Monday, March 17, 2014

ബംഗാളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളില്ല

പരാജയഭീതി മൂലം ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരരംഗത്തുനിന്ന് പിന്‍വാങ്ങുന്നു. മിക്ക സീറ്റിലും കെട്ടിവച്ച തുക കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്നാണ് പിന്മാറ്റം. ബംഗാളിലെ പാര്‍ടിപ്രവര്‍ത്തകരുടെയും അനുയായികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് രാഹുല്‍ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടും നേതാക്കള്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളായ പ്രദീപ് ഭട്ടാചാര്യ, മനാസ് ഭുനിയ, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍മന്നന്‍, ശങ്കര്‍സിങ്, മായാഘോഷ്, കൃഷ്ണദേബ്നാഥ്, ഓംപ്രകാശ്മിശ്ര തുടങ്ങിയവരെല്ലം മത്സരിക്കാന്‍ വിമുഖരാണ്. സാമൂഹ്യ-സാംസ്കാരികരംഗത്തുള്ളവരെയും അധ്യാപകരെയും കായികതാരങ്ങളെയും സമീപിച്ചെങ്കിലും ആരും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞാണ് പലരും പിന്മാറിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീനെ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരസാത്തില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കവും ഫലിച്ചില്ല. തോല്‍വി ഉറപ്പായ സീറ്റില്‍ മത്സരിക്കാനില്ലെന്നും മറ്റെവിടെയെങ്കിലും നോക്കാമെന്നുമായിരുന്നു അസറുദ്ദീന്റെ മറുപടി. ഇതിനിടെ, സീറ്റ് തേടി അസറുദ്ദീന്‍ മമത ബാനര്‍ജിയെ സമീപിച്ചെന്ന വാര്‍ത്തയും പുറത്തുവന്നു.

2009ല്‍ തൃണമൂലുമായി സഖ്യമുണ്ടാക്കി 16 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടത്ത് ജയിച്ചു. താരതമ്യേന സ്വാധീനമുള്ള മൂര്‍ഷിദാബാദ്, മാള്‍ദ മേഖലയിലാണ് അഞ്ചു സീറ്റ്. ഇത്തവണ ഇവിടങ്ങളിലും സ്ഥിതി മോശം. മാള്‍ദയിലെ കൃഷ്ണേന്ദുചൗധരി, മൂര്‍ഷിദാബാദിലെ ഹുമയൂണ്‍ കബീര്‍ എന്നിവര്‍ ഉള്‍പ്പെടെ പല പ്രമുഖരും തൃണമൂലില്‍ ചേക്കേറി. സിപിഐ എമ്മും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് എല്ലാ സീറ്റിലും പ്രധാന മത്സരം. ഇരു പാര്‍ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും ബംഗാളില്‍ ഇതുവരെ കോണ്‍ഗ്രസ് പട്ടിക പുറത്തുവിട്ടിട്ടില്ല. നിലവിലെ ആറ് എംപിമാരും തൃണമൂലില്‍നിന്ന് കൂറുമാറിയെത്തിയ സൊമന്‍മിത്രയുമാണ് പ്രാഥമിക പട്ടികയിലുള്ളത്. 2009ല്‍ ജാംഗിപുരില്‍നിന്ന് വിജയിച്ച പ്രണബ്മുഖര്‍ജി രാഷ്ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രണബ്മുഖര്‍ജിയുടെ മകന്‍ അവിജിത് മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടത് കഷ്ടിച്ച് 2500 വോട്ടിനാണ്. മുതിര്‍ന്ന നേതാവ് പ്രിയരഞ്ജന്‍ദാസ്മുന്‍ഷിയുടെ ഭാര്യ ദീപാദാസ് മുന്‍ഷി ജയിച്ച റായ്ഗഡില്‍ നില പരുങ്ങലിലാണ്. ദാസ്മുന്‍ഷിയുടെ സഹോദരന്‍ സത്യരഞ്ജന്‍ ദാസ് മുന്‍ഷി തൃണമൂല്‍ സ്ഥാനാര്‍ഥിയായതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. പിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അധീര്‍രഞ്ജന്‍ചൗധരിക്ക് മാത്രമാണ് ജയപ്രതീക്ഷയുള്ളത്. താന്‍ മത്സരിക്കുമെന്ന വാര്‍ത്ത ഊഹാപോഹം മാത്രമായിരുന്നെന്ന് പ്രദീപ് ഭട്ടാചാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പ്രദീപ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള നേതാക്കളോട് മത്സരിക്കാന്‍ രാഹുല്‍ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിരുന്നു.

ഗോപി deshabhimani

No comments:

Post a Comment