Monday, March 10, 2014

മത്സരിക്കുന്നത് ജനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍: ഇന്നസെന്റ്

തൃശൂര്‍: ചാലക്കുടി ഇക്കുറി ഇടതുപക്ഷം വീണ്ടെടുക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് നടന്‍ ഇന്നസെന്റ്. അര്‍ബുദത്തില്‍ നിന്ന് മോചിതനായ തനിക്ക് ബോണസ് കിട്ടിയ രണ്ടാം ജീവിതമാണിത്. ഇനിയുള്ള ജീവിതം സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃശൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

"പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഏറെ സമയം കണ്ടെത്താറുണ്ട്. നേട്ടങ്ങള്‍ മോഹിച്ചല്ല ഇത്തരം പ്രവര്‍ത്തനം. ഇനിയുള്ള ജീവിതത്തില്‍ നന്മചെയ്യാന്‍ കഴിയണം. പത്തുപേര്‍ക്ക് സഹായം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സുഖം വേറെയില്ല. അഴിമതികള്‍ കണ്ടാല്‍ ഉറക്കെ വിളിച്ചുപറയും. ഇതെല്ലാം ആഗ്രഹിച്ചാണ് മത്സരരംഗത്തേക്ക് വന്നത്. വര്‍ഗീയശക്തികള്‍ അധികാരത്തില്‍ വരാന്‍ പാടില്ല"- ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയില്‍ താന്‍ വിജയിക്കുമെന്ന് സിപിഐ എമ്മിന് ഉറപ്പുള്ളതുകൊണ്ടാണ് തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

തനിക്കും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്. എന്റെ എല്ലാ ബന്ധങ്ങളും ഇതിനായി ഉപയോഗിക്കും. കമ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി പ്രയത്നിച്ച അച്ഛന്റെ പാരമ്പര്യമാണ് എനിക്കുള്ളത്. രാഷ്ട്രീയവും സാമൂഹ്യചലനങ്ങളുമെല്ലാം നിരീക്ഷിക്കാറുണ്ട്. അഭിനയം എന്റെ തൊഴിലാണ്. മുഴുവന്‍ വശങ്ങളും ആലോചിച്ചുറപ്പിച്ചാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സദാ സന്നദ്ധനാവും. സഭയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ സഭകളുടെയും നല്ലവരായ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി തുടരും. വിട്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ചിട്ടും പലരുടെയും നിര്‍ബന്ധംകൊണ്ടാണ് തുടരുന്നത്. പ്രചാരണത്തിന് എത്തിയില്ലെങ്കിലും സിനിമയിലെ സഹപ്രവര്‍ത്തകരുടെയല്ലൊം മനസ്സ്് തന്നോടാപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment