Wednesday, March 12, 2014

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് പി എബ്രഹാമും മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും തൃശൂരില്‍ സി എന്‍ ജയദേവനും വയനാട്ടില്‍ സത്യന്‍ മൊകേരിയും മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിനെതിരെ രണ്ടു തവണ ഉജ്വലവിജയം നേടിയ യുവതാരമാണ് മാവേലിക്കരയില്‍ മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രന്‍. പന്തളം എന്‍എസ്എസ് കോളേജില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടിയ ചെങ്ങറ എഐവൈഎഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1998ല്‍ പഴയ അടൂര്‍ മണ്ഡലത്തില്‍ നിന്നാണ് ചെങ്ങറ ആദ്യം ജനവിധി നേടിയത്. സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. കാരക്കോണം സ്വദേശിയായ ഡോ. ബെന്നറ്റ് സിഎസ്ഐ മെഡിക്കല്‍ മിഷന്റെ തലവനാണ്. 2001 മുതല്‍ 07 വരെ പിഎസ്സി അംഗമായിരുന്നു. താമ്പരം മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈയിലെ വിമെന്‍സ് ക്രിസ്ത്യന്‍ കോളേജ് എന്നിവയുടെ ഗവേണിങ് ബോഡി അംഗമാണ്. സൗത്ത് ഇന്ത്യന്‍ ചര്‍ച്ച് ട്രഷറര്‍, കമ്യൂണിയന്‍ ഓഫ് ചര്‍ച്ച് ട്രഷറര്‍, ലുധിയാന ക്രിസ്ത്യന്‍മെഡിക്കല്‍ കോളേജിന്റെയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ദരിദ്രകുടുംബത്തില്‍ ജനിച്ച ഇദ്ദേഹം കഠിനപ്രയത്നം കൊണ്ടാണ് സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിയത്.

സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന് ലോക്സഭയിലേക്ക് ഇത് രണ്ടാം അങ്കമാണ്. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996ല്‍ ഒല്ലൂരില്‍നിന്ന് എംഎല്‍എയായി. കേരളവര്‍മയില്‍ എംഎ മലയാളത്തിന് പഠിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി. 1982ല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. വയനാട് സ്ഥാനാര്‍ഥിയായ സത്യന്‍ മൊകേരി 1987മുതല്‍ മൂന്നുതവണ നാദാപുരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം. സിപിഐ ദേശീയകൗണ്‍സില്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്.

deshabhimani

No comments:

Post a Comment