Monday, March 10, 2014

കീഴ്വെണ്‍മണി നിനൈവകം നാടിന് സമര്‍പ്പിച്ചു

കീഴ്വെണ്‍മണി (തമിഴ്നാട്): കൂലിക്കൂടുതലായി നെല്ല് ചോദിച്ചതിന്റെ പേരില്‍ ജന്മിമാര്‍ ചുട്ടുകൊന്ന കര്‍ഷകത്തൊഴിലാളികളുടെ വീറുള്ള ഓര്‍മയ്ക്കായി പണിത വെണ്‍മണി നിനൈവകം ഉദ്ഘാടനംചെയ്തു. ജന്മിത്തത്തിന്റെ ക്രൂരതയ്ക്കെതിരെ തമിഴ്നാട്ടില്‍ ഉയരുന്ന ജനകീയ പോരാട്ടത്തിന് ഊര്‍ജം പകരാനുതകുന്ന സ്മാരകമന്ദിരം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ലക്ഷത്തോളം വരുന്ന പാര്‍ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനംചെയ്തത്.

ചൂഷണത്തിനും ക്രൂരതയ്ക്കുമെതിരെ സംഘടിച്ചതിന് പട്ടികവിഭാഗക്കാരായ കുട്ടികളും സ്ത്രീകളുമടക്കം 44 പേരെയാണ് ജന്മിമാര്‍ 1968 ഡിസംബര്‍ 25നാണ് ചുട്ടുകൊന്നത്. സിഐടിയു സംസ്ഥാന ഘടകമാണ് തൊഴിലാളികളില്‍നിന്ന് പണം സ്വരൂപിച്ച് സ്മാരകമന്ദിരം പണിതത്. നിലവിലുള്ള സ്മാരകസ്തൂപത്തിന് സമീപം പണിതുയര്‍ത്തിയ രക്തസാക്ഷിമന്ദിരം കേഡര്‍മാര്‍ക്കുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക. 44 രക്തസാക്ഷി സ്മാരകങ്ങളില്‍നിന്ന് എത്തിച്ച 44 ദീപശിഖ രാവിലെ വെണ്‍മണിക്കടുത്തുള്ള തേവൂരില്‍ സംഗമിച്ചു.

തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പതിനായിരങ്ങളുടെ അകമ്പടിയോടെ കാല്‍നടയായാണ് ദീപശിഖകള്‍ വെണ്‍മണിയിലെത്തിച്ചത്. കെട്ടിടത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവിലേക്കായി 44 ചാക്ക് നെല്ല് കര്‍ഷകത്തൊഴിലാളികള്‍ നല്‍കി. കര്‍ഷകത്തൊഴിലാളി നേതാവ് ജി വീരയ്യന്‍ പതാക ഉയര്‍ത്തി.

ഉദ്ഘാടനസമ്മേളനത്തില്‍ പ്രകാശ് കാരാട്ട്, സിഐടിയു പ്രസിഡന്റ് എ കെ പദ്മനാഭന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എന്‍ ശങ്കരയ്യ, എ സൗന്ദര്‍രാജന്‍, കെ ബാലകൃഷ്ണന്‍, ടി കെ രംഗരാജന്‍ എംപി, വാസുകി, പി സമ്പത്ത്, സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment