കേരളത്തിന് കൂടുതല്‍ കേന്ദ്രമന്ത്രിമാരെ ലഭിക്കും; അത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണമാകും-ഇതാണ് 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് നടത്തിയ മുഖ്യപ്രചാരണം. യുഡിഎഫിന് 16 എംപിമാരെ ലഭിച്ചു. സംസ്ഥാനത്തുനിന്ന് എട്ട് പേര്‍ കേന്ദ്രമന്ത്രിമാരുമായി. എന്നാല്‍, കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് ഒറ്റ ലോക്സഭാംഗംപോലും ഇല്ലാതിരുന്ന 2004-2009 കാലത്ത് ലഭിച്ച നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കേരളത്തിന് ഒന്നും നല്‍കിയില്ല.
തിരുവനന്തപുരം ഐസര്‍, ഐഎസ്ആര്‍ഒ എന്‍ജിനിയറിങ് കോളേജ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല, തിരുവനന്തപുരം ബ്രഹ്മോസ്, ഏഴിമല നാവിക അക്കാദമി, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊല്ലം പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജ്, പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇടതുപക്ഷ എംപിമാരുടെ ശ്രമത്തിന്റെ ഫലമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയവയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന് ന്യായമായ വിഹിതം ലഭിച്ചില്ല. പുതിയ ഐഐടികളും ഐഐഎമ്മുകളും അനുവദിച്ചപ്പോള്‍ കേരളം പട്ടികയില്‍നിന്ന് പുറത്തായി.
സാര്‍വത്രിക പൊതുവിതരണസമ്പ്രദായം തകര്‍ത്ത കേന്ദ്രനയത്തിന്റെ കെടുതികള്‍ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. അര്‍ഹമായ ഭക്ഷ്യധാന്യവിഹിതം അനുവദിക്കാതെ കൂടുതല്‍ ദ്രോഹിച്ചു. റെയില്‍വേ വികസനത്തിലും വിവേചനം കാട്ടി. പ്രത്യേക സോണ്‍ നേടിയെടുക്കാന്‍ കേന്ദ്രമന്ത്രിമാരുടെ വന്‍പടയ്ക്ക് കഴിഞ്ഞില്ല. പാലക്കാട് ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കാനുള്ള തീരുമാനത്തിന് ഇവര്‍ മൂകസാക്ഷികളായി. ഒപ്പം പ്രഖ്യാപിച്ച റായ്ബറേലി ഫാക്ടറിയില്‍നിന്ന് കോച്ച് നിര്‍മാണം തുടങ്ങിയിട്ടും പാലക്കാടിന്റെ കാര്യത്തില്‍ പ്രാഥമികനടപടിനീളുകയാണ്. പുതിയ ട്രെയിനുകള്‍, മേല്‍പ്പാലങ്ങള്‍, സ്റ്റേഷനുകളുടെ വികസനം, റിസര്‍വേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, യാത്രായോഗ്യമായ ബോഗികള്‍ എന്നീ ആവശ്യങ്ങളും പരിഗണിച്ചില്ല.
പ്രവാസികളോട് കാട്ടിയ അവഗണനയാണ് മറ്റൊരു തിരിച്ചടി. ഗള്‍ഫ് റൂട്ടുകളില്‍ എയര്‍ഇന്ത്യ യാത്രക്കാരെ കൊള്ളയടിക്കുകയാണ്. സൗകര്യങ്ങള്‍ പരിമിതവും. വിദേശരാജ്യങ്ങളില്‍ കഠിനാധ്വാനംചെയ്ത് നാടിന്റെ സമ്പദ്ഘടന പരിപോഷിപ്പിക്കുന്ന പ്രവാസികളെ ചൂഷണംചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന് വ്യഗ്രത. പ്രവാസിക്ഷേമ മന്ത്രി വയലാര്‍ രവി, വിദേശസഹമന്ത്രി ഇ അഹമ്മദ്, വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിട്ടും മലയാളികള്‍ക്ക് തെല്ലും ആശ്വാസമില്ല. പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളും മറ്റും വന്‍കിടക്കാരുടെ മേളകളായി.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടും കേരളത്തിന് പ്രതികൂലമായി. കൊച്ചിയിലെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളോടും വിവേചനം കാട്ടി. സംസ്ഥാനത്തെ കശുവണ്ടിവ്യവസായംപോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിന് നടപടിയുണ്ടായില്ല. കാഷ്യുബോര്‍ഡ് സ്വപ്നംമാത്രം. എല്‍പിജി സബ്സിഡിയെ ആധാറുമായി ബന്ധിപ്പിക്കല്‍, പെട്രോള്‍-ഡീസല്‍ വിലക്കയറ്റം എന്നിവയും കേരളത്തെ ബാധിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ ജാട്ടുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും കേരളത്തിലെ ഒബിസി വിഭാഗങ്ങള്‍ക്ക് തിരിച്ചടിയായി. അപ്രഖ്യാപിത നിയമനിരോധനവും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ ഏറെയുള്ള കേരളത്തിന് ദ്രോഹമായി.
സാജന്‍ എവുജിന്‍ deshabhimani
No comments:
Post a Comment