Thursday, March 20, 2014

കോട്ടയം എംപി കൈയൊഴിഞ്ഞു; ദുരിതം മാറാതെ പടിഞ്ഞാറന്‍ ഗ്രാമങ്ങള്‍

അഞ്ചുവര്‍ഷം മുമ്പ് കുമരകത്തെ കരിയില്‍ കോളനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജോസ് കെ മാണി നല്‍കിയത് വാഗ്ദാനപ്പെരുമഴയായിരുന്നു. കരിയുടെ പിന്നോക്കാവസ്ഥ മാറ്റുമെന്നായിരുന്നു മുഖ്യപ്രഖ്യാപനം. ഇദ്ദേഹം ജയിച്ചപ്പോള്‍ കോളനി നിവാസികള്‍ ഒരിക്കല്‍കൂടി തങ്ങളുടെ എംപിയെ നേരില്‍കണ്ട് വാഗ്ദാനങ്ങള്‍ ഓര്‍മപ്പെടുത്തി. നിരാശയായിരുന്നു ഫലം. കരിക്ക് മാത്രമല്ല, ജില്ലയിലെ പടിഞ്ഞാറന്‍ ഗ്രാമങ്ങളിലാകെ ജോസ് കെ മാണിയുടെ വാഗ്ദാനലംഘനത്തിന്റെ കഥകളാണ് പറയാനുള്ളത്. കരിയുടെ പിന്നോക്കാവസ്ഥയ്ക്ക് കെ സുരേഷ്കുറുപ്പ് എംഎല്‍എ ആയശേഷം പരിഹാരനടപടി സ്വീകരിച്ചതും വോട്ടര്‍മാരുടെ മനസിലുണ്ട്. കരിയില്‍ പാലവും റോഡുമടക്കം സമഗ്രവികസനത്തിന് ഒരുകോടി രൂപയുടെ പദ്ധതിയാണ് എംഎല്‍എ തയ്യാറാക്കിയത്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാമായിരുന്നിട്ടും എംപി അവഗണിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വേമ്പനാട്ടുകായലിന്റെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതാണ്. മാലിന്യസംസ്കരണത്തിനും കായലിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രയോജനപ്പെടുത്താവുന്ന ഈ പദ്ധതി നേടിയെടുക്കാന്‍ ജോസ് കെ മാണി ചെറുവിരലനക്കിയില്ല.

കവണാറ്റിന്‍കര മുതല്‍ ബോട്ടുജെട്ടി വരെ കായലരികിലൂടെ നടപ്പാത, ഇടത്തോടുകളുടെ ആഴം വര്‍ധിപ്പിക്കല്‍, റോഡുകളുടെയും പാലങ്ങളുടെയും നവീകരണം, വഴിവിളക്ക് സ്ഥാപിക്കല്‍, പക്ഷിസങ്കേതം മെച്ചപ്പെടുത്തല്‍, സൂചനാബോര്‍ഡ് സ്ഥാപിക്കല്‍, മാലിന്യസംസ്കരണം തുടങ്ങി വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്ന ഒട്ടേറെ പദ്ധതികള്‍ പഞ്ചായത്ത് മുന്നോട്ടുവച്ചെങ്കിലും ഫണ്ട് നല്‍കാനോ സഹകരിക്കാനോ എംപി തയ്യാറായില്ല. കോടികള്‍ ചെലവഴിക്കുന്ന കുട്ടനാട് പാക്കേജിലും ചില്ലിക്കാശ് അനുവദിപ്പിച്ചില്ല. തിരുവാര്‍പ്പിലും വെച്ചൂര്‍ മുതല്‍ അയ്മനം വരെയും ഉള്ളവര്‍ കുമരകം ഗവ. ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ വികസനത്തിനായി എംപി ഫണ്ടില്‍നിന്ന് ഒന്നും മുടക്കിയില്ല. കെ സുരേഷ്കുറുപ്പ് എംപിയായിരിക്കെ എന്‍ആര്‍എച്ച്എം ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതികതടസ്സത്തില്‍ കുരുങ്ങി. ഇതുപയോഗിച്ച് പുതിയ ഒപി ബ്ലോക്ക് നിര്‍മിച്ചപ്പോള്‍ അവകാശവാദവുമായി ജോസ് കെ മാണി എത്തി. അവികസിത മേഖലയായ മണിയാപറമ്പ്, മഞ്ചാടിക്കരി പ്രദേശങ്ങളിലേക്കും എംപി തിരിഞ്ഞുനോക്കിയില്ല. ഇതില്‍ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് എം ജില്ലാനേതാവ് അനൂപ് ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ രാജിവച്ചിരുന്നു. ചീപ്പുങ്കല്‍- മണിയാപറമ്പ് റോഡിന്റെ പേരിലായിരുന്നു മറ്റൊരു പൊള്ളയായ വാഗ്ദാനം. നെടിയമുകള്‍ പാലം തീര്‍ന്നാല്‍ മഞ്ചാടിക്കരിയുടെ കരയ്ക്ക് വണ്ടിയെത്തും. ഇതിനായി എംപിയെ സമീപിച്ചിട്ടും കനിഞ്ഞില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴികാടന്‍ 20 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും അവഗണിച്ച ഈ പ്രദേശങ്ങളെ സുരേഷ്കുറുപ്പിന്റെ ഇടപെടലാണ് ഒടുവില്‍ തുണച്ചത്. മൂന്നുകോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനം നടക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വാസന്തി തങ്കേശന്‍ സൂചിപ്പിച്ചു. മെഡിക്കല്‍കോളേജ് ബസ്സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് എന്ന വാഗ്ദാനവും എംപി മറന്നു. തിരുവാര്‍പ്പിലെ ശാസ്താംകടവ്- വെട്ടിക്കാട് റോഡ്, മീഞ്ചിറ- പട്ടാണംകരി റോഡ്, കൊച്ചമ്പലം- അട്ടിപ്പീടിക റോഡ് എന്നിവയ്ക്ക് ഫണ്ട് നല്‍കാതെയും എംപി കണ്ണടച്ചു.

സര്‍ക്കാര്‍ ചെലവില്‍ കള്ളപ്രചാരണം നടത്തുന്നു: പീലിപ്പോസ് തോമസ്

കാഞ്ഞിരപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യങ്ങള്‍ നല്‍കി കളപ്രചാരണം നടത്തുകയാണെന്ന് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയാ സെന്റര്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റില്‍ സംസാരിക്കുകയായിരുന്നു പീലിപ്പോസ് തോമസ്. നിലവിലെ എംപിക്ക് വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനോ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനോ കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയില്‍ നില്‍ക്കുന്ന റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ എംപി ഒന്നും ചെയ്തിട്ടില്ല. പ്രഖ്യാപനങ്ങള്‍ ഫ്ളക്സുകളില്‍ ഒതുക്കിയതല്ലാതെ നടപടി ഉണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലാ സ്റ്റേഷനില്‍ വികസനമെത്തിക്കുന്ന കാര്യത്തില്‍ എംപി ഒന്നും ചെയ്തില്ല. പത്തനംതിട്ടക്കാര്‍ക്ക് പാസ്പോര്‍ട്ട് എടുക്കണമെങ്കില്‍ വളരെ അകലെയുള്ള കൊല്ലത്ത് ചെല്ലണം. പത്തനംതിട്ടയില്‍ ആധാര്‍ നടപടി പൂര്‍ത്തിയായെന്ന് പലതവണ പ്രഖ്യാപിക്കുമ്പോഴും ഭൂരിഭാഗം പേര്‍ക്കും സബ്സിഡി ഇനിയും ലഭിച്ചു തുടങ്ങിയിട്ടില്ല. എംപിയുടെ പ്രാദേശിക വികസനഫണ്ടുകള്‍ പല പഞ്ചായത്തുകളിലും ലഭിച്ചിട്ടേയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കള്ളപ്രചാരണങ്ങളുമായി ഇവര്‍ രംഗത്തുവന്നു കഴിഞ്ഞു- പീലിപ്പോസ് തോമസ് പറഞ്ഞു.

ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തനിക്ക് വികസനത്തിന്റേതായ കാഴ്ചപ്പാടുണ്ട്. സമഗ്ര വികസന പദ്ധതിയില്‍ കൃഷിക്കും കൃഷിക്കാര്‍ക്കും ഒന്നാംസ്ഥാനം നല്‍കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 14 ഗ്രാമങ്ങളെ ബാധിക്കും. തെരഞ്ഞെടുപിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അപ്പോള്‍ വനവാസത്തിാലയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയാത്ത ജനപ്രതിനിധികളെ ഒഴിവാക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം. ശബരിമല പാക്കേജില്‍ തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളില്‍ മനംമടുത്താണ് താന്‍ കോണ്‍ഗ്രസ് വിട്ടത്. ആര്‍എസ്പിയെ വരുതിയിലാക്കിയപ്പോള്‍ തന്നെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകയും അബ്ദുള്ളകുട്ടിക്ക് സ്ഥാനം നല്‍കുകയും ശെല്‍വരാജിനെ കാലുമാറ്റിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തന്നെ വിമര്‍ശിക്കുവാന്‍ അവകാശമില്ല- പീലിപ്പോസ് തോമസ് പറഞ്ഞു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസും ഏരിയ കമ്മിറ്റിയംഗം ഷെമിം അഹമ്മദും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായി. മീഡിയാ സെന്റര്‍ സെക്രട്ടറി രതീഷ് മറ്റത്തില്‍ സ്വാഗതവും പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment