Tuesday, March 11, 2014

"നിലത്തുനില്‍ക്കാന്‍"സമയമില്ല; വിമാനയാത്രയ്ക്ക് കോടികള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് പറന്നിറങ്ങാനുള്ള തിരക്കിലാണ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവരാണ് നിലം തൊടാതെ പറക്കുന്നവരില്‍ പ്രമുഖര്‍. കോടികളാണ് ഓരോ ദിവസത്തെ യാത്രയ്ക്കായി പൊടിക്കുന്നത്. അഴിമതി തുടച്ചുനീക്കാന്‍ ചൂലുമായി രാജ്യതലസ്ഥാനത്തിറങ്ങിയ അരവിന്ദ് കെജ്രിവാളും മോശക്കാരനല്ല. ചെറുപാര്‍ടികളുടെ നേതാക്കള്‍പോലും വിമാനയാത്രയ്ക്കു വേണ്ടി ചെലവിടുന്നത് ലക്ഷങ്ങള്‍.

രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയും ചെറിയദൂരങ്ങളില്‍ നടക്കുന്ന റാലികള്‍ക്ക് എത്തുന്നത് ഹെലികോപ്റ്ററുകളിലാണ്. മണിക്കൂര്‍ കണക്കിലാണ് ഹെലികോപ്റ്ററുകള്‍ക്ക് വാടക. മണിക്കൂറിന് ചെലവ് മൂന്നു ലക്ഷം. നഗരപരിധിക്കുപുറത്താണെങ്കില്‍ അഞ്ചു ലക്ഷം കവിയും. "പറന്നുയരുന്ന ആവശ്യകത" മനസിലാക്കിയ വിമാന-ഹെലികോപ്റ്റര്‍ ഏജന്‍സികള്‍ നിരക്കിലും കരാറിലും വ്യത്യാസം വരുത്തുന്നുണ്ട്. 45 ദിവസം തുടര്‍ച്ചയായി, ദിവസം മൂന്ന് മണിക്കൂര്‍ സര്‍വീസ് എന്നിങ്ങനെയുള്ള പദ്ധതികളും ഏജന്‍സികള്‍ ആവിഷ്കരിക്കുന്നുണ്ട്.

ബിജെപിയും കോണ്‍ഗ്രസുമാണ് വന്‍കരാറുകള്‍ നല്‍കുന്നതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയില്‍ ചെലവ് പ്രതീക്ഷിക്കുന്ന 30നും 50നും ഇടയില്‍ വിമാനങ്ങള്‍ പാര്‍ടികള്‍ വാടകക്കെടുക്കാറുണ്ട്. ശരാശരി 70 മുതല്‍ 90 കോടി രൂപവരെ ഇരുപാര്‍ടികളില്‍നിന്നും പ്രതീക്ഷിക്കുന്നതായും ഏജന്‍സി ഉടമകള്‍ പറയുന്നു. ആകാശയാത്രയില്‍ പ്രാദേശിക പാര്‍ടികളും തീരെ പിന്നിലല്ല. 15 മുതല്‍ 30 കോടിവരെയാണ് തെരഞ്ഞെടുപ്പുകാലത്ത് ഇവര്‍ വിമാനയാത്രയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നത്. സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ജയലളിത എന്നിവരെല്ലാം പ്രത്യേകം വിമാനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ്.

നേതാക്കളുടെ വിമാനയാത്രകള്‍ക്ക് പണം മുടക്കുന്നത് കുത്തകകളും കള്ളപ്പണക്കാരുമാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. റിലയന്‍സും ടാറ്റയുമടക്കമുള്ള കുത്തകക്കമ്പനികളാണ് മോഡിയുടെ വിമാനയാത്രകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ജയ്പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം പറന്നത് പ്രത്യേകം ഏര്‍പ്പെടാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാണ്. പ്രമുഖ കമ്പനിയാണ് വിമാനം ഏര്‍പ്പാടാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

deshabhimani

No comments:

Post a Comment