Sunday, March 9, 2014

റയോണ്‍സിനെ ഇരുട്ടിലാക്കി; നാടിനെയും

പെരുമ്പാവൂര്‍: അരനൂറ്റാണ്ടോളം നാടിന്റെ വെളിച്ചമായി നിലനിന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ ഇപ്പോള്‍ "നിത്യപൂജ" നടക്കുന്നത് റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍. യുഡിഎഫ് സര്‍ക്കാരിന്റെ വികസനവായാടിത്തത്തിന് ഉത്തമ ഉദാഹരണമാണ് പെരുമ്പാവൂര്‍ റയോണ്‍സ്. കോടിക്കണക്കിനു രൂപയുടെ വൈദ്യുതി കുടിശ്ശികയുടെ പേരില്‍ ആറുമാസം മുമ്പ് കമ്പനിയിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കമ്പനിയുടെ 73 ഏക്കറില്‍ അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി കെഎസ്ഇബിക്ക് വിട്ടുകൊടുക്കുകയും അവിടെ 110 കെവി സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തശേഷമാണ് റയോണ്‍സിന്റെ വൈദ്യുതിബന്ധം ബോര്‍ഡ് വിച്ഛേദിച്ചത്. പതിമൂന്നു വര്‍ഷമായി അടഞ്ഞുകിടക്കുന്ന കമ്പനിയില്‍ അവശ്യസര്‍വീസ് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. അതിനായി മുപ്പതോളം തൊഴിലാളികള്‍ മാത്രം. മലമ്പാമ്പും മറ്റ് ഇഴജന്തുക്കളും ധാരാളമായുള്ള ഇവിടെ ജീവന്‍ പണയപ്പെടുത്തിയാണ് ഈ തൊഴിലാളികള്‍ രാത്രി കഴിച്ചുകൂട്ടുന്നത്. വെളിച്ചത്തിന് ഏക ആശ്രയം റാന്തല്‍വിളക്കും. വൈദ്യുതി ഇല്ലാത്തതിനാല്‍ കുടിവെള്ളവും നിലച്ചു. സമീപത്തെ പൊതുടാപ്പില്‍നിന്ന് ബക്കറ്റില്‍ വെള്ളം ശേഖരിച്ചാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്.
പെരുമ്പാവൂരിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ദിനചര്യകള്‍ നിയന്ത്രിച്ചിരുന്നത് റയോണ്‍സില്‍നിന്ന് എട്ടുനേരം ഉയര്‍ന്നുകേട്ട സൈറണ്‍ വിളിയായിരുന്നു. 2001ല്‍ കമ്പനി അടച്ചശേഷവും ആ സൈറണ്‍ തുടര്‍ന്നുപോന്നിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ അതും നിലച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ അടച്ചുപൂട്ടിയതാണ് കമ്പനി. തുറന്നുപ്രവര്‍ത്തിക്കാന്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ശ്രമം നടത്തിയത്. എന്നാല്‍, ഈ നീക്കം വിജയിച്ചില്ല. തുടര്‍ന്ന് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ഡിനന്‍സ് ഇറക്കി. പക്ഷേ, സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് രാഷ്ട്രപതിഭവന്‍ ഓര്‍ഡിനന്‍സ് മടക്കി. പിന്നീട് പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്വരെ കോണ്‍ഗ്രസ് ഭരിച്ചിട്ടും ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നേടിയെടുക്കാനോ, കമ്പനി പുനരുദ്ധരിക്കാനോ നടപടിയെടുത്തില്ല. ഇത്രകാലവും ഒന്നും ചെയ്യാതിരുന്ന യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് കമ്പനി കിന്‍ഫ്രയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ച് പരിഹാസ്യരായി.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ പി ധനപാലന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു റയോണ്‍സ് പുനരുദ്ധാരണം. എന്നാല്‍, നാടിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍ കഴിയാതിരുന്ന എംപി റയോണ്‍സിന്റെ കാര്യത്തിലും നാവ് അനക്കിയില്ല. ഈ ജാള്യതയ്ക്ക് മറയിടാനാണ് കിന്‍ഫ്രയെ മറയാക്കി നാട്ടുകാരെ മണ്ടന്മാരാക്കുന്ന പ്രഖ്യാപനം നടത്തിയത്. വൈദ്യുതിബന്ധംപോലും നിലനിര്‍ത്താന്‍ കഴിയാത്തവരാണ് കിന്‍ഫ്രയെക്കൊണ്ട് കമ്പനി ഏറ്റെടുപ്പിക്കുമെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. കോയമ്പത്തൂരിലെയും എറണാകുളത്തെയും കമ്പനികള്‍ റയോണ്‍സ് ഏറ്റെടുക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു പിന്നാലെ, ജനുവരി 20ന് കമ്പനിയിലെ കോടികള്‍ വിലവരുന്ന പ്ലാറ്റിനം ജറ്റുകള്‍ പിഎഫ് അധികൃതര്‍ ജപ്തിചെയ്തിരുന്നു. പിഎഫ് കുടിശ്ശിക വസൂലാക്കാനായിരുന്നു ജപ്തി. തൊഴിലാളികള്‍ക്കു കൊടുക്കാനുള്ള പിഎഫ് ആനുകൂല്യം 13 കോടി രൂപയാണ്. ആറുകോടി മാത്രമാണ് അക്കൗണ്ടിലുള്ളത്. രണ്ടുവര്‍ഷം മുമ്പ് മാനേജ്മെന്റ്തന്നെ പെരുമ്പാവൂര്‍ ടൗണിലെ റയോണ്‍സ് ക്ലബും രണ്ട് ഏക്കര്‍ സ്ഥലവും ചുളുവിലയ്ക്ക് സ്വകാര്യവക്തികള്‍ക്കു വില്‍ക്കുകയുമുണ്ടായി. നിഷ്ക്രിയത്വം മുഖമുദ്രയാക്കിയ സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം അവശേഷിക്കുന്ന മുതലും നശിക്കുമ്പോള്‍ ഈ റാന്തല്‍ വെളിച്ചത്തില്‍ കാവലിരിക്കുകയാണ് തൊഴിലാളികള്‍.

എം ഐ ബീരാസ് ദേശാഭിമാനി

No comments:

Post a Comment