ധിചെയ്യുന്ന സമീപനം ഇനിയെങ്കിലും പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. പശ്ചിമബംഗാളില്‍ മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോവാദികളും തമ്മില്‍ നന്ദിഗ്രാമിലും ജംഗള്‍മഹലിലും കൈകോര്‍ത്തപ്പോള്‍ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മമത ബാനര്‍ജി മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുമായി സംഭാഷണം നടത്തുക പോലുമുണ്ടായി. അന്ന് തൃണമൂലിനൊപ്പം ഭരണം പങ്കിടുകയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഇടതുതീവ്രവാദമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴായിരുന്നു അവരുമായി പരസ്യമായി ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനവുമായി കോണ്‍ഗ്രസ് ഭരണം പങ്കിട്ടത്.

ത്രിപുരയില്‍ വിഘടനവാദ പ്രസ്ഥാനത്തിന്റെ കൊടി ഉയര്‍ത്തിയ ത്രിപുര ഉപജാതി ജുബസമിതിയുമായും ഇപ്പോള്‍ അതിന്റെ തന്നെ വകഭേദമായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായും കോണ്‍ഗ്രസിനുള്ള ബന്ധം പരസ്യമായി തുടരുന്നു. പഞ്ചാബില്‍ അകാലിദളിന്റെ രാഷ്ട്രീയകുത്തക തകര്‍ക്കാന്‍ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും കോണ്‍ഗ്രസായിരുന്നു. അതിനവര്‍ക്ക് നല്‍കേണ്ടിവന്നത് ഇന്ദിരാഗാന്ധിയുടെ ജീവനായിരുന്നു. അസമില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നയം തീവ്രവാദികളെ സഹായിക്കുന്നതാണ്. എല്‍ടിടിഇക്ക് ആയുധവും പരിശീലനവും നല്‍കി വളര്‍ത്തിയതും കോണ്‍ഗ്രസ് തന്നെ. അവസാനം അവര്‍ക്കെതിരെ ഇന്ത്യന്‍ സമാധാന സേനയെയും രാജീവ്ഗാന്ധി സര്‍ക്കാര്‍ അയച്ചു. അവസാനം എല്‍ടിടിഇ തന്നെ രാജീവ് ഗാന്ധിയുടെ ജീവനെടുത്തു. ഈ തെറ്റുകളില്‍നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിച്ചിട്ടില്ലെന്ന് ബസ്തര്‍ സംഭവവും തെളിയിക്കുന്നു.

