Monday, March 10, 2014

ധനപാലന്‍ എംപിക്ക് ഒരു തുറന്ന കത്ത്

ബഹുമാനപ്പെട്ട എംപി കെ പി ധനപാലന്‍ അറിയുന്നതിന് ആലുവ റെയില്‍വേസ്റ്റേഷനില്‍ വന്നുപോകുന്ന ഒരു യാത്രക്കാരന്‍ എഴുതുന്ന കത്ത്.

50,000 കോടി രൂപയുടെ വികസനം ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ അങ്ങ് കൊണ്ടുവന്നുവെന്ന് അങ്ങയുടെ പാര്‍ടിയും യുവജനവിഭാഗവും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇതെഴുതുന്നത്. ദേശീയ നിലവാരത്തിലേക്ക് സ്റ്റേഷനെ ഉയര്‍ത്തുമെന്ന അഞ്ചുവര്‍ഷം മുമ്പത്തെ അങ്ങയുടെ വാഗ്ദാനം രോമാഞ്ചത്തോടെയാണ് ഞങ്ങളെപ്പോലുള്ള യാത്രക്കാര്‍ കേട്ടത്. സര്‍, അങ്ങയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന ആലുവ റെയില്‍വേസ്റ്റേഷന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒന്നരമാസം മുമ്പല്ലേ സര്‍ അവിടെ പ്ലാറ്റ്ഫോമിലെ വെളിച്ചംകുറഞ്ഞ മൂലയില്‍ പാവപ്പെട്ട ഒഡിഷ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്? വികസനത്തിന്റെ പ്രഭാപൂരത്തില്‍ നില്‍ക്കുന്ന അവിടെ എങ്ങനെയാണ് സര്‍ ഇത് സംഭവിച്ചത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേട്ടു.

റെയില്‍വേയുടെ കണക്കനുസരിച്ച് ദിവസം 15,000 മുതല്‍ 20,000 യാത്രക്കാര്‍ അവിടെ വന്നുപോകുന്നുണ്ട് സര്‍. ആവശ്യത്തിന് മൂത്രപ്പുര കെട്ടാന്‍പോലും കഴിയാഞ്ഞതെന്താണ് സര്‍. 50,000 കോടിയില്‍ 10 മൂത്രപ്പുരയ്ക്ക് ഫണ്ട് നല്‍കാഞ്ഞതെന്താണെന്ന് വിശദീകരിക്കാമോ? നമ്മുടെ നാട്ടില്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ വന്നിറങ്ങുന്നത് അവിടെയല്ലേ സര്‍. സ്റ്റേഷന്റെ സുരക്ഷയ്ക്ക് 10 ആര്‍പിഎഫുകാരെ കൂടുതല്‍ അനുവദിക്കാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? അങ്ങനെ നിയമിച്ചാല്‍ ആ പാവം പെണ്‍കുട്ടി മാനഭംഗത്തിന് ഇരയാകില്ലായിരുന്നല്ലോ സര്‍.

ബുക്കിങ് കൗണ്ടറിലെ തിരക്ക് അങ്ങ് ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ? ക്യൂനിന്ന് വശംകെട്ടാലും കൗണ്ടറിലെത്താന്‍ കഴിയുന്നില്ല സര്‍. കൗണ്ടറുകളുടെ എണ്ണം കൂട്ടുകയോ ജീവനക്കാരെ കൂടുതല്‍ നിയമിക്കുകയോ ചെയ്തില്ലല്ലോ സര്‍? ആ കൗണ്ടര്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാറില്ലെന്ന് അങ്ങ് അറിയാന്‍ സാധ്യതയില്ല. ജനശതാബ്ദിക്ക് സ്റ്റോപ്പ് അനുവദിച്ചതിനും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിനും അങ്ങയുടെ പേരില്‍ വച്ച ഫ്ളക്സ് ബോര്‍ഡ് കണ്ടു സര്‍. ഈ ഹൈമാസ്റ്റ് വിളക്കല്ലേ സര്‍ മാസങ്ങളോളം കത്താതെ കിടന്നത്. ജനശതാബ്ദിക്ക് സ്റ്റോപ്പ് അനുവദിച്ചതുകൊണ്ടുമാത്രം എല്ലാമായോ സര്‍. വരുന്ന യാത്രക്കാര്‍ക്ക് തലകറങ്ങിയാല്‍ വിശ്രമിക്കാനുള്ള സൗകര്യമെങ്കിലും ഉണ്ടാകേണ്ടതല്ലേ?

ഹൈറേഞ്ചിന്റെ കവാടമായ ഇവിടെനിന്നല്ലേ സര്‍ നമ്മുടെ കുരുമുളകും ഏലവുമൊക്കെ കയറ്റിപ്പോകുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളില്ലെന്ന് കച്ചവടക്കാര്‍ പറയുന്നതില്‍ വല്ല വാസ്തവവുമുണ്ടോ? ചരക്ക് കൈമാറ്റത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമില്ലേ ആലുവയിലെ ഗുഡ്സ് ഷെഡ്ഡിന്. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവുമധികം വരുമാനമുള്ള ഷെഡ്ഡുകളിലൊന്നാണ് ആലുവയിലേതെന്ന് റെയില്‍വേ പറയുന്നു. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും വന്നുപോകുന്ന യാത്രക്കാര്‍ക്കും ഗുഡ്സ് ഷെഡ്ഡിന്റെ ശോച്യാവസ്ഥ ദുരിതമായിമാറിയത് അങ്ങ് അറിഞ്ഞിട്ടുണ്ടോ? ഇതിന് പരിഹാരംവേണ്ടേ സര്‍. അങ്ങ് ഇനി മത്സരിക്കുമോ ഇല്ലയോ എന്ന് അറിയില്ല. എന്നാല്‍ ഈ അവസ്ഥ കാണുന്ന ഞങ്ങള്‍ യാത്രക്കാര്‍ അങ്ങയുടെയും അങ്ങയുടെ പാര്‍ടിയുടെയും വാഗ്ദാനങ്ങള്‍ ഇനി വിശ്വസിക്കേണ്ടതുണ്ടോ സര്‍?

മറുപടി നല്‍കുമെന്ന പ്രതീക്ഷയോടെ, ഒരു യാത്രക്കാരന്‍ deshabhimani

No comments:

Post a Comment