Thursday, March 6, 2014

സ്ത്രീകളുടെ അവകാശപത്രിക പുറത്തിറക്കി

മതനിരപേക്ഷവും സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ ജനവിധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്ന് വിവിധ മഹിളാസംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശപത്രിക നേതാക്കള്‍ അവതരിപ്പിച്ചു. അവകാശപത്രിക സംബന്ധിച്ച് പ്രചാരണം നടത്തുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സങ്വാന്‍, എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനിരാജ, ഡോ. ജ്യോത്സ്ന ചാറ്റര്‍ജി (ജെഡബ്ല്യുപി), ദിവ്യ(വൈഡബ്ല്യുസിഎ) എന്നിവര്‍ പറഞ്ഞു.

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ഭക്ഷ്യസുരക്ഷാപദ്ധതിപ്രകാരം 35 കിലോ ഭക്ഷ്യധാന്യം, എല്‍പിജി സിലിന്‍ഡര്‍ വിതരണത്തിലെ നിയന്ത്രണം ഉപേക്ഷിക്കുക, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക, ഗ്രാമീണതൊഴിലുറപ്പു പദ്ധതിയില്‍ 100 ദിവസം പ്രവൃത്തി ഉറപ്പാക്കുക, ബജറ്റ് വിഹിതം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പൗരാവകാശം സംരക്ഷിക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ജസ്റ്റിസ് വര്‍മ കമീഷനിലെ എല്ലാ ശുപാര്‍ശയും നടപ്പാക്കുക, പെണ്‍വാണിഭം തടയാന്‍ സമഗ്രനിയമം കൊണ്ടുവരിക, സ്ത്രീപീഡനക്കേസുകളില്‍ സമയബന്ധിതവിചാരണ എന്നീ ആവശ്യങ്ങള്‍ അടങ്ങുന്നതാണ് സ്ത്രീകളുടെ അവകാശപത്രിക. രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. വ്യാപകമായ അതൃപ്തിയില്‍നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍, അവരുടെ നയങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് വ്യത്യസ്തമല്ലെന്ന് അനുഭവം തെളിയിക്കുന്നു. വര്‍ഗീയശക്തികള്‍ മതനിരപേക്ഷതയ്ക്കുനേരെ കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണ്.

deshabhimani

No comments:

Post a Comment