deshabhimani editorial 270513

ചന്ദ്രശേഖരന്‍ കേസ്: സിഐയുടെ മൊഴിയില്‍ വൈരുധ്യം

ചന്ദ്രശേഖരന്‍ വധക്കേസില്‍ 149-ാം സാക്ഷിയായി പാനൂര്‍ സിഐ ജയന്‍ ഡൊമ്നിക്കിനെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിസ്തരിച്ചു. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് കോടതിയില്‍ സിഐ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയ മൊഴികളിലെയും കോടതിയില്‍ പറഞ്ഞതിന്റെയും വ്യത്യാസം പ്രതിഭാഗം അഭിഭാഷകന്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നടന്ന വിസ്താരത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ വിസ്തരിച്ച സാക്ഷികളുടെ മൊഴികള്‍ സാധൂകരിക്കുന്നതിനാണ് കോടതിയില്‍ മൊഴി തിരുത്തുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നോവ കാര്‍ ചൊക്ലി പുനത്തില്‍മുക്കില്‍ കണ്ടെത്തിയെന്ന് തെളിയിക്കാനാണ് പ്രോസിക്യൂഷന്‍ സിഐയെ വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പിമാര്‍ക്ക് മൊഴി കൊടുത്തിരുന്നുവെന്ന് സാക്ഷി പറഞ്ഞു. 2012 മെയ് അഞ്ചിന് കാര്‍ കണ്ടെത്തിയ സ്ഥലത്ത് വന്‍ ജനക്കൂട്ടമുണ്ടായിരുന്നുവെന്നും പകല്‍ രണ്ടുവരെ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ നിയന്ത്രിച്ചുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഇല്ല. മറ്റുചില സാക്ഷികളുടെ തെറ്റായ മൊഴികള്‍ക്ക് സാധൂകരണം ലഭിക്കുന്നതിനായി മുന്‍ മൊഴികളില്‍നിന്ന് വ്യത്യസ്തമായി പറഞ്ഞുപഠിപ്പിച്ച മൊഴികളാണ് കോടതിയില്‍ സാക്ഷി പറഞ്ഞതെന്ന് പ്രതിഭാഗം വാദിച്ചു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലിന് വൈകിട്ട് ചൊക്ലിയില്‍ ഇന്നോവ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയതായി സന്തോഷ് എന്നയാള്‍ നല്‍കിയ പരാതി രേഖപ്പെടുത്തിയ രജിസ്റ്ററിലെ പേജ് കീറിയതായി സാക്ഷി ക്രോസ് വിസ്താരത്തില്‍ സമ്മതിച്ചു. രജിസ്റ്ററില്‍ ഏപ്രില്‍ മുതലുള്ള കടലാസുകള്‍ അതുവരെയുള്ള കടലാസുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് പ്രതിഭാഗം വാദിച്ചു. രജിസ്റ്ററില്‍ 46, 47 പേജുകള്‍ക്കിടയില്‍ കീറിയതിന്റെ ബാക്കി കടലാസ് കാണുന്നുണ്ടെന്ന് സാക്ഷി പറഞ്ഞു. കാറില്‍വന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി ലഭിച്ചുവെന്ന് സിഐ കോടതിയില്‍ പറഞ്ഞെങ്കിലും രജിസ്റ്ററില്‍ ജീപ്പില്‍ വന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെന്നു പറയുന്നവര്‍ 2012 മെയ് നാലിന് ഇന്നോവ കാറില്‍ സഞ്ചരിച്ചു എന്ന് തെളിവുണ്ടാക്കുന്നതിനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചതായി സിഐ കോടതിയില്‍ പറഞ്ഞത്. തെളിവുണ്ടാക്കാന്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പൊലീസ് തയ്യാറാക്കിയ പരാതിയാണിതെന്ന് പ്രതിഭാഗം വാദിച്ചു. വൈദ്യുതി ഇല്ലാത്തതിനാല്‍ ശനിയാഴ്ച പകല്‍ രണ്ടോടെ സാക്ഷിവിസ്താരം നിര്‍ത്തി. ജൂണ്‍ അഞ്ചിന് വീണ്ടും വിസ്തരിക്കും. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ളയും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷിയെ വിസ്തരിച്ചു.

deshabhimani

പത്ര ഉടമയ്ക്കുവേണ്ടി എഴുത്തുകാര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു: പിണറായി

കണ്ണൂര്‍: പ്രചാരമുള്ള പത്ര, മാസികകളില്‍ സ്ഥാനം ലഭിക്കാന്‍ ചില എഴുത്തുകാര്‍ വ്യക്തിത്വം അടിയറവയ്ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊരുതുന്ന പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമങ്ങളില്‍ ഇടം നേടാനാണിത്. കമ്യൂണിസ്റ്റ് രാഷ്ട്രീയം നല്ലതാണെന്ന് പറയുന്ന രചനകളോട് ഇവര്‍ക്ക് വിയോജിപ്പാണ്. കമ്യൂണിസത്തെ കരിതേച്ച് കാണിക്കുന്നവയോട് പൂര്‍ണ യോജിപ്പുമായിരിക്കും. പത്ര ഉടമയുടെ താല്‍പ്പര്യത്തിനായി ചില എഴുത്തുകാര്‍ സ്വന്തം രാഷ്ട്രീയംപോലും ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കാവുമ്പായി സമരത്തെ ആസ്പദമാക്കി ശാന്ത കാവുമ്പായി രചിച്ച "ഡിസംബര്‍ 30" നോവല്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എഴുത്തുകാരെ പുകഴ്ത്തുന്ന അവസ്ഥയാണ് കേരളത്തില്‍. ഇവിടെ പ്രത്യേകതരം സാഹിത്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കാലത്തിനും സമൂഹത്തിനുമെതിരെ മുഖംതിരിച്ചുനില്‍ക്കുന്ന സാഹിത്യമാണത്. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളില്ലെന്ന പ്രതീതിയാണ് അവ സൃഷ്ടിക്കുന്നത്. മനുഷ്യനില്‍നിന്നും മോചനസ്വപ്നങ്ങള്‍ അടര്‍ത്തിമാറ്റുകയാണിവ. ജീവിക്കാന്‍ പാടുപെടുന്നവരുടെ ദുരിതങ്ങളും പോരാട്ടങ്ങളും ഇതുമൂലം പുറത്താകുന്നു. പുറത്തായ ആ ജീവിതത്തെ തിരികെ സാഹിത്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായാണ് ശാന്ത കാവുമ്പായിയുടെ നോവലിനെ കാണുന്നത്. മണ്ണും മനുഷ്യനുമായി സാഹിത്യം പുലര്‍ത്തിയിരുന്ന ബന്ധം "ഡിസംബര്‍ 30"തിരിച്ചുകൊണ്ടുവരികയാണ്. ആ നന്മ ആദരിക്കപ്പെടേണ്ടതാണെന്നും പിണറായി പറഞ്ഞു.

