തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വികസന പരസ്യം പരാജിതനായ ഒരു ജനപ്രതിനിധിയുടെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. വി കെ കൃഷ്ണമേനോനെപ്പോലുള്ള ഒട്ടേറെ മഹാരഥന്മാരെ പാര്‍ലമെന്റിലേക്ക് അയച്ച സമ്പന്നമായ പാരമ്പര്യമാണ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്നത്. അവിടെയാണ് ഒരു സാധാരണ ഗ്രാമപഞ്ചായത്ത് അംഗം ചെയ്തുതീര്‍ത്ത തികച്ചും പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രമന്ത്രി തന്റേതെന്ന് സ്വയം പ്രഖ്യാപിച്ച് എട്ടുകാലി മമ്മൂഞ്ഞായി നടക്കുന്ന കാഴ്ച അതിദയനീയവും സഹതാപാര്‍ഹവുമാണ്.
കേരളത്തില തലസ്ഥാനഗരമായ തിരുവനന്തപുരത്തിന് ഒരു കേന്ദ്രപദ്ധതി പോലും നേടിയെടുക്കാന്‍ കഴിയാത്ത കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാതയ്ക്കുവേണ്ടി ഒരു കിലോമീറ്ററെങ്കിലും സ്ഥലം ഏറ്റെടുക്കാനോ റോഡുപണി നടത്താനോ തരൂരിന് കഴിഞ്ഞിട്ടുണ്ടോ. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് തരൂരിന്റ അവകാശവാദങ്ങളെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. തൂത്തുക്കുടി തുറമുഖത്തിനുവേണ്ടി 75,000 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്തിനു വേണ്ടി ഒരു രൂപപോലും ബജറ്റില്‍ അനുവദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ, പല പ്രാവശ്യം പരാജയപ്പെട്ട പിപിപി മോഡലാക്കിയത് പദ്ധതിയെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചാണ്. കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞത്തിനുവേണ്ടി ഒരു രൂപയുടെ കേന്ദ്രസഹായം നേടിയെടുക്കാന്‍ കഴിയാത്ത ഈ ജനപ്രതിനിധി സമ്പൂര്‍ണ പരാജയമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം ഏറ്റവുംകൂടുതല്‍ അവഗണന നേരിട്ടത് റെയില്‍വേയില്‍ നിന്നാണ്. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച നേമത്തെ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രം, കൊച്ചുവേളി സെക്കന്‍ഡ് ടെര്‍മിനല്‍, മെഡിക്കല്‍കോളേജ്, ബോട്ട്ലിങ് പ്ലാന്റ് എന്നിവയെല്ലാം അട്ടിമറിക്കപ്പെട്ടു. പഴഞ്ചന്‍ ബോഗികള്‍ഉള്‍ക്കൊള്ളുന്ന തീവണ്ടികള്‍ മാത്രമായി തിരുവനന്തപുരം ഡിവിഷന്‍ മാറി. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബോഗി പൊളിഞ്ഞുവീഴുന്ന ദയനീയമായ സ്ഥിതിവിശേഷത്തിനു വരെ നാം സാക്ഷിയായി. കൂടാതെ, തിരുവനന്തപുരം ഡിവിഷന്‍ തന്നെ വെട്ടിമുറിക്കാനുള്ള ശ്രമവും നടക്കുന്നു. ഇവിടെയെല്ലാം നിസ്സംഗനായ ഒരു ജനപ്രതിനിധിയെയാണ് നാം കണ്ടത്.
അനന്തമായ വികസനസാധ്യതകളുള്ള പദ്ധതിയായിരുന്നു പൂവാര്‍ കപ്പല്‍നിര്‍മാണകേന്ദ്രം. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഓരോ കപ്പല്‍നിര്‍മാണകേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമതീരത്തെ സ്ഥലം തെരഞ്ഞെടുക്കാന്‍ നോഡല്‍ ഏജന്‍സിയായി ബോംബെ പോര്‍ട്ട് ട്രസ്റ്റിനെ നിയമിക്കുകയും ചെയ്തിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൂവാര്‍ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിനാവശ്യമായ 1000 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരും എംപിയും തുടര്‍നടപടിയെടുക്കാത്തതിന്റെ ഫലമായി ഈ പദ്ധതി വിശാഖപട്ടണത്ത് ആരംഭിച്ചു. അമ്പതിനായിരത്തോളംപേര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഈ പദ്ധതിയും നിഷ്ക്രിയനായ തരൂരിന്റെ സഹായത്തോടെ അട്ടിമറിക്കപ്പെട്ടു.
ഹൈക്കോടതി ബെഞ്ചിന്റെ കാര്യത്തില്‍ ജനങ്ങളെ നിരന്തരം വിഡ്ഢികളാക്കുന്ന കാര്യത്തില്‍ തരൂര്‍ അതിസാമര്‍ഥ്യം കാണിക്കുന്നുണ്ട്. രണ്ടു പ്രാവശ്യം ഹൈക്കോടതി ഫുള്‍കോര്‍ട്ട യോഗം ചേര്‍ന്ന് നിരസിച്ച ഒരു കാര്യമാണ് തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്. അഞ്ചുവര്‍ഷം പാഴാക്കിയതിനുശേഷം ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചത് വലിയ കാര്യമായി ചിത്രീകരിക്കുന്ന തരൂര്‍ നാലുമാസമായിട്ടും കമ്മിറ്റി ഒരിക്കല്‍പ്പോലും കൂടാത്തതിനു കാരണം വിശദീകരിക്കുന്നത് നന്നായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയോടുകൂടിയ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന തിരിച്ചറിവ് ഇല്ലാത്ത ആളല്ല തരൂര്‍. ജനങ്ങളെ ഇങ്ങനെ നിരന്തരം പറ്റിക്കുന്നത് ശരിയാണോയെന്ന് അദ്ദേഹം ആലോചിക്കേണ്ടതാണ്.
ഒന്നാം യുപിഎ സര്‍ക്കാര്‍ കേരളത്തിന് വാഗ്ദാനം നല്‍കിയ ഐഐടി, മോളിക്യുലര്‍ സയന്‍സ് ലബോറട്ടറി, ആയുര്‍വേദ റിസര്‍ച്ച് സെന്ററും പാര്‍ക്കും എന്നീ സ്ഥാപനങ്ങളെല്ലാം നേടിയെടുക്കുന്നതില്‍ ശശി തരൂര്‍ പരാജയപ്പെട്ടു. ഇതില്‍ ഐഐടി സ്വന്തം വകുപ്പായ മാനവശേഷി വികസനവകുപ്പിനു കീഴിലാണ് വരുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 35-ാം ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിന്റെ ഭാഗമായാണ് കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചത്. അതിന്റെ പിതൃത്വംകൂടി തരൂര്‍ ഏറ്റെടുത്ത് സ്വയം പരിഹാസ്യനായി മാറി.
ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി പാര്‍ക്ക് സ്ഥാപിച്ചത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ്. ഇന്ന് ഏഷ്യയിലെ ഏറ്റവുംവലിയ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് വികസിച്ചിരിക്കുന്നു. ഇവിടെ ഏതെങ്കിലുമൊരു കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് തന്റെ കഴിവാണെന്ന് പരസ്യപ്പടുത്തുന്നത് അല്‍പ്പത്തമാണെന്നേ പറയാന്‍ കഴിയൂ. എംപി ആയതുമുതല്‍ തരൂര്‍ പറഞ്ഞുനടന്ന ബാര്‍സിലോണ ഇരട്ട നഗരപദ്ധതിക്ക് എന്ത് സംഭവിച്ചെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഫ്ളക്സ് ബോര്‍ഡുകളും പരസ്യവുംകൊണ്ട് തന്റെ നിഷ്ക്രിയത്വവും നിസ്സംഗതയും കാപട്യവും മറച്ചുവയ്ക്കാമെന്നതും അസത്യങ്ങള്‍ സത്യങ്ങളാക്കാമെന്നതും തരൂരിന്റെ മിഥ്യാമോഹമാണെന്ന് പറയാനേ എനിക്ക് നിര്‍വാഹമുള്ളൂ. തിരുവനന്തപുരത്തെ സംസ്കാരസമ്പന്നമായ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
എം വിജയകുമാര്‍ deshabhimani
No comments:
Post a Comment