Sunday, March 9, 2014

തോമസും ധനപാലനും "തന്നൂ" 20000 കോാാാടി

കൊച്ചി: 20,000 കോടി രൂപയുടെ റിഫൈനറി വിപുലീകരണ പദ്ധതി സ്വന്തം അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് രണ്ട് എം പി മാര്‍. കേന്ദ്ര സഹമന്ത്രി കൂടിയായ കെ വി തോമസും കെ പി ധനപാലനുമാണ് ഇക്കാര്യം ഫ്ളക്സിലും ലഘുലേഖയിലും ഉള്‍പ്പെടുത്തി ഇല്ലാത്ത നേട്ടം സ്വന്തം പേരിലാക്കാന്‍ മല്‍സരിക്കുന്നത്. എം പിമാരുടെ ഉത്തരവാദിത്തത്തിലുള്ള വികസനമല്ല ഇതെന്ന യാഥാര്‍ഥ്യം മറച്ചു വച്ചുകൊണ്ടുള്ള അവകാശവാദത്തിലൂടെ അപഹാസ്യരാവുകയാണ് ഇരുവരും.

എറണാകുളം മണ്ഡലത്തില്‍ ഇല്ലാത്ത റിഫൈനറിയിലെ ബിപിസിഎല്‍ വികസനം തന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുകയാണ് കെ വി തോമസ്. ബിപിസിഎലിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കുന്ന പദ്ധതിയാണിത്. ഇത് മറച്ചുവച്ച് രണ്ട് എംപിമാരും അവകാശവാദവുമായി ഇറങ്ങി ജനങ്ങള്‍ക്കു മുമ്പില്‍ പരിഹാസ്യരാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. തന്റെ "നേട്ടങ്ങള്‍" ഉയര്‍ത്തിക്കാട്ടി ജനസമക്ഷം എന്ന പേരില്‍ അടിച്ചിറക്കിയ ലഘുലേഖയില്‍ റിഫൈനറി വികസനം കെ വി തോമസ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവാദമായ പച്ചാളം റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനവും തന്റെ നേട്ടമായി കെ വി തോമസ് അവതരിപ്പിക്കുന്നു. ഭരണാനുമതി, സാങ്കേതിക അനുമതി, റെയില്‍വേ അനുമതി തുടങ്ങിയവ ലഭിക്കാതെ തനിക്ക് പേരിനൊരു പദ്ധതി എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു മാത്രമാണ് ചൊവ്വാഴ്ച രാവിലെ കെ വി തോമസ് പച്ചാളം മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പും പൂര്‍ത്തിയായിട്ടില്ല. വ്യാപാരികളുടെ പുനരധിവാസവും അനിശ്ചിതത്വത്തിലാണ്.പച്ചാളത്ത് മേല്‍പ്പാലം നിര്‍മിക്കുന്നതിനു സമീപം 87 കച്ചവടസ്ഥാപനങ്ങളാണുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതോടെ ഇതില്‍ 15 കടകളോളം പൂര്‍ണമായും അറുപതിലേറെ കടകള്‍ ഭാഗികമായും ഇല്ലാതാകും. പുനരധിവാസം ഉറപ്പാക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ നടപടികള്‍ പൂര്‍ത്തിയാക്കാതെ പാലം നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍. പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം ഡിഎംആര്‍സി അധികൃതര്‍ വെള്ളിയാഴ്ച അളന്ന് അടയാളപ്പെടുത്തിയിരുന്നു. ശനിയാഴ്ച വ്യാപാരികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് കലക്ടര്‍ പറഞ്ഞിരുന്നെങ്കിലും നടന്നില്ല.

എറണാകുളത്ത് 11,30,040 വോട്ടര്‍മാര്‍: വനിതകള്‍ മുന്നില്‍

കൊച്ചി: കൊച്ചി കോര്‍പറേഷനുള്‍പ്പെടെ നാലു നഗരസഭകളും 27 പഞ്ചായത്തുകളും അടങ്ങിയ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറി 11,30,040 വോട്ടര്‍മാര്‍. ഇതില്‍ 5,52,754 പേര്‍ പുരുഷന്മാരും 5,77,286 പേര്‍ സ്ത്രീകളുമാണ്. പേരു ചേര്‍ക്കാന്‍ ഇന്നുകൂടി അവസരമുള്ളതിനാല്‍ അന്തിമ വോട്ടര്‍പട്ടികയില്‍ മാറ്റമുണ്ടാകും. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 10,08,696 ആയിരുന്നു. ഇതില്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് 7,44,869 പേര്‍. പുരുഷ വോട്ടര്‍മാരെക്കാള്‍ 24,532 വനിതാ വോട്ടര്‍മാര്‍ മണ്ഡലത്തില്‍ അധികമാണ്. കഴിഞ്ഞതവണ ഈ വ്യത്യാസം 11,642 ആയിരുന്നു. ജില്ലയില്‍ പൂര്‍ണമായി അടങ്ങുന്ന ഏക പാര്‍ലമെന്റ് മണ്ഡലമാണിത്. കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവയാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍. ആലങ്ങാട്, ഏലൂര്‍, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാലൂര്‍ എന്നീ പഞ്ചായത്തുകളും കളമശേരി നഗരസഭയും അടങ്ങിയതാണ് കളമശേരി നിയമസഭാ മണ്ഡലം. 82,632 പുരുഷന്മാരും 85,842 സ്ത്രീകളുമായി ആകെ 1,68,474 വോട്ടര്‍മാര്‍. വടക്കന്‍ പറവൂര്‍ മണ്ഡലം പഴയ പേരു നിലനിര്‍ത്തിയെങ്കിലും അതിരുകളില്‍ കാര്യമായ മാറ്റമുണ്ടായി. പഴയ ആലുവയുടെ ഭാഗമായിരുന്ന വരാപ്പുഴ പഞ്ചായത്ത് വടക്കന്‍ പറവൂരിന്റെ ഭാഗമായി. വടക്കേക്കരയെന്ന മണ്ഡലംതന്നെ അപ്രത്യക്ഷമായപ്പോള്‍ വടക്കേക്കര, പുത്തന്‍വേലിക്കര പഞ്ചായത്തുകള്‍ പറവൂരിന്റെ ഭാഗമായി. ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവളളി എന്നിവയാണ് മണ്ഡലത്തിലുളള മറ്റു പഞ്ചായത്തുകള്‍. പറവൂര്‍ നഗരസഭയും മണ്ഡത്തിലാണ്. വോട്ടര്‍മാര്‍: ആണ്‍- 84,244, പെണ്‍- 88,789, ആകെ-1,73,033. 17,781 വോട്ടര്‍മാര്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതലുണ്ട്.

പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭാ മണ്ഡലമാണ് വൈപ്പിന്‍. കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിളളി, നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുളളത്. വോട്ടര്‍മാര്‍ ആണ്‍- 74,982, പെണ്‍- 78,529, ആകെ- 1,53,511. കഴിഞ്ഞതവണത്തെക്കാള്‍ 13,644 വോട്ടര്‍മാര്‍ കൂടുതല്‍. കൊച്ചി നഗരസഭയിലെ 17 ഡിവിഷനുകളും കൊച്ചി താലൂക്കിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ചേര്‍ന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം. വോട്ടര്‍മാര്‍ ആണ്‍- 77,199. പെണ്‍- 80,758. ആകെ- 1,57,957. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ 16,278 വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്. തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, കൊച്ചി കോര്‍പറേഷനിലെ 11 മുതല്‍ 18 വരെയുള്ള ഡിവിഷനുകള്‍, കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകളും അടങ്ങിയതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. വോട്ടര്‍മാര്‍: ആണ്‍- 85,810, പെണ്‍- 89,502, ആകെ - 1,75,312. കൂടിയ വോട്ടര്‍മാരുടെ എണ്ണം 16,420.

ഒരു പഞ്ചായത്തും കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും അടങ്ങിയതാണ് എറണാകുളം നിയമസഭാമണ്ഡലം. പഴയ തൃപ്പൂണിത്തുറയുടെ ഭാഗമായിരുന്ന ചേരാനല്ലൂര്‍ പഞ്ചായത്താണ് എറണാകുളത്തേക്കു വന്നത്. എറണാകുളത്തുണ്ടായിരുന്ന മുളവുകാട് വൈപ്പിനിലേക്കും പോയി. വോട്ടര്‍മാര്‍: ആണ്‍- 68,754, പെണ്‍- 70,876, ആകെ- 1,39,630. 17,775 വോട്ടര്‍മാര്‍ മണ്ഡലത്തില്‍ പുതുതായുണ്ട്. പഴയ തൃപ്പൂണിത്തുറ വിഭജിച്ച് പുതുതായി രൂപംകൊണ്ടതാണ് തൃക്കാക്കര. തൃക്കാക്കര നഗരസഭയ്ക്കൊപ്പം കൊച്ചി നഗരസഭയിലെ 16 ഡിവിഷനുകളും അടങ്ങിയതാണ് പുതിയ മണ്ഡലം. പഴയ തൃപ്പൂണിത്തുറ മണ്ഡലത്തിലായിരുന്ന ചേരാനല്ലൂര്‍ പഞ്ചായത്ത് തൃക്കാക്കരയില്‍നിന്ന് വേര്‍പെടുത്തിയിട്ടുമുണ്ട്. വോട്ടര്‍മാര്‍ ആണ്‍- 79,133 പെണ്‍- 82,990, ആകെ- 1,62,123. കഴിഞ്ഞതവണത്തെക്കാള്‍ 17,612 പുതിയ വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്.

deshabhimani

No comments:

Post a Comment