Monday, March 10, 2014

അതാവണമെടാ പൊലീസ്

"വെക്കടാ വെടി"  മുനിക്ക് ഓര്‍മവരുന്ന് ഈ വാചകമാണ്. എതിരാളിയുടെ തോക്കിനുമുന്നില്‍ നെഞ്ചുവിരിച്ച് നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ പറയുന്ന ഡയലോഗ്. ഇവിടെ പൊലീസിലും ഇതുപോലൊരു സൂപ്പര്‍സ്റ്റാറുണ്ട്. സുരേഷ്ഗോപി കഴിഞ്ഞാല്‍ തോക്കുകൊണ്ട് ഏറ്റവുമധികം അഭ്യാസം കാണിക്കുന്നയാളാണ്. അദ്ദേഹം കഴിഞ്ഞദിവസം ഒരു ആഹ്വാനമങ്ങ് നടത്തി. നമ്മളിലൊന്നിനെ തൊട്ടാല്‍ വെക്കണം വെടി. കേട്ടുനിന്ന മറ്റു പൊലീസ് ഏമാന്‍മാര്‍ പുളകംകൊണ്ടു. എന്തൊരു കര്‍ത്തവ്യബോധം; വര്‍ഗബോധം അപാരം. പൊലീസുകാരുടെ ഏക സംഘടനയുടെ ജില്ലാ സമ്മേളനമാണ് ഇഷ്ടന്റെ കിടിലന്‍ പ്രസംഗത്തിന് വേദിയായത്. മൊട്ടേന്ന് വിരിയാത്ത കുട്ടികളെ വെടിവച്ച് പേടിപ്പിച്ച് പതക്കം വാങ്ങിയയാളാണ്. പത്തുനൂറ് പിള്ളേര്‍ കൂടിനിന്നിട്ടും ഒരു വെടിപോലും കൊള്ളാത്തതിനാല്‍ അസിസ്റ്റന്റ് കമീഷണര്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു സര്‍ക്കാര്‍ അന്ന് കണ്ടെത്തിയത്. അങ്ങനെയാണ് ഇത്തരക്കാരെ കൊണ്ടുതള്ളുന്ന മലപ്പുറത്തേക്ക് കക്ഷിയെ സ്ഥലംമാറ്റിയത്. അങ്ങനെയാണ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയത്. "ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ ഇനിയും വെക്കുമെടാ ഞാന്‍ വെടി" എന്ന പ്രഖ്യാപനംകേട്ട പൊലീസുകാരുടെ കൈയടി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍വരെ കേട്ടെന്നാണ് പത്രവാര്‍ത്ത. അല്ലെങ്കിലും നമ്മുടെ ഏമാന്‍മാരുടെ അസോസിയേഷന്റെ സമ്മേളനത്തില്‍ ഇതിലും വലുത് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

എന്താണ് ഈ അസോസിയേഷന്റെ കഥ. സ്വന്തം സഹപ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കണമെന്ന് അംഗങ്ങളെ ആഹ്വാനംചെയ്ത് ചരിത്രമെഴുതിയതാണ് ക്രമസമാധാനപാലകരുടെ ഈ മഹാസഖ്യം. നേതാക്കള്‍ക്കാണെങ്കില്‍ പരമസുഖം. ഭരണപ്പാര്‍ടി നോമിനികളായി എത്തുന്ന ഇവറ്റകള്‍ക്ക് സംഘടനയില്‍ പാര്‍ടിക്കാര്യങ്ങള്‍ നന്നായി നടക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അവരുടെ സമ്മേളനമാകട്ടെ ഏതോ ഐഎന്‍ടിയുസി സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗംപോലെയാണ് പാവപ്പെട്ട ചില പൊലീസുകാര്‍ക്ക് തോന്നിയത്. മന്ത്രിമാരുടെ ഫോട്ടോ ചേര്‍ത്ത് പോസ്റ്റര്‍ അടിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ മന്ത്രിമാര്‍ തടിയൂരി. മന്ത്രിമാരുടെ അസാന്നിധ്യം പരിഹരിക്കാന്‍ ഇവരുടെ പടമുള്ള ഓരോ കട്ടൗട്ടുമായാണ് നേതാക്കളെത്തിയത്. പറ്റുമെങ്കില്‍ പടമുള്ള ടീഷര്‍ട്ട് ഇടണമെന്നും ആഹ്വാനം ചെയ്തിരുന്നെന്നാണ് കേള്‍വി.

സ്വാഗതപ്രാസംഗികന്‍ മുതല്‍ സംസാരിച്ചവരെല്ലാം യുഡിഎഫിന് വോട്ട് പിടിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, സമ്മേളനത്തിനെത്തിയവരുടെ തലയെണ്ണിയപ്പോള്‍ ഏമാന്‍മാര്‍ ഞെട്ടി. അണികള്‍ അത്ര പോര. എങ്കിലും സമ്മേളനം നടത്തി. റിപ്പോര്‍ട്ട് കേട്ട് അണികള്‍പോലും ഞെട്ടി. സോളാര്‍ സമരമുള്‍പ്പെടെ സകല സമരങ്ങളെയും വിമര്‍ശിച്ചു. സര്‍ക്കാരിനെതിരായ സമരമെല്ലാം പൊലീസിനെതിരായതായി. "ഇന്ത്യന്‍" എന്നു പേരെടുത്ത, തീരദേശത്തെ എസ്ഐ ആയി റിട്ടയര്‍ ചെയ്ത നീതിമാനായ ഉദ്യോഗസ്ഥനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. ജനനേന്ദ്രിയത്തെക്കുറിച്ച് മിണ്ടരുതെന്നും അത് അശ്ലീലമാണെന്നും നേരത്തേതന്നെ നേതാക്കള്‍ അണികളെ ബോധിപ്പിച്ചിരുന്നതിനാല്‍ വിഷയം ചര്‍ച്ചയായില്ല. അസോസിയേഷന്‍ പണം വാങ്ങിയതായി സരിത വെളിപ്പെടുത്തല്ലേ എന്ന കൂട്ട പ്രാര്‍ഥനയോടെയാണത്രെ സമ്മേളനം അവസാനിച്ചത്.

മുനി deshabhimani

No comments:

Post a Comment