Wednesday, March 12, 2014

ട്രഷറിക്ക് താഴിടും കേരളം കടക്കെണിയിലേക്ക്

ധനസ്ഥിതി സുസ്ഥിരമാക്കുമെന്ന വാദവുമായി അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ 1000 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളം നീങ്ങുന്നത് ചരിത്രത്തിലില്ലാത്തവിധം കടക്കെണിയിലേക്ക്. പെരുമാറ്റചട്ടത്തിന്റെ രക്ഷാകവചം ഇല്ലായിരുന്നെങ്കില്‍ മാസാവസാനം ട്രഷറി താഴിട്ടുപൂട്ടുന്ന ഗതികേടിനും സംസ്ഥാനം സാക്ഷ്യമാകുമായിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി. പുതിയ തസ്തിക സൃഷ്ടിക്കുന്നില്ല. നിലവിലെ ഒഴിവ് നികത്തുന്നുമില്ല. എന്നിട്ടും സാമ്പത്തികവര്‍ഷത്തിന്റെ അവസാനാളുകളിലെ ബാധ്യത ഏറ്റെടുക്കുന്നതിന് 3500 കോടിയിലധികം രൂപയുടെ കമ്മിയാണ് ഏകദേശ കണക്ക്.

നിയമസഭയില്‍ ധന ഉത്തരവാദിത്ത നിയമം പാസാക്കിയാണ് മന്ത്രി കെ എം മാണി ധനസുസ്ഥിരതാ പ്രഖ്യാപനം നടത്തിയത്. വാദം ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ പൊളിഞ്ഞു. 2012-13ലെ ബജറ്റില്‍ റവന്യുകമ്മി 3500 കോടി രൂപയായിരിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. പുതുക്കിയ കണക്കില്‍ കമ്മി 9351 കോടിയായി. യഥാര്‍ഥ കണക്കില്‍ 12,000 കോടി കവിയും. അധിക നികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടും റവന്യുകമ്മി കുത്തനെ ഉയര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 26 ശതമാനം വെട്ടിക്കുറച്ചിട്ടും കമ്മി കുറയുന്നില്ല. നികുതിപിരിവിലെ ധൂര്‍ത്തും അഴിമതിയും എല്ലാ സീമയും ലംഘിച്ചു. സംസ്ഥാനം വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ മാസം 1000 കോടി രൂപയുടെ കടപ്പത്രംകൂടി ഇറക്കിയാണ് അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിക്ക് താല്‍ക്കാലിക താങ്ങിട്ടത്. കടമെടുക്കാന്‍ അവശേഷിക്കുന്നത് 800 കോടിയും. കടമെടുപ്പ് 10,800 കോടിയിലെത്തി. പൊതു കടമെടുപ്പിന് അനുമതി 11,600 കോടിയും.
യുക്തിസഹമല്ലാത്ത വില്‍പ്പന നികുതി വര്‍ധന വാണിജ്യ നികുതിവരവിനെ പ്രതികൂലമാക്കി. സംയോജിത ചെക്ക്പോസ്റ്റ് ജലരേഖയാക്കി. ചെക്ക്പോസ്റ്റുകള്‍ അഴിമതിക്കാരുടെ കേന്ദ്രമായി. നികുതിവെട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ചെക്ക്പോസ്റ്റ് നിയന്ത്രണം ഏറ്റെടുത്തു. മാനദണ്ഡങ്ങളും കൃത്യമായ സംവിധാനങ്ങളും തകിടംമറിക്കപ്പെട്ട പൊതുമരാമത്തുവകുപ്പും ധൂര്‍ത്തിന്റെയും അഴിമതിയുടെയും പ്രതീകമായി. സര്‍ക്കാര്‍ ചെലവ് കുതിച്ചുയരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായി മന്ത്രിസഭാ യോഗങ്ങളില്‍ ഫയലുകള്‍ അംഗീകരിപ്പിക്കുന്നു. ധൂര്‍ത്തിന് മുമ്പന്‍ മുഖ്യമന്ത്രിതന്നെ.

തകര്‍ന്ന് തരിപ്പണമായ സാമ്പത്തികസ്ഥിതിയിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. തുടര്‍ന്നെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച ധനമാനേജ്മെന്റിലൂടെയും ദിശാബോധത്തോടെയുള്ള കര്‍മപരിപാടികളിലൂടെയും ദുര്‍ബല ധനസ്ഥിതി കെട്ടുറപ്പുള്ളതാക്കി. സംസ്ഥാനത്തെ സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ എത്തിച്ചു. ഉയര്‍ന്ന ചെലവ് നേരിടാന്‍ വരുമാനമുയര്‍ത്തുകയെന്ന ബദല്‍മാര്‍ഗം സ്വീകരിച്ചു. ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ചില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നികുതിവരുമാനം വര്‍ധിപ്പിച്ചു. തനത് നികുതിവരുമാനം അഞ്ചുവര്‍ഷത്തില്‍ 129 ശതമാനം വര്‍ധിച്ചു. വാണിജ്യനികുതിവകുപ്പിലെ ക്രമക്കേടുകളെ നേരിട്ടു. ഒപ്പം നികുതിയിതര വരുമാനത്തിലും വര്‍ധന ഉണ്ടാക്കി. ഒരു ദിവസംപോലും ട്രഷറി പൂട്ടേണ്ടിവന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ട്രഷറിയില്‍ 4500 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. ബാങ്കുകളേക്കാള്‍ അരശതമാനം കൂടുതല്‍ പലിശ നല്‍കിയാണ് ട്രഷറിയിലേക്ക് കൂടുതല്‍ നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍, സര്‍ക്കാര്‍ മാറിയതോടെ പലിശ കുറച്ചു. ട്രഷറി നിക്ഷേപവും കുറഞ്ഞു. ട്രഷറി താഴിടേണ്ട അവസ്ഥയിലെത്തി. കേന്ദ്രം ഉയര്‍ത്തിയ സമ്മര്‍ദങ്ങളും അതിജീവിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപപ്പെടുത്തിയെടുത്ത സാമ്പത്തിക സ്ഥിരതയും പുരോഗതിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.


ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment