Tuesday, March 11, 2014

കൊല്ലത്ത് കോണ്‍ഗ്രസ് പോര് രൂക്ഷം; ചന്ദ്രശേഖരന് ഇരുട്ടടി

ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറുന്നതിനും എന്‍ കെ പ്രേമചന്ദ്രനു കൊല്ലം ലോക്സഭ സീറ്റ് നല്‍കുന്നതിനും ചരടുവലിച്ചത് കൊല്ലം ജില്ലയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാമേനോനെ എന്‍ പീതാംബരക്കുറുപ്പ് എംപി അപമാനിച്ചുവെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് കുറുപ്പിനെതിരെ നിരവധി പരാതികള്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും രാഹുല്‍ഗാന്ധിക്കും ലഭിച്ചു. ഈ സാഹചര്യത്തില്‍ കൊല്ലം സീറ്റിനായി കരുനീക്കിവരികയായിരുന്നു ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഇതില്‍ അസന്തുഷ്ടരായ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രശേഖരനെ ഒതുക്കാനുള്ള അവസരമായാണ് ആര്‍എസ്പിയുടെ വരവിനെ ഉപയോഗിക്കുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എ വിഭാഗം നേതാവായ തമ്പാന്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍കൂടിയാണ്. ചന്ദ്രശേഖരന്‍ വിശാല ഐയും.

സീറ്റ് മനസില്‍ കണ്ടാണ് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം ചന്ദ്രശേഖരന്‍ ഫെബ്രുവരിയില്‍ കൊല്ലത്തു സംഘടിപ്പിച്ചത്്. വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ മുന്നോടിയായി നടന്ന ഐഎന്‍ടിയുസി സംസ്ഥാന റാലി ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി എത്തിയത് ചന്ദ്രശേഖരന്റെ വിജയമായി വ്യാഖ്യാനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആര്‍എസ്പി യുഡിഎഫില്‍ ചേക്കേറിയത്. ചന്ദ്രശേഖരനെതിരെ അവസരം കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതു ശരിക്കും മുതലാക്കി. ഇപ്പോള്‍ ചന്ദ്രശേഖരനുമുന്നില്‍ കോണ്‍ഗ്രസ് വഴിയടച്ച മട്ടാണ്. വരുംദിവസങ്ങളില്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിനു തലവേദനയാകും.

കൊല്ലത്ത് ആര്‍എസ്പിയെ അംഗീകരിക്കില്ല: ഐഎന്‍ടിയുസി

കൊല്ലം: കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് നീക്കം അംഗീകരിക്കില്ലെന്ന് ഐഎന്‍ടിയുസി. ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാക്കിയെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ ഭാഗമായിനിന്ന് സോണിയയെയും രാഹുല്‍ഗാന്ധിയെയും അധിക്ഷേപിച്ചവരാണ് ടി ജെ ചന്ദ്രചൂഡനും എന്‍ കെ പ്രേമചന്ദ്രനും. കേവലം പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് പാളയത്തില്‍നിന്ന് യുഡിഎഫിലേക്കു ചേക്കേറിയ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചു. കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫും ആര്‍എസ്പിയും വെവ്വേറെ മത്സരിക്കുന്നത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കും. കൊല്ലം സീറ്റ് ഐഎന്‍ടിയുസി പ്രതിനിധിക്കു നല്‍കണമെന്ന ദേശീയ പ്രസിഡന്റ് ഡോ. ജി സഞ്ജീവ റെഡ്ഡിയുടെ അഭ്യര്‍ഥന മാനിക്കണം. തൊഴിലാളി പ്രാമുഖ്യമുള്ള പത്തനംതിട്ട, ആലപ്പുഴ, ചാലക്കുടി, ഇടുക്കി, വയനാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നുകൂടി ഐഎന്‍ടിയുസിക്കു നല്‍കണമെന്നും ചന്ദ്രശേഖരന്‍ ഇ-മെയില്‍ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

പ്രേമചന്ദ്രന്റെ താല്‍പ്പര്യത്തിന് വഴങ്ങിയ നേതൃത്വത്തിനെതിരെ അണികള്‍

കൊല്ലം: പാര്‍ലമെന്ററി വ്യാമോഹം തലയ്ക്കുപിടിച്ച എന്‍ കെ പ്രേമചന്ദ്രനു മുന്നില്‍ ആര്‍എസ്പി ആദര്‍ശം ബലികഴിച്ചുവെന്നു ജില്ലയിലെ ആര്‍എസ്പി പ്രവര്‍ത്തകര്‍. പ്രേമചന്ദ്രനുവേണ്ടി എല്‍ഡിഎഫിനെ തള്ളിപ്പറഞ്ഞ് പാര്‍ടിയെ യുഡിഎഫില്‍ എത്തിച്ച ഒരുസംഘം നേതാക്കള്‍ തങ്ങളെ വഞ്ചിച്ചുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലം, ഇരവിപുരം, കുന്നത്തൂര്‍, ചവറ അസംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗമാണ് ആര്‍എസ്പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

കൊല്ലം സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പാര്‍ടിയെ യുഡിഎഫിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയതിനെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അനുകൂലിക്കുന്നില്ല. എല്‍ഡിഎഫ് വിട്ടതില്‍ ദുഃഖമുണ്ടെന്നും പാര്‍ടി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയേ ഇപ്പോള്‍ മാര്‍ഗമുള്ളൂവെന്നും കൊല്ലം ജില്ലയില്‍നിന്നുള്ള ആര്‍വൈഎഫ് സംസ്ഥാന നേതാവ് പ്രതികരിച്ചു. ഒന്നരപ്പതിറ്റാണ്ടിലേറെ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന വ്യക്തിക്കുവേണ്ടി പാര്‍ടിയെ യുഡിഎഫ് പാളയത്തില്‍ തളച്ചിട്ടത് അപക്വമായ രാഷ്ട്രീയനടപടിയായാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഒരു നേതാവിന്റെ വ്യക്തിതാല്‍പ്പര്യത്തിനു പൂര്‍ണമായി കീഴടങ്ങിയ നേതൃത്വം തങ്ങളെയും പാര്‍ടിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങളെയും വഞ്ചിച്ചുവെന്ന് താഴേക്കിടയിലെ പ്രവര്‍ത്തകര്‍ പറയുന്നു.

ആര്‍എസ് പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: ആര്‍എസ് പിക്ക് കൊല്ലം സീറ്റ് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അധികാരമോഹംകൊണ്ടാണ് ആര്‍എസ് പി യുഡിഎഫിലേക്ക് വരുന്നത്. ആ സന്ദര്‍ഭത്തില്‍ കൊല്ലം സീറ്റ് നല്‍കി വിട്ടുവീഴ്ച നല്‍കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകും. ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം നേതൃത്വം മനസിലാക്കണം.

കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ വരുന്നത് യൂത്ത് കോണ്‍ഗ്രസിലൂടെയാണ്. ഇത്തരം തീരുമാനങ്ങള്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നതാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍ ആര്‍എസ് പി കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ഈ കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment