Sunday, March 9, 2014

പടക്കളം ഒരുങ്ങുന്നു ചരിത്രവിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്

വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ പാലക്കാട് ജില്ല ഒരുങ്ങുന്നു.സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാവുന്നതോടെ കത്തുന്ന ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല പ്രവേശിക്കും.പാലക്കാട് ലോക്സഭാമണ്ഡലംപൂര്‍ണമായും ആലത്തൂര്‍ മണ്ഡലത്തിലെ നാല് നിയമസഭാമണ്ഡലങ്ങളും പൊന്നാനി മണ്ഡലത്തിലെ തൃത്താല നിയമസഭാമണ്ഡലവും ചേര്‍ന്നതാണ് പാലക്കാട് ജില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രധാന രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയക്കൊടി നാട്ടിയത്. പ്രതികൂലരാഷ്ട്രീയ കാലാവസ്ഥയിലും ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലങ്ങളില്‍ ഇത്തവണ ആരും മാറ്റം പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും യുഡിഎഫിന് ഇരുമണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെപോലും കണ്ടെത്താനായിട്ടില്ല. യുഡിഎഫ് പരിഗണിക്കുന്നവരുടെ പേര് പറയാനാവാതെ മാധ്യമങ്ങളും പരുങ്ങുകയാണ്. ഘടകകക്ഷിയില്‍പ്പെട്ട ചിലരുടെ പേര് ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ പാലക്കാട് ജില്ല എങ്ങോട്ടാണ് എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു.

2009ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ലമെന്റ്്മണ്ഡലത്തില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥികളായ എം ബി രാജേഷും(ഭൂരിപക്ഷം 1820) ആലത്തൂരില്‍ നിന്ന് പി കെ ബിജു (ഭൂരിപക്ഷം 20,960)വുമാണ് വിജയിച്ചത്. കഴിഞ്ഞ അഞ്ച്വര്‍ഷം യുവ എംപിമാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തുണക്കുന്ന പ്രധാന ഘടകം. നൂതനവുംസമഭാവനയോടെയുള്ളതുമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഇരുവരും കാണിച്ച ശുഷ്കാന്തി രാഷ്ട്രീയഭേദമന്യേ ഏവരുടെയും പ്രശംസ നേടിക്കൊടുത്തു. വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ എംപിമാര്‍ നടത്തിയ ഇടപെടല്‍ രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. സ്കൂളുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം, സോളാര്‍ ബസ്ഷെല്‍ട്ടര്‍, ഇ ടോയിലറ്റ് തുടങ്ങി ഒട്ടേറെ നൂതനപദ്ധതികള്‍ രാജേഷ് ആവിഷ്കരിച്ചു നടപ്പാക്കി. അട്ടപ്പാടിയിലെ നവജാത ശിശുമരണമടക്കമുളള പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പാലക്കാട് നഗരത്തില്‍നിന്ന് മാറി ഗ്രാമീണ ജനതക്ക് മുന്‍തൂക്കമുള്ളതാണ് ബിജു പ്രതിനിധാനം ചെയ്യുന്ന ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം. അതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. കുടിവെള്ളപദ്ധതി, റോഡ്, പാലം, ആരോഗ്യമേഖല എന്നിവയിലാണ് എംപിഫണ്ടില്‍ ഭൂരിപക്ഷവും മുടക്കിയത്. കഞ്ചിക്കോട് കോച്ച്ഫാക്ടറിയടക്കമുള്ള റെയില്‍വേ അവഗണനക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ഇരു എംപിമാരും നടത്തിയ പോരാട്ടവും ശ്രദ്ധേയമായിരുന്നു.

പാലക്കാട്, മലമ്പുഴ, മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ നിയമസഭാമണ്ഡലങ്ങളടങ്ങിയതാണ് പാലക്കാട് ലോക്സഭാ മണ്ഡലം. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണിത്. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങള്‍ എല്‍ഡിഎഫിനാണ്. ഈ നാല്മണ്ഡലങ്ങളില്‍ നിന്നായി 53,701 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ മൂന്ന് മണ്ഡലങ്ങളാണ് യുഡിഎഫിനുളളത്. 28,148 വോട്ടാണ് ഈ മണ്ഡലങ്ങളില്‍ യുഡിഎഫ് അധികം നേടിയത്. ഈ കണക്ക് പ്രകാരം 25,553 വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്. ഒറ്റപ്പാലം മണ്ഡലത്തിന്റെ സ്ഥാനത്താണ് 2009ല്‍ മണ്ഡലങ്ങളും അതിര്‍ത്തിയും പുനര്‍നിര്‍ണയിച്ച് ആലത്തൂര്‍ മണ്ഡലം നിലവില്‍ വന്നത്. പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയമസഭാമണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളും ചേര്‍ന്നതാണ് മണ്ഡലം. തരൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം എന്നീ അഞ്ച്നിമസഭാമണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്. ആകെ 84,348 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. ചിറ്റൂര്‍, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന്.14,015 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. ഈ കണക്ക് പ്രകാരം 70,333 വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്.

വിലക്കയറ്റം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കുടിവെള്ളക്ഷാമം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ കൊണ്ടു വീര്‍പ്പ്മുട്ടുന്ന കര്‍ഷകരടക്കമുള്ള ജനങ്ങളാകെ കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരാണ്. ഇത് യുഡിഎഫിന് എതിരായ വോട്ടായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പ്രതികൂല സാഹചര്യങ്ങളൊന്നും ഇപ്പോഴില്ല.കഴിഞ്ഞ തവണ എം ആര്‍ മുരളി(20,896), എന്‍സിപി സ്ഥാനാര്‍ഥി അബ്ദുല്‍റസാഖ് മൗലവി (8111വോട്ട്) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ഇവരൊക്കെ ഇപ്പോള്‍ എല്‍ഡിഎഫുമായി സാഹകരണത്തിലാണ്.

deshabhimani

No comments:

Post a Comment