Sunday, March 9, 2014

എല്‍ഡിഎഫ് ഉരുക്കു കോട്ടയായി കാസര്‍കോട്

പതിനാറാം ലോക്സഭയില്‍ കാസര്‍കോട് മണ്ഡലത്ത ആര് പ്രതിനിധീകരിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അത് എല്‍ഡിഎഫ് പ്രതിനിധിയായിരിക്കും. മണ്ഡലത്തിന്റെ ചരിത്രവും വോട്ടുകളുടെ കണക്കും ഇത് അടിവരയിടുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലവും യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞപ്പോഴും വ്യക്തമായ ഭൂരിപക്ഷത്തോടെ പി കരുണാകരനെ പാര്‍ലമെന്റിലേക്കയച്ച മണ്ഡലമാണിത്. മണ്ഡലം നിലവില്‍ വന്ന 1957ലെ തെരഞ്ഞെടുപ്പു മുതല്‍ എല്‍ഡിഎഫ് മണ്ഡലം എന്നാണ് കാസര്‍കോട് അറിയപ്പെടുന്നത്. കമ്യൂണിസ്റ്റുകാരെ തെരഞ്ഞെടുത്തയക്കുന്ന പാരമ്പര്യമാണ് എന്നും കാസര്‍കോടിനുള്ളത്. 1957, 1962, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പിലും പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയായിരുന്നു കാസര്‍കോടിന്റെ എംപി. 71ല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയിലൂടെ കോണ്‍ഗ്രസ് പിടിച്ച മണ്ഡലം 77ലും അദ്ദേഹം നിലനിര്‍ത്തി. 80ല്‍ സിപിഐ എമ്മിലെ എം രാമണ്ണറൈയിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 84ല്‍ ഇന്ദിരാഗാന്ധി വധത്തിലെ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസിലെ ഐ രാമറൈ വിജയിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും എല്‍ഡിഎഫിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ യുഡിഎഫിനായില്ല. 89, 91 തെരഞ്ഞെടുപ്പുകളില്‍ എം രാമണ്ണറൈയെ വിജയിപ്പിച്ച മണ്ഡലം 96, 98, 99 തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിലെ ടി ഗോവിന്ദനെ വിജയിപ്പിച്ചു. 2004, 2009 തെരഞ്ഞെടുകളില്‍ പി കരുണാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മണ്ഡലം പുനര്‍നിര്‍ണയിച്ചത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലമുള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി അസംബ്ലി മണ്ഡലങ്ങളാണുള്ളത്. 2004ലെ തെരഞ്ഞെടുപ്പില്‍ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച കരുണാകരന്‍ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം 2009ല്‍ 64,427 വോട്ടിനാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് 1,25,482 വോട്ടാണ് ആകെ കിട്ടിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലത്തില്‍ അഞ്ചിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഇതില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 78,827 ആയി ഉയര്‍ന്നു. പയ്യന്നൂര്‍- 32214, കല്യാശേരി- 29946, കാഞ്ഞങ്ങാട്- 12178, ഉദുമ- 11380, തൃക്കരിപ്പൂര്‍- 8765 എന്നിങ്ങനെയാണ് അസംബ്ലി മണ്ഡലത്തിലെ എല്‍ഡിഎഫ് ഭൂരിപക്ഷം. കാസര്‍കോട്- 9738, മഞ്ചേശ്വരം- 5828 എന്നിങ്ങനെയാണ് യുഡിഎഫ് ഭൂരിപക്ഷം. ഈ കണക്കുകളില്‍നിന്ന് എല്‍ഡിഎഫ് ആധിപത്യം സുവ്യക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 11,13,954 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇപ്പോള്‍ വോട്ടര്‍മാര്‍ 12,21,294 ആയി ഉയര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെ 1,07,310 വോട്ടര്‍മാരാണ് പുതിയതായി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ട് ഉള്‍പ്പെടെയാണിത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 6164 വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്.

നാടിനെ നയിച്ച് ജനകീയ എംപി

കാസര്‍കോട്: നാടിന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴക്കി ജനപക്ഷത്തുനിന്ന് ജനകീയ എംപി എന്ന പേരെടുത്താണ് പി കരുണാകരന്‍ പാര്‍ലമെന്റില്‍ പത്തുവര്‍ഷം തികയ്ക്കുന്നത്. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയെപ്പോലെ അവശ ജനവിഭാഗത്തിനായി പാര്‍ലമെന്റിനകത്തും പുറത്തും നിരന്തരം ശബ്ദിച്ചുവെന്നതാണ് മരുമകന്‍കൂടിയായ പി കരുണാകരനെയും വേറിട്ടുനിര്‍ത്തുന്നത്. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി ഉപനേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ കരുണാകരന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാത്ത പ്രശ്നങ്ങളില്ല. കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളും ഉന്നയിക്കുന്നതിനും അതിനായി പാര്‍ലമെന്റിനകത്തും പുറത്തും സമരം നടത്തുന്നതിനും നേതൃത്വം നല്‍കിയാണ് 15-ാമത് ലോക്സഭയില്‍നിന്ന് അദ്ദേഹം വിരമിക്കുന്നത്. ജില്ലയുടെ നീറുന്ന പ്രശ്നങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കാനും പരിഹാരം കാണാനും സാധിച്ചുവെന്നത് അഭിമാനത്തോടെയാണ് ജനങ്ങള്‍ കാണുന്നത്.

