Wednesday, March 5, 2014

ഗെയിലിന്റെ ആത്മകഥ മതസ്പര്‍ധ വളര്‍ത്തുന്നത് എങ്ങനെ: കോടതി

കൊച്ചി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസി ഗെയില്‍ ട്രെഡ്വെല്ലിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ എങ്ങനെ മതസ്പര്‍ധ വളര്‍ത്തുമെന്ന് കോടതി. മതസ്പര്‍ധ വളര്‍ത്തിയെന്ന കുറ്റത്തിനു ട്രെഡ്വെല്ലിനും പുസ്തക പ്രസാധകര്‍ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടിന്റെ ചോദ്യം.

മാമംഗലം സ്വദേശി ഡോ. സിജിത്താണ് ഹര്‍ജിക്കാരന്‍. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചുമാത്രമെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാനാവൂ എന്ന് മജിസ്ട്രേട്ട് വ്യക്തമാക്കി. അമൃതാനന്ദമയിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് ചാനലുകളെ നിയന്ത്രിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരസിച്ചു. ആത്മകഥ സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അമൃതാനന്ദമയിയെ ദൈവത്തെപ്പോലെയാണ് വിശ്വാസികള്‍ കാണുന്നതെന്നും അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങളെ ചെറുക്കാന്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങുന്നതെന്നും ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലാപത്തിന് വാര്‍ത്തകള്‍ വഴിവയ്ക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. മാധ്യമം, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, ഇന്ത്യാവിഷന്‍, തേജസ്, ജമാഅത്തെ ഇസ്ലാമി, സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ്, ആത്മകഥാ പ്രസാധകരായ വാട്ടര്‍ ട്രി പ്രസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

deshabhimani

No comments:

Post a Comment