Thursday, March 20, 2014

പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: കോണ്‍ഗ്രസില്‍ ചേരിതിരിവ് ശക്തം; യുഡിഎഫിലും അതൃപ്തി പടരുന്നു

കൊല്ലം: സ്ഥാനമോഹവുമായി യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിക്ക് ഏകപക്ഷീയമായി കൊല്ലം സീറ്റ് നല്‍കിയതില്‍ യുഡിഎഫില്‍ പ്രതിഷേധം പടരുന്നു. ആര്‍എസ്പി യുഡിഎഫ് ഘടകകക്ഷിയായതോടെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന കൊല്ലം സീറ്റ് ഇനി തിരികെ കിട്ടില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശയിലാക്കി. കൈ ചിഹ്നത്തില്‍ വോട്ടുചെയ്യണമെന്ന കോണ്‍ഗ്രസുകാരന്റെ വൈകാരികമായ അവകാശത്തെ സ്വാര്‍ഥമോഹവുമായി മറുകണ്ടം ചാടിയെത്തിയ ആര്‍എസ്പിക്കു മുന്നില്‍ അടിയറവുവച്ച നേതൃത്വത്തിന്റെ നടപടി തിരിച്ചടിയാകുമെന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്. ഇന്നലെവരെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു പ്രസംഗിച്ചു നടന്ന എന്‍ കെ പ്രേമചന്ദ്രനുവേണ്ടി എന്തുപറഞ്ഞ് വോട്ടുപിടിക്കുമെന്ന ജാള്യതയും യുഡിഎഫുകാര്‍ക്കുണ്ട്.

കൊല്ലം ആര്‍എസ്പിക്കു നല്‍കിയതില്‍ ഏറെ നഷ്ടം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനാണ്. വര്‍ഷങ്ങളായി ഐ ഗ്രൂപ്പിന്റെ കുത്തക സീറ്റാണ് കൊല്ലം. പി കെ നായര്‍ മുതല്‍ ഒടുവില്‍ എന്‍ പീതാംബരക്കുറുപ്പുവരെ കെ കരുണാകരനുമായി അടുപ്പമുള്ളവര്‍ മാത്രമാണ് കൊല്ലത്ത് സ്ഥാനാര്‍ഥികളായത്. ഇത്തവണ കൊല്ലം സീറ്റിനായി ഐഎന്‍ടിയുസിയും മഹിളാ കോണ്‍ഗ്രസും യൂത്തുകോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചിരുന്നു. സിറ്റിങ് എംപി എന്‍ പീതാംബരക്കുറുപ്പുതന്നെ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്‍ നേരത്തെതന്നെ പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും ഐ ഗ്രൂപ്പുകാരനുമായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഏറെക്കുറെ സീറ്റ് ഉറപ്പിച്ച മട്ടിലായിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയും രമേശ് ചെന്നിത്തല വഴി കൊല്ലം സീറ്റിനായി ശ്രമം നടത്തി. ഐ ഗ്രൂപ്പിന്റെ കുത്തക സീറ്റ് ആര്‍എസ്പിക്കു നല്‍കിയതോടെ ഐ ക്യാമ്പില്‍ പ്രതിഷേധം ശക്തിപ്പെട്ടു. സീറ്റ് ആര്‍എസ്പിക്കു നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ ചന്ദ്രശേഖരന്‍ സോണിയഗാന്ധിക്ക് ഇ-മെയില്‍ അയച്ചു.

എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ഥിക്കെതിരെ യുവനേതാക്കളില്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു യൂത്തുകോണ്‍ഗ്രസിന്റെ ആവശ്യം. ഐ ഗ്രൂപ്പുകാരായ യൂത്തുകോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് എം ലിജുവിന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന്റെയും പേര് ഉയര്‍ന്നുകേട്ടിരുന്നു. രാഹുല്‍ഗാന്ധിയുടെ പിന്തുണ കിട്ടുമെന്ന യൂത്തുകോണ്‍ഗ്രസുകാരുടെ പ്രതീക്ഷയും അസ്ഥാനത്താക്കിയാണ് ആര്‍എസ്പിയുടെ മുന്നണിപ്രവേശം. ഭാവിയില്‍ ഇരവിപുരം നിയമസഭാസീറ്റ് ആര്‍എസ്പിക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്നതിനാല്‍ മുസ്ലിംലീഗും കടുത്ത പ്രതിഷേധത്തിലാണ്. കൊല്ലത്ത് കോണ്‍ഗ്രസുതന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗുകാര്‍ പ്രകടനംനടത്തി. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ തനിക്ക് പ്രാതിനിധ്യം നല്‍കാത്തതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് എ യുനുസുകുഞ്ഞ് പൊട്ടിത്തെറിച്ചിരുന്നു. പ്രസംഗിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണവും നിരസിച്ചു.

