Monday, March 10, 2014

മുന്നണിമാറ്റം കേന്ദ്രനേതൃത്വം തള്ളും; ആര്‍എസ്പി ഊരാക്കുടുക്കിലേക്ക്

എന്‍ കെ പ്രേമചന്ദ്രന്റെ ദുഷിച്ച പാര്‍ലമെന്ററി അവസരവാദം ഒരു പാര്‍ടിയെ വിഴുങ്ങിയതിന്റെ ദുരന്തമാണ് ആര്‍എസ്പി കേരളഘടകത്തിന്റെ ഇടതുപക്ഷരാഷ്ട്രീയം ഞൊടിയിടയില്‍ അസ്തമിച്ചത്. ഇത് തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തുന്നതിനുള്ള പ്രേരണ എല്ലാ തലത്തിലും ഒരുവിഭാഗം പ്രകടിപ്പിക്കുന്നുണ്ട്. കൊല്ലം സീറ്റിനു വേണ്ടി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറാന്‍ ആര്‍എസ്പി സംസ്ഥാനഘടകത്തിന്റെ വിവേകശൂന്യമായ തീരുമാനത്തെ ആ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി തള്ളിയാല്‍ സ്ഥിതിഗതി സങ്കീര്‍ണമാകും.

രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ കേന്ദ്രനേതൃത്വത്തിനൊപ്പം നിന്നാല്‍ വിമതനായ എംഎല്‍എ അയോഗ്യനാകും. കോണ്‍ഗ്രസ് നയവും സോണിയഗാന്ധിയുടെ നേതൃത്വവും അംഗീകരിക്കണമെന്നും യുപിഎയുടെ കൂടെ പ്രവര്‍ത്തിക്കണമെന്നും രേഖാമൂലം എഴുതിക്കൊടുക്കണമെന്ന് കെപിസിസി പ്രേമചന്ദ്രനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് വിമത ആര്‍എസ്പി കോണ്‍ഗ്രസിന്റെ വാലാകും. ഇത് അണികളില്‍ പൊട്ടിത്തെറിയുണ്ടാക്കും. ആര്‍എസ്പിയുടെ ആവശ്യം മുന്നണി ചര്‍ച്ച ചെയ്യാത്തതിനാലാണ് മുന്നണി വിട്ടതെന്ന സംസ്ഥാനനേതാക്കളുടെ വാദം തെറ്റാണ്.

മുന്നണിയിലും ഉഭയകക്ഷി തലത്തിലും ചര്‍ച്ച നടത്തുകയാണ് പതിവ്. ഇതിന് അവസരം നല്‍കാതെ മുന്‍കൂട്ടി കോണ്‍ഗ്രസുമായി നടത്തിയ രഹസ്യക്കച്ചവടത്തിന്റെ അനുബന്ധമാണ് ആര്‍എസ്പി യോഗതീരുമാനം. മൂന്നരപ്പതിറ്റാണ്ടായി ആര്‍എസ്പി മുറുകെപ്പിടിച്ച ഇടതുപക്ഷ ഐക്യമെന്ന ദേശീയരാഷ്ട്രീയത്തിന്റെ ചങ്കാണ് പ്രേമചന്ദ്രന്റെ പാര്‍ലമെന്ററി അവസരവാദത്താല്‍ ഒറ്റദിവസംകൊണ്ട് പിഴുതെറിഞ്ഞത്. "അളമുട്ടിയാല്‍ ചേരയും കടിക്കു"മെന്ന എല്‍ഡിഎഫ് വിടാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിലയിരുത്തല്‍ അബദ്ധമാണ്. ശ്രീകണ്ഠന്‍നായരെ പോലെയുള്ള മഹാരഥന്മാര്‍ പാര്‍ടി വിട്ടിട്ടും ഒരു പാര്‍ടിയെന്ന നിലയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത് കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫിന്റെ നിര്‍ലോഭമായ സഹായത്താലാണ്.

1980ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍നായര്‍ കൊല്ലത്ത് തോറ്റതിനെ തുടര്‍ന്ന് 1981ല്‍ ആര്‍എസ്പിയില്‍ പിളര്‍പ്പുണ്ടായി. ബേബിജോണിനെ സരസന്‍ കേസിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിച്ച് ആര്‍എസ്പിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബിജോണിനെയും ആര്‍എസ്പിയെയും സംരക്ഷിച്ചത് മുഖ്യമായും സിപിഐ എമ്മാണ്. പിന്നീട് ബേബിജോണ്‍ രോഗശയ്യയിലായപ്പോള്‍ വീണ്ടും ആര്‍എസ്പിയില്‍ അധികാരത്തെച്ചൊല്ലി പിളര്‍പ്പുണ്ടായി. എസ് കൃഷ്ണകുമാര്‍ കൈപ്പത്തി ചിഹ്നത്തില്‍ മൂന്നുതവണ തുടര്‍ച്ചയായി ജയിച്ച കൊല്ലത്ത്, അന്ന് നാവായിക്കുളത്തെ ഒരു പഞ്ചായത്ത് അംഗം മാത്രമായിരുന്ന പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത് ഇരു കമ്യൂണിസ്റ്റ്പാര്‍ടിയുടെയും ഉശിരന്‍ പ്രവര്‍ത്തകര്‍ രക്തം വിയര്‍പ്പാക്കിയാണ്.

പിന്നീടുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രേമചന്ദ്രന്‍ രാജ്യസഭാംഗമോ മന്ത്രിയോ ആയിരുന്നു. അങ്ങനെ കഴിഞ്ഞ 15 വര്‍ഷക്കാലം എല്‍ഡിഎഫിന്റെ തീരുമാനപ്രകാരംതന്നെ കൊല്ലത്ത് സിപിഐ എം സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അന്നൊന്നും ഉണരാത്ത വികാരം പ്രേമചന്ദ്രന് ഇപ്പോള്‍ ഇളകിയത് കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ചില മന്ത്രിമാരും തമ്മില്‍ നടത്തിയ രഹസ്യക്കച്ചവടത്തിന്റെ ഫലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഇടതുപക്ഷതരംഗം അലയടിച്ചിട്ടും മൂക്കുകുത്തിവീണ ഏകമന്ത്രി പ്രേമചന്ദ്രനാണ്.

അതിനുള്ള കാരണങ്ങളിലൊന്ന് മന്ത്രി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്പി നേതൃത്വത്തിന്റെ അനിഷ്ടത്തിന് പാത്രമായി എന്നതാണ്. അത് സ്വന്തം അണികളുടെ വോട്ടുപോലും ശത്രുചേരിയിലേക്കു വീഴാന്‍ ഇടയാക്കി.

ആര്‍ എസ് ബാബു ദേശാഭിമാനി

No comments:

Post a Comment