Wednesday, March 5, 2014

ഇരകളുടെ കണ്ണീര്‍ചിരിയില്‍ ഇന്ത്യയുടെ പ്രകാശം

അശോക് മോച്ചി കൈയിലുണ്ടായിരുന്ന കുപ്പിയില്‍നിന്ന് അല്‍പം വെള്ളം കുത്തുബ്ദീന്‍ അന്‍സാരിക്ക് പകര്‍ന്നു. ദാഹനീര്‍ കുടിച്ചിറക്കുമ്പോള്‍ അന്‍സാരി കൈയിലെ പനിനീര്‍പ്പൂ മോച്ചിക്ക് കൈമാറി. വംശഹത്യാമുനമ്പില്‍ നിന്നെത്തിയ രണ്ടുടലുകള്‍ ഏകോദര സഹോദരങ്ങളായി സ്നേഹം ചൊരിഞ്ഞപ്പോള്‍ സദസില്‍ വികാരത്തിളപ്പുള്ള കരഘോഷം. മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തില്‍ ഏകതയുടെ പുതിയ അധ്യായമാണ് തുന്നല്‍ക്കാരനായ അന്‍സാരിയും ചെരുപ്പുകുത്തിയായ മോച്ചിയും തുന്നിച്ചേര്‍ത്തത്.

18 സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച "ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം" സെമിനാറാണ് 12 വര്‍ഷം മുമ്പത്തെ ഗുജറാത്ത് കലാപത്തിന്റെ പ്രതീകങ്ങളായ "ഇരയും വേട്ടക്കാരനും" തമ്മിലുള്ള സംഗമം ഒരുക്കിയത്. ആര്‍എസ്എസ്സുകാരുടെ കൊലക്കത്തിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും മെരുവമ്പായി മുസ്ലിംപള്ളിക്ക് കാവല്‍നില്‍ക്കവെ ആര്‍എസ്എസ്സുകാര്‍ വധിച്ച ധീരരക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ നാലു പെണ്‍മക്കളും ഉള്‍പ്പെടെ ആയിരങ്ങളുണ്ടായിരുന്നു ഈ മുഹൂര്‍ത്തത്തിനൊപ്പം. കലാപഭൂമിയില്‍ ജീവനായി യാചിച്ച കൂപ്പുകൈയും കുന്തമേന്തിയ കൈകളും ഒരുമിച്ചപ്പോള്‍ വെറുപ്പിന്റെ തത്വശാസ്ത്രങ്ങള്‍ വഴിമാറി.

വികാരതീവ്രത മുറ്റിനിന്നു കുത്തുബ്ദീന്റെ വാക്കുകളില്‍. ""ഞാനെത്തിയതറിഞ്ഞ് നിരവധി പേര്‍ കാണാനെത്തി. ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നെനിക്ക് തിരിച്ചറിയാനായില്ല. അവരില്‍ മനുഷ്യത്വം മാത്രമാണ് ഞാന്‍ ദര്‍ശിച്ചത്. കേരളീയരോടുള്ള ഇഷ്ടം കൊണ്ടാണ് ഈ വേദിയില്‍ വെളുത്ത മുണ്ടുടുത്ത് എത്തിയത്. ഗുജറാത്തില്‍നിന്ന് പലായനം ചെയ്തപ്പോള്‍ ബംഗാളിലും എനിക്ക് സ്നേഹം മാത്രമാണ് ലഭിച്ചത്. കേരളത്തിന്റെ തുടക്കം ഇന്ത്യയുടെ മാറ്റത്തിന്റെ മാതൃകയാകണം. ഗുജറാത്തിനെ ഇപ്പോള്‍ അടക്കിയിരുത്തിയിരിക്കുകയാണ്. അത് നരേന്ദ്രമോഡിക്ക് ഡല്‍ഹിയിലെത്താന്‍വേണ്ടിയാണ്. അന്ന് തെരുവില്‍ വിളയാടിയ അശോക് മോച്ചിയോട് എനിക്ക് നിറഞ്ഞ സ്നേഹം മാത്രമാണ്. അവര്‍ ഇയാളെ ഉപയോഗിക്കുകയായിരുന്നു"". "ആദ്യം, മനുഷ്യനെന്ന കടമ നിര്‍വഹിക്കുക. അതിനുശേഷം ഗീതയും ഖുര്‍ആനും തുറക്കുക" എന്ന കവിത ചൊല്ലിയാണ് അന്‍സാരി അവസാനിപ്പിച്ചത്.

""മോഡിയുടെ ഗുജറാത്തില്‍നിന്നല്ല, മഹാത്മാഗാന്ധിയുടെ ഗുജറാത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് ഭാഷ അറിയില്ല. പക്ഷേ, മനുഷ്യത്വത്തിന്റെ ഭാഷയ്ക്ക് സ്വരം ആവശ്യമില്ല. ഗുജറാത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസനമില്ലെന്നതിന്റെ തെളിവാണ് ഞാനിന്നും അതേ തെരുവില്‍ ചെരുപ്പുകുത്തിയായി കഴിയുന്നത്. പണമില്ലാത്തതിനാല്‍ വിവാഹംപോലും കഴിച്ചില്ല""-മോച്ചി പറഞ്ഞു. "എന്നെ ഞാന്‍ തന്നെ കൊള്ളയടിച്ചു. പിന്നെ നിങ്ങള്‍ക്ക് എന്നെ എങ്ങനെയാണ് കൊള്ളയടിക്കാനാവുക" അന്‍സാരിയെ ചേര്‍ത്തുനിര്‍ത്തി അര്‍ഥഗര്‍ഭമായ കവിത ചൊല്ലി അശോക് മോച്ചി.

സംഗമം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. സഹീദ് റൂമി രചിച്ച "ഞാന്‍ കുത്തുബ്ദീന്‍ അന്‍സാരി" എന്ന പുസ്തകം രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ മക്കളായ കെ സത്യഭാമ, കോമള, റീത്ത, സുജാത എന്നിവര്‍ക്ക് നല്‍കി പി ജയരാജന്‍ പ്രകാശനം ചെയ്തു. ചിന്താ പബ്ലിഷേഴ്സാണ് പ്രസാധകര്‍.

അന്‍സാരി-മോച്ചി സമാഗമം ദേശീയ മാധ്യമങ്ങളിലും

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ പ്രതീകമായ കുത്തുബ്ദീന്‍ അന്‍സാരിയും വേട്ടക്കാരുടെ പ്രതീകമായ അശോക് മോച്ചിയും ഒരേ വേദിയില്‍ സൗഹൃദം പങ്കിട്ടത് ദേശീയ മാധ്യമങ്ങള്‍ക്കും വാര്‍ത്തയായി. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, മുംബൈ മിറര്‍ തുടങ്ങിയ ദിനപത്രങ്ങള്‍ ഒന്നാം പേജിലാണ് മോച്ചിയുടെയും അന്‍സാരിയുടെയും വേദി പങ്കിടല്‍ വാര്‍ത്ത നല്‍കിയത്. ഗുജറാത്തില്‍ മോഡി കൊട്ടിഘോഷിക്കുന്ന വികസനനേട്ടങ്ങള്‍ പൊള്ളയാണെന്ന മോച്ചിയുടെ തുറന്നുപറച്ചിലും ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സീ ന്യൂസ്, ഇന്ത്യാ ടിവി തുടങ്ങിയ ദൃശ്യമാധ്യമങ്ങളും അന്‍സാരി-മോച്ചി സമാഗമം സംപ്രേഷണംചെയ്തു. ഇന്ത്യന്‍ എക്സ്പ്രസിന്റെ അഹമ്മദാബാദ് ലേഖകനാണ് തളിപ്പറമ്പിലെ സെമിനാര്‍ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട 2002 ലെ ഇരുവരുടെയും ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയത്. സുരക്ഷാഭടന്മാരോട് സഹായത്തിനായി കേണപേക്ഷിക്കുന്ന അന്‍സാരിയുടെ ചിത്രം നരോദപാട്യയില്‍വച്ച് പകര്‍ത്തിയതാണ്. ഇരുകൈകളും ഉയര്‍ത്തി ഭീഷണി പുറപ്പെടുവിക്കുന്ന അശോക് ഭവന്‍ഭായ് പര്‍മാര്‍ എന്ന അശോക് മോച്ചിയുടെ ചിത്രം ദുദേശ്വറില്‍വച്ച് പകര്‍ത്തിയതാണ്.

സതീഷ്ഗോപി deshabhimani

No comments:

Post a Comment