Thursday, March 6, 2014

പെയ്ഡ് ന്യൂസ് തടയുമെന്ന് കമീഷന്‍ വോട്ടേഴ്സ് സ്ലിപ്പ് വീട്ടിലെത്തിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി നിഷേധ വോട്ട് അഥവാ നോട്ട പ്രാബല്യത്തില്‍ വരും. ഡിസംബറില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിഷേധ വോട്ട് ബാലറ്റ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണിത്. ആദ്യമായി ഇത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പ് നല്‍കും. ബാലറ്റിനൊപ്പം രസീതും നല്‍കും. മേഘാലയ, മിസോറം നിയമസഭാ തെരഞ്ഞെടുപ്പിലാണ് രസീത് സമ്പ്രദായം തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കമീഷന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പണക്കൊഴുപ്പ് തടയല്‍. നിരീക്ഷണ സംവിധാനം ശക്തമാക്കും. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കും. അഭിപ്രായവോട്ടെടുപ്പ്് നിരോധിക്കണമെന്നാണ് അഭിപ്രായം. എന്നാല്‍, നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണ്. എക്സിറ്റ് പോള്‍ മാത്രമാണ് നിരോധിച്ചത്. പെയ്ഡ് ന്യൂസ് തടയും. അച്ചടി-ദൃശ്യമാധ്യമങ്ങളുടെയും, സ്ഥാനാര്‍ഥികളുടെയും പെയ്ഡ് ന്യൂസ് തടയാനുള്ള നടപടിയാണ് സ്വീകരിക്കുക. കുറ്റവാളികളായവര്‍ക്ക് സ്ഥാനാര്‍ഥികളാകാന്‍ കഴിയില്ലെന്നും സമ്പത്ത് പറഞ്ഞു. വോട്ടെടുപ്പ് മൂന്ന് ഘട്ടമാക്കുന്നത് കമീഷണര്‍ ന്യായീകരിച്ചു. ഒമ്പത് ഘട്ടമല്ല, ഒമ്പത് തെരഞ്ഞെടുപ്പ് തീയതികള്‍ എന്നാണ് പറയേണ്ടത്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദൈര്‍ഘ്യം മൂന്നുദിവസം കുറയ്ക്കാനായി. 72 ദിവസമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ. ജൂണ്‍ രണ്ടിന് ആന്ധ്രപ്രദേശ് വിഭജിച്ച് രണ്ട് സംസ്ഥാനമായി മാറുമെന്ന് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും എംപിമാരും പുതിയ സംസ്ഥാനങ്ങളിലേക്ക് സ്വാഭാവികമായും മാറും- സമ്പത്ത് പറഞ്ഞു.

പുതുമയായി നോട്ടയും വോട്ടര്‍സ്ലിപ്പും

ന്യൂഡല്‍ഹി: ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമടക്കം പുതുമകള്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമീഷന്‍ ഇത്തവണയും പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നു. നിഷേധവോട്ടും ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുമാണ് ഇത്തവണ അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ഥികളെ ബോധിച്ചില്ലെങ്കില്‍ നിഷേധവോട്ട് രേഖപ്പെടുത്താം. നോട്ട (നണ്‍ ഓഫ് ദി എബവ്) ബട്ടണ്‍ പ്രത്യേകം ക്രമീകരിക്കും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും താഴെയാകും "നോട്ട"യുടെ സ്ഥാനം. വോട്ടെടുപ്പ് ബഹിഷ്കരണം ഒഴിവാക്കാനാണ് നോട്ട. ഇതോടെ പോളിങ് ശതമാനം ഉയരുമെന്നും കമീഷന്‍ കണക്കുകൂട്ടുന്നു. ഡിസംബറില്‍ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട ഉപയോഗിച്ചത്. പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കേണ്ട ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ വോട്ടെടുപ്പിന് മുമ്പുള്ള ദിവസങ്ങളില്‍ വിതരണം ചെയ്യും. ഇതില്‍ വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ടാകും. ക്രമക്കേട് തടയാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. വോട്ടര്‍ വെരിഫിയബില്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) ആണ് മറ്റൊരു പുതുമ. വോട്ട് ചെയ്ത സ്ഥാനാര്‍ഥി ആരാണെന്നും ചിഹ്നം ഏതെന്നും വോട്ടര്‍ക്ക് ഉറപ്പിക്കാന്‍ സാധിക്കുന്നതാണ് ഈ സംവിധാനം.

deshabhimani

No comments:

Post a Comment