Sunday, March 9, 2014

കണ്ണൂര്‍ മണ്ഡലം: തദ്ദേശസ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ 52 പഞ്ചായത്തുകളില്‍ 34 എണ്ണം ഭരിക്കുന്നത് എല്‍ഡിഎഫ്. മൂന്ന് നഗരസഭകളില്‍ തളിപ്പറമ്പും മട്ടന്നൂരും എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ്. തദ്ദേശസ്ഥാപനങ്ങളിലെ എല്‍ഡിഎഫ് മേല്‍ക്കൈ യുഡിഎഫിന് തിരിച്ചടിയാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമാണ്. തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങളാണ് എല്‍ഡിഎഫ് പക്ഷത്തുള്ളത്. എന്നാല്‍ നാലുമണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമാണെങ്കിലും ഭൂരിപക്ഷം എല്‍ഡിഎഫിനാണ്. മൊത്തം 51,402 വോട്ടിന്റെ ഭൂരിപക്ഷം. നിലവില്‍ ഇതിലേറെ ജനപിന്തുണയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്.

തദ്ദേശസ്ഥാപന- നിയമസഭാ തെഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റവും മാറിയ രാഷ്ട്രീയ സാഹചര്യവുമാണ് കഴിഞ്ഞ തവണ 43,151 വോട്ടിന് കണ്ണൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുധാകരനെ ഇക്കുറി ഭയപ്പെടുത്തുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര ജനതയുടെ ജീവിതത്തിനുമേലുള്ള കൈയേറ്റമായിട്ടും സുധാകരന്‍ ഇടപെടാത്തത് ഈ മേഖലയിലെ ജനങ്ങളുടെ മനസ്സില്‍ നീറിപ്പുകയുകയാണ്. സുധാകരനെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നവര്‍, യുഡിഎഫിന് വോട്ടുചെയ്യില്ലെന്നും ഉറപ്പാണ്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ അഭിപ്രായപ്രകടനം തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയലാണ്. കണ്ണൂരില്‍ പരാജയം മണക്കുന്ന സുധാകരന്‍ സ്ഥാനാര്‍ഥിയാകാന്‍ സ്വയം സന്നദ്ധമല്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കണമെന്ന് ഡിസിസി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടും സിറ്റിങ് എംപിയുടെ ഭയം നീങ്ങിയിട്ടില്ല.

""ഇത്തവണ മത്സരത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് താന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈ തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ പാര്‍ടി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാനാവില്ല. ദേശീയ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതിനാലാണ് ലോക്സഭയില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. പാര്‍ടി ആവശ്യപ്പെട്ടാല്‍ വ്യക്തിപരമായ താല്‍പര്യം മാറ്റിവയ്ക്കും"".

സുധാകരന്റെ ഈ കുമ്പസാരത്തിനുകാരണം കഴിഞ്ഞ അഞ്ചുവര്‍ഷം എംപിയെന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്ന വിളംബരമാണ്. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക കണ്ണൂര്‍ മണ്ഡലത്തിലെ വികസന മുരടിപ്പും ജനപ്രതിനിധിയെന്ന നിലയിലുള്ള മോശം പ്രകടനവുമാണെന്ന തിരിച്ചറിവ് സുധാകരനുണ്ട്. ഇതിനൊപ്പം മറ്റ് സാഹചര്യങ്ങളും പ്രതികൂലമായതിനാല്‍ തോല്‍വി ഉറപ്പിച്ച സുധാകരന്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്.

deshabhimani

No comments:

Post a Comment