ആന്റണിയുടേത് വ്യാമോഹം: പിണറായി

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരാന്‍ പോവുകയാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ കണ്ടെത്തല്‍ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുമ്പൊരിക്കല്‍ ആന്റണി പറഞ്ഞത് കേരളത്തില്‍ ഇനി നൂറു വര്‍ഷത്തേക്ക് സിപിഐ എം അധികാരത്തില്‍ വരില്ലെന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ പാര്‍ടി അധികാരത്തിലെത്തി. സിപിഐ എം നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് സ്വീകരിച്ച എല്ലാ അടിച്ചമര്‍ത്തലുകളെയെും അതിജീവിച്ചാണ് സിപിഐ എം വളരുന്നത്. ആന്റണി സ്വപ്നം കണ്ടതുകൊണ്ടായില്ല. അങ്ങനെ തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല ഇതെന്ന് ആന്റണി മനസിലാക്കണം. സിപിഐ എമ്മിന്റെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അധ്വാനിക്കുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ ജീവിതപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പടപൊരുതുന്ന പ്രസ്ഥാനമാണിത്. അതുകൊണ്ടാണ് ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്ത ജനങ്ങള്‍ ഇന്ന് ഈ സര്‍ക്കാരിനെ ശാപമായാണ് കാണുന്നത്. അവര്‍ ചേരിമാറിവരുന്നു. തെറ്റുപറ്റിപ്പോയെന്ന പശ്ചാത്താപ ചിന്തയോടെ നിലപാട് സ്വീകരിക്കുന്നു. ഇതും സിപിഐ എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. നാടിന്റെ യഥാര്‍ഥ ചിത്രം ആന്റണി കാണണം. രാജ്യത്തിന്റെ മേന്മയെക്കുറിച്ച് പറയാന്‍ വൈക്ലബ്യമില്ലാത്ത ആന്റണിക്ക് ഒരുകാര്യം സമ്മതിക്കേണ്ടിവന്നു- രാജ്യത്തിന് മറ്റൊരു മുഖമുണ്ടെന്ന്; പട്ടിണിക്കാരുണ്ടെന്ന്. അദ്ദേഹം കരുതുന്നതു പോലെ ചെറിയ അളവല്ല അത്. കയറിക്കിടക്കാന്‍ കൂരയില്ലാതെ, ഒരുനേരത്തെ ഭക്ഷണത്തിനു ഗതിയില്ലാതെ ദുരിതജീവിതം നയിക്കേണ്ടി വരുന്ന പരമദരിദ്രരുടെ എണ്ണം 86 കോടിയാണ്. 77 ശതമാനം ജനങ്ങളുടെ ദിവസവരുമാനം 20 രൂപയില്‍ താഴെ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഈ അവസ്ഥ തുടരുന്നതിന്റെ മുഖ്യ ഉത്തരവാദി കോണ്‍ഗ്രസാണ്. മെച്ചപ്പെട്ട അവസ്ഥ കോര്‍പറേറ്റുകള്‍ക്കാണ്. അവര്‍ക്കുവേണ്ടിയാണ് ആഗോളവല്‍ക്കരണം. രാജ്യത്തെ അതിസമ്പന്നരായ ശതകോടീശ്വരന്മാരുടെ എണ്ണം 13ല്‍ നിന്ന് 63 ആയി വര്‍ധിപ്പിച്ചതില്‍ ആന്റണിക്ക് അഭിമാനിക്കാം. ആഗോളവല്‍ക്കരണത്തിന്റെ മറ്റൊരുഭാഗം അഴിമതിയാണ്. 1.76 ലക്ഷം കോടിയുടെ 2ജിയും 1.86 ലക്ഷം കോടിയുടെ കല്‍ക്കരിപ്പാടവും ഉള്‍പ്പെടെയുള്ള വന്‍കുംഭകോണങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറത്തുവരികയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

deshabhimani