Thursday, March 6, 2014

സോഷ്യലിസ്റ്റ് ജനത രൂപീകരണം: മിനിറ്റ്സ് ഹാജരാക്കാന്‍ ഉത്തരവ്

എം പീ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത രൂപീകരണവുമായി ബന്ധപ്പെട്ട മിനിറ്റ്സും മറ്റു രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. മാതൃഭൂമി ജീവനക്കാരെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും ഭാരവാഹികളാക്കി വ്യാജ പാര്‍ടി തട്ടിക്കൂട്ടിയശേഷം അതില്‍ ലയിച്ച് സ്വയം സംസ്ഥാന പ്രസിഡന്റായി മാറി എന്നാരോപിച്ച് വീരേന്ദ്രകുമാറിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2009 ഒക്ടോബര്‍ 11 മുതല്‍ 2010 ജൂലൈ എട്ടുവരെയുള്ള പാര്‍ടി യോഗങ്ങളുടെ മിനിറ്റ്സ് ഹാജരാക്കാനാണ് എസ്ജെഡി സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജിനോട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേട്ട് കോടതി ആവശ്യപ്പെട്ടത്. മെയ് രണ്ടിനകം രേഖകള്‍ ഹാജരാക്കണം.

എം പി വീരേന്ദ്രകുമാറും പേഴ്സണല്‍ സ്റ്റാഫ് നന്ദകുമാറും ചേര്‍ന്ന് ഗൂഢാലോചനയിലൂടെയാണ് സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചതെന്ന് ആരോപിച്ച് പാലോട് സന്തോഷ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട്ട് 2009 ഒക്ടോബര്‍ 11ന് ചേര്‍ന്ന പാര്‍ടി രൂപീകരണയോഗത്തില്‍ 118 പേര്‍ പങ്കെടുത്തതായി രേഖയുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വ്യക്തമായ മേല്‍വിലാസമില്ലാതെ ഒരാള്‍തന്നെ പേരുകളെഴുതി മിനിറ്റ്സ് തയ്യാറാക്കുകയായിരുന്നു. ഈ യോഗമാണ് സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നത്. മാതൃഭൂമി ജീവനക്കാരും വീരേന്ദ്രകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായിരുന്നു ഭാരവാഹികള്‍. പി സി ഇബ്രാഹിംകുഞ്ഞ് പ്രസിഡന്റും എം നന്ദകുമാര്‍ സെക്രട്ടറി ജനറലുമായി രൂപം കൊണ്ട പാര്‍ടിക്ക് നാഷണല്‍ കൗണ്‍സില്‍ ഉള്‍പ്പെടെ രൂപീകരിച്ചതായും മിനിറ്റ്സില്‍ എഴുതിവച്ചു.

കീഴ്ജീവനക്കാരെ ഭാരവാഹികളാക്കി പാര്‍ടി തട്ടിക്കൂട്ടിയ വീരേന്ദ്രകുമാര്‍ ലയനാഗ്രഹം പ്രകടിപ്പിച്ച് പിന്നീട് ഇവര്‍ക്ക് കത്തുനല്‍കുകയായിരുന്നു. 2010 ജൂണ്‍ 15നാണ് തന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പുതിയ പാര്‍ടിയില്‍ ലയിക്കാനാഗ്രഹിക്കുന്നതായി വീരേന്ദ്രകുമാര്‍ കീഴ്ജീവനക്കാരന് കത്ത് കൊടുക്കുന്നത്. ഈ കത്ത് അംഗീകരിച്ചായിരുന്നു ലയിപ്പിക്കല്‍ തീരുമാനം. 2010 ജൂലൈ 15ന് ഇരു പാര്‍ടികളുടെയും സംയുക്ത സംസ്ഥാന കൗണ്‍സില്‍യോഗം കോഴിക്കോട്ട് ചേര്‍ന്നതായി രേഖയുണ്ടാക്കി. ആഗസ്ത് എട്ടിന് തൃശൂരില്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ ലയനം സമ്പൂര്‍ണമായി. ഇതോടെ ആദ്യ ഭാരവാഹികളുടെ ദൗത്യം അവസാനിച്ച് വീരേന്ദ്രകുമാര്‍ പ്രസിഡന്റായതായും പരാതിയില്‍ പറയുന്നു.

deshabhimani

No comments:

Post a Comment