Monday, March 10, 2014

എല്ലാവരും ചോദിക്കുന്നു "വാസുവേട്ടാ ഭൂമി കിട്ടിയോ?"

""വാസുവേട്ടാ... ഭൂമി കിട്ടിയോ?""- ചായ കുടിക്കാനെത്തുന്നവരുടെ ചോദ്യത്തില്‍ ഹൃദയം നുറുങ്ങുകയാണ് ഈ വൃദ്ധന്. ഇല്ലെന്ന് തലയാട്ടി തളരുമ്പോള്‍ കണ്ണീര്‍ തുളുമ്പാതിരിക്കാന്‍ തുണ മനോബലം മാത്രം. അഞ്ചുമാസം മുമ്പ് സര്‍ക്കാരിന്റെ "ഭൂരഹിതരില്ലാത്ത കേരളം പദ്ധതി"യുടെ ഉദ്ഘാടനത്തിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തലസ്ഥാനത്തെത്തിയപ്പോള്‍ അതിഥിയോളം വലുപ്പത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞത് വാസുവേട്ടനായിരുന്നു.

മൂന്നു പതിറ്റാണ്ടായി നഗരഹൃദയത്തിലെ മസ്കറ്റ് ഹോട്ടലിനു മുന്നില്‍ തട്ടുകട നടത്തുന്ന ഈ ഭൂരഹിതനും ഭൂമിയുടെ അവകാശിയാകുന്നുവെന്നായിരുന്നു മാധ്യമവിളംബരം. തന്റെ ജീവിത സ്വപ്നം ഇതാ, യാഥാര്‍ഥ്യമാകുകയാണെന്ന് വാസുദേവന്‍ നാട്യങ്ങളില്ലാതെ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും മൂന്ന് സെന്റ് എന്ന പ്രഖ്യാപനം കേട്ടപ്പോള്‍ മുതല്‍ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു വാസു. മരിക്കുന്നതിനുമുമ്പ് ഒരു തുണ്ട് ഭൂമിയുടെ അവകാശിയാകുകയെന്ന മോഹം കൈയെത്തും ദൂരത്തെന്ന് കുടുംബം സ്വപ്നം കണ്ടു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വില്ലേജ് ഓഫീസര്‍ തേടിയെത്തി.

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ മയങ്ങി അപേക്ഷ നല്‍കി കാത്തിരുന്ന ലക്ഷങ്ങളുടെ ഗതി തന്നെയായി മന്ത്രിമാരുടെ ഔദ്യോഗിക വസതിക്കടുത്ത് മാടക്കട നടത്തുന്ന വാസുദേവനും. മൂന്നില്ലെങ്കിലും പോട്ടെ, ഒരു സെന്റെങ്കിലും തന്നാല്‍ മതിയായിരുന്നെന്നാണ് വാസുദേവന്‍ ഇപ്പോള്‍ ആശിക്കുന്നത്. അഞ്ചു പതിറ്റാണ്ടുമുമ്പ് കണ്ണമ്മൂല ചെന്നിലോട് കോളനിയിലെ തുണ്ടുഭൂമിയും കൂരയും സഹോദരിക്ക് നല്‍കിയതു മുതല്‍ വാസുദേവനും കുടുംബവും വാടകവീട്ടിലാണ്. 50 വര്‍ഷത്തിനിടെ മാറിയ വാടക വീടുകള്‍ എത്രയെന്ന് വാസുദേവന് തിട്ടപ്പെടുത്താനാകുന്നില്ല.

മൂന്നു മക്കളില്‍ രണ്ട് ആണ്‍മക്കള്‍ വിവാഹിതരായതോടെ അവരും വാടകവീടുകളിലേക്ക് മാറി. ഭാര്യ പങ്കജം ഹൃദ്രോഗിയാണ്. ആഴ്ചയില്‍ 650 രൂപവേണം മരുന്നിന്. പരിചയക്കാരുടെ സഹായത്താലാണ് മരുന്ന് മുടങ്ങാത്തത്. ഇപ്പോള്‍ താമസിക്കുന്ന മണക്കാട് കുര്യാത്തി ലെയ്നിലെ വാടക വീട് ഒഴിയേണ്ട സമയപരിധി കഴിഞ്ഞു. തുടരുന്നത് ഉടമയുടെ കാരുണ്യംകൊണ്ടുമാത്രം. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും രോഗത്തിന്റെയും വേദന തിന്നുന്ന ഈ നിര്‍ധന കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എപിഎല്ലാണ്. അതിനാല്‍ രോഗിയായ ഭാര്യക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭൂമിക്കാര്യം തിരക്കി മണക്കാട് വില്ലേജ് ഓഫീസില്‍ അന്വേഷിച്ചുചെന്നാല്‍ അവര്‍ കൈമലര്‍ത്തും.

സെക്രട്ടറിയറ്റില്‍ ചെന്നാല്‍ വില്ലേജ് ഓഫീസില്‍ ചെല്ലൂ എന്ന് മറുപടി. തലസ്ഥാന ജില്ലയില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ആര്‍ക്കും ഭൂമി കിട്ടിയിട്ടില്ല. കുറച്ചു പേര്‍ക്ക് മൂന്ന് സെന്റിന്റെ രേഖ കിട്ടി. ഇവര്‍ക്കാകട്ടെ പതിച്ചുകിട്ടിയ തുണ്ടുഭൂമി എവിടെയെന്ന് കണ്ടെത്താനായില്ല. ചിലര്‍ക്ക് വനമേഖലയില്‍ വാസയോഗ്യമല്ലാത്ത ഭൂമിയുടെ രേഖയാണ് കിട്ടിയത്. മറ്റു ചിലരെ പൊതുശ്മശാനത്തിന്റെ രേഖ നല്‍കി സര്‍ക്കാര്‍ പറ്റിച്ചു.

എം വി പ്രദീപ് ദേശാഭിമാനി

No comments:

Post a Comment