Wednesday, March 5, 2014

ലക്ഷ്യമിട്ടത് കോടികളുടെ ഭൂമികുംഭകോണം

ആലപ്പുഴ: "ഭൂരഹിതരില്ലാത്ത കേരളം" പദ്ധതി മറയാക്കി കായല്‍- കടല്‍ തീരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് പതിച്ചുനല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കോടികളുടെ ഭൂമി കുംഭകോണത്തിന് വേണ്ടി. പാലക്കാട് ജില്ലയില്‍ കുറഞ്ഞവിലയ്ക്ക് ഭൂമി വാങ്ങിനല്‍കി കോടികള്‍ വിലമതിക്കുന്ന തീരഭൂമി തട്ടാനായിരുന്നു നീക്കം. ഭൂമി വില സംബന്ധിച്ച് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി. പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കുന്ന പദ്ധതിയുടെ മറവിലാണ് കോടികളുടെ കുംഭകോണം. ഏഴു കോടിയിലേറെ രൂപ വിലയുള്ള തീരഭൂമി കൈക്കലാക്കാനായിരുന്നു റിസോര്‍ട്ട് ഉടമകകളുടെ നീക്കം. ഭൂമി പതിച്ചുനല്‍കാനായി മന്ത്രി അടൂര്‍ പ്രകാശിന് നല്‍കിയ നിവേദനത്തോടൊപ്പമുള്ള വസ്തുവില്‍പ്പന കരാറും തീരങ്ങള്‍ക്ക് കോടികള്‍ വിലയുള്ളതായി കാണിച്ച് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടും ഇക്കാര്യം വ്യക്തമാക്കുന്നു.

അരൂക്കുറ്റി, കലവൂര്‍ വില്ലേജുകളിലെ 2.55 ഏക്കര്‍ കായല്‍, കടല്‍ തീരങ്ങള്‍ക്ക് വിപണിയില്‍ 7.15 കോടിയോളം വിലയുണ്ട്. അതേസമയം പാലക്കാട് കോട്ടത്തറ വില്ലേജിലെ ഭൂമി വാങ്ങിനല്‍കാന്‍ റിസോര്‍ട്ടുകാര്‍ ചെലവഴിക്കേണ്ടത് വെറും 75 ലക്ഷം രൂപ മാത്രവും. ചേര്‍ത്തല താലൂക്കില്‍ അരൂക്കുറ്റി വില്ലേജില്‍ സര്‍വെ നമ്പര്‍ 98/1ലെ 1.5 ഏക്കര്‍ (62.34 ആര്‍) വിസ്തീര്‍ണമുള്ള കായല്‍തീരത്തിന് ഒരു ആറിന് 50,000 രൂപവിലയുള്ളതായി കാണിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടാതെ കലവൂര്‍ വില്ലേജിലെ ഒരേക്കര്‍ (39 ആര്‍) കടല്‍ തീരത്തിന് തീരമേഖലയില്‍ നിശ്ചയിച്ചിട്ടുള്ളത് ആറിന് (2.47 സെന്റ്) 50,000 രൂപയാണെന്നും ഇവിടെ ഒരുലക്ഷം രൂപ കമ്പോളവില ഉണ്ടെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അരൂക്കുറ്റിയില്‍ കായല്‍ തീരത്തിന് സെന്റിന് മൂന്നു ലക്ഷം രൂപവരെ വിലയുണ്ടെന്നും കലവൂരില്‍ 2.5 ലക്ഷം രൂപയിലധികമുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. റിസോര്‍ട്ടിന് അനുയോജ്യമായ സ്ഥലമായതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത. തഹസില്‍ദാരൂടെ റിപ്പോര്‍ട്ട് പ്രകാരമുള്ള വില കണക്കാക്കിയാലും റിസോര്‍ട്ടുടമകള്‍ക്ക് വന്‍ലാഭമാണ്.

പാലക്കാട് കോട്ടത്തറ വില്ലേജില്‍ സര്‍വെ നമ്പര്‍ 673 മുതല്‍ 677 വരെയുള്ള 24 ഏക്കര്‍ ഭൂമി സെന്റിന് 6,250 രൂപ നിരക്കിലാണ് വാങ്ങുന്നതെന്ന് റിസോര്‍ട്ടുടമകള്‍ മന്ത്രിക്ക് നല്‍കിയ വസ്തുവില്‍പ്പന കരാറില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ കാറളം വില്ലേജില്‍ കാരയില്‍ ഷണ്‍മുഖന്‍ ഒന്നാംകക്ഷിയായും ട്രൈന്‍ ഗ്രീന്‍ ലഗൂണ്‍സ് റിസോര്‍ട്ട് ഉടമ രവി ജേക്കബ്, കലവൂരിലെ ഇന്‍ഫ്രാ ഹൗസിങ് എന്ന സ്ഥാപന ഉടമ ജോര്‍ജ് ഇ ജോര്‍ജ് എന്നിവര്‍ രണ്ടാം കക്ഷിയായും വെള്ളപേപ്പറിലാണ് വസ്തുവില്‍പ്പന കരാര്‍. റിസോര്‍ട്ട് ഉടമകളുടെ വാഗ്ദാനം അനുസരിച്ച് തീരഭൂമിക്കുപകരം 12.5 ഏക്കര്‍ ഭൂമി നല്‍കിയാല്‍ മതി. വസ്തുവില്‍പ്പന കരാര്‍ പ്രകാരം ഇതിന് 75 ലക്ഷം മാത്രമേ വിലവരൂ. കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സംഭവം വിവാദമായതോടെ അരൂക്കുറ്റിയിലെ കായലും തീരവും വെള്ളക്കെട്ടാണെന്ന് പറഞ്ഞ് മന്ത്രി അടൂര്‍പ്രകാശ് രംഗത്തെത്തി. റിസോര്‍ട്ട് ഉടമകളുടെ അപേക്ഷയിലെ അതേ വാചകങ്ങളാണ് മന്ത്രിയും ആവര്‍ത്തിച്ചത്.

ജി അനില്‍കുമാര്‍

റിസോര്‍ട്ടിനു നല്‍കിയ ഭൂമിയില്‍ കുടില്‍കെട്ടും : ഐസക്

ആലപ്പുഴ: റിസോര്‍ട്ട് ഉടമകള്‍ക്ക് പതിച്ചുനല്‍കിയ കലവൂരിലെ കടല്‍ തീരഭൂമിയില്‍ മത്സ്യത്തൊഴിലാളികള്‍ കുടില്‍കെട്ടുമെന്ന് ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഭൂമി കൈമാറാന്‍ ഒരു സാഹചര്യത്തിലും അനുവദിക്കില്ല. തീരദേശ പരിപാലന നിയമം ബാധകമായ ഭൂമി റിസോര്‍ട്ട് മാഫിയയ്ക്ക് നല്‍കിയതില്‍ വലിയ ഗൂഢാലോചയുണ്ട്. തിടുക്കത്തിലുള്ള തീരുമാനം ഇതിന് തെളിവാണ്. കലക്ടറുടെ റിപ്പോര്‍ട്ട് പോലും അവഗണിച്ചുള്ള തീരുമാനത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നേരില്‍ പങ്കാളികളായ ഇടപാടില്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment