Monday, March 17, 2014

ത്രിപുര പറയുന്നു, ചുവപ്പാണെന്റെ പേര്

ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിക്കാന്‍ ത്രിപുര ജനത. കിഴക്കന്‍ ത്രിപുര, പടിഞ്ഞാറന്‍ ത്രിപുര എന്നീ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വലവിജയം സമ്മാനിക്കാന്‍ ത്രിപുര ഒരുങ്ങിക്കഴിഞ്ഞു. വ്യത്യസ്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ ഇടതുമുന്നണി ഇതിനകം ഏറെ മുന്നേറി. ഗിരിവര്‍ഗമേഖലകളിലും നഗരപ്രദേശങ്ങളിലും യുവജനങ്ങളും സ്ത്രീകളും വിദ്യാര്‍ഥികളും സിപിഐ എം സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തുണ്ട്. കിഴക്കന്‍ ത്രിപുര മണ്ഡലത്തില്‍ മത്സരിക്കുന്ന ജിതേന്ദ്ര ചൗധരിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പൊതുയോഗങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. ഞായറാഴ്ച തെലിയമൊറ സബ്ഡിവിഷനിലായിരുന്നു പ്രചാരണം. മൂന്ന് നിയമസഭാ മണ്ഡലങ്ങളായ കൃഷ്ണപുര്‍, പ്രമോദ്നഗര്‍-കല്യാണ്‍പുര്‍, തെലിയമൊറ എന്നിവിടങ്ങളിലായി നടന്ന ഏഴ് പൊതുയോഗങ്ങള്‍ ജിതേന്ദ്രയുടെ വിജയം വിളിച്ചോതി.

ഗിരിവര്‍ഗമേഖലകളില്‍നിന്ന് സ്ത്രീകളും യുവാക്കളും പരമ്പരാഗതവേഷത്തിലാണ് പൊതുയോഗങ്ങള്‍ക്കെത്തിയത്. ബാന്റ്വാദ്യത്തോടെയും മേളങ്ങളോടെയുമായിരുന്നു പ്രചാരണം. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്, ഐഎന്‍പിടി എന്നീ പാര്‍ടികളില്‍നിന്ന് രാജിവച്ച് അമ്പതോളം പേര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചത് ആവേശമായി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനവികാരം അലയടിക്കുമെന്ന് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പ്രഖ്യാപിച്ചു. സിപിഐ എം നേതാക്കളായ സുധീര്‍ സര്‍ക്കാര്‍, ഫിഷറീസ് മന്ത്രിയും സംസ്ഥാനകമ്മിറ്റിയംഗവുമായ ഖാഗേന്ദ്ര ജമാതിയ, സ്ഥാനാര്‍ഥി ജിതേന്ദ്ര ചൗധരി എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തില്‍ മത്സരിക്കുന്ന ശങ്കര്‍പ്രസാദ് ദത്തയുടെ പ്രചാരണാര്‍ഥം ബെലോനിയയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്ക്റാലിയും മാര്‍ച്ചും സംഘടിപ്പിച്ചു. നൂറുകണക്കിന് വളന്റിയര്‍മാര്‍ ബൈക്ക്റാലിയില്‍ അണിനിരന്നു. ബെലോനിയ നഗരത്തെ ത്രസിപ്പിച്ച മാര്‍ച്ചില്‍ സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ അണിചേര്‍ന്നു. ഭരത്ചന്ദ്രനഗര്‍, ചൊട്ടഖോല, ശ്രീരാംനഗര്‍, നിഹര്‍നഗര്‍, രാജ്നഗര്‍ എന്നിവിടങ്ങളിലും റാലി സംഘടിപ്പിച്ചു. ഇതിനുപുറമെ കവലയോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയും നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തക സ്ക്വാഡിന്റെ ഗൃഹസന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പ്രചാരണ-തെരഞ്ഞെടുപ്പ് റാലികള്‍ക്കും യോഗങ്ങളിലും സിപിഐ എം നേതാക്കളായ ബസുദേബ് മജുംദാര്‍, സംസ്ഥാനകമ്മിറ്റിയംഗം സുധന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

രാഹുല്‍ സിന്‍ഹ deshabhimani

No comments:

Post a Comment