പാര്‍ലമെന്റില്‍ പി കരുണാകരന്‍ എഴുന്നേറ്റാലുടന്‍ എന്‍ഡോസള്‍ഫാനും മറാഠിയെന്നും സഹ എംപിമാര്‍ പറയുമായിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം ആവര്‍ത്തിച്ച് ഉന്നയിച്ചതിലൂടെയാണ് ഇങ്ങനെ പറയാനിടയാക്കിയത്. ജനകീയ ആവശ്യങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടാണ് പ്രശ്നങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കാനും അത് നേടിയെടുക്കാനുമുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മറാഠി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടതും എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണത്തിനായി നബാര്‍ഡില്‍നിന്ന് 200 കോടി വാങ്ങിയെടുത്തതും മികച്ച നേട്ടങ്ങളാണ്.

മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്രസര്‍വകലാശാല കേരളത്തിന് വാങ്ങിയെടുത്തതും അത് കാസര്‍കോട് തുടങ്ങിയതും ആദ്യതവണ എംപിയായപ്പോഴുണ്ടായ നേട്ടമാണ്. എംപിമാര്‍ക്കുള്ള ഗ്രാമീണ വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ ശാസ്ത്രീയതയും കൃത്യതയും ഏര്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതില്‍ മികച്ച നേട്ടമാണ് കാസര്‍കോട് എംപി കൈവരിച്ചത്. റെയില്‍വേ വികസനം, രോഗികള്‍ക്ക് ആശ്വാസമെത്തിക്കല്‍, വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിലെല്ലാം പി കരുണാകരന്‍ കൈവരിച്ച നേട്ടങ്ങള്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തി അതിനെല്ലാം കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി നല്‍കാന്‍ എംപിക്കായി. ജില്ലയുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനംതന്നെ എംപിയുടെ വികസന ശില്‍പശാലയില്‍ രൂപപ്പെട്ട പദ്ധതികളാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് രണ്ടുദിവസത്തെ ദേശീയ ശില്‍പശാല സംഘടിപ്പിച്ചതും ഏറെ ശ്രദ്ധേയമായി. ഇങ്ങനെ ജനപ്രതിനിധി എന്ന നിലയില്‍ നിരന്തരം ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും അവ നേടിയെടുക്കുന്നതിന് ജനങ്ങള്‍ക്കൊപ്പംനിന്ന് പോരാടുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്.

ദുരിതാശ്വാസത്തിന് കൈത്താങ്ങ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തം ജില്ലയുടെ തീരാദുരിതമാണ്. കീടനാശിനി കമ്പനികളും പ്ലാന്റേഷന്‍ കോര്‍പറേഷനും വരുത്തിവച്ച ദുരന്തത്തിന്റെ ആഴം വാക്കുകളില്‍ വിവരിക്കാനാവില്ല. 11 പഞ്ചായത്തിലായി ആറായിരത്തിലധികംപേര്‍ മാറാവ്യാധികള്‍ പിടിപെട്ട് ദുരിതമനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനും ചികിത്സക്കും സഹായിക്കണമെന്ന ജില്ലയുടെയും സംസ്ഥാനത്തിന്റെയും ആവശ്യം നിഷ്കരുണം തള്ളി കേന്ദ്രസര്‍ക്കാര്‍ കീടനാശിനി ലോബിക്കൊപ്പം നില്‍ക്കുമ്പോഴും പാര്‍ലമെന്റില്‍ ഇരകള്‍ക്കുവേണ്ടി സംസാരിക്കാന്‍ പി കരുണാകരന്‍ മാത്രമാണുണ്ടായത്. ജനകീയ പ്രക്ഷോഭത്തിലൂടെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കരാറില്‍ കേന്ദ്രത്തെ ഒപ്പിടാന്‍ പ്രേരിപ്പിച്ചതിനൊപ്പം ദുരിതത്തിന്റെ ആഴം കുറയ്ക്കുന്നതിന് നബാര്‍ഡില്‍നിന്ന് 200 കോടിയുടെ പദ്ധതി വാങ്ങിയെടുക്കാനും എംപി എന്ന നിലയില്‍ പി കരുണാകരനായി. ജില്ലയില്‍ നടന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങളിലും എംപിയുടെ സാന്നിധ്യം സജീവമായിരുന്നു.

deshabhimani

No comments:

Post a Comment