Monday, March 10, 2014

തീരനിയന്ത്രണം നീക്കില്ല

ആലപ്പുഴ: തീരദേശത്ത് വീടുനിര്‍മാണം വിലക്കിയ തീരദേശപരിപാലന അതോറിറ്റിയുടെ സര്‍ക്കുലര്‍ മരവിപ്പിക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറി. സിആര്‍ഇസഡ് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാഴ്വാക്കായി. തീരദേശവാസികള്‍ക്ക് വേലിയേറ്റരേഖയില്‍നിന്ന് 100 മീറ്ററിനുള്ളില്‍ വീട് വയ്ക്കാനുള്ള തടസ്സം നീങ്ങില്ല.

കസ്തൂരിരംഗനില്‍ മലയോരജനതയെ വഞ്ചിച്ചതുപോലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും യുഡിഎഫ് സര്‍ക്കാര്‍ കൈവിട്ടു. സര്‍ക്കുലര്‍ മരവിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയത്. കേന്ദ്രനിയമം സംസ്ഥാനസര്‍ക്കാരിന് മരവിപ്പിക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഉറപ്പെന്ന് വ്യക്തമായി. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും നിയമസഭയെയും മുഖ്യമന്ത്രി കബളിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് വേലിയേറ്റരേഖയില്‍നിന്ന് 100 മീറ്ററിനുള്ളില്‍ സുനാമി പുനരധിവാസ വീടുകളടക്കം അരലക്ഷത്തിലേറെ വീടുകള്‍ ഉണ്ട്. ഇവയ്ക്ക് നിയമപരമായ സംരക്ഷണവും കിട്ടില്ല.

തീരദേശപരിപാലന നിയമത്തിലെ മത്സ്യത്തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫെബ്രുവരി അഞ്ചിന് നിയമസഭയിലും ചര്‍ച്ചയായി. എസ് ശര്‍മ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തീരദേശപരിപാലന നിയമം (സിആര്‍ഇസഡ്) കര്‍ശനമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അതോറിറ്റി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. സത്യവാങ്മൂലം നിലനില്‍ക്കെ ഈ സര്‍ക്കുലര്‍ മരവിപ്പിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.

വ്യവസ്ഥകളില്‍ ഇളവ് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കണം. കടല്‍-കായലോര മേഖലയില്‍ ജീവിതം വഴിമുട്ടിക്കുന്ന പ്രശ്നമായിട്ടും കേന്ദ്രത്തിലെ സ്വന്തം സര്‍ക്കാരിനെക്കൊണ്ട് പുതിയ വിജ്ഞാപനം ഇറക്കിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല. 2011 മുതല്‍ തീരദേശത്ത് നിര്‍മിച്ചിരിക്കുന്ന വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കുന്നില്ല. വൈദ്യുതി കിട്ടുന്നതിന് വേണ്ടി 100 രൂപ മുദ്രക്കടലാസില്‍ കരാര്‍ എഴുതി ഒപ്പിട്ടുവാങ്ങി അനധികൃത നമ്പറാണ് നല്‍കുന്നത്. ആവശ്യപ്പെടുന്ന പക്ഷം കെട്ടിടം പൊളിച്ചുമാറ്റുമെന്നും പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിയാകില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകില്ലെന്നുമാണ് വീട്ടുടമകളില്‍നിന്ന് എഴുതിവാങ്ങുന്നത്.

നിയമം കര്‍ശനമാക്കിയാല്‍ ഇനി അതുമുണ്ടാകില്ല. അതേസമയം, റിസോര്‍ട്ട് നിര്‍മിക്കുന്നതിന് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. കാരണം, അഞ്ചുകോടിയില്‍ കൂടുതലുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് അനുമതി വാങ്ങാനാകും. മത്സ്യത്തൊഴിലാളിയുടെ ആവാസവ്യവസ്ഥയായ തീരദേശത്തുനിന്ന് അവരെ ആട്ടിപ്പായിക്കുകയും റിസോര്‍ട്ട് മാഫിയയെ കുടിയിരുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഡി ദിലീപ് ദേശാഭിമാനി

No comments:

Post a Comment