സനല്‍ ഡി പ്രേം

യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അവഗണന; പ്രേമചന്ദ്രന്റെ അഭിപ്രായം വിവാദമാകുന്നു ഐ വിഭാഗം കടുത്തരോഷത്തില്‍

കൊല്ലം: ഘടകകക്ഷികള്‍ യുഡിഎഫിനുള്ളില്‍ അവഗണന നേരിടുന്നുവെന്ന കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ അഭിപ്രായം വിവാദമാകുന്നു. ഘടകകക്ഷികള്‍ അവഗണന നേരിടുന്നുവെന്നത് ആര്‍എസ്പിക്കു ബോധ്യമുണ്ടെന്നും ഈ സാഹചര്യം മറികടക്കുന്നതിനു തെരഞ്ഞെടുപ്പിനുശേഷം മന്ത്രി ഷിബുബേബിജോണ്‍ നയിക്കുന്ന ആര്‍എസ്പി-ബിയുമായി യോജിച്ച് ശക്തിപ്പെടുന്ന കാര്യം ആലോചിക്കും എന്നുമാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്. ഇതാണ് വിവാദമായത്. തിങ്കളാഴ്ച നാമനിര്‍ദേശപത്രിക നല്‍കിയശേഷം കൊല്ലം പ്രസ്ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പ്രേമചന്ദ്രന്‍ യുഡിഎഫ് ഘടകകക്ഷികള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു പറഞ്ഞത്.

"യുഡിഎഫ് ഘടകകക്ഷികള്‍ കോണ്‍ഗ്രസില്‍നിന്ന് അവഗണന നേരിടുന്നു. അത്തരംസാഹചര്യം തങ്ങളും നേരിടാം. അതുമുന്നില്‍ക്കണ്ട് ഷിബുബേബിജോണുമായി ചേരുന്നകാര്യം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഗൗരവമായി ആലോചിക്കും" എന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.

മറ്റു ഘടകകക്ഷികള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെപേരില്‍ ആര്‍എസ്പി ഷിബുബേബിജോണുമായി ഒന്നിക്കുമെന്ന അഭിപ്രായവും കോണ്‍ഗ്രസ് പാളയത്തില്‍ നീരസം സൃഷ്ടിച്ചു. പ്രേമചന്ദ്രന്റെ അഭിപ്രായം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതാണെന്നു ജില്ലയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്കു കോണ്‍ഗ്രസുമായി പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനു പ്രാപ്തിയുണ്ട്. അക്കാര്യത്തില്‍ ഇന്നലെ തങ്ങള്‍ക്കൊപ്പംവന്ന പ്രേമചന്ദ്രനു വേവലാതി വേണ്ടെന്നും ഈ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ വിലപേശല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനമാണ് ഇതെന്നു ജില്ലയിലെ ഐവിഭാഗം വിലയിരുത്തുന്നു. തങ്ങള്‍ക്കു ന്യായമായും കിട്ടേണ്ട സീറ്റ് തട്ടിയെടുത്തശേഷം കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തുന്നതാണ് ഈ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. ഇതു ഗൗരവമുള്ള കാര്യമാണെന്നും ഇക്കാര്യം കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്നുമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് പ്രതികരിച്ചത്. യുഡിഎഫില്‍ നിന്നുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിപ്രശ്നങ്ങളില്‍ നിലപാട് എടുക്കേണ്ടിവരുന്നത് സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിക്കുമെന്നും പ്രേമചന്ദ്രന്‍ അന്നത്തെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു അവസ്ഥയില്‍ ആര്‍എസ്പിയുടെ നിലപാട് ജനങ്ങളോടു വിശദീകരിക്കുക ബുദ്ധിമുട്ടാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

എം സുരേന്ദ്രന്‍ deshabhimani

No comments:

Post a Comment