Friday, March 7, 2014

നവംബര്‍ 13ന്റെ വിജ്ഞാപനം പിന്‍വലിക്കണം: എല്‍ഡിഎഫ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ നവംബര്‍ 13 ന്റെ വിജ്ഞാപനം റദ്ദ് ചെയ്യാതെ മലയോര മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയില്ല. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലൂടെ മലയോര ജനതയ്ക്ക് ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇത് പിന്‍വലിക്കുകയല്ലാതെ ഉള്ള മറ്റ് ചെപ്പടിവിദ്യകളൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ചാണ് 2013 നവംബര്‍ 13 ന്റെ ഉത്തരവ് ഇറക്കിയത്. ഇത്തരം ഒരു വിജ്ഞാപനം നിലനില്‍ക്കുമ്പോള്‍ ഓഫീസ് മെമ്മോറാണ്ടം ഇറക്കി കൊണ്ട് പ്രശ്നം പരിഹരിക്കാം എന്നുള്ള യു.ഡി.എഫ് നേതാക്കളുടെ നിലപാടുകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സെക്ഷന്‍ 5 പ്രകാരം ഇറക്കിയിട്ടുള്ള ഉത്തരവ് നിലനില്‍ക്കവെ ഓഫീസ് മെമ്മോറാണ്ടങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല എന്നതാണ് വസ്തുത. ഹരിത ട്രൈബ്യൂണലിനു മുമ്പാകെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിലനില്‍ക്കുകയാണ്. അത്തരം നിലപാടുകള്‍ ഉള്ള ഘട്ടത്തില്‍ മെമ്മോറാണ്ടങ്ങള്‍ക്കും അതുപോലുള്ള വിജ്ഞാപനങ്ങള്‍ക്കും യാതൊരു പ്രസക്തിയും ഇല്ല. അങ്ങനെ പുറത്തിറങ്ങുന്നവയ്ക്കാവട്ടെ നിയമപരമായ നിലനില്‍പുമില്ല. വസ്തുത ഇതായിരിക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ പറ്റിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഓഫീസ് മെമ്മോറാണ്ടം ഇറക്കിയശേഷം മലയോര മേഖലയിലെ വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും മറ്റും സംരക്ഷണം ലഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പുതിയ വാസസ്ഥലങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒന്നും നടത്താന്‍ കഴിയാത്ത ഈ മേഖലയിലെ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയൊന്നും ഈ മേഖലയില്‍ ആരംഭിക്കാനും കഴിയില്ല. ഈ മേഖലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുന്ന അവസ്ഥ ഇതിലൂടെ ഉണ്ടാവുകയും ഇല്ല. ഓഫീസ് മെമ്മോറാണ്ടത്തെ കുറിച്ച് വാതോരാതെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആശങ്കകളെല്ലാം ഇതോടെ പരിഹരിക്കപ്പെട്ടു എന്നാണ് വീരവാദം മുഴക്കിയത്. എന്നാല്‍ ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ കറങ്ങി നടക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍. ഓഫീസ് മെമ്മോറാണ്ടം കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ എന്തിനാണ് പുതിയ വിജ്ഞാപനത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത് പരിഹാസ്യമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാകുമെന്നും ഇതിനിടയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച് തങ്ങളുടെ ഇംഗിതത്തിന് വഴക്കി എടുക്കാനുള്ള തന്ത്രം മാത്രമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയത് തന്നെ. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ നിലവിലുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടിവരുമെന്ന പ്രസ്താവന വിചിത്രമായ ഒന്നായിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു ഇത്.

2013 നവംബര്‍ 13-ാം തീയതി ഇറക്കിയ ഉത്തരവ് പിന്‍വലിക്കാതെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. നവംബര്‍ 13 ന്റെ വിജ്ഞാപനം വന്ന ഘട്ടത്തില്‍ തന്നെ ഇതിന്റെ അപകടം ഇടതുപക്ഷ ജനാധിപത്യമുന്നണി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും ഇതൊരു പ്രശ്നമല്ല എന്ന് പറഞ്ഞ് ജനങ്ങളെ വഴിയാധാരമാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നിട്ടിപ്പോള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഘട്ടത്തില്‍ വിജ്ഞാപനം ഇറക്കുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാത്ത കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ നിസംഗമായി നിന്ന സംസ്ഥാന സര്‍ക്കാരുമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്.

deshabhimani

No comments:

Post